UPDATES

ബ്ലോഗ്

മുഖ്യമന്ത്രിയെ ചോ കൂ.. മോന്‍ എന്ന് വിളിച്ച കുലസ്ത്രീകളല്ല; ബിജെപിയുടെ മുഖപത്രം കണ്ണുതുറന്നു കാണണം ഈ പെണ്‍കരുത്തിനെ

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്നും അത് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് എന്‍എസ്എസിന്റെ കീഴില്‍ പ്രതിഷേധത്തിനിറങ്ങിയ കുലസ്ത്രീകള്‍ക്കാണ് ഇന്ന് ജന്മഭൂമിയുടെ ആദരം

അയ്യപ്പന് വേണ്ടി പൊരുതിയ ഹൈന്ദവ സ്ത്രീ ശക്തിയെ പ്രണമിക്കുന്നുവെന്നാണ് ഇന്നത്തെ ജന്മഭൂമിയുടെ പ്രധാനവാര്‍ത്ത. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് അയ്യപ്പ ജ്യോതിയിലും നാമജപ ഘോഷയാത്രയിലും ‘കുലസ്ത്രീകളെ’ ആദരിക്കുന്നതാണ് ജന്മഭൂമി വാര്‍ത്ത. അതൊക്കെ അവരുടെ ഇഷ്ടം ആരെ ആദരിക്കണം ആരെ ആദരിക്കരുതെന്ന് തീരുമാനിക്കാനുള്ള അവകാശം അവരുടെ എഡിറ്റോറിയല്‍ ബോര്‍ഡിനും ആ ബോര്‍ഡിനെ നിയന്ത്രിക്കുന്ന ബിജെപിക്കുമുണ്ട്. കേരളത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് കാലമേയായിട്ടുള്ളൂ. ഇക്കാലത്തിനിടയില്‍ ബിജെപിയോ ജന്മഭൂമിയോ ഇത്ര പകിട്ടോടെ വനിതാ ദിനം ആഘോഷിച്ചതായി അറിയില്ല. എന്നാല്‍ ഇത്തവണ കുലസ്ത്രീകള്‍ക്ക് വേണ്ടിയാണെങ്കിലും അവര്‍ ഒന്നാം പേജിലെ തന്നെ എട്ട് കോളം മാറ്റിവയ്ക്കാന്‍ തയ്യാറായിരിക്കുന്നു.

ഇനി ഭൂമി ആദരിക്കുന്ന ഹൈന്ദവ സ്ത്രീ ശക്തിയാരാണെന്ന് നോക്കാം. നാമജപ ഘോഷയാത്രക്കിടെ മുഖ്യമന്ത്രിയെ പരസ്യമായി ‘ആ ചോ കൂ.. മോന്തയടിച്ച് പറിക്കണം’ എന്ന് പറഞ്ഞ വീട്ടമ്മയാണ് അവരില്‍ ഒന്നാം സ്ഥാനത്ത്. നാമജപ ഘോഷയാത്രയുടെ മുഖമായി അവര്‍ മാറിയത് ആ വീഡിയോ പുറത്തു വന്നതിന് ശേഷമായിരുന്നു. പന്തളത്തു നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാമജപഘോഷയാത്ര ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന യുവതികളെയും അതിന് അനുവദിച്ച സുപ്രിംകോടതിയെയും വിധി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാരിനെയും പരസ്യമായി അസഭ്യം പറഞ്ഞും വെല്ലുവിളിച്ചുമാണ് നീങ്ങിയത്. അതില്‍ ജന്മഭൂമി അയ്യപ്പന് വേണ്ടി പൊരുതിയ ധീരവനിതകളായ ഹൈന്ദവ സ്ത്രീശക്തിയില്‍ ഉള്‍പ്പെടുന്നവരുമുണ്ടെന്നതാണ് ശ്രദ്ധേയം. സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ സമൂഹത്തില്‍ തുല്യ പ്രാധാന്യമുണ്ടെന്നതാണ് വനിതാ ദിനത്തിന്റെ സന്ദേശം. ശബരിമല വിധിയില്‍ സുപ്രിംകോടതി വ്യക്തമാക്കിയതും ഭരണഘടനാപരമായ തുല്യനീതിയെക്കുറിച്ച്. ആര്‍ത്തവത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും എവിടെയും മാറ്റി നിര്‍ത്താനാകില്ലെന്നായിരുന്നു സുപ്രിംകോടതി വിധി. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്നും അത് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് എന്‍എസ്എസിന്റെ കീഴില്‍ പ്രതിഷേധത്തിനിറങ്ങിയ കുലസ്ത്രീകള്‍ക്കാണ് ഇന്ന് ജന്മഭൂമിയുടെ ആദരം.

സതി അനുഷ്ഠാനം നിരോധിച്ചപ്പോള്‍ കുലസ്ത്രീകളാണ് അതിനെതിരെ സമരം ചെയ്തത്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാത്ത കാലത്ത് ഒരു കുലസ്ത്രീകളും അതിന് പരിശ്രമിച്ചതായി അറിവില്ല. എന്‍എസ്എസും ആര്‍എസ്എസും പോലുള്ള വര്‍ഗ്ഗീയവാദികള്‍ ആവശ്യപ്പെട്ടപ്പോഴാണ് ഈ സ്ത്രീകള്‍ രംഗത്തിറങ്ങിയത്. ഇവരെങ്ങിനെ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് മനസിലാകുന്നതേയില്ല. അതേസമയം സ്വന്തം നിലനില്‍പ്പിനായി സമൂഹത്തോട് പൊരുതി ജയിച്ച എത്രയോ സ്ത്രീകളുണ്ട്. കിടപ്പാടം നഷ്ടമാകാതിരിക്കാന്‍ നീണ്ട സമരത്തിനിറങ്ങിയ പ്രീത ഷാജി, സ്ത്രീ ജീവനക്കാര്‍ക്ക് തൊഴിലിനിടെ ഇരിക്കാനും വിശ്രമിക്കാനുമുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും കോഴിക്കോട് മിഠായി തെരുവിലെ കടകളില്‍ ശുചിമുറികള്‍ നിര്‍ബന്ധമാക്കാനും പൊരുതിയ വിജി പെണ്‍കൂട്ടും പ്രായം തളര്‍ത്താത്ത വീര്യവുമായി 96-ാം വയസ്സില്‍ പരീക്ഷയെഴുതി 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മ, നിപ വൈറസ് കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ രോഗബാധ നിയന്ത്രണ വിധേയമാക്കാനും പ്രളയത്തിന്റെ പ്രത്യാഘാതമായി സാംക്രമിക രോഗങ്ങള്‍ പടരുമെന്ന ആശങ്കയുണര്‍ന്നപ്പോള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, നിപ ബാധിച്ച രോഗിയെ ചികിത്സിച്ച് ഒടുവില്‍ ആ രോഗാണുവിന് മുന്നില്‍ കീഴടങ്ങിയ സിസ്റ്റര്‍ ലിനി, പഠനവും ജീവിത ചെലവുകളും ഒരുമിച്ച് കൊണ്ടുപോകാന്‍ കോളേജില്‍ നിന്നും മടങ്ങിയെത്തി മീന്‍ കച്ചവടം നടത്തുന്ന ഹനാന്‍, സിനിമയിലെ പുരുഷ ആധിപത്യത്തിനെതിരെ നിര്‍ഭയം ആഞ്ഞടിച്ച അര്‍ച്ചന പത്മിനിയെ പോലുള്ള സിനിമ പ്രവര്‍ത്തകര്‍, ഐഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റ് ആയ ഗീതാ ഗോപിനാഥ്, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് നേടിയ ആദ്യ വനിത ചാവക്കാട്ടുകാരി രേഖ, സ്‌ട്രോങ് വുമണ്‍ എന്നറിയപ്പെടുന്ന പഞ്ചഗുസ്തി, പവര്‍ലിഫ്റ്റിംഗ് താരം മജിസിയ ബാനു, നഗ്ന ചിത്രം താന്‍ തന്നെ പുറത്തുവിട്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോള്‍ നിയമ പോരാട്ടത്തിലെ തന്റെ നിരപരാധിത്വം തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ, കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലും ശബരിമലയില്‍ പ്രവേശിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ബിന്ദു, കനകദുര്‍ഗ, മഞ്ജു, എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തോളില്‍ കിടത്തി തെരുവില്‍ ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരി ഗീതു ആ ലിസ്റ്റ് ഇവിടെ പൂര്‍ണമാകില്ല.

ഇനി ജന്മഭൂമിയെ നിയന്ത്രിക്കുന്ന ബിജെപിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ‘പേടിയാണെങ്കില്‍ പോയി പെറ്റിക്കോട്ട് ധരിച്ചുവരൂ’വെന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. പെറ്റിക്കോട്ട് ധരിക്കുന്നത് സാധാരണ ഗതിയില്‍ സ്ത്രീകളാണ്. അതായത് പേടിക്കേണ്ടത് സ്ത്രീകളാണെന്നാണ് ബിജെപി വക്താവിന്റെ പക്ഷം. ഈ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ മോശമായൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ഭാട്ടിയയുടെ നിലപാട്. അതായത് താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ഇയാളുടെ വിശ്വാസം. അത് മനസില്‍ രൂഡമൂഢമായി ഉറച്ച ഒരു വിശ്വാസമാണെന്ന് ഇന്ന് എയര്‍ ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഇന്ന് അവരുടെ വിമാനങ്ങള്‍ പറത്തിയത് സ്ത്രീകളാണ്. ബിജെപി നേതാക്കള്‍ മുമ്പും സ്ത്രീവിരുദ്ധ പ്രസ്താവനകളിറക്കിയിട്ടുണ്ടെന്നതിനാല്‍ അയ്യപ്പന്റെ ബ്രഹ്മചാര്യം സംരക്ഷിക്കാന്‍ വേണ്ടി സമരം ചെയ്ത കുലസ്ത്രീകള്‍ മാത്രം ജന്മഭൂമിക്ക് ആദരണീയരാകുന്നതില്‍ അത്ഭുതപ്പെടാനില്ല.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍