UPDATES

ബ്ലോഗ്

സിപിഎമ്മും ഇന്നസെന്റും മാത്രമല്ല, ഈ ധാര്‍മികത പറയുന്ന നമ്മളും അത്ര ഇന്നസെന്റ് ഒന്നുമല്ല

ഇന്നസെന്റിലേക്കല്ല, ചോദ്യങ്ങളും വിമര്‍ശനങ്ങളും എത്തുന്നത് സിപിഎമ്മിനു നേരെയാണ്

2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തമാശയായി കണ്ടവര്‍ ഏറെയുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി അവരുടെ ആറു മണ്ഡലങ്ങളില്‍ നിര്‍ത്തുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ആണെന്നതല്ല, അതില്‍ തന്നെയുള്ള ഒരു പേരാണ് പലരെയും ചിരിപ്പിച്ചത്. ആ പേരുകാരന്‍ ഇന്നസെന്റ് ആയിരുന്നു. പക്ഷേ, ചിരിച്ചവരെയും പരിഹസിച്ചവരെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് ചാലക്കുടിയില്‍ നിന്നും ഇന്നസെന്റ് ഡല്‍ഹിക്കു വണ്ടി കയറി. ഇപ്പോഴിതാ അഞ്ചു വര്‍ഷത്തിനിപ്പുറം വീണ്ടും മത്സരിക്കാനും തയ്യാറെടുക്കുന്നു. പുറത്തു വരുന്ന വാര്‍ത്തകളില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുമ്പോള്‍ ആ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ തവണത്തെപ്പോലെ തമാശയായിട്ടല്ല, ധാര്‍മിക പ്രശ്‌നമായാണ് മാറിയിരിക്കുന്നത്.

എം പി എന്ന നിലയില്‍ പരാജയമായിരുന്നു ഇന്നസെന്റ് എന്നു പറയാനാകില്ല. എന്നിട്ടും ഇന്നസെന്റ് വേണ്ട എന്നു പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും ആവശ്യം ഉണ്ടാകുന്നതിന് കാരണം എഎംഎംഎ പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തിന്റെ മുറിവായി മാറിയ നടി ആക്രമണ കേസില്‍ എടുത്ത നിലപാടുകളാണ്. സ്ത്രീ മുന്നേറ്റത്തിന്റെ പതാകവാഹകരായി കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ തന്നെ, ഒരു സ്ത്രീയെ ഏറ്റവും ക്രൂരമായ രീതിയില്‍ ഉപദ്രവിച്ച സംഭവത്തില്‍ വേട്ടക്കാരനൊപ്പം എന്നു സംശയം ജനിപ്പിച്ച വ്യക്തിയെ ജനവിധി തേടാന്‍ അയക്കുന്നതിലെ ധാര്‍മികതയാണ് ഇവിടെ ചര്‍ച്ചയാകുന്നത്. ഇന്നസെന്റിലേക്കല്ല, ചോദ്യങ്ങളും വിമര്‍ശനങ്ങളും എത്തുന്നത് സിപിഎമ്മിനു നേരെയാണ്. എന്തുകൊണ്ട് സിപിഎം ഇങ്ങനെ ചിന്തിച്ചു എന്നു ചോദിച്ചാല്‍, രാഷ്ട്രീയമായി പറഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയുമായിരിക്കും. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുക മാത്രമല്ലല്ലോ സിപിഎമ്മിന് കേരളത്തില്‍ ചെയ്യാനുള്ളത്. ആ പ്രസ്ഥാനത്തില്‍ മറ്റു പലകാര്യങ്ങളിലും പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് ചാലക്കുടിയില്‍ സിപിഎം മാറി ചിന്തിക്കണമെന്നു പറയുന്നത്.

ഒരു മണ്ഡലത്തിലെ മാത്രം പ്രശ്‌നമാകില്ലിത്. പൊതുവായ വികാരമാണ് ഇത്തരം തീരുമാനങ്ങളിലൂടെ സിപിഎം നേരിടേണ്ടി വരിക. ഇതിനകം തന്നെ പാര്‍ട്ടിയ്‌ക്കെതിരേ ചോദ്യങ്ങള്‍ പലയിടത്തു നിന്നും ഉയര്‍ന്നു കഴിഞ്ഞു. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, സംവിധായകന്‍ ഡോ. ബിജു എന്നിവരുടെ വാക്കുകള്‍ കേവലം ആ രണ്ടു വ്യക്തികളുടെ അഭിപ്രായം മാത്രമായി കാണേണ്ടതില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരെ നിലപാടെടുക്കാത്ത ഇന്നസെന്റിന് വോട്ട് കിട്ടുമോയെന്നല്ല, പ്രശ്‌നം ധാര്‍മ്മികതയാണെന്നാണ് എന്‍ എസ് മാധാവന്‍ ചൂണ്ടിക്കാണിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎ പ്രസിഡന്റ് എന്ന നിലയില്‍ ഇന്നസെന്റ് സ്വീകരിച്ച നിലപാടും ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഡോ. ബിജു തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്‍ എസ്സിനെയും ബിജുവിനെയും പോലെ ഈ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരുമെല്ലാം പ്രധാന പോയിന്റ് ആയി വിരല്‍ ചൂണ്ടുന്നത് നടി അക്രമണക്കേസിലെ ഇന്നസെന്റിന്റെ പ്രവര്‍ത്തികളാണ്.

ഈ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നു പറയാനാകില്ല. കേരളം കണ്ടും കേട്ടുമിരുന്ന കാര്യങ്ങളാണെല്ലാം. കേവലം ഒരു സംഘടന തലവന്‍ മാത്രമായിരുന്നില്ല, ഒരു പാര്‍ലമെന്റ് അംഗം, അതും ഇടതുപക്ഷത്തിന്റെ പ്രതിനിധി-കൂടിയായിരുന്നു ഇന്നസെന്റ്. ആ നിലയ്ക്ക് അദ്ദേഹം കാണിക്കേണ്ടിയിരുന്ന ഉത്തരവാദിത്വം കാണിച്ചിട്ടില്ല. നേരെ മറിച്ച് പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന ധാരണ പുറത്തുള്ളവരില്‍ ഉണ്ടാക്കുകയും ചെയ്തു. ഒരു രാഷ്ട്രീയക്കാരനെന്നപോലെ ജനങ്ങള്‍ക്കിടയില്‍ ഏരെ സ്വാധീനം ചെലുത്താന്‍ കഴിവുണ്ട് സിനിമ താരത്തിനും. ഈ രണ്ടുകൂട്ടരും എന്നും എപ്പോഴും ജനങ്ങളുടെ ശ്രദ്ധപതിയുന്നവരുമാണ്. ഒരേസമയം തന്നെ ഈ രണ്ടു രംഗങ്ങളിലും നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ കാണിക്കേണ്ടിയിരുന്ന ജാഗ്രത കാണിച്ചിട്ടില്ലെന്നു മാത്രമല്ല, വെറുമൊരു സിനിമാക്കാരനായി ഒതുങ്ങി നില്‍ക്കാനും ഇന്നസെന്റ് തയ്യാറായി എന്നത് തെറ്റ് തന്നെയാണ്.

സഹപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയ്ക്കാണ് അതിക്രൂരമായ പീഢനം ഏറ്റുവാങ്ങേണ്ടി വന്നതെങ്കില്‍ പോലും ആരാണോ ആ ക്രൂരതയ്ക്ക് കളമൊരുക്കിയത്, ആ വ്യക്തിയുടെ കൂടെയാണ് ഇന്നസെന്റ് അടക്കമുള്ളവര്‍ നിന്നത്. ഇരയും വേട്ടക്കാരനും സഹപ്രവര്‍ത്തകരാണെന്ന ന്യായം പറഞ്ഞിട്ട്, ഇരയെ തള്ളി വേട്ടക്കാരന് സംരക്ഷണമൊരുക്കിയ ഒരു സംഘടനയുടെ അമരക്കാരന്‍ എന്ന നിലയില്‍ എല്ലാ തെറ്റുകള്‍ക്കും ഇന്നസെന്റും ഉത്തരവാദി തന്നെയാണ്. കേസില്‍ പ്രതിയായിട്ടും ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാന്‍ ഇന്നസെന്റും സംഘവും കാണിച്ച വ്യഗ്രത ഒരിക്കല്‍പോലും ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉണ്ടായിട്ടേയില്ല. നിഷ്പക്ഷതയുടെ കപടവേഷം അണിഞ്ഞും, പിന്നെയത് ഊരിമാറ്റി, കൃത്യമായി പക്ഷം പിടിച്ചും ഒരു സമയത്തുപോലും ആ പെണ്‍കുട്ടിക്ക് ഒപ്പം എന്ന തോന്നല്‍പോലും ഉണ്ടാക്കാതെ എല്ലാം തമാശയായി കണ്ട ഒരാള്‍ എന്ന ഇമേജ് ഇന്നസെന്റിനെ വിട്ട് ഇനിയൊരിക്കലും പോകാന്‍ പോകുന്നില്ല.

ഒരു ജനപ്രതിനിധി എന്നാല്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. ആണും പെണ്ണും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടങ്ങിയ എല്ലാ മനുഷ്യരുടെയും. പക്ഷേ, ഇന്നസെന്റിനെ പോലൊരാള്‍ അയാള്‍ ജോലിയെടുക്കുന്ന സിനിമ രംഗത്ത് നടക്കുന്ന സ്ത്രീവിരുദ്ധതയെപ്പോലും എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. മലയാള സിനിമയില്‍ ലൈംഗിക ചൂഷണമോ പീഡനമോ ഇല്ലെന്നു മാത്രമല്ല, ഏതെങ്കിലും സ്ത്രീക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതവരുടെ കൈയിലിരുപ്പ് കൊണ്ടായിരിക്കുമെന്നു പറയാനും ഇന്നസെന്റ് മടി കാണിച്ചില്ലെന്നോര്‍ക്കണം. ഒരു ജനപ്രതിനിധിയായിരിക്കുമ്പോഴാണ് ഇത്തരമൊരു സ്ത്രീവിരുദ്ധ പരാമര്‍ശം അദ്ദേഹം നടത്തിയെന്നതും ഗൗരവമേറിയതാണ്.

ഇടപെടുകയും തിരുത്തകയും ചെയ്യേണ്ടിയിരുന്നപ്പോള്‍ അത് ചെയ്യാതെയും പ്രതിരോധിച്ചും ഇത്തരം വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്നസെന്റിന് ഒപ്പം നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്ന കാര്യം കൂടി ഓര്‍ക്കണം. രാഷ്ട്രീയമായ ആക്രമണം ആയാണ് പാര്‍ട്ടി അതിനെ കണ്ടത്. ഒരു സമൂഹത്തിന്റെ മൊത്തം വിമര്‍ശനമാണ് അവിടെ ഉണ്ടായതെന്നു മനസിലാക്കാതെ പോയ അതേ വിവേകശൂന്യതയാണ് ഇപ്പോഴും ഇന്നസെന്റിന്റെ കാര്യത്തില്‍ കാണിച്ചിരിക്കുന്നത്.

ഇന്നസെന്റിനെ ഒരു ധാര്‍മിക പ്രശ്‌നമായി ചര്‍ച്ച ചെയ്യുന്നതില്‍ ഇരട്ടത്താപ്പ് ഉണ്ടെന്നു കൂടി സമ്മതിക്കുകയാണ്. കാരണം, ധാര്‍മികതയെ കുറിച്ച് പറയാന്‍ നമുക്കെന്ത് അവകാശം? സ്ത്രീ പീഡനക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് എംഎല്‍എയും മന്ത്രിയും എംപിയുമൊക്കെയാക്കിയവരാണ് നമ്മള്‍. സ്ത്രീ പീഢനക്കേസിലെ പ്രതിയെ ജനപ്രിയ നായകനാക്കി കൊണ്ടാടുന്നവരുമാണ് നമ്മള്‍. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിലെ അധോസഭയുടെ പ്രധാന കസേരയിലും നമ്മള്‍ ഒരു കുറ്റാരോപിതനെ ഇരുത്തിയിട്ടുണ്ട്. സ്ത്രീവരുദ്ധ പ്രസ്താവനകളും ആക്ഷേപങ്ങളും നടത്തിയവരെ, നടത്തിക്കൊണ്ടിരിക്കുന്നവരെയൊക്കെ ഇപ്പോഴും നമ്മള്‍ നേതാവ് എന്നു വിളിക്കുന്നുണ്ട്. അവരുടെ അനുചരവൃന്ദങ്ങളാകുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍, ഈ ധാര്‍മികതയുടെ കാര്യത്തില്‍ നമ്മളും അത്ര ഇന്നസെന്റുമാരൊന്നുമല്ല എന്നു കൂടി പറയേണ്ടതുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍