UPDATES

ബ്ലോഗ്

‘ഞാന്‍ തിരഞ്ഞെടുക്കാത്ത, മനസ്സ് കൊണ്ട് എന്റേതല്ലാത്ത ഒരു ഭരണകൂടം എന്റെ രാജ്യത്തെ വീണ്ടും ഭരിക്കാനൊരുങ്ങുകയാണ്’

‘എന്റെ നിലപാടുകളിലേക്കും ശരികളിലേക്കും ഉയര്‍ന്നു വരാന്‍ എന്നെങ്കിലും എന്റെ രാജ്യത്തിന്റെ സര്‍ക്കാരിന് സാധിക്കുന്ന ഒരു ദിവസം വരുവാനായി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കും. ‘

സിതാര എസ്

സിതാര എസ്

ഞാന്‍ തിരഞ്ഞെടുക്കാത്ത, മനസ്സ് കൊണ്ട് എന്റേതല്ലാത്ത ഒരു ഭരണകൂടം എന്റെ രാജ്യത്തെ വീണ്ടും ഭരിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഒരു സ്ത്രീയെന്ന നിലയില്‍, ഒരു പിന്നോക്കക്കാരിയെന്ന നിലയില്‍, ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ (എന്നെപ്പോലുള്ള പലരും) അനുഭവിച്ചു പോന്ന അപമാനവും ഭയവും ഇനിയും തുടര്‍ന്നുമുണ്ടാകുമെന്നതില്‍ എനിക്ക് തീര്‍ച്ചയായും ദുഖവും ഉല്‍ക്കണ്ഠയുമുണ്ട്.

പക്ഷെ അതിന്റെ പേരില്‍ നിരാശപ്പെട്ടിരിക്കാനോ ആത്മനിന്ദയിലുരുകാനോ പരാജയബോധത്താല്‍ ക്ഷീണിതയാകാനോ തീര്‍ച്ചയായും ഞാന്‍ ഒരുക്കമല്ല. ഇന്നലെ വരെ ഞാന്‍ എങ്ങനെ ജീവിച്ചിരുന്നുവോ, അതേ രീതിയില്‍ ഞാന്‍ എന്റെ വ്യക്തിപരവും സാമൂഹികവുമായ കടമകള്‍ നിറവേറ്റുകയും സന്തോഷങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

ഞാന്‍ തിരഞ്ഞെടുത്തതല്ലെങ്കിലും ഭരണഘടനാപരമായ എന്റെ കടമകളാല്‍ എന്റെ രാജ്യത്തിന്റെ ഗവണ്‍മെന്റിനെ ഞാന്‍ അംഗീകരിക്കുകയും ആ അംഗീകാരത്തിന് പകരമായി ഞാന്‍ എന്ന ഇന്ത്യന്‍ പൗരയോടുള്ള കടമകള്‍ ഗവണ്മെന്റ് എന്നോടു തിരിച്ചും നിറവേറ്റുമെന്നു വെറുതെയെങ്കിലും അല്ലെങ്കിലും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

എന്റെ നിലപാടുകളിലേക്കും ശരികളിലേക്കും ഉയര്‍ന്നു വരാന്‍ എന്നെങ്കിലും എന്റെ രാജ്യത്തിന്റെ സര്‍ക്കാരിന് സാധിക്കുന്ന ഒരു ദിവസം വരുവാനായി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കും. അത് വരെയും, അതിനോടുള്ള സത്യസന്ധവും ആരോഗ്യപരവുമായ വിയോജിപ്പുകളും വിമര്‍ശനങ്ങളും മനസ്സിലും പുറത്തും തുടര്‍ച്ചായി അടയാളപ്പെടുത്തിക്കൊണ്ട് ഞാന്‍ മുന്നോട്ടു പോകും.

മരണത്തെ പല തവണ മുഖാമുഖം കണ്ട, ജീവിതത്തിലെ ഒരു ഞൊടിയുടെ പോലും വിലയറിയുന്ന ,എല്ലാവരെയും പോലെ നിമിഷങ്ങള്‍ എണ്ണപ്പെട്ട ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ജീവിതവുമായി മുന്നോട്ടു പോയെ ഒക്കൂ. ഞാന്‍ അത് ചെയ്യും. സിതാര എന്ന ഇന്ത്യക്കാരി അവള്‍ക്കു തന്നെ നല്‍കുന്ന വാക്കാണ് അത്.

(ഫേസ്ബുക്ക് പോസ്റ്റ്‌)

Read: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍