UPDATES

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

വേരുകള്‍

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

അഞ്ചും എട്ടും വയസ്സായ കുട്ടികള്‍ ഒരു ഉരുള ചോറ് തനിയെ എടുത്ത് ശ്വാസം മുട്ടാതെ കഴിച്ചിരുന്നെങ്കില്‍ എന്ന് സ്വപ്നം കാണുന്ന അമ്മമാരെ കുറിച്ചാണ്

ജീവിതത്തിലെ പാഠങ്ങള്‍ എല്ലാം തന്നെ നിറമുള്ള പുസ്തകങ്ങളില്‍ നിന്നു മനഃപാഠമാക്കാന്‍ പറ്റുന്നതല്ലെന്നും വൈകാരികതയ്ക്കും അതിന്റേതായ ശിക്ഷണ രീതികള്‍ ഉണ്ടെന്നും മനസ്സിലാക്കുന്നത് എത്ര നേരത്തെയാണോ അത്രയും നല്ലത്

ആറേഴു കൊല്ലം മനഃശാസ്ത്ര രംഗത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്ത്, ഒടുക്കം തുടങ്ങിയ ഇടത്തേക്ക് തന്നെയാണ് എന്റെ ജീവിതം ഒഴുകുന്നതെന്ന തിരിച്ചറിവില്‍, കുട്ടികളിലെ വളര്‍ച്ചാവൈകല്യങ്ങളില്‍ പഠനം പുനരാരംഭിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പേ വീട് വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുപാട് ആധികള്‍ ഉണ്ടായിരുന്നു. കൊല്ലങ്ങള്‍ക്കു ശേഷം ഗൃഹസ്ഥാശ്രമം വെടിഞ്ഞു ഹോസ്റ്റല്‍ വാസവും ഭക്ഷണവും ആരോഗ്യവും എല്ലാറ്റിനുമുപരി കുഞ്ഞിനെ വിട്ടു നില്‍ക്കേണ്ടി വരുമല്ലോ എന്നൊക്കെയുള്ളതിനുമുപരി വലിയ ഭീതി, പണ്ട് ഈ കുഞ്ഞുങ്ങളെ കാണാനുള്ള മനക്കരുത്തില്ലാതെ ഓടി രക്ഷപ്പെട്ട തുടക്കക്കാരി എന്റെയുള്ളില്‍ പിന്നെയും തലപൊക്കുമോ എന്നുള്ളതായിരുന്നു.

എന്നാല്‍ ഇന്ന് പറയാം… ചെന്നൈ നഗരത്തില്‍നിന്ന് 35 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പടി കടന്നു കേറിയതാവും എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയി ഒരു പക്ഷെ മരണക്കിടക്കയിലും ഞാന്‍ ഓര്‍മ്മിക്കുന്നത്.

ഒരു പ്രൊഫഷണല്‍ എന്നതിലുപരി വ്യക്തിപരമായി എന്നെ ചിന്തിപ്പിച്ച, ഇടക്കെങ്കിലും ഉറക്കം കെടുത്തിയ ചില മുഖങ്ങള്‍… ജീവിതങ്ങള്‍…

ആദ്യം ഓര്‍മ വരിക ഒരേയൊരു വ്യക്തിയെയാവും. ചുളുങ്ങി തുടങ്ങിയ കവിളുകള്‍… മെലിഞ്ഞൊട്ടിയ പ്രകൃതം… സദാ മറ്റുള്ളവരെക്കുറിച്ചും മുന്നില്‍ വരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും വേവലാതിപ്പെടുന്ന, അവരെ കാണാന്‍ വരുന്ന ഓരോ കുഞ്ഞിനും വേണ്ടി പകലന്തിയോളം ഈ മതില്‍ക്കെട്ടിനുള്ളില്‍ ഓടി നടക്കുന്ന ഊര്‍ജസ്വലയായ… മിക്ക സഹപ്രവര്‍ത്തകരും ‘ഞങ്ങടെ മമ്മി ‘ എന്ന് പറഞ്ഞ് അടുത്തെത്തുന്ന അമ്മ സ്വരൂപമുള്ള ഡോക്ടര്‍. അവര്‍ക്ക് കേള്‍വി തകരാറുള്ള ഒരു മകന്‍ ഉണ്ടെന്നു ഞാന്‍ അറിയുന്നത് പിന്നീടാണ്. അങ്ങനെ മകന് വേണ്ടി അവന്റെ കൂടെ പഠിച്ചും പഠിപ്പിച്ചും ഈ മേഖലയില്‍ തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന ഒരു ധീര വനിത ! ധീരത എന്ന് തന്നെ ഞാന്‍ അതിനെ പറയണം… കാരണം ഇപ്പോള്‍ യൗവനയുക്തനായ ആ മകനെ വളര്‍ത്തുന്നതിനിടയിലെ ചില സംഭവങ്ങള്‍ പഠനാവശ്യത്തിനായി കേസ് സ്റ്റഡി എന്നോണം ഞങ്ങള്‍ വിദ്യാര്‍ഥികളോട് പറയുമ്പോള്‍ അവരുടെ അതിജീവനം പടച്ചട്ടയണിഞ്ഞ ഒരു പോരാളിയുടെ രൂപം അവര്‍ക്കു നല്‍കും…

കുഞ്ഞിനെ തെറാപ്പിക്ക് കൊണ്ട് പോകാനും പഠിപ്പിക്കാനുമൊക്കെ ഒറ്റയ്ക്ക് പ്രയാസമാണ്. അതുകൊണ്ടു ദയവു ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ട്രാന്‍സ്ഫര്‍ നിര്‍ത്തിവെച്ചു കൊണ്ട് കത്ത് തരണമെന്ന് പറഞ്ഞു കയറി ചെന്നപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ‘നിങ്ങള്‍ക്ക് ഭര്‍ത്താവിന്റെ കൂടെ സുഖിച്ചു ജീവിക്കാനുള്ള സൂത്രമല്ലേ’എന്നായിരുന്നത്രെ !

‘ഇടിവെട്ടിനെ പേടിച്ചു വീട്ടില്‍ മകനെയും കെട്ടിപ്പിടിച്ചു ഒറ്റക്കിരിക്കുമ്പോള്‍… പുറത്തെ ബഹളങ്ങള്‍ ഒന്നും അറിയാതെ എന്റെ കുഞ്ഞ് മിന്നി മറയുന്ന വെളിച്ചം കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നു…’ പലതും പറയുന്നതിനിടയില്‍ ആ അമ്മ പറഞ്ഞ ഈ വാക്കുകള്‍ ഒരു ചിത്രം പോലെ എന്റെ മനസ്സില്‍ കോറിയിട്ടതിന്റെ നീറ്റല്‍ ഇപ്പോഴും ഉണ്ട്. അവരുടെ കണ്ണ് നിറഞ്ഞത് എന്റെയുള്ളിലെ അമ്മയെ ചില്ലറയൊന്നുമല്ല പിടിച്ചുലച്ചത്…

ഇങ്ങനെയെത്രയെത്ര അമ്മമാര്‍.. അച്ഛന്‍മാരുടെ കണ്ണീര്‍ താരതമ്യേന കുറച്ചു കാണുന്നതല്ല. പക്ഷെ ഇത്തരം ഒരു സ്ഥാപനത്തില്‍ വന്നു നോക്കിയാല്‍ കാണാം അതില്‍ 100 കുട്ടികളില്‍ 90 പേരുടെ കൂടെയും അമ്മമാരാണ് ഉണ്ടാവുക.

ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവര്‍, അഞ്ചാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി കല്യാണം കഴിച്ചവര്‍, സ്‌കൂള്‍ കാണാത്തവര്‍, ഇങ്ങനെയൊരു കുഞ്ഞുണ്ടായതില്‍ ഭര്‍ത്താവുപേക്ഷിച്ചവര്‍, ഒറ്റക്ക് കുഞ്ഞിനെ വളര്‍ത്തുന്നവര്‍, ജോലിക്കാരായ മക്കള്‍ക്ക് വരാന്‍ ആവാതെ കുഞ്ഞിനെ താങ്ങി വരുന്ന വയോധികര്‍… അങ്ങനെ കാഴ്ചയില്‍ പൂര്‍ണ്ണ ആരോഗ്യവതികളായ മനസ്സുകൊണ്ട് പൂര്‍ണ്ണരല്ലാത്ത എത്രയോ സ്ത്രീ ജന്മങ്ങള്‍…

ജീവച്ഛവം പോലെ കിടക്കുന്ന കുഞ്ഞുങ്ങളുടെ കണ്‍ ചലനങ്ങളില്‍ സര്‍വ്വതും മനസ്സിലാക്കുന്ന മാന്ത്രികര്‍! തന്നോളം പോന്ന മക്കളെ തോളില്‍ ഏറ്റി വരുന്ന ശക്തര്‍! ആ മുഖത്തെ ചിരിയോളം വലിയ പ്രയത്‌നങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഒരുപക്ഷെ ഉണ്ടാകില്ലായിരിക്കും.

ഭൂലോകത്തിന്റെ മറ്റൊരു കോണില്‍ മക്കളെ പരീക്ഷയുടെയും കഴിവുകളുടെയും ഓട്ടപ്പന്തയത്തിനു തയ്യാറെടുപ്പിക്കുമ്പോള്‍ ഇവടെ മിക്കവരും അഞ്ചും എട്ടും വയസ്സായ കുട്ടികള്‍ ഒരു ഉരുള ചോറ് തനിയെ എടുത്ത് ശ്വാസം മുട്ടാതെ കഴിച്ചിരുന്നെങ്കില്‍ എന്ന് സ്വപ്നം കാണുന്നവരാണ്.

ജീവിതത്തിലെ പാഠങ്ങള്‍ എല്ലാം തന്നെ നിറമുള്ള പുസ്തകങ്ങളില്‍ നിന്നു മനഃപാഠമാക്കാന്‍ പറ്റുന്നതല്ലെന്നും വൈകാരികതയ്ക്കും അതിന്റേതായ ശിക്ഷണ രീതികള്‍ ഉണ്ടെന്നും മനസ്സിലാക്കുന്നത് എത്ര നേരത്തെയാണോ അത്രയും നല്ലത്. നമ്മള്‍ മനസ്സുകൊണ്ട് പൊരുതി കയറാന്‍ ഇത് വരെ ആഗ്രഹിച്ചിരുന്ന ആശക്കുന്നുകളൊക്കെ എത്ര ചെറുതാണെന്നറിയാം!

ഈ വര്‍ഷത്തെ വനിതാ ദിനം എനിക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇവിടെ, ലോകത്തിന്റെ ഈ തുണ്ടിലാണ്! ഓരോ ദിവസവും ഓരോ യുദ്ധം പട വെട്ടി.. മക്കള്‍ക്ക് ജീവിതം പൊരുതി നേടി കൊടുക്കുന്ന ഈ സ്ത്രീകള്‍ക്ക്.

ലോക വനിതാദിനാശംസകള്‍ ! പ്രത്യാശ… അത് നിങ്ങളാണ്.

ദ്വിതീയ പാതിരാമണ്ണ

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍