UPDATES

ബ്ലോഗ്

കെ.എസ്.യു ഉള്ളതായിരുന്നു ഞങ്ങള്‍ എസ്.എഫ്.ഐക്ക് പ്രവര്‍ത്തിക്കാനുള്ള ആവേശം

എല്ലായ്‌പോഴും അവിടെ കൂടുതല്‍ കുട്ടികള്‍ എസ്.എഫ്.ഐയിലേക്കു പോകും, കുറേപ്പേര്‍ കെ.എസ്.യുവിലേക്കും, മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അങ്ങോട്ടും. അത് സ്വാഭാവികമായൊരു ജനാധിപത്യ പ്രക്രിയയാണ്.

പത്തു പതിനഞ്ച് കൊല്ലം മുമ്പ് പട്ടാമ്പി കോളേജില്‍ ഡിഗ്രിക്ക് ചേരുമ്പോള്‍ ആരും നിര്‍ബന്ധിക്കാതെ തന്നെ എസ്.എഫ്.ഐയില്‍ ചേര്‍ന്നു. ആദ്യ ആഴ്ചയില്‍ തന്നെ മീറ്റിംഗുകളിലും പ്രകടനത്തിലും പങ്കെടുത്തു. പല ക്ലാസുകളില്‍ നിന്നായി ഞങ്ങള്‍ കൂട്ടുകാരുടെ നല്ലൊരു ടീം തന്നെയുണ്ടായിരുന്നു പ്രവര്‍ത്തിക്കാന്‍. വൈകാതെ യൂണിറ്റ് കമ്മിറ്റിയിലും അംഗമായി. ആവേശമായിരുന്നു ആ സര്‍ഗാത്മക രാഷ്ട്രീയ കാലം. അതിലുപരി പ്രവര്‍ത്തിക്കാന്‍ അത്ര മോശമല്ലാത്ത കെ.എസ്.യുക്കാരുമുണ്ട്. ഇലക്ഷന്‍ കാലത്തെയൊക്കെ ആവേശവും അതാണ്. കാമ്പയിന്‍ നടത്തി, ശക്തിപ്രകടനം നടത്തി, പോസ്റ്ററൊട്ടിച്ച്, ജനാധിപത്യ മാതൃകയില്‍ വോട്ട് പോള്‍ ചെയ്ത്, വോട്ടെണ്ണുന്ന മെയിന്‍ ബ്ലോക്കിനു പിറകില്‍ വൈകുന്നേരം വരെ കാത്തിരുന്ന് ഓരോ റിസള്‍ട്ടിനും ആവേശത്തോടെ മുദ്രാവാക്യം വിളിച്ച ദിവസങ്ങള്‍. ഞങ്ങള്‍ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും വിപിനും KC Vipin (അന്നുമിന്നും ഏറ്റവും പ്രിയ സുഹൃത്ത്. എന്നിട്ടും വോട്ട് ചെയ്തില്ല), ഷാഫിക്കയും (ഷാഫി പറമ്പില്‍ എം.എല്‍.എ) കെ.എസ്.യുവിനു വേണ്ടി രണ്ട് ജനറല്‍ സീറ്റ് നേടിയപ്പോള്‍ സ്വാഭാവികമായും വിഷമം തോന്നി. പക്ഷേ, പെട്ടെന്നു തന്നെ മാറി, കാരണം അവര്‍ രണ്ടു പേരും അര്‍ഹിച്ച വിജയമായിരുന്നു അത്. കോളേജില്‍ അത്രയേറെ ജനകീയരായിരുന്നു ഇരുവരും. 30 വര്‍ഷത്തിനു ശേഷമായിരുന്നു കെ.എസ്.യുവിന് പട്ടാമ്പി കോളേജില്‍ ജനറല്‍ സീറ്റ് കിട്ടുന്നത്. അഭിമാനകരമായ നേട്ടം. അതിനു ശേഷവും കെ.എസ്.യുവിന് സീറ്റ് കിട്ടിയിരുന്നു. യൂണിയന്‍ എസ്.എഫ്.ഐ തന്നെ. കെ.എസ്.യുവിനും എ.ബി.വി.പിക്കും പുറമേ ഇപ്പോള്‍ എം.എസ്.എഫിനും യു.ഡി.എസ്.എഫിനും കോളേജില്‍ യൂണിറ്റുണ്ട്.

പട്ടാമ്പി കോളേജില്‍ എല്ലാ കാലത്തും ഭൂരിപക്ഷമായിരുന്ന എസ്.എഫ്.ഐ മറ്റൊരു സംഘടനയുടേയും വഴിമുടക്കിയതായി കേട്ടിട്ടില്ല. എല്ലായ്‌പോഴും അവിടെ കൂടുതല്‍ കുട്ടികള്‍ എസ്.എഫ്.ഐയിലേക്കു പോകും, കുറേപ്പേര്‍ കെ.എസ്.യുവിലേക്കും, മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അങ്ങോട്ടും. അത് സ്വാഭാവികമായൊരു ജനാധിപത്യ പ്രക്രിയയാണ്. അതു തന്നെയാണ് നിലനില്‍ക്കേണ്ടതും.

സംഘടനാ പ്രവര്‍ത്തന കാലം ഓര്‍മ്മിച്ചത്, രണ്ടു പതിറ്റാണ്ടിനു ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് ഉണ്ടാക്കിയ വിവരമറിഞ്ഞപ്പോഴാണ്. എ.ഐ.എസ്.എഫും യൂണിറ്റ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കേള്‍ക്കാന്‍ ഏറെ ആഗ്രഹിച്ച വാര്‍ത്തയാണിത്. പുതിയ പ്രശ്‌നങ്ങളാലല്ല, മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ വര്‍ഷങ്ങളായി വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നേരിട്ടു കേട്ടു പരിചയമുള്ള പ്രശ്‌നങ്ങളാണ് ആ കോളേജിലേത്. എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. അല്ലെങ്കില്‍ നമ്മള്‍ വാനിലുയര്‍ത്തിയ തൂവെള്ളക്കൊടിയുടെയും മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങളുടെയും അന്തസത്ത ചോദ്യം ചെയ്യപ്പെടും.

യൂണിറ്റ് രൂപീകരിച്ചതും പ്രഖ്യാപിച്ചതുമായ എല്ലാ സംഘടനകളും ആരോഗ്യകരമായി പ്രവര്‍ത്തിക്കട്ടെ. യൂണിയന്‍ ഇലക്ഷനും നടക്കട്ടെ. എല്ലാവരും നാമനിര്‍ദേശ പത്രിക നല്‍കട്ടെ. നയിക്കാന്‍ ശേഷിയുള്ളവരെന്നു തോന്നുന്നവരെ വിദ്യാര്‍ഥികള്‍ പ്രതിനിധികളായി തെരഞ്ഞെടുക്കട്ടെ. അപ്പൊഴേ കലാലയത്തില്‍ യഥാര്‍ഥ ജനാധിപത്യം സാധ്യമാകൂ. അങ്ങനെയേ വിദ്യാര്‍ഥികള്‍ വിവിധ രാഷ്ടീയ സംഘടനകള്‍ നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്തിലെ ഇലക്ടറല്‍ സിസ്റ്റത്തിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കൂ. ഒരു കലാലയത്തില്‍ എതെങ്കിലും വിദ്യാര്‍ഥി സംഘടന തങ്ങള്‍ മാത്രമേ പാടൂ എന്ന് ഭീഷണിരൂപേണ പറഞ്ഞ് വിദ്യാര്‍ഥികളെ അണിനിരത്തുന്നതും എതിരാളികളില്ലാത തെരഞ്ഞെടുക്കപ്പെടുന്നതും ‘ജയ് ശ്രീറാം’ എന്നു പറയാനാവശ്യപ്പെട്ട് ഇതര മതക്കാരെ മര്‍ദ്ദിക്കുന്നതും നാടു വിട്ടു പോകാന്‍ പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നു തോന്നുന്നില്ല. ഫാസിസത്തിന് ആരുടേതായാലും ഒറ്റ മുഖമേയുള്ളൂ, ഒറ്റ രീതിയേയുള്ളൂ; അനുസരിപ്പിച്ച് കീഴ്പ്പെടുത്തലിന്റെ.

ചെങ്കോട്ട എന്നൊന്നും ഞങ്ങളുടെ എസ്.എഫ്.ഐ കാലത്ത് ഉപയോഗിച്ചിട്ടില്ല. കോട്ട എന്ന പ്രയോഗമൊക്കെ തന്നെ ഏകാധിപതികളായ ഭരണാധികാരികയുടെ അടക്കിവാഴലുകളുടെ സൂചകങ്ങളാണ്. കോട്ടകള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പ്രസക്തിയില്ല. കോട്ടകളല്ല, അവ കലാലയങ്ങള്‍ മാത്രമാണ്. അവിടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പല നിറങ്ങളിലുള്ള കൊടികളാണ് ഉയര്‍ന്നു പറക്കേണ്ടത്.
എന്തായാലും യൂണിവേഴ്‌സിറ്റി കോളേജില്‍ സമാധാനം പുലരട്ടെ. അതുകൊണ്ട് മാത്രമായില്ല, സ്വതന്ത്രമായി പഠിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കഴിയാത്ത എല്ലാ കലാലയങ്ങളില്‍ നിന്നും ഏകാധിപത്യത്തിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം ഉയരണം. എ.ബി.വി.പി മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത തിരുവനന്തപുരത്തെ ധനുവച്ചപുരം വി.ടി.എം കോളേജ്, എസ്.എഫ്.ഐയില്‍ നിന്ന് എ.ബി.വി.പി തട്ടിയെടുത്ത് മറ്റൊരു സംഘടനകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതും നിലവില്‍ രാഷ്ടീയം ഇല്ലെന്ന് മാനേജ്‌മെന്റ് തന്നെ അവകാശപ്പെടുകയും ചെയ്യുന്ന തിരുവനന്തപുരം എം.ജി കോളേജ്, എസ്.എഫ്.ഐ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നു നാളുകളായി പരാതി ഉയരുന്ന വിവിധ കോളേജുകള്‍, ഇനി അതല്ല കെ.എസ്.യുവോ എം.എസ്.എഫോ, എ.ഐ.എസ്.എഫോ അടക്കം ഏതെങ്കിലും സംഘടനകള്‍ ഏകാധിപത്യത്തിന്റെ ശബ്ദം ഉയര്‍ത്തുന്നുവെങ്കില്‍ അതിനെതിരെയും വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉയരണം. മറ്റൊരു മുല്ലപ്പൂ വിപ്ലവം സാധ്യമാണ്, യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി അത് തെളിയിച്ചിരിക്കുന്നു.

എന്‍പി മുരളികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നവോത്ഥാന ചര്‍ച്ചകള്‍ക്ക് വേദിയായ പ്രേംജിയുടെ വീട് തകര്‍ന്ന് വീണു; ഏറ്റെടുത്ത് സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍

എന്‍ പി മുരളീകൃഷ്ണന്‍

എന്‍ പി മുരളീകൃഷ്ണന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍