UPDATES

ബ്ലോഗ്

ജാതിവെറിയുടെ കോട്ടകളായ അഗ്രഹാരങ്ങള്‍ പൊളിഞ്ഞുപോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണ് ചേതം ബാലകൃഷ്ണ?

ആ ജാതിക്കോമരങ്ങളുടെ മേലനങ്ങാത്ത ഗൃഹാതുരത്വത്തിനു മോടികൂട്ടാന്‍ പണം നല്‍കുമെന്ന് ഇന്നാട്ടിലെ ആത്മാഭിമാനമുള്ള ആയിരക്കണക്കിന് മനുഷ്യര്‍ ജീവന്‍ പകുത്തെടുത്തു വളര്‍ത്തിയ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നാണ് ബാലകൃഷ്ണന്‍ ലജ്ജാശൂന്യനായി പ്രഖ്യാപിച്ചത്

സവര്‍ണ്ണര്‍ എന്ന് വിളിച്ചാക്ഷേപിക്കുന്നു എന്നാണ് തിരുവനന്തപുരത്ത് ഗൃഹസന്ദര്‍ശനം നടത്തി പ്രജാക്ഷേമവും പരാതികളും അന്വേഷിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയോട് ഒരു ബ്രാഹ്മണന്‍ സങ്കടം ബോധിപ്പിച്ചതത്രെ. കല്ലാണ് നെഞ്ചിലെന്ന് എന്നൊക്കെ പുറം കണ്ടാല്‍ തോന്നുമെങ്കിലും അകക്കണ്ണുപൊട്ടിക്കരയുന്ന ബാലകൃഷ്ണന്‍ ഇക്കഥ ജനത്തോട് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, അദ്ധ്വാനിക്കുന്ന നാനാവിഭാഗം ജനങ്ങള്‍ എന്നിവരുടെ ജിഹ്വയായ ദേശാഭിമാനി പത്രം വഴിതന്നെ പറഞ്ഞതിനാല്‍ സംശയവുമില്ല. കേരളത്തിലെ പല അഗ്രഹാരങ്ങളും ചേരികളേക്കാള്‍ മോശമാണെന്ന് ബാലകൃഷ്ണന്‍ പറയുന്നുണ്ട്. എങ്ങനെയാണ് ഇന്ത്യയിലെ വിപ്ലവം നടത്താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി ബി അംഗമായ ബാലകൃഷ്ണന്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത് എന്നത് അജ്ഞാതമാണ്.

അഗ്രഹാരങ്ങളുടെ ശോചനീയസ്ഥിതി കണ്ട ബാലകൃഷ്ണന്‍ അവര്‍ക്ക് ഓരോ വീടിനും അഞ്ചു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് പട്ടികജാതിക്കാര്‍ 29,000 കോളനികളിലായി സവര്‍ണ സമൂഹത്തിന്റെ ജീവിതലാവണ്യബോധങ്ങള്‍ക്കപ്പുറത്തായി കോളനിക്കാര്‍ എന്ന സര്‍വ്വനാമത്തില്‍ കഴിയുന്ന കേരളത്തിലാണ്, അഗ്രഹാരത്തിലെ അരിപ്പൊടിക്കോലങ്ങള്‍ക്കിടയിലൂടെ വിപ്ലവത്തിന്റെ കോല്‍വിളക്കുമായി ബാലകൃഷ്ണന്‍ ചെല്ലുന്നത്. മരിച്ചാല്‍ കുഴിച്ചിടാന്‍ അതിരുപോലുമില്ലാത്ത ആയിരക്കണക്കിന് ആദിവാസികള്‍ പതിറ്റാണ്ടുകളായി, തലമുറകളായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന കേരളത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി സവര്‍ണ്ണഹിന്ദുക്കളെന്നു ആക്ഷേപിക്കപ്പെടുന്നവരുടെ കദനകഥയില്‍ മനംനൊന്ത് അക്കഥ എല്ലാ സഖാക്കളോടുമായി പങ്കുവെക്കുന്നത്.

എന്തൊരു ചരിത്രാന്ധതയാണ് ബാലകൃഷ്ണാ. നൂറുകണക്കിന് വര്‍ഷങ്ങളായി കന്നുകാലികളെപ്പോലെ അടിമകളാക്കി കൈമാറ്റം ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരുടെ പിന്മുറക്കാര്‍ അവരുടെ സകലഭൂതകാലഭാരങ്ങളും പേറി ഇന്നും ജീവിക്കുമ്പോള്‍, അഗ്രഹാരത്തെരുവുകളില്‍ നിന്നും അബ്രാഹ്മണരെ ആട്ടിയോടിച്ച ബ്രാഹ്മണ്യത്തിന്റെ പിന്മുറക്കാര്‍ അവരുടെ അന്യായമായ സാമൂഹ്യ മേല്‍ക്കോയ്മ നഷ്ടപ്പെട്ടപ്പോള്‍ മറ്റു മനുഷ്യരെപ്പോലെ ജീവിക്കേണ്ടിവരുന്നതില്‍ കാണിക്കുന്ന അറപ്പിക്കുന്ന മുറുമുറുപ്പിനെയാണ് രാജ്യത്തെ വിപ്ലവ കക്ഷിയുടെ ഉന്നതാധികാര സമിതിയിലെ അംഗം അഞ്ചു ലക്ഷം രൂപ അടിയന്തരമായി നല്‍കേണ്ട വലിയ സാമൂഹ്യാസമത്വമായി കാണുന്നത്.

പാടവരമ്പിലും വെള്ളക്കെട്ടിന് മുകളിലെ ഓലമറയിലുമൊക്കെ വെള്ളത്തിലോ കരയിലോ എന്നുറപ്പില്ലാതെ എങ്ങനെയൊക്കെയോ ജീവിച്ചുമരിച്ചുപോയ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരെന്നുമൊക്കെ വിളിച്ചിരുന്ന മനുഷ്യര്‍, ഒരുവിധത്തിലുള്ള സാമൂഹ്യാധികാര മൂലധനവും കൈമാറി നല്‍കാത്ത തലമുറകള്‍ കോളനികളില്‍ ഇപ്പോഴും കഴിയുമ്പോള്‍, കഴുതരാഗത്തില്‍ മുക്രയിടുന്നവനും ത്യാഗരാജനും മുത്തുസ്വാമി ദീക്ഷിതരുമായി ഉപനയനം നടത്തുന്ന അഗ്രഹാരങ്ങളുടെ അടഞ്ഞ ജാതിക്കോട്ടകളില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ സാമൂഹ്യാധികാര ശ്രേണികളിലേക്കുള്ള എല്ലാ വഴികളിലേക്കും കാലും നീട്ടിയിറങ്ങിയിരുന്നു അഗ്രഹാരങ്ങളിലെ കുടുമക്കോലങ്ങള്‍.

1891-ലെ മലയാളി മെമ്മോറിയലിന്റെ പ്രധാന ഉള്ളടക്കം തന്നെ പരദേശി ബ്രാഹ്മണരുടെ സര്‍ക്കാരുദ്യോഗങ്ങളിലെ ആധിപത്യത്തെക്കുറിച്ചായിരുന്നു. അന്ന് ജനസംഖ്യയില്‍ 3,87,176 പേര്‍ ഉണ്ടായിരുന്ന തിരുവിതാംകൂറിലെ തിയ്യര്‍ പൊതുഉദ്യോഗങ്ങളില്‍ ഒരാള്‍ പോലും ഇല്ലാതിരിക്കെ 25,524 പേര്‍ ഉള്ള പരദേശി ബ്രാഹ്മണര്‍ 86 പേര്‍ ഉദ്യോഗത്തിലുണ്ടായിരുന്നു. ദളിതര്‍ എല്ലാ കണക്കുകള്‍ക്കും പുറത്തായിരുന്നു. 42 പരദേശി ബ്രാഹ്മണ ബിരുദധാരികളില്‍ 32 പേരും റവന്യൂവിലും ജുഡീഷ്യറിയിലും ഉന്നതോദ്യഗത്തിലാണെന്ന് മെമ്മോറിയല്‍ പറയുന്നു. ‘ദരിദ്രരും നിസ്സഹായരുമായ നാട്ടുകാര്‍ ഒറ്റയ്ക്ക് വിദ്യാഭ്യാസരംഗത്ത്; ഊട്ടുപുരയില്‍ നിന്ന് ഉദാരമായി ഭക്ഷണസൗകര്യം ലഭിക്കുന്നവരും സര്‍ക്കാരില്‍നിന്നും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നവരും മറ്റനേകം ആനുകൂല്യങ്ങള്‍ പറ്റുന്നവരുമായ ബ്രാഹ്മണര്‍ക്കെതിരെ പൊരുതി ജയിക്കേണ്ടിയിരിക്കുന്നു…’ വിദ്യാഭ്യാസം നേടിയ സവര്‍ണ ഹിന്ദുക്കളുടെ പരാതിയാണിത്. അവര്‍ണര്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ മഹാഭൂരിപക്ഷം മനുഷ്യരും ഇതിലില്ല. ഈ അഗ്രഹാരങ്ങളിലാണ് കമ്മ്യൂണിസ്റ്റ് ഭൂതദയ വെളിച്ചപ്പെട്ടത്.

തീര്‍ന്നില്ല ബാലകൃഷ്ണ വിലാപം. സഖാക്കളേ കേള്‍ക്കുവിന്‍, ബാങ്ക്, ബി എസ് എന്‍ എല്‍, എല്‍ ഐ സി എന്നീ ജോലികള്‍ക്ക് മാത്രം പോകുന്ന അഗ്രഹാരത്തിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ നിയോ ലിബറല്‍ നയങ്ങളുടെ ഭാഗമായി അത്തരം തൊഴില്‍ സാദ്ധ്യതകള്‍ നഷ്ടപ്പെട്ടതിനാല്‍ അവരെ പുനരധിവസിപ്പിക്കുക എന്നൊരു ഭാരിച്ച ചുമതല കൂടി ഇന്ത്യന്‍ വിപ്ലവത്തിനുണ്ട് എന്നദ്ദേഹം പറയുന്നു. പട്ടികജാതി വീടുകളിലോ, ആദിവാസി വീടുകളിലോ ചെന്ന് ബാങ്ക് ജോലിയില്ലാത്ത സ്ത്രീകള്‍ക്കായി ബാലകൃഷ്ണന്‍ മുട്ടിറക്കുമോ ഇതുപോലെ. ഇല്ല. അപ്പോള്‍ ബാലകൃഷ്ണന്‍ കൃത്യമായി പറയുന്ന ഒന്നുണ്ട്, കുലസ്ത്രീകള്‍ക്കും സവര്‍ണ അഭിജാതര്‍ക്കും ചെയ്യാവുന്ന മാന്യമായ ജോലികള്‍ എന്തെന്ന് ഒരു ധാരണയുണ്ടെന്ന്. ജാതിവ്യവസ്ഥ എന്ന് നാട്ടുകാര്‍ വിളിക്കും.

ജാതിവെറിയുടെ കോട്ടകളായ അഗ്രഹാരങ്ങള്‍ പൊളിഞ്ഞുപോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണ് ചേതം ബാലകൃഷ്ണ? ആ ജാതിക്കോമരങ്ങളുടെ മേലനങ്ങാത്ത ഗൃഹാതുരത്വത്തിനു മോടികൂട്ടാന്‍ പണം നല്‍കുമെന്ന് ഇന്നാട്ടിലെ ആത്മാഭിമാനമുള്ള ആയിരക്കണക്കിന് മനുഷ്യര്‍ ജീവന്‍ പകുത്തെടുത്തു വളര്‍ത്തിയ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നാണ് ബാലകൃഷ്ണന്‍ ലജ്ജാശൂന്യനായി പ്രഖ്യാപിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ, പിന്തിരിപ്പന്‍ സാമൂഹ്യബോധത്തിന്റെ, ബ്രാഹ്മണ്യ മേല്‍ക്കോയ്മായുടെ ചൂട്ടുകറ്റയാണ് ഒരു കമ്മ്യൂണിസ്റ്റ് കക്ഷിയുടെ സെക്രട്ടറി പിടിച്ചിരിക്കുന്നത് എന്നത് അയാള്‍ക്ക് പോലും നിശ്ചയമില്ലാത്ത രാഷ്ട്രീയദുരന്തത്തിലേക്കാണ് ഈ പോക്കെന്ന് ഉറക്കെയുറക്കെ പറയേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

read more:അമ്പൂരി കൊലപാതകം: സിനിമ തിരക്കഥകളെ വെല്ലുന്ന പദ്ധതികള്‍, കുടുക്കിയത് വിരലടയാളം ഉപയോഗിച്ച് തുറക്കുന്ന രാഖിയുടെ ഫോണ്‍

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍