UPDATES

ബ്ലോഗ്

ഇസ്ലാമിന് പലിശ ‘ഹറാ’മാണ്; പക്ഷേ മലബാറിലെ ഗ്രാമങ്ങളില്‍ നിന്ന് തട്ടിപ്പ് സംഘങ്ങള്‍ കോടികളാണ് കൊയ്യുന്നത്

ബാങ്കിങ്ങ്, സാമ്പത്തിക മേഖലയിൽ ദിശാബോധം നഷ്ടപ്പെട്ട മുസ്ലിങ്ങൾ തട്ടിപ്പ് സംഘങ്ങളുടെ സ്വാഭാവിക ഇരകളാണ്.

ഒരു നമ്പൂരി കഥ കേട്ടിട്ടുണ്ട്. നമ്പൂരിയോട് ആരോ “കൂണിറച്ചി കഴിക്കുമോ” എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി രസകരമായിരുന്നു. “അയ്യേ……ഇറച്ചി കഴിക്കാൻ പറ്റില്ല……കൂണിറച്ചി എന്ന് പറയാതെ ‘നിലം പൊട്ടിക്കായ’ എന്ന് പറഞ്ഞാൽ കഴിക്കാം…..” മുസ്ലിങ്ങളുടെ പലിശയോടുള്ള സമീപനം വലിയൊരളവ് വരെ ഇത് പോലെയാണ്. പലിശയെന്ന പേരാണ് പ്രശ്നം, അഥവാ പേര് മാത്രമാണ് പ്രശ്നം. വേറെ ഏതെങ്കിലും പേരിട്ട് വിളിച്ചാൽ പലിശ ഹലാലായി മാറും.

മുസ്ലിം കസ്റ്റമേഴ്സിന്റെ അടുത്ത് പലിശക്ക് പകരം “ലാഭ പൈസ” എന്നായിരുന്നു
പറയാറുള്ളതെന്നാണ് മലപ്പുറത്തൊരു സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻ പറഞ്ഞത്. മുസ്ലീങ്ങളുടെ ഈ ഇരട്ടത്താപ്പിനെയും കാപട്യത്തേയും ചൂഷണം ചെയ്യുന്ന നിരവധി തട്ടിപ്പ് സംഘങ്ങൾ അവർക്കിടയിൽ, പ്രത്യേകിച്ചും മലബാർ മേഖലയിൽ, സജീവമാണ്. ഈയടുത്താണ് കോഴിക്കോട് കേന്ദ്രമാക്കി 300 കോടിയിലധികം തട്ടിയ ഹൈദരാബാദ് സ്വദേശിയുടെ വാർത്ത വന്നത്. മലബാറിലെ മുക്കിലും മൂലയിലും വരെ ഇത് പോലുള്ള സംഘങ്ങളും വ്യക്തികളും സജീവമാണ്. ഒരു എ ടി എം പോലുമില്ലാത്ത ഞങ്ങളുടെ ഗ്രാമത്തിൽ കഴിഞ്ഞ 10 വർഷത്തിനിടക്ക് ഇത് പോലുള്ള അര ഡസനെങ്കിലും സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. പോയവർക്കൊന്നും കാശ് തിരിച്ച് കിട്ടാത്തത് കൊണ്ട് ഈ കൊച്ചു ഗ്രാമത്തിൽ നിന്ന് കോടികളാണ് ഇങ്ങനെ ആവിയായത്.

ഈ തട്ടിപ്പിന്റെ മോഡസ് ഓപ്പരാണ്ടി വളരെ സിംപിളാണ്, പവർഫുളാണ്. ‘ഹറാം’ ആയ പലിശ ഇല്ലാതെ മാസാമാസം ലാഭം തരാൻ ശേഷിയുള്ള ബിസിനസിനായി ‘ഷെയർ ‘ പിരിക്കുന്നതാണ് തുടക്കം. ബാങ്ക് നിരക്കിലും എത്രയോ ഉയർന്ന നിരക്കായതിനാൽ ആർത്തിയെയും ഹറാമായ പലിശ അല്ലാത്തതിനാൽ പടച്ചവനെയും ഒരേ പോലെ തൃപ്തിപ്പെടുത്താൻ(പറ്റിക്കാൻ) സാധിക്കുമെന്ന വിശ്വാസത്തിൽ മുൻപിൻ നോക്കാതെ എല്ലാവരും കാശ് കൊടുക്കുന്നു. ഇടപാടുകൾ അടിമുടി ബ്ലാക്ക് ആയതിനാൽ ഇൻകം ടാക്സ് പോലുള്ള ശല്യങ്ങളും ഇല്ല. ഏതാനും മാസങ്ങൾ കൃത്യമായി ‘ലാഭം’ നൽകുന്നത് വഴി വിശ്വാസ്യതയും കൂടുതൽ നിക്ഷേപകരേയും ഒരേ പോലെ ഉറപ്പാക്കുന്നതാണ് രണ്ടാം ഘട്ടം (ആ കിട്ടിയ ലാഭത്തിൽ നല്ലൊരു പങ്ക് നിക്ഷേപത്തിലേക്ക് കൂട്ടിച്ചേർക്കുന്നതാവും). നല്ലൊരു സംഖ്യ ഊറ്റിയെടുത്താൽ ഒരു സുപ്രഭാതത്തിൽ ‘സംരംഭകൻ’ മുങ്ങുന്നതോടെ സംഭവത്തിന് ക്ലൈമാക്സ് വീഴും. നിയമ സാധുത ഉള്ള രേഖകൾ, ഈട്, ആസ്തി, സുതാര്യത എന്നിങ്ങനെ ഒന്നുമില്ലാത്ത ഏർപ്പാടായതിനാൽ പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ പോലും പിന്നീടുണ്ടാവില്ല. തട്ടിപ്പിന്റെ വ്യാപ്തിയും തരവുമനുസരിച്ച് എസ് ഐ/ സി ഐ/ ഡി വൈ എസ് പി, മഹല്ല്.കമ്മിറ്റി, മത/രാഷ്ട്രീയ സംഘടനാ നേതൃത്വം എന്നിവരുടെ കാർമികത്വത്തിൽ ചില ചർച്ചാ നാടകങ്ങളൊക്കെ അരങ്ങേറുമെങ്കിലും പോയ കാശ് തിരിച്ചു വന്ന ചരിത്രമില്ല.

മുസ്ലിം മേഖലകളിൽ അക്ഷരാർത്ഥത്തിൽ ഒരാചാരമായി മാറിക്കഴിഞ്ഞ ഈ തട്ടിപ്പിലെ ഏറ്റവും പുതിയതാണ് ഹൈദരാബാദ് ആസ്ഥാനമായ ‘ഹീരാ ഗോൾഡ് എക്സിം’ എന്ന കറക്ക് കമ്പനി മലബാർ മേഖലയിൽ നിന്ന് 300 കോടി ഊറ്റിയ വാർത്ത. ‘പലിശ രഹിത’, ‘ഇസ്ലാമിക’ ലേബലിന്റെ പിൻ ബലത്തിൽ ആസൂത്രിതമായ തട്ടിപ്പാണ് അരങ്ങേറിയതെന്ന് വാർത്തകളിൽ നിന്ന് മനസ്സിലാവുന്നു. ഇഫ്താർ വിരുന്നുകൾ വഴിയായിരുന്നു മാർകറ്റിംഗ്. ബാങ്ക് പലിശ ഇസ്ലാമിക വിരുദ്ധമായി കണ്ട നിക്ഷേപകരൊന്നും ലക്ഷം രൂപക്ക് 3-4000 എന്ന അതിനേക്കാൾ എത്രയോ ഉയർന്ന ‘ലാഭം’ നൽകാമെന്ന ഉറപ്പ് തീർത്തും ഹലാലായി കണ്ടു.

ഇവിടെ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, ഇസ്ലാമിക സാമ്പത്തിക വീക്ഷണം എന്താണെന്നും അതിന്റെ യഥാർത്ഥ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും മനസ്സിലാക്കാത്ത വിശ്വാസി സമൂഹം. രണ്ട്, ഇസ്ലാം വിലക്കിയ പലിശ എന്തെന്നും ഇസ്ലാമിന്റെ ഈ സാമ്പത്തിക വീക്ഷണത്തിൽ പലിശയുടെ സ്ഥാനം എന്തായിരിക്കണമെന്നതിലുമുള്ള കൃത്യമായ ധാരണയില്ലായ്മ.

ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണം അതിന്റെ ഏറ്റവും അടിസ്ഥാന സങ്കൽപമായ ഏകദൈവ വിശ്വാസ (തൌഹീദ്) വുമായി ബന്ധപ്പെട്ടതാണ്. പരിധികളും പരിമിതികളുമില്ലാത്ത അല്ലാഹുവിന്റെ മുന്നിൽ സൃഷ്ടികളായ മനുഷ്യരെല്ലാം തുല്യരാണ്. അതിൽ ചിലരെ ‘കൂടുതൽ സമൻമാർ’ ആക്കുന്നതോ ഏതെങ്കിലും രീതിയിൽ മഹത്വരമോ വിവേചനമോ കാണിക്കുന്നതോ ഈ സങ്കൽപത്തിന് നിരക്കുന്നതല്ല. സൽക്കർമ്മങ്ങളല്ലാതെ ഒന്നും ആരെയും ശ്രേഷ്ഠരാക്കുന്നുമില്ല. ഈയൊരു അടിസ്ഥാന സങ്കൽപത്തിന്റെ ഭാഗമായേ ഇസ്ലാമിലെ ലിംഗനീതിയും സാമ്പത്തിക സമത്വവുമൊക്കെ വിലയിരുത്താനാവൂ. വിഭവങ്ങളുടെ മേൽ സമ്പൂർണാവകാശങ്ങളുള്ള ഉടമകളായിട്ടല്ല, കർശനമായ വ്യവസ്ഥകൾക്കുള്ളിൽ നിന്ന് കൊണ്ട് ഉപയോഗിക്കാൻ മാത്രം അധികാരപ്പെടുത്തിയ കൈകാര്യകർത്താക്കളായിട്ടാണ് ഇസ്ലാം മനുഷ്യരെ കാണുന്നത്.

പ്രപഞ്ചത്തിലെ സകലതും സൃഷ്ടിപ്പിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നതും അതിനെ നശിപ്പിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും അനിവാര്യമായ സാഹചര്യത്തിൽ മാത്രമായി പരിമിതപ്പെടുത്താനും ഖുർആൻ പറയുന്നു. സർവത്ര സ്വതന്ത്രമായി വിഭവങ്ങൾ ഉപയോഗിക്കാനോ വ്യക്തി താൽപര്യങ്ങൾക്കായി സാമൂഹിക ലക്ഷ്യങ്ങൾ അവഗണിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. വ്യക്തിയും കുടുംബവും സമൂഹവും പരിസ്ഥിതിയുമെല്ലാം തമ്മിലുള്ള സന്തുലനം പരിപാലിച്ച് കൊണ്ടുള്ള സന്തുലിതവും സുസ്ഥിരവുമായ ധനസമ്പാദനത്തെയും കച്ചവടത്തെയുമാണ് അത് പ്രോൽസാഹിപ്പിക്കുന്നത്. ഇതൊന്നും അവ്യക്തമായി പറഞ്ഞ് പോവുന്നതല്ല. ഖുർആനും ഹദീസും ഇസ്ലാമിക ചരിത്രവും പരതിയാൽ ഇതിനായുള്ള കൃത്യമായ മാർഗനിർദേശങ്ങൾ ഉടനീളം കാണാം. കണക്കുകളിലും വിശദാംശങ്ങളിലും (ബോധപൂർവ്വമായ) അവ്യക്തത കാണുമെങ്കിലും തത്വങ്ങളിലും ഉദ്ദേശ ലക്ഷ്യങ്ങളിലും അത് വ്യക്തവും കൃത്യവുമാണ്. സമ്പത്ത് കുന്ന് കൂട്ടാനും പൊങ്ങച്ചം കാണിക്കാനുമുള്ള മൽസരത്തെ “തകാസുർ” എന്ന് വിശേഷിപ്പിച്ച ഖുർആൻ അത്തരക്കാരെ ശവക്കല്ലറകളെ ഓർമിപ്പിച്ചു..സാമ്പത്തിക അസമത്വത്തെ ശക്തമായെതിർത്ത ഇസ്ലാം ആ സാഹചര്യം ഇല്ലാതാക്കാനുള്ള നിരവധി സമ്പ്രദായങ്ങൾ ആവിഷ്കരിച്ചു. നിർബന്ധിത നികുതിയായ സകാത്തിനെ കൂടാതെ സ്വന്തം ഇഷ്ട പ്രകാരം പരിധിയില്ലാതെ നൽകാൻ പ്രോൽസാഹിക്കപ്പെട്ട ദാന ധർമമായ ‘സദഖ’, സ്വത്തുവകകൾ പൊതു നന്മക്കായി തീറെഴുതി നൽകുന്ന ‘വഖഫ് ‘ എന്നിവ ഇതിൽ പരമ പ്രധാനമാണ്. അഗതികൾ, അനാഥകൾ, അശരണർ തുടങ്ങി സാമ്പത്തികമായി കഷ്ടപ്പെടുന്നവർ വലിയ തോതിൽ ഇതിന്റെ ഗുണഭോക്താക്കളായി. ‘പലിശ’ നിരോധിക്കപ്പെട്ടതും ഈ സാമ്പത്തിക വീക്ഷണവുമായി ചേർത്ത് വായിക്കുമ്പോൾ മാത്രമേ പ്രസക്തമാവുന്നുള്ളൂ.

ഇസ്ലാം വിലക്കിയ പലിശ എന്താണെന്നും ആധുനിക ബാങ്കിങ്ങ് വ്യവസ്ഥയോടുള്ള മുസ്ലിങ്ങളുടെ സമീപനം എന്തായിരിക്കണമെന്നതാണ് അടുത്ത ചോദ്യം. ഖുർആൻ വിലക്കിയത് ‘റിബ’ ആണ്. ഖുർആൻ അത് വിലക്കാൻ പ്രധാന കാരണമായി പറയുന്നത് അത് ദാതാവിന്റെ പണം ഇരട്ടിയും അതിനിരട്ടിയുമായി മാറ്റുന്നുവെന്നാണ്. അടവ് മുടങ്ങിയാൽ മുതൽ മൂലധനം (principal) ഇരട്ടിയാക്കപ്പെടുന്നതായിരുന്നു സമ്പ്രദായം. അതീവ ദുർബലരും നിസ്സഹായരുമായ കടക്കാരെ പൂർണമായും ദാതാവിന്റെ കെണിയിലാക്കുന്നു രീതി. ഏറ്റവും മനുഷ്യത്ത വിരുദ്ധമായിരുന്ന സാമ്പത്തിക സമ്പ്രദായങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ചിരുന്ന മക്കൻ സമൂഹത്തിന്റെ നേർ ചിത്രമായിരുന്നു ഈ റിബ സമ്പ്രദായം. പിന്നീട് പക്ഷേ ഹദീസുകളിലൂടെ കാല ക്രമത്തിൽ റിബക് കൂടുതൽ അർത്ഥ വ്യാപ്തി കാട്ടുകയും എല്ലാ രീതിയിലുമുള്ള പലിശയും മുസ്ലിം സമൂഹത്തിന് അസ്വീകാര്യമാണെന്ന അഭിപ്രായം മുസ്ലിം പൊതു ബോധമായി മാറുകയും ചെയ്തു. പക്ഷേ സൂക്ഷ്മ വായനയിൽ ഹദീസുകളിലും ഇസ്ലാമിക ചരിത്രത്തിലും ശ്രദ്ധേയമായ വേറിട്ട ശബ്ദങ്ങളും കാണാം.

റിബക്ക് ഇന്നത്തെ ബാങ്കിങ്ങ് വ്യവസ്ഥയിലെ പലിശ അഥവാ interest എന്ന അർത്ഥം നൽകുന്നത് ഭാഷാ പരമായും ചരിത്ര പരമായും ചോദ്യം ചെയ്യേണ്ടതുണ്ട്. ആ ചോദ്യം ചെയ്യൽ ഉണ്ടായിട്ടുമുണ്ട്. ഫസലുറഹ്മാൻ മാലികിനെയും റഷീദ് രിദയുടേയുമൊക്കെ പോലുള്ള ശ്രദ്ധേയ പഠനങ്ങളും അഭിപ്രായങ്ങളും വിഷയത്തിൽ നിരവധി ഉണ്ടായിട്ടുമുണ്ട്. മുഹമ്മദ് അസദിനെ പോലുള്ള പല ഖുർആൻ വ്യാഖ്യാതാക്കളും റിബക്ക് നൽകിയ അർത്ഥം കൊള്ളപ്പലിശ അഥവാ Usury ആണ്, interest അല്ലെങ്കിൽ ബാങ്ക് പലിശ അല്ല. ഇന്നത്തെ ബാങ്കുകൾ ഒരുപാട് മനുഷ്യത്ത പരമാവണ്ടതുണ്ടെന്നത് യാഥാർത്ഥ്യം. അതിൽ ഇസ്ലാമിന്റെ ലോക വീക്ഷണവുമായി യോജിക്കാത്ത പലതും ഉണ്ട് താനും. പലിശ പലപ്പോഴും ആളുകളെ പാപ്പരാക്കുന്നതും പച്ചയായ സത്യം. അതേ സമയം ഖുർആൻ കർശനമായി വിലക്കിയ റിബ എന്ന കൊള്ളപ്പലിശ രീതിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആധുനിക ബാങ്കിങ്ങ് സമ്പ്രദായത്തിലെ പലിശ. വലിയൊരു വിഭാഗം ജനങ്ങൾ അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കച്ചവടവും മറ്റു ജീവിത മാർഗങ്ങളും മെച്ചപ്പെടുത്തുന്നു എന്നതും അനിഷേധ്യ വസ്തുതയാണ്.

അതവിടെ നിക്കട്ടെ, റിബയും പലിശയും തമ്മിലുള്ള ഭാഷാ പരവും ചരിത്ര പരവുമായ വ്യത്യാസമല്ല. ഖുർആന്റെ ലോക വീക്ഷണത്തിൽ എങ്ങനെ റിബ അസ്വീകാര്യമായി എന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമായ വിഷയം. നേരത്തേ പറഞ്ഞ ഏക ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട സമത്വവും വിഭവങ്ങളുടെ മേലുള്ള പരിമിത അധികാരങ്ങളും തീർച്ചയായും ഇതിന്റെ അടിസ്ഥാനമാണ്. അതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം റിബയെ ഖുർആൻ വെക്കുന്നത് കച്ചവടത്തിന്റെ മറു പക്ഷത്തിലുള്ള ദ്വന്ദത്തിലല്ല. പകരം സദഖ അഥവാ യാതൊരു സമ്മർദത്തിന്റെയും ഫലമായല്ലാതെ സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന ദാന ധർമമായ ‘സദഖ’ യുടെ മറു പക്ഷത്താണ്.

മനുഷ്യത്ത വിരുദ്ധവും ക്രൂരവുമായ റിബക്ക് ഖുർആൻ പകരം വെക്കുന്നത് സദഖയാണ്. “അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ[സദഖ] പോഷിപ്പിക്കുകയും ചെയ്യും” എന്നാണ് ഖുർആൻ പറഞ്ഞത്. ഈ ബദൽ ഒഴിവാക്കി കൊണ്ടുള്ള റിബ വിരുദ്ധ പോരാട്ടം അർത്ഥ ശൂന്യവും ഖുർആൻ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണത്തോട് നീതി പുലർത്താത്തതുമാണ്. അതി മഹത്തരമായ സദഖക്കും കഠിനമായി വിലക്കപ്പെട്ട റിബക്കും ഇടയിലാണ് കച്ചവടത്തിന്റെ സ്ഥാനം. അതിൽ സ്വീകാര്യവും അസ്വീകാര്യവും ആയ പലതും ഉണ്ട്. ഈ ഗ്രേ ഏരിയയെ കൂടുതൽ ആഴത്തിലുള്ള ഗവേഷണത്തിലൂടെയും ശാസ്ത്രീയമായ സമീപനത്തിലൂടെയും ഇസ്ലാമികമാക്കാൻ മുസ്ലിങ്ങൾ ശ്രമിക്കണം.

ഇരകളെ അപമാനിക്കുന്ന കാട്ടിക്കൂട്ടലായി മാറിയ സദഖയും പഴയ കാലഘട്ടത്തിന്റെ നിഴൽ പോലുമല്ലാത്ത വഖഫുമൊക്കെ മുസ്ലിങ്ങളുടെ അപചയം അടയാളപ്പെടുത്തുന്നുണ്ട്. അതേ അപചയത്തിന്റെ ഭാഗം തന്നെയാണ് ലക്ഷ്യ ബോധമില്ലാത്ത റിബ വിരുദ്ധ പോരാട്ടവും. സദഖ എന്ന ബദൽ വെക്കാതെ റിബക്കെതിരിൽ പോരാടുന്നത് തുടങ്ങുന്നതിന് മുമ്പേ പരാജയം ഉറപ്പിക്കലാണ്. ഇസ്ലാമിന്റെ സമഗ്രമായ സാമ്പത്തിക വീക്ഷണത്തിന്റെ ഭാഗമല്ലാതെ ഏച്ചു കൂട്ടുന്ന ‘ഇസ്ലാമിക’ സാമ്പത്തിക പരീക്ഷണങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ. വലിയ അവകാശവാദത്തോടെ വരുന്ന ഇസ്ലാമിക ബാങ്കിംഗ് പോലും വെല്ലുവിളി നേരിടുന്നതിവിടെയാണ്. കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് ഇസ്ലാമിക ബാങ്കുകൾ നടത്തുന്ന ‘ശരീഅ അനുസൃതമായ’ ഇടപാടുകളിൽ മഹാ ഭൂരിപക്ഷവും യഥാർത്ഥത്തിൽ അറബി പദ പ്രയോഗങ്ങളിലൂടെ സമർത്ഥമായി പലിശയെ പുനർ നാമകരണം ചെയ്ത പദ്ധതികളാണ്. ലാഭവും നഷ്ടവും ഇരു പാർട്ടികളും പങ്കുവെക്കുന്ന വിശാല ഇസ്ലാമിക സാമ്പത്തിക തത്വം ( Profit and Lose Sharing, PLS) പാലിക്കുന്ന ഇടപാടുകൾ വളരെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. വ്യവസ്ഥാപിതമായത് കൊണ്ട് ഇസ്ലാമിക ബാങ്കുകൾ നില നിന്ന് പോരുന്നു. പരമ്പരാഗത ബാങ്കുകളുടെ അത്ര അഗ്രസീവ് അല്ലാത്തതിനാൽ താരതമ്യേന ഭേദപ്പെട്ട രീതിയിൽ മാന്ദ്യങ്ങളെ അതിജീവിക്കാനും സാധിക്കുന്നു. അതിലപ്പുറം പലിശ രഹിത ബദൽ അവതരിപ്പിക്കാനോ പരമ്പരാഗത ബാങ്കിങ്ങ് സമ്പ്രദായത്തിന് തിരുത്തലാവാനോ ഇവർക്ക് സാധിച്ചിട്ടില്ല. മുസ്ലിങ്ങളുടെ ബാങ്കിങ്ങ് സോഴ്സാവാൻ പോലും പറ്റിയിട്ടില്ല. അതേ സമയം പരമ്പരാഗത ബാങ്കിങ്ങ് തീർത്തും ഇസ്ലാമിക വിരുദ്ധമാണെന്ന പൊതുബോധം ശക്തമായി നില നിൽക്കുകയും ചെയ്യുന്നു. മറിച്ച് ഇസ്ലാമിന്റെ സാമ്പത്തിക വീക്ഷണത്തെ പാടെ നിരാകരിക്കുന്ന രീതിയിലുള്ള ഫ്യൂഡലിസവും ഭീകരമായ സാമ്പത്തിക അസമത്വവുമെല്ലാം മുസ്ലിം ലോകത്ത് വലിയ സ്വീകാര്യത നേടുകയും ചെയ്യുന്നു.

ഈ ഗ്യാപിലാണ് തട്ടിപ്പ് സംഘങ്ങൾ ഇരച്ചു കയറുന്നത്. സദഖയും വഖഫുമൊക്കെ വളരെ വിശാലമായ മാനവിക തലത്തിൽ മാത്രം കൈവരുന്ന മാനസികാവസ്ഥയുടെ ഭാഗമാണ്. അതെളുപ്പമല്ല. അതില്ലാതെ കേവലം പലിശയെ പുനർനാമകരണം ചെയ്തുള്ള ഇസ്ലാമിക ബാങ്കിങ്ങ് ചാപിള്ളയാണ്. ഈ ചാപിള്ളയെ മുൻ നിർത്തി ലോകം ഭരിക്കുന്ന ഒരു വ്യവസ്ഥിതിയെ പ്രതിരോധിക്കാൻ നോക്കിയാൽ ഗംഭീര പരാജയം ഉറപ്പാണ്, അതെത്ര തന്നെ ഉദ്ദേശ ശുദ്ധിയോട് കൂടി ചെയ്യുന്നതാണെങ്കിലും. ബാങ്കിങ്ങ്, സാമ്പത്തിക മേഖലയിൽ ദിശാബോധം നഷ്ടപ്പെട്ട മുസ്ലിങ്ങൾ തട്ടിപ്പ് സംഘങ്ങളുടെ സ്വാഭാവിക ഇരകളാണ്. ഈ അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടാത്ത കാലത്തോളം അത് തുടരും.

(നാസിറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്):

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍