UPDATES

ബ്ലോഗ്

ആദ്യ പ്ലാസ്റ്റിക് സര്‍ജറി ഗണപതിയുടേതെന്ന് പ്രചരിപ്പിക്കുന്നവരുടെ പരിപാടിയില്‍ പങ്കെടുത്തതിന് താങ്കള്‍ ലജ്ജിക്കുക തന്നെ വേണം

കെട്ടുകഥകളും കാവ്യഭാവനകളും ശാസ്ത്ര സത്യങ്ങളാണെന്ന്‌ പരസ്യപ്പെടുത്തി ഈ ശാസ്ത്ര സംഭാവനകളെയും ഭാരതത്തെ തന്നെയും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയവരാണ് ആര്‍എസ്എസുകാര്‍

വിജ്ഞാന ഭാരതിയെന്ന ആര്‍എസ്എസ് സംഘടനയുടെ ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. അതേസമയം താന്‍ സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പങ്കെടുത്തതെന്നും ആര്‍എസ്എസിന് അവര്‍ അതില്‍ ഉള്‍പ്പെടുത്തിയത് തന്റെ ഉത്തരവാദിത്വമല്ലെന്നുമാണ് ശൈലജയുടെ വിശദീകരണം. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ പ്രത്യേക പ്രഭാഷകയായാണ് ശൈലജ പങ്കെടുത്തത്. അതേസമയം ശൈലജയുടെ വാദം സിപിഎമ്മുകാര്‍ പോലും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറല്ലെന്നതാണ് മറ്റൊരു കാര്യം. ഒരു ചടങ്ങില്‍ ക്ഷണിക്കപ്പെടുമ്പോള്‍ ആരാണ് ആ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സാധാരണക്കാര്‍ പോലും ആലോചിക്കും. അപ്പോള്‍ ഒരു മന്ത്രിയും അത് ചെയ്യേണ്ടതല്ലേയെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ആയുഷ് മന്ത്രാലയത്തോടൊപ്പം വിജ്ഞാന ഭാരതി, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ എന്നിവരാണ് ഈ ചടങ്ങിന്റെ സംഘാടകരെന്ന് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ നിന്നും വ്യക്തമാണ്. വിജ്ഞാന്‍ ഭാരതി 2012ല്‍ ആരംഭിച്ച സ്ഥാപനമാണ് വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍. വിജ്ഞാന ഭാരതി മുമ്പ് സ്ഥാപിച്ചിട്ടുള്ള സ്വദേശി സയന്‍സ് മൂവ്‌മെന്റിന്റെ തുടര്‍ച്ചയാണ് ഈ സ്ഥാപനവും. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതിയുടെയും സ്ഥാനം. ഏകല്‍ വിദ്യാലയ, സരസ്വതി ശിശുമന്ദിര്‍, വിദ്യാഭാരതി, വിജ്ഞാന ഭാരതി എന്നിവയാണ് ഈ സംഘടനയിലെ മറ്റ് ഉപസംഘടനകള്‍. 2014 നവംബറിലാണ് ആയുഷ് വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ആയുഷ് മന്ത്രാലയമാക്കിയത്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകരായി ആയുഷ് മന്ത്രാലയം എത്തുന്നത്. 2002ല്‍ സ്വദേശി സയന്‍സ് മൂവ്‌മെന്റാണ് ആദ്യമായി വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ പങ്കെടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഉള്‍പ്പെടുന്നത്. അതോടെ ഈ ചടങ്ങ് മുഖ്യധാരയിലെത്തുകയും ചെയ്തു. സംഘപരിവാറുമായി നേരിട്ട് തന്നെ ബന്ധമുള്ള സംഘടനയുടെ ചടങ്ങിലേക്ക് ബിജെപി അധികാരത്തിലേറിയതിന് ശേഷം മാത്രം സര്‍ക്കാര്‍ വന്നു കയറിയതാണെന്ന് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റില്‍ നിന്നും വ്യക്തമാണ്. അതായത് കേന്ദ്രസര്‍ക്കാരിന്റെ ചടങ്ങില്‍ ആര്‍എസ്എസിനെയല്ല, ആര്‍എസ്എസിന്റെ ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെയാണ് പങ്കെടുപ്പിക്കുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്.

എന്നാല്‍ വീണ്ടുവിചാരമോ പരിശോധനയോ ഇല്ലാതെ ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുത്തതില്‍ നിന്നും ശൈലജ ടീച്ചര്‍ക്ക് ഒഴിയാനാകില്ല. കാരണം ഭാരത സംസ്‌കാരമെന്ന പേരില്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നതാണ് ആര്‍എസ്എസിന്റെ രീതി. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ശാസ്ത്രത്തെ വ്യാഖ്യാനിക്കാനാണ് അവര്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഓക്‌സിജന്‍ പുറത്തു വിടുന്ന പശു മുതല്‍ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ നിരവധി യുക്തിരഹിതവും അബദ്ധജഡിലവുമായ പ്രസ്താവനകളാണ് വിവിധ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നടത്തിയിട്ടുള്ളത്. ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഗണപതിയിലാണെന്ന് പറഞ്ഞത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍. ഓക്‌സിജന്‍ ശ്വസിച്ച് പുറത്തുവിടുന്ന ഒരേയൊരു മൃഗം പശുവാണെന്നായിരുന്നു രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ കണ്ടെത്തല്‍. ജലദോശവും ചുമയും പിടിപെട്ട ഒരാള്‍ പശുവിന് സമീപത്ത് ചെന്നാല്‍ രോഗത്തിന് ശമനമുണ്ടാകുമെന്നും റേഡിയോ ആക്ടീവ് വികിരണങ്ങളെ തടയുന്ന വൈറ്റമിന്‍ ബിയുടെ അളവ് വര്‍ധിപ്പിക്കാന്‍ പശുവിന്റെ ചാണകത്തിന് സാധിക്കുമെന്നും ഇദ്ദേഹം തട്ടിവിട്ടു.

മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയില്‍ മുന്‍പ് മുന്‍ മന്ത്രി കെ ബാബുവും പങ്കെടുത്തു; വിവാദം കൊഴുക്കുന്നു

ക്ലോണിംഗ് നടത്തിയത് മഹാഭാരത കാലത്താണെന്നും കൗരവര്‍ ക്ലോണിംഗിന്റെ സൃഷ്ടിയാണെന്നും പ്രചരണമുണ്ടായിട്ടുണ്ട്. മഹാഭാരത കാലത്ത് തന്നെ ജനറ്റിക് സയന്‍സ് വികാസം പ്രാപിച്ചെന്നും കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ജനിച്ചതെന്നും പറഞ്ഞതും നരേന്ദ്ര മോദിയാണ്. പശുവിന്റെ ചാണകത്തിലും മൂത്രത്തിലുമെല്ലാം ഓക്‌സിജന്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞത് ആര്‍എസ്എസ് മോദിയുടെ പിന്‍ഗാമിയായി കണക്കാക്കുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ഈ മഹാന്റെ സംസ്ഥാനത്താണ് ഓക്‌സിജന്‍ കിട്ടാതെ മൂന്നൂറിലേറെ കുട്ടികള്‍ ഇതിനകം മരിച്ചത്. ആണ്‍മയിലിന്റെ കണ്ണീര് കുടിച്ച് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നുവെന്ന് പറഞ്ഞ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയെയും നാം മറന്നിട്ടില്ല. ഗോമൂത്രമാണ് ക്യാന്‍സറിനുള്ള മരുന്നെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ക്ക് അവര്‍ മുഖ്യമായും ഉപയോഗിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിജ്ഞാന ഭാരതിയെയാണ്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പോലും ഇവര്‍ ഇത്തരം അബദ്ധങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉത്തരവാദിത്വപ്പെട്ട ഒരു ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവരെ എതിര്‍ക്കുന്നതിന് പകരം അവരുടെ ചടങ്ങില്‍ പങ്കെടുക്കുകയാണ് ശൈലജ ടീച്ചര്‍ ചെയ്തത്.

തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ശാസ്ത്രബോധത്തിലും ഗവേഷണ സാമര്‍ത്ഥ്യത്തിലും യുക്തിചിന്തയിലും ഭാരതീയര്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്. ആര്യഭടനും ഭാസ്‌കരാചാര്യരും ചരകനും സുശ്രുതനും സി വി രാമനും ജെ സി ബോസും ഹര്‍ഗോബിന്ദ് ഖുരാനയും ശ്രീനിവാസ രാമാനുജനുമെല്ലാം ലോകത്തിന് നല്‍കിയ ശാസ്ത്ര സംഭാവനകളെ ലോകം ആദരവോടെയാണ് കാണുന്നത്. കെട്ടുകഥകളും കാവ്യഭാവനകളും ശാസ്ത്ര സത്യങ്ങളാണെന്ന്‌ പരസ്യപ്പെടുത്തി ഈ ശാസ്ത്ര സംഭാവനകളെയും ഭാരതത്തെ തന്നെയും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയവരാണ് ആര്‍എസ്എസുകാര്‍. ആ ആര്‍എസ്എസുകാരുടെ ചടങ്ങില്‍ പങ്കെടുത്തതിന് ഈ ന്യായീകരണം മതിയാകില്ല ശൈലജ ടീച്ചറേ.

ഗുജറാത്തിൽ സംഘപരിവാർ പരിപാടിയിൽ പ്രഭാഷകയായി മന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍