UPDATES

ബ്ലോഗ്

മുഖ്യമന്ത്രി കോട്ടൂരുന്നില്ലെന്ന അസംബന്ധ വിമര്‍ശനമല്ല ഉയർത്തേണ്ടത്; മസാല ബോണ്ടിലൂടെ കൊണ്ടുവരുന്ന പണം ചിലവഴിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കണം

സർക്കാർ ഗ്യാരന്റി നൽകുന്ന കടപ്പത്രം പരിമിത റിസ്കു മാത്രമുള്ള പരിപാടിയാണ്.

മസാല ബോണ്ട്. ഒൻപതെമുക്കാൽ (9.723%) ശതമാനം പലിശയ്ക്ക് നമ്മൾ പണം കടം വാങ്ങിയിട്ട് അത് തിരിച്ചുകൊടുക്കാമെന്നു പറഞ്ഞു എഴുതി ഒപ്പിട്ടു കൊടുക്കുന്ന കടലാസാണ് സാധനം. ഈ കടലാസ് ഇനി മുതൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കച്ചവടത്തിനുണ്ട്. ചിലപ്പോൾ ആളുകൾ കൂടുതൽ വിലയ്ക്ക് വാങ്ങും; അതിനു പല കാരണങ്ങളുണ്ട്. ചിലപ്പോൾ വില കുറയും. അതിന്റെ ഡൈനമിക്സ് വേറെ.

ആ കച്ചവടം ഉത്ഘാടനം ചെയ്യാൻ കടപ്പത്രം ഇറക്കുന്ന കമ്പനിയുടെ/സർക്കാരിന്റെ ആളെ സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കാറുണ്ട്. 1999-ഇൽ ഇൻഫോസിസിന്റെ ഷെയർ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്‌തപ്പോഴും ഒരു കൊല്ലത്തിനുശേഷം വിപ്രോ ന്യൂയോർക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തെപ്പോഴും അത്തരത്തിൽ ആദ്യം നടക്കുന്ന കാര്യം എന്ന നിലയിൽ ഇന്ത്യയിൽ വലിയ ആഘോഷമായിരുന്നു. അത് ഒരുതരത്തിൽ അംഗീകാരവുമായിരുന്നു: ഒരിന്ത്യൻ കമ്പനിയുടെ സ്റ്റോക്കിൽ സായിപ്പ് വിശ്വാസം അർപ്പിക്കുന്നു എന്നതിൽ. (അതിന്റെ ഡൈനാമിക്‌സും വേറെ).

ഷെയറും കടപ്പത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഷെയർ പരിപൂർണ്ണമായും റിസ്കാണ്; ചിലപ്പോൾ മുഴുവൻ പോകും, ചിലപ്പോൾ വൻ നേട്ടവും ഉണ്ടാകും. അതുകൊണ്ട് ഷെയർ ലിസ്റ്റ് ചെയ്യപ്പെടുക എന്നത് കമ്പനിയുടെ വിശ്വാസ്യതയിലുള്ള ഒരു പ്രഖ്യാപനം കൂടെയാണ്.

സർക്കാർ ഗ്യാരന്റി നൽകുന്ന കടപ്പത്രം പരിമിത റിസ്കു മാത്രമുള്ള പരിപാടിയാണ്. പണം സംഘടിപ്പിക്കാൻ കേരളം ഒരു പുതുവഴി നോക്കി എന്നല്ലാതെ അതിൽ അത്യധികം അഭിമാനം കൊള്ളാനുള്ള കാര്യമൊന്നുമില്ല. കൊണ്ടുവരുന്ന പണം കൃത്യമായി നിക്ഷേപിക്കപ്പെടുകയും നമ്മുടെ ഭാവിയിലേക്ക് വേണ്ട മുതൽക്കൂട്ടായി മാറ്റുകയും ചെയ്യുക എന്നതാണ് കാര്യം. ആഘോഷം നടക്കേണ്ടത് ആ പണം വച്ച് നമ്മൾ ഓരോ കാര്യം ചെയ്തെടുക്കുമ്പോഴാണ്; അങ്ങിനെ പണം തിരികെ കൊടുക്കാൻ നമ്മുടെ ഇക്കണോമിയെ പ്രാപ്തമാക്കുമ്പോഴാണ്.

സർക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അർത്ഥപൂർണ്ണമായ വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ പണിയാണ്, മാധ്യമങ്ങളുടെയും. അതിനു പകരം കടപ്പത്രം വാങ്ങുന്ന കമ്പനി പണ്ടോരു കമ്പനിയിൽ നിക്ഷേപിച്ചിരുന്നു, അതുകൊണ്ടു മൊത്തം അഴിമതിയാണ് എന്നും, മുഖ്യമന്ത്രി കോട്ടൂരുന്നില്ല എന്നുമൊക്കെ അസംബന്ധം എഴുതിവിടുന്ന പത്രങ്ങളും, രൂപയിൽ ഇറക്കുന്ന കടപ്പത്രത്തിന്റെ പലിശയെ ഡോളർ കടവുമായി താരതമ്യപ്പെടുത്തുന്ന വിദഗ്ധന്മാരും അതേറ്റുപാടുന്ന പ്രതിപക്ഷവും…കാൽക്കാശിന്റെ ഗുണം നാടിനോ സർക്കാരിനോ ഇല്ല.

അതുകൊണ്ടു പണം കടം വാങ്ങുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങു ആഘോഷിച്ചുകഴിഞ്ഞാൽ ആ പണം ചെലവാക്കുന്ന രീതിയെക്കുറിച്ചും അതിന്റെ തിരിച്ചടവിനെക്കുറിച്ചുമൊക്കെ നമ്മൾ ഒരു കണ്ണ് തുറന്നുവെച്ച് നോക്കിയിരിക്കണം.

(സമയമുള്ളവർക്കു വായിക്കാനായി മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സോഷ്യൽ സയൻസ് വകുപ്പ് മുൻ ഡീൻ ഡോ കെ ടി രാം മോഹൻ എഴുതിയ രണ്ടു ലേഖനങ്ങളുടെ ലിങ്കുകൾ ഇടുന്നു. ചില പോയിന്റുകളിൽ എനിക്കും അഭിപ്രായ വ്യാത്യാസമുണ്ട് എന്നത് പ്രത്യേകം പറയുന്നു).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍