UPDATES

ബ്ലോഗ്

വനിതാ മതിലില്‍ മത വ്യത്യാസമുണ്ടാകില്ലെന്ന് വിശദീകരിക്കേണ്ടി വരുന്നത് വലിയൊരു ദുരന്തമാണ്; സര്‍ക്കാരിന് മാത്രമല്ല, കേരളത്തിനാകെത്തന്നെ

വനിതാ മതിലില്‍ വര്‍ഗീയ വ്യത്യാസമെന്ന ആരോപണത്തിനുള്ള പഴുതുകള്‍ സൃഷ്ടിച്ചത് ആരാണ്?

ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരിക്കുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് ആരോപണം ശക്തമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദുക്കളെന്നും അഹിന്ദുക്കളെന്നുമുള്ള വിവേചനം സൃഷ്ടിക്കാനും വര്‍ഗ്ഗീയതയുണ്ടാക്കാനുമാണ് ഈ മതില്‍ സഹായിക്കുകയെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കുകയാണ് ഈ മതിലിന്റെ ലക്ഷ്യമെന്നാണ് ബിജെപി ആരോപിക്കുന്നത്.

എന്നാല്‍ വനിതാ മതില്‍ അതിഗംഭീരമായ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ അതില്‍ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാര്‍ വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറയുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീസമത്വപ്രശ്‌നം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ എത്തുന്നുവെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ അതില്‍ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടര്‍ത്തല്‍. ഇത് വിജയിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

എന്നാല്‍ വനിതാ മതിലില്‍ വര്‍ഗീയ വ്യത്യാസമെന്ന ആരോപണത്തിനുള്ള പഴുതുകള്‍ സൃഷ്ടിച്ചത് ആരാണ്? നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തപ്പോള്‍ അതില്‍ ഹിന്ദുമത സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെയാണ് ആ സാധ്യത ആദ്യം തുറന്നിട്ടത്. എന്തുകൊണ്ട് ഹിന്ദു മതത്തിലെ സമുദായ സംഘടനകള്‍ മാത്രം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റ് മതങ്ങളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അപ്പോഴേക്കും ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലെ പ്രബല സംഘടനകളെല്ലാം തന്നെ വനിതാ മതിലിനെതിരായിക്കഴിഞ്ഞിരുന്നു. വീണ്ടുവിചാരത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ക്കുള്ള സാധ്യത തുടക്കത്തിലേ ഇല്ലാതാക്കാമായിരുന്നു, അതായിരുന്നു വേണ്ടിയിരുന്നതും. എന്നാല്‍ വിവാദങ്ങളെ പ്രതിരോധിച്ച് കൂടുതല്‍ നാണം കെടുകയാണ് ഇവിടെ സംഭവിച്ചത്.

ശബരിമല LIVE: മനിതി കൂട്ടായ്മയിലെ യുവതികളെ പമ്പയില്‍ തടഞ്ഞു; സ്വയം കെട്ടുനിറച്ച ഇരുമുടിയുമായി മല കയറാന്‍ ഒരുങ്ങി സംഘം

സര്‍ക്കാരാണ് വനിതാ മതില്‍ പ്രഖ്യാപിച്ചതെങ്കിലും സിപിഎമ്മിനാണ് അതിന്റെ നേതൃത്വം. പുരോഗമന പ്രസ്ഥാനമായ സിപിഎം നേതൃത്വം നല്‍കുന്ന ഒരു പരിപാടിക്കെതിരെ വര്‍ഗ്ഗീയ ആരോപണമുണ്ടായെന്നത് ആ പാര്‍ട്ടി ഗുരുതരമായ പിഴവായാണ് കാണുന്നത് എന്ന് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും കമ്മിറ്റിയുടെയും യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ തെളിയിച്ചു. സിപി സുഗതനെ പോലുള്ള വര്‍ഗ്ഗീയവാദികളെ ഈ പരിപാടിയുമായി സഹകരിപ്പിക്കാനും ഇതിന്റെ സംഘാടനത്തിന് നേതൃത്വം കൊടുക്കാനും ചുമതലപ്പെടുത്തിയപ്പോള്‍ മുതല്‍ വീഴ്ചയും സംഭവിച്ചു തുടങ്ങി. ഇസ്ലാം മതം സ്വീകരിച്ച് ആ മതത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിച്ച ഹാദിയയെ രണ്ടായി വലിച്ചു കീറണമെന്ന് സുഗതന്‍ പ്രഖ്യാപിച്ചത് കേരള സമൂഹം ഒന്നടങ്കം കേട്ടതാണ്. തീര്‍ച്ചയായും മുഖ്യമന്ത്രിയും ആ വാക്കുകള്‍ അന്ന് ശ്രദ്ധിച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ സുഗതനെ ഇതില്‍ ഒഴിവാക്കേണ്ടതായിരുന്നു. വനിതാ മതിലിനെതിരെ പ്രതിപക്ഷത്തിന് ലഭിച്ച ആദ്യ ആയുധം സുഗതന്‍ ആയിരുന്നു.

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

വനിതാ മതില്‍ വന്‍വിജയമായി തീരുമെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തില്‍ യാതൊരു സംശയവുമില്ല. എന്‍എസ്എസിന്റെ ശക്തികേന്ദ്രങ്ങളായ ചില പോക്കറ്റുകളില്‍ ഒഴികെ ഇത് വന്‍ വിജയമായി തീരാന്‍ തന്നെയാണ് സാധ്യത. എന്നിരുന്നാലും വര്‍ഗ്ഗീയ മതില്‍ എന്ന ചീത്തപ്പേര് സമ്പാദിച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയായി ഇത് മാറുമായിരുന്നു. നവോത്ഥാനത്തിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്ന കേരളം ഒരു ഭ്രാന്താലയം ആകരുതെന്ന് ആഗ്രഹിക്കുന്ന ഒട്ടനവധി പേരെ സംശയാലുക്കളാക്കാന്‍ ഈ ആരോപണത്തിന് സാധിച്ചിട്ടുണ്ട്. എന്താണ് വനിതാ മതില്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന സംശയമാണ് അത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വനിതാ മതിലില്‍ മതപരമായ വേര്‍തിരിവുണ്ടാകില്ലെന്ന് വിശദീകരിക്കേണ്ടി വരുന്നത് അതിനാലാണ്. അത് സിപിഎം എന്ന പുരോഗമന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ സംബന്ധിച്ചും ഒരു ദുരന്തമാണ് സഖാവേ.

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍