UPDATES

ബ്ലോഗ്

അയ്യപ്പന്റെ അമ്മയ്ക്ക് വേഷപ്രച്ഛന്നയാകാമെങ്കില്‍ എസ് പി മഞ്ജുവിനുമാകാം; തെറിവിളിയുമായിറങ്ങിയ വിശ്വാസ സംരക്ഷകരോടാണ്

അയ്യപ്പന്റെ അമ്മ മോഹിനിയായി വേഷം മാറിയ മഹാവിഷ്ണുവാണെന്നാണ് പുരാണത്തില്‍ പറയുന്നത്

കേരള ദളിത് ഫെഡറേഷന്‍ മഹിളാ വിഭാഗം നേതാവ് എസ് പി മഞ്ജു തന്റെ മൂന്നാം ശ്രമത്തില്‍ ശബരിമലയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 7.30ന് ശ്രീകോവിലിന് മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30ഓടെ തിരിച്ച് പമ്പയിലെത്തി സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ഗര്‍ഭപാത്രം നിക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലയ്ക്കാത്ത വ്യക്തിയാണ് 36കാരിയായ മഞ്ജു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്നിധാനത്തിന് സമീപത്തും മാളികപ്പുറത്തും ഇവര്‍ നില്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ സന്നിധാനത്തെത്തി രണ്ട് മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷമാണ് താന്‍ മടങ്ങിയതെന്നും മഞ്ജു പറയുന്നു.

ഡിസംബര്‍ 20നാണ് മഞ്ജു ആദ്യമായി മല കയറാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പോലീസ് സംരക്ഷണയിലെത്തിയ അന്ന് പമ്പയില്‍ ചിലര്‍ തടഞ്ഞു. പിറ്റേന്ന് വീണ്ടും ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തിയെങ്കിലും തന്റെ വീട് ആക്രമിക്കപ്പെട്ടതറിഞ്ഞ് അവര്‍ തൃശൂരിലേക്ക് മടങ്ങി. ജനുവരി രണ്ടിന് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കൊപ്പം ശബരിമലയില്‍ പോകാനുള്ള ടീമിലുണ്ടായിരുന്നു. പക്ഷെ അന്നും ഇവര്‍ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇന്നലെ യാതൊരു പോലീസ് സംരക്ഷണവും ആവശ്യപ്പെടാതെ തന്നെ വീണ്ടും ശബരിമലയിലെത്തുകയും വിജയകരമായി ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുടിയുടെ മുന്‍ഭാഗം വെളുപ്പിച്ചതായി ഇവര്‍ സമ്മതിക്കുന്നുണ്ട്. അത് ചിത്രങ്ങളിലും വീഡിയോയിലും വ്യക്തമാണ്. സന്നിധാനത്ത് വച്ച് ചിലര്‍ തന്നെ തിരിച്ചറിഞ്ഞതായി സംശയം തോന്നുകയും ചിലര്‍ മൊബൈല്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. സാധാരണ ഭക്തയെന്ന നിലയില്‍ മല ചവിട്ടിയപ്പോള്‍ അയ്യപ്പ സേവാസംഘത്തിന്റെ സഹായം കിട്ടിയെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.

ഏതായാലും മഞ്ജു ശബരിമലയില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പ്രതീക്ഷിച്ചത് പോലെ സംഘപരിവാര്‍ അനുകൂലികള്‍ തെറിയഭിഷേകത്തോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന പേജിലെ ചിലരുടെ പ്രതികരണങ്ങള്‍ ഇതിന് തെളിവാണ്. രാത്രിയില്‍ വേഷം മാറി പോകാനുള്ള സ്ഥലമല്ല ശബരിമല, അതിന് വേറെ സ്ഥലമുണ്ട് എന്നതുള്‍പ്പെടെ അശ്ലീല ചുവയുള്ള കമന്റുകളാണ് ഇതിന് കീഴില്‍ വരുന്നത്. കൂടുതല്‍ പേരെയും പ്രകോപിതരാക്കുന്നത് മഞ്ജു വേഷം മാറി വൃദ്ധയെ പോലെ ശബരിമല ദര്‍ശനം നടത്തിയെന്നതാണ്. അതീവ സുരക്ഷാ പ്രദേശമായ ശബരിമലയില്‍ ആള്‍മാറാട്ടം നടത്തിയ മഞ്ജുവിനെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്വന്തം രൂപത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നു. ആക്ടിവിസ്റ്റായ അനിലാ ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അതിനുള്ള മറുപടി. ‘റോഡ് ക്രോസ് ചെയ്യുമ്പോള്‍ എല്ലാവരും രണ്ട് വശത്തേക്കും നോക്കുന്നത് ധൈര്യമില്ലാത്തതുകൊണ്ടല്ല. പകരം, സ്വന്തം സുരക്ഷയെ കരുതിയാണ്’ എന്നാണ് അനില ആ പോസ്റ്റില്‍ പറയുന്നത്.

ശബരിമലയിൽ വീണ്ടും യുവതീപ്രവേശം: ദളിത് ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു അയ്യപ്പ ദർശനം നടത്തി

ഇനി ഈ ലേഖകന്‍ തന്നെ മുമ്പൊരിക്കല്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം ശബരിമല ആചാര സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘപരിവാര്‍ അനുകൂലികള്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കുക. അമ്പത് കഴിഞ്ഞും തലമുടിക്ക് കറുപ്പ് നിറമുള്ള എത്രയോ സ്ത്രീകള്‍ നമുക്കിടയില്‍ തന്നെയുണ്ട്. അത്തരത്തിലുള്ള ചിലരെ ഈ സീസണിലും കഴിഞ്ഞ സീസണുകളിലും ശബരിമലയില്‍ കണ്ടിട്ടുമുണ്ട്. ചിലരെയൊക്കെ അവര്‍ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ തലമുടിയുടെ കറുപ്പ് നിറത്തില്‍ നിന്നോ ചര്‍മ്മ കാന്തിയില്‍ നിന്നോ ശരീര പുഷ്ടിയില്‍ നിന്നോ ആകുമല്ലോ അവര്‍ യുവതിയാണോ വൃദ്ധയാണോയെന്ന് നിശ്ചയിക്കുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയിലെ നിതൃബ്രഹ്മചാരിയായ അയ്യപ്പന് വേണ്ടി കാവലിരിക്കുന്ന അയ്യപ്പന്മാര്‍ ഇവിടെയെത്തുന്ന ഓരോ സ്ത്രീകളുടെയും ശരീരത്തെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വരും. ശ്രീകോവിലിനകത്തുള്ളവരും പുറത്തുള്ളവരും അയ്യപ്പന്മാരാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ വ്രതമെടുത്ത് അയ്യപ്പനെ സംരക്ഷിക്കാന്‍ വന്നിരിക്കുന്ന ഇവര്‍ ചെയ്യുന്നതും ആചാര ലംഘനമല്ലേ?

ഇനി വേഷ പ്രച്ഛന്നതയ്‌ക്കെതിരെ തെറിയഭിഷേകം നടത്തുന്നവരെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. പുരാണങ്ങളില്‍ നിരവധി ദൈവങ്ങള്‍ വേഷം മാറുന്ന കഥകള്‍ വായിക്കാന്‍ സാധിക്കും. ഹിന്ദുമത വിശ്വാസത്തിന്റെ അടിസ്ഥാനം ഈ പുരാണങ്ങളാണ്. ദേവരാജാവെന്ന് കരുതപ്പെടുന്ന ദേവേന്ദ്രന്‍ ഒട്ടനവധി തവണ വേഷം മാറി നടക്കുന്ന കഥകളുണ്ട്. അതില്‍ ചതിയുടെയും നന്മയുടേതുമായ ലക്ഷ്യങ്ങളുമുണ്ട്. ഒരിക്കല്‍ ഗൗതമ മഹര്‍ഷിയെ സമയഭ്രമത്തില്‍പ്പെടുത്തി ആശ്രമത്തില്‍ നിന്നകറ്റി മഹര്‍ഷിയുടെ രൂപത്തില്‍ അഹല്യയെ പ്രാപിച്ച് ചതിക്കുകയാണ് ഇന്ദ്രന്‍ രാമായണത്തില്‍ പറയുന്ന ഒരു കഥയില്‍. കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ തട്ടിയെടുക്കാന്‍ നടത്തിയ വേഷമാറ്റം ഇന്ദ്രന്റെ മറ്റൊരു ചതിയായിരുന്നു. നീതിമാനായ മഹാബലിയെ കബളിപ്പിക്കാനാണ് മഹാവിഷ്ണു വാമന വേഷം ധരിച്ചത്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെന്ന് വിശ്വക്കുന്ന മത്സ്യം മുതല്‍ കല്‍ക്കി വരെയുള്ള അവതാരങ്ങളെല്ലാം ആള്‍മാറാട്ടങ്ങളായിരുന്നില്ലേ? അജ്ഞാതവാസകാലത്ത് പാണ്ഡവര്‍ ദ്രൗപതിയുമൊത്ത് വേഷം മാറി വിരാട രാജ്യത്തെത്തിയതും ഓരോരുത്തരും ഓരോ വേഷങ്ങള്‍ ധരിച്ചതും ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ഓര്‍ക്കണം. വേഷം മാറലുകളുടെ കാര്യത്തില്‍ പുരാണത്തില്‍ ശ്രീകൃഷ്ണനെ മറികടക്കുന്ന മറ്റൊരു കഥാപാത്രമില്ലെന്ന് തന്നെ പറയാം.

അയ്യപ്പന്റെ അമ്മ മോഹിനിയായി വേഷം മാറിയ മഹാവിഷ്ണുവാണെന്നാണ് പുരാണത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അയ്യപ്പനെ കാണാന്‍ മഞ്ജു വേഷം മാറിയതിലെന്താണ് തെറ്റ്? ഒരു തെറ്റുമില്ലെന്നേ സാമാന്യ ബോധത്തിലുള്ള ആര്‍ക്കും പറയാനാകൂ. ഏതായാലും സംഘപരിവാര്‍ അനുകൂലികള്‍ കമ്പും കല്ലും വടിയുമായി ഭക്തരുടെ വേഷത്തിലേക്ക് ആള്‍മാറാട്ടം നടത്തി ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായവും ആര്‍ത്തവവും പരിശോധിക്കാന്‍ നില്‍ക്കുന്നതിനേക്കാള്‍ വലിയ വര്‍ഗ്ഗീയ വിദ്വേഷമൊന്നും മഞ്ജു ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ച് പറയാനാകും.

ഇന്ത്യന്‍ സ്ത്രീ എന്ന ‘ദേവി, കുടുംബത്തിന്റെ ആണിക്കല്ല്’; വഞ്ചനയുടെ 2 ദശകങ്ങള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍