UPDATES

ബ്ലോഗ്

വോട്ടുചെയ്യാൻ പോകുമ്പോൾ ചരിത്രവും കൂടി ഓർമ്മിക്കുക; ഇന്ന് നാം കാണുന്ന ആട്ടിൻതോലിന് ഒന്നരമാസത്തെ ആയുസ്സേയുള്ളൂ

അക്രമാസക്തതയും, ന്യൂനപക്ഷ വിരുദ്ധതയും പ്രമേയമാക്കി ഉണ്ടായിവന്നിട്ടുള്ള, ഭരണഘടനയെ വെല്ലുവിളിച്ചതിനാൽ നിരോധിക്കപ്പെട്ടിട്ടുള്ള രണ്ടു പ്രധാനപ്പെട്ട അതി-തീവ്ര ഹിന്ദുത്വ സംഘടനകളുടെ കേരളത്തിലെ നേതൃത്വം പതിറ്റാണ്ടുകൾ വഹിച്ച അളാണ് കുമ്മനം രാജശേഖരൻ.

കറകളഞ്ഞ ആർ എസ് എസ്കാരനായ കുമ്മനം രാജശേഖരന്റെ വളർച്ചയിൽ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഒരു ഘടകമാണ് അയാളുടെ, തീവ്ര ഹിന്ദുത്വ സംഘടനായായ വിശ്വ-ഹിന്ദു പരിഷതുമായുള്ള ബന്ധം. 1983 ൽ കുമ്മനം, വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന കൺവീനറാകുന്നുണ്ട്. പിന്നെ 1985ൽ അതെ തീവ്ര സ്വഭാവമുള്ള ഹിന്ദുമുന്നണിയുടെ സംസ്ഥാന സെക്രട്ടറിയുമായി. ചുരുക്കത്തിൽ കേരളത്തിലെ ബിജിപിയുടെ, ഏതൊരു നേതാവിനേക്കാളും അതിതീവ്രഹിന്ദുത്വ പരിശീലനം ലഭിച്ച ആൾ എന്നതുമാത്രമല്ല, ആർ എസ് എസ്, വി എച്ച് പി, ഹിന്ദു മുന്നണി തുടങ്ങിയ, പോൾ ബ്രാസ്സൊക്കെ സൂചിപ്പിച്ച ഹിന്ദുത്വ പാരാമിലിറ്ററി സംഘടനകളുടെ നേതൃത്വത്വം വഹിച്ച ആൾ കൂടിയാണ് കുമ്മനം.

കറകളഞ്ഞ ന്യൂനപക്ഷ/ദളിത്/ആദിവാസി വിരുദ്ധ സ്വഭാവം ഏകദേശം ഒരു നൂറ്റാണ്ടായി കൈയ്യിൽ കൊണ്ടുനടക്കുന്ന, തികച്ചും കേഡർ സ്വഭാവമുള്ള, ഹിന്ദുത്വ പാർട്ടികൾ തങ്ങളുടെ തലപ്പത്തേക്കു കൊണ്ടുവരുന്നത് ആരെയായാലും അത് ആയിരം കല്ലുകളിൽ ഉരച്ചുനോക്കിയായിട്ടുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് പറയേണ്ടി വരുന്നത്, ഹിന്ദുത്വ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി സമ്മേളിക്കുന്ന, അരിപ്പയിലിട്ടു അരിച്ചുനോക്കിയാൽ പോലും ഒന്നും അവശേഷിക്കാത്ത കറകളഞ്ഞ അതിതീവ്ര ഹിന്ദുത്തതിന്റെ വാക്താവാണ് കുമ്മനം എന്ന്.

നമ്മൾ മലയാളികളിൽ ഭൂരിപക്ഷം പേരും നമുക്കുണ്ട് എന്നഭിമാനിക്കുന്ന, സഹിഷ്ണുത, അനുകമ്പ, ദീനാനുകമ്പ, സൗഹൃദം, മതേതരത്വം തുടങ്ങിയ ഒരുകാര്യത്തിനോടും ഒരിക്കലും സഹകരിക്കരുതെന്നു വിശ്വസിക്കുന്ന, അതിനുള്ള പരിശീലനം കൊടുക്കുന്ന, പാർട്ടികളിൽ അരനൂറ്റാണ്ടോളം സജീവമായി നിലനിൽക്കുന്ന ഒരാളാണ് കേരളത്തിലെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

താൻ വർഷങ്ങളായി നേതൃതത്തിലിരുന്ന വി എച്ച് പി എന്ന സംഘടന അഖിലേന്ത്യ അടിസ്ഥാനത്തിൽ എന്തിനു വേണ്ടിയാണ് നിലകൊണ്ടത്? ‘രാമജന്മഭൂമി’ മോചിപ്പിക്കാനുള്ള, വ്യാപകമായ അക്രമമടക്കമുള്ള മുറകൾ ഉപയോഗപ്പെടുത്തി, ഇന്ത്യയിലാകമാനം അസമാധാനം ഉണ്ടാക്കിയ സംഘടനയാണ് ഇതെന്ന് സുമിത് സർക്കാർ, പ്രദീപ് ദത്ത തുടങ്ങിയ രാഷ്ട്രീയ-ചരിത്ര പണ്ഡിതർ പറയുന്നു. ഇതുനടക്കുന്നതു 1983ലാണ്. കുമ്മനം വിഎച്ച്പിയുടെ സംസ്ഥാന കൺവീനറായി, മുഖ്യനേതാവായി എത്തുന്നതും ഇതേ വർഷമാണ്. ഉദ്ദേശമെന്തായിരുന്നു?

ഒറ്റ സാധ്യതമാത്രമേയുള്ളൂ. നോർത്തിന്ത്യയിൽ നടത്തിയ കലാപങ്ങൾക്ക് കേരളത്തിൽ എത്രമാത്രം സാധ്യതയുണ്ട്, അത് എങ്ങിനെ ഇവിടെ വ്യാപകമാക്കാൻ പറ്റും, അത് എങ്ങിനെ തുടങ്ങിയ ആലോചനകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുക എന്നത് മാത്രം.

ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞ കുമ്മനം അങ്ങിനെയാണ്, വലിയൊരു ജനസമൂഹത്തെ അരക്ഷിതാവസ്ഥയിലേക്കും അപകടത്തിലേക്കും നയിച്ച അക്രമാസക്തമായ നിലക്കൽ (1983) സമരത്തെ ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന ആയിരക്കണക്കിന് ആർ എസ് എസ്/വി എച്ച് പി പ്രവർത്തകർ നിലക്കലിലും തിരുവനന്തപുരത്തും മറ്റും നടത്തിയ അക്രമാസക്തമായ റൂട്ട് മാർച്ചിന്റെ ആഘാതങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരുണ്ട് എന്നറിയാൻ കഴിഞ്ഞു. ‘ഇൻഡ്യാ ടുഡേ’ പോലുള്ള പത്രങ്ങൾ ഇത് അന്ന് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിനെയും പോലീസിനേയും വെല്ലുവിളിച്ചുകിണ്ടായിരുന്നു കുമ്മനം നേതൃത്വം കൊടുത്ത പ്രക്ഷോഭം അരങ്ങേറിയത്. നിരവധി അക്രമ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഹിന്ദുത്വം ഉത്തരേന്ത്യയിൽ എന്തൊക്കെചെയ്താണോ വളർന്നത്, അതേരീതികളും ചിന്തകളും കേരളത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു കുമ്മനത്തിന്റെ ദൗത്യം. അറുപതുകളിൽ 1964 രൂപപ്പെട്ട വി.എച്ച്പിക്കു ഒറ്റലക്ഷ്യമാണ് ഉണ്ടായിരുന്നത് എന്നാണ് സർക്കാരും, തപൻബസുവും മറ്റും പറയുന്നത്. സാംസ്കാരികവും, സാങ്കേതികമായായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളുമുപയാഗിച്ചു ഇന്ത്യയെ വർഗീയമായി വിഭജിക്കുക എന്ന ലക്‌ഷ്യം മാത്രം. അതിനായി വിഎച്ച്പി കേരളത്തിൽ നിന്നു 1983 ഹിന്ദുത്വം കണ്ടെത്തിയ ആളാണ് ഇന്നത്തെ തിരുവനന്തപുരം സ്ഥാനാർഥി. അതായത് സമയവും, സാമൂഹ്യ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നെങ്കിൽ, ഈ തുരുത്തിനെ ഹിന്ദുത്വം നശിപ്പിച്ച നോർത്തിലെ ഏതു പ്രദേശത്തെയും പോലെ മാറ്റിയെടുക്കാൻ സ്വയം സന്നദ്ധനായ മലയാളി.ബാബറിമസ്ജിദിന്റെ തകർച്ചയുമായി ബന്ധപ്പെട്ടു രണ്ടുവർഷത്തോളം, ഇന്ത്യൻ ഗവെർന്മേന്റ് നിരോധിച്ച അതിതീവ്ര-ഹിന്ദുത്വ സംഘടനായാണ് വി എച്ച് പി എന്നതും ഇവിടെ ഓർമ്മിക്കണം.

ഹിന്ദുത്വത്തിനു മുസ്ലിമിനോടുള്ള വെറുപ്പ് നമുക്കറിയാം. എന്നാൽ ഇവിടെ സൂചിപ്പിക്കുന്നത് വേറൊന്നാണ്. വി എച്ച് പി യെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ പഠനങ്ങളോന്നിൽ, ഗവേഷകയും ഹൈദരാബാദിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ മഞ്ജരി കാട്ജു എടുത്ത്പറയുന്ന ഒരുകാര്യം ശ്രദ്ധേയമാണ്. ക്രൈസ്തവ വിശ്വാസത്തെയും, സഭകളെയും തകർക്കാൻ ഏറ്റവും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന, അത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി 67മുതൽ കൊണ്ടുനടക്കുന്ന, അതിനു വ്യവസ്ഥാപിതമായ ചട്ടക്കൂടുള്ള ഹിന്ദുത്വ പാർട്ടിയാണ് ഒന്നാണ് വിഎച്ച്പി എന്നാണ്.

കേരളത്തിൽ, സഭകൾക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളിലൊന്നായ തിരുവന്തപുരത്തു, ഈ സംഘടനയെ കേരളത്തിൽ വളർത്തിയ, ഇന്ന് അതിനെ ഈ നിലയിലെത്തിച്ച നേതാവ് സ്ഥാനാർത്ഥിയായി വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. “രാജസ്ഥാനിലെ ബാൻസ്വാര ജില്ലാ ക്രിസ്ത്യൻ വിമുക്തമാക്കും” എന്ന് 1998ൽ പ്രഖ്യാപിക്കുകയും അതിനു വേണ്ടി നിരവധി ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്ത വിഎച്ച്പി എന്ന സംഘടനയെ, ആ വർഷവും കേരളത്തിൽ നയിച്ചത് നയിച്ചത് കുമ്മനമാണ് എന്നകാര്യം ചരിത്രകാരന്മാർക്ക് മറക്കാൻ കഴിയില്ല.

ഇതിന്റെ തുടർച്ചയായാണ് തൃശൂർ മുരിങ്ങൂരിലെ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ധ്യാന കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പോട്ടയിലെ Divine Retreat Centre പൂട്ടിക്കാനുള്ള പ്രക്ഷോഭങ്ങളുടെ നേതാവായി 2006ൽ കുമ്മനം വീണ്ടും വരുന്നത്. അന്ന് ഹിന്ദു ഐക്യവേദിയുടെ സെക്രട്ടറി യായിരുന്ന കുമ്മനം നേതൃത്വം നൽകിയ പ്രക്ഷോഭം വലിയ കലാപ അന്തരീക്ഷമാണ് ആ ഭാഗത്തുണ്ടാക്കിയത്. കുമ്മനത്തെയും സംഘത്തെയും അവിടുന്ന് ഓടിക്കുകയാണുണ്ടായത്, സമാധാനം ആഗ്രഹിച്ച എല്ലാ മതക്കാരുടെയും കൂട്ടായ്മ, എന്നതിനും നമുക്ക് കൃത്യമായ രേഖകളുണ്ട്.

ഇങ്ങിനെ അക്രമാസക്തതയും, ന്യൂനപക്ഷ വിരുദ്ധതയും പ്രമേയമാക്കി ഉണ്ടായിവന്നിട്ടുള്ള, ഭരണഘടനയെ വെല്ലുവിളിച്ചതിനാൽ നിരോധിക്കപ്പെട്ടിട്ടുള്ള, നൂറുകണക്കിന് വർഗീയകലാപങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുള്ള രണ്ടു പ്രധാനപ്പെട്ട അതി-തീവ്ര ഹിന്ദുത്വ സംഘടനകളുടെ കേരളത്തിലെ നേതൃത്വം പതിറ്റാണ്ടുകൾ വഹിച്ച അളാണ് കുമ്മനം രാജശേഖരൻ. അക്രമാസക്തമായി പര്യവസാനിച്ച പല പ്രക്ഷോഭങ്ങൾക്കും നേരിട്ട് നേതൃത്വം വഹിച്ചിട്ടുള്ള ആളുകൂടിയാണ്.

ഇതുപറയാനുള്ള കാരണം, മുഖ്യധാരാ മാധ്യമങ്ങൾ അക്രമവും വംശീയതയും മാത്രം കൈമുതലായുള്ള ഒരു പ്രത്യയ ശാസ്ത്രത്തെ കേരളത്തിൽ വളർത്തി വലുതാക്കിയ ഒരു അതി തീവ്രഹിന്ദുത്വ നേതാവിനെ വെളുപ്പിച്ചെടുക്കാനുള്ള പണി കൊണ്ടുപിടിച്ചു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്. അതി തീവ്രഹിന്ദുത്വത്വത്തിന്റെ എല്ലാ തിന്മകളും പേറുന്ന, അതിൽ പൂർണ്ണ പരിശീലനം കിട്ടിയ, അതിനു പൂർണ്ണമായി വഴങ്ങുന്ന, അനുസരിക്കുന്ന മറ്റുള്ള സംസ്ഥാനങ്ങളിലെ നേതാക്കളിൽ നിന്ന് ഒരിക്കലും വ്യത്യസ്തകാനാകാൻ കഴിയില്ല ഇയാൾക്കും. കാരണം ഹിന്ദുത്വത്തിനു ഇന്ത്യയിലെല്ലാം ഒറ്റ കരിക്കുലവും ഒരേ അധ്യാപനവുമാണ്.

വർഗീയതയും, കലാപവും, ഭിന്നിപ്പിലും, മർദ്ദനവും മാത്രം മുതലായുള്ള പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മറ്റുള്ള സംസ്ഥാനങ്ങളെ വിഭജിച്ച നേതാക്കൾക്ക് കിട്ടിയ അനുശാസനവും പരിശീലനവും തന്നെയാണ് കുമ്മനത്തിനും കിട്ടിയിരിക്കുന്നത് എന്നതിന്റെ തെളിവുകളാണ് നിലക്കലും, മാറാടും, മുരിങ്ങലും മറ്റും.

അതുകൊണ്ടു തിരുവനതപുരം നിവാസികളോടാണ്, വോട്ടുചെയ്യാൻ പോകുമ്പോൾ ചരിത്രവും കൂടി ഓർമ്മിക്കുക. ഇന്ന് നാം കാണുന്ന ആട്ടിൻതോലിന് ഒന്നരമാസത്തെ ആയുസ്സേയുള്ളൂ.

**ആർതർ കോനൻ ഡോയൽ എഴുതിക്കൊണ്ടേയിരിക്കുകയാണ്, “ബാസ്‌ക്കർവിലിലെ വേട്ടനായയുടെ” കഥ. ഷെർലക് ഹോംസിന്റെ അന്വേഷണവും പുരോഗമിക്കട്ടെ .

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാസര്‍ അറാഫത്ത്‌

യാസര്‍ അറാഫത്ത്‌

ഡല്‍ഹി സര്‍വ്വകലാശാലയിലെ അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍