UPDATES

ബ്ലോഗ്

എന്തുകൊണ്ടാണ് നിങ്ങള്‍ ആ മനുഷ്യന്റെ പേര് പറയാത്തത്?

നിങ്ങളുടെ ഓപ്ഷന്‍ നിങ്ങളുടെ രാഷ്ട്രീയം പിന്തുടരണോ അതോ യു ഡി എഫ് രാഷ്ട്രീയം പിന്തുടരണോ എന്നാണ്.

ഇടതുപക്ഷക്കാരായ പല ഹാന്‍ഡിലുകളും പലപ്പോഴായി ഉന്നയിക്കുന്ന വിഷയമാണ് ഇടതുപക്ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന രീതിയില്‍ അപ്പുറത്തു നില്‍ക്കുന്നവര്‍ ഓഡിറ്റ് ചെയ്യപ്പെടാറില്ല എന്ന്. അവരില്‍ പലരും എല്‍ ഡി എഫ് കണ്‍വീനറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ചിട്ടുണ്ട്.

അവരോടാണ്.

വിജയരാഘവന്റെ പ്രസ്താവനയില്‍ വലത്പക്ഷത്തെ ഒരു നേതാവിന്റെ പേര് പറഞ്ഞിരുന്നു. നിങ്ങള്‍ക്കും ആലത്തൂരെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്കും അപമാനകരമായിത്തോന്നിയ പരാമര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആ നേതാവിനാണ് അപമാനകരമായി തോന്നേണ്ടത്. സി പി എം നേതാവിനെ ഉത്തരം പറയിപ്പിക്കാന്‍ മുന്നിട്ടു നിന്ന വലതുപക്ഷ ഹാന്‍ഡിലുകളില്‍ ഏതെങ്കിലും ഒരെണ്ണം യു ഡി എഫ് നേതാവിന്റെ പക്ഷം പറയാന്‍ വന്നത് നിങ്ങളാരെങ്കിലും കണ്ടിരുന്നോ? ഒരൊറ്റയാള്‍? നിങ്ങള്‍ പോസ്റ്റിട്ടില്ലെങ്കില്‍ പൊളിട്ടിക്കല്‍ കറക്ട്‌നെസ്സ് പഠിപ്പിക്കാന്‍ വരുന്നവരും എഴുത്തുകാരിയെ തെറിവിളിക്കാന്‍ പഠിപ്പിക്കുന്നവരും ഒക്കെ ഉണ്ടല്ലോ കുറേപ്പേര്‍, അതിലാരെങ്കിലും ഒരാള്‍ പറഞ്ഞോ ആ നേതാവിന്റെ കാര്യം? അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ആയിട്ടുകൂടി?

ഒരാളുമില്ല.

വിജയരാഘവന്‍ നേരിട്ട കുറ്റാരോപണത്തിന്റെ അനന്തമിരട്ടി ഗുരുതരമായ കുറ്റം ചെയ്തു എന്ന ആരോപണം നേരിട്ടയാളാണ് അപ്പുറത്തുനില്‍ക്കുന്നതെന്നത് അവര്‍ക്കൊരു വിഷയമല്ല; അതിന്റെ ഇര തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് നാട്ടുകോരോട് പരസ്യമായി പറഞ്ഞിരുന്നു, അപ്പോഴും ഇവരൊക്കെ ഇവിടെയൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ഒരാളറിഞ്ഞോ അക്കാര്യം?

കാസര്‍ഗോഡും കണ്ണൂരും മുതല്‍ ഇങ്ങോട്ടു തെക്കോട്ടെടുത്താല്‍ അത്തരം ആരോപണങ്ങള്‍ നേരിടുന്ന പല നേതാക്കന്മാരെയും അക്കൂട്ടത്തില്‍ കാണാം; അവരില്‍ പലരും സ്ഥാനാര്‍ത്ഥികളുമാണ്. ആരുടേയും നേരെ ഒരു വിരലും ചൂണ്ടില്ല. ഇടതുപക്ഷമെങ്കില്‍ മരിച്ചവരെ കുഴിയില്‍ നിന്നെണീപ്പിക്കും; പാര്‍ട്ടിയില്‍ വിശ്വാസമുള്ള സ്ത്രീകള്‍ പാര്‍ട്ടിയ്ക്ക് നല്‍കിയ പരാതിയില്‍ നടപടി നേരിട്ട് പുറത്തുപോയവരുടെയും വെറുതെക്കാരായി നടക്കുന്നവരുടെ പേരിലുള്ള ആരോപണങ്ങള്‍ക്കും നിങ്ങള്‍ മറുപടി പറയേണ്ടിവരും; അപ്പുറത്താണെങ്കില്‍ ബലാല്‍സംഗക്കുറ്റത്തിനു എഫ് ഐ ആറുണ്ടെങ്കിലും കുഴപ്പമില്ല.

ഇത്രയും ലളിതമാണ് വസ്തുതകള്‍.

അതുകൊണ്ടു രണ്ടുകൂട്ടര്‍ക്കും ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് രണ്ടാണ് എന്ന കാര്യം മനസിലാക്കുക. അതിനു കാരണവുമുണ്ട്: ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് ഒന്നാകണമെങ്കില്‍ ഓഡിറ്റിങ് നടത്തുന്ന ഇടപാടും ഒന്നാകണം. ഇവിടെ അത്തരം ഒരു വിഷയം ഉദിക്കുന്നില്ല. രണ്ടും രണ്ടു രാഷ്ട്രീയമാണ്.

നിങ്ങളുടെ ഓപ്ഷന്‍ നിങ്ങളുടെ രാഷ്ട്രീയം പിന്തുടരണോ അതോ യു ഡി എഫ് രാഷ്ട്രീയം പിന്തുടരണോ എന്നാണ്. അതില്‍ നിങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയമാണ് പിന്തുടരുന്നതെങ്കില്‍ ആ രാഷ്ട്രീയത്തെക്കുറിച്ച് അഭിമാനിക്കുക. അതിന്റെ ഓഡിറ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് നിരന്തരമായി പുതുക്കുക; അതില്‍ വരുന്ന വീഴ്ചകളെക്കുറിച്ച് നിലവിളിക്കുക; ഓരോന്നിനും നേതാക്കന്മാര്‍ ഉത്തരം പറയേണ്ടിവരും എന്ന് അവരെ നിരന്തരം ഓര്‍മ്മിപ്പിക്കുക.

അല്ലാതെ യു ഡി എഫിന് കിട്ടുന്ന ആനുകൂല്യത്തെക്കുറിച്ച് പിറുപിറുക്കാതിരിക്കുക.

അത് വേറെ ലെവലാണ് സഹോ.
നിങ്ങള്ക്ക് അത് എത്തിപ്പിടിക്കാന്‍ ആകാതിരിക്കട്ടെ എന്നാണ് എന്റെ ആശംസ.

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍