UPDATES

ബ്ലോഗ്

മേജര്‍ രവിക്ക് എന്താണ് പറ്റിയത്? അന്തംവിട്ട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍

സംഘപരിവാര്‍ ഇപ്പോള്‍ മേജര്‍ രവിയെ ‘കൈവിട്ടിരിക്കുകയാണ്’. ഇടതുപക്ഷമാകട്ടെ മേജറിന്റെ ‘മാറ്റ’ ത്തെ അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ സ്വാഗതവും ചെയ്തിരിക്കുന്നു.

പട്ടാള സിനിമകളും രാജ്യസ്‌നേഹവാദങ്ങളും മേജര്‍ രവിയെ ഒരു തീവ്രഹിന്ദുത്വവാദിയായി അടയാളപ്പെടുത്തിയ ഘട്ടം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല വാക്കുകളും പ്രസ്താവനകളും സംഘപരിവാര്‍ ആഘോഷമാക്കുകയും ഇടതുപക്ഷമുള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മേജര്‍ രവിയുടെ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹത്തിന്റെ ആദ്യകാല വിമര്‍ശകരുടെ ഇഷ്ടം സമ്പാദിക്കുകയും അദ്ദേഹത്തെ തങ്ങളിലൊരാള്‍ കണ്ടിരുന്നവരുടെ അപ്രീതിക്ക് കാരണമാവുകയാണ്.

ഏറ്റവും ഒടുവില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്ത് രാജീവിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നിടം വരെ എത്തി നില്‍ക്കുമ്പോള്‍ മേജറിന്റെ രാഷ്ട്രീയവും കാഴ്പ്പാടും മൊത്തത്തില്‍ മാറിയിരിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

എന്നാല്‍ താനേതെങ്കിലും രാഷ്ട്രീയത്തില്‍ എത്തിച്ചേര്‍ന്നതുകൊണ്ടല്ല ഇങ്ങനെ പറയുന്നതും ചെയ്യുന്നതുമെന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്. രാജീവുമായി ദീര്‍ഘകാലമായുള്ള വ്യക്തിബന്ധവും രാജ്യസഭ എംപി എന്ന നിലയില്‍ രാജീവിന്റെ പ്രകടനങ്ങള്‍ വീക്ഷിച്ചിരുന്നൊരാളെന്ന നിലയില്‍ അദ്ദേഹം മികച്ചൊരു ജനപ്രതിനിധിയായിരിക്കുമെന്ന വിശ്വാസവുമാണ് തന്നെ ആ വേദിയില്‍ എത്തിച്ചതെന്നാണ് മേജര്‍ പറയയുന്നത്. മറ്റേതെങ്കിലും പാര്‍ട്ടിയെ വിമര്‍ശിക്കാനോ ഇടതുപക്ഷത്തെ പുകഴ്ത്താനോ അദ്ദേഹം തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധിക്കണം.

എറണാകുളത്തെ ആ വേദിയില്‍ തന്റെ ഹ്രസ്വസംഭാഷണം അദ്ദേഹം തുടങ്ങിയത്, ഈ വേദിയില്‍ തന്നെ കാണുമ്പോള്‍ പലരുടെയും നെറ്റി ചുളിയുന്നുണ്ടാവും എന്ന് ഒരു ചിരിയോടെ പറഞ്ഞാണ്. നെറ്റി ചുളിയുന്നവര്‍ എന്നദ്ദേഹം ഉദ്ദേശിച്ചത് തീര്‍ച്ചയായും ഇടതുപക്ഷ അനുഭാവികളെയും ചേര്‍ത്തായിരിക്കും. കാരണം, ഇടതുപക്ഷം മേജര്‍ രവിയുടെ കടുത്ത വിമര്‍ശകരായിരുന്നു.

പട്ടാള ചിത്രങ്ങളുടെ സൃഷ്ടാവ് എന്ന നിലയിലാണ് മേജര്‍ രവി മലയാളികള്‍ക്ക് പരിചിതനാകുന്നത്. ഇന്ത്യയില്‍ ദേശസ്‌നേഹത്തിന്റെ പ്രതീകമാണ് പട്ടാളക്കാര്‍. പട്ടാളക്കാരുടെ കഥകള്‍ മലയാളത്തില്‍ ഇതിനു മുമ്പും വന്നിട്ടുണ്ടെങ്കിലും മേജര്‍ രവി ചിത്രങ്ങളുട കാലഘട്ടം ഇന്ത്യ അതിന്റെ ദേശവിരുദ്ധ-ദേശസനേഹ ചര്‍ച്ചകളിലേക്ക് കടന്നുവന്ന സമയത്താണ്. സംഘപരിവാര്‍ എന്നും ആയുധമാക്കുന്ന ദേശസ്‌നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരം പട്ടാളക്കഥകളായിരുന്നു മേജര്‍ രവി ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെയാണ്, ഒരു സിനിമയുടെ മേന്മകളെക്കാള്‍ ഉപരി അത് ചര്‍ച്ച ചെയ്യപ്പെട്ടതും. ഇതുവഴി കിട്ടിയ സ്വീകാര്യതയാണ് പിന്നീട് വാര്‍ത്ത ചര്‍ച്ചകളിലും പൊതുവിടങ്ങളിലും മേജര്‍ രവിയെ പ്രസക്തനാക്കിയതും. തുടക്കകാലത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ആകട്ടെ, തീര്‍ത്തും സഘപരിവാര്‍ അനുകൂലമായാണ് വ്യാഖ്യാനിക്കപ്പെട്ടതും. മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പണം തുടങ്ങിയ വൈകാരിക അഭിപ്രായങ്ങളൊക്കെ ഒരു വിഭാഗത്തെ ആഹ്ലാദിപ്പിച്ചെങ്കിലും പൊതുസമൂഹം രൂക്ഷമായാണ് പ്രതികരിച്ചത്.

എന്നാല്‍ എന്താണോ മേജര്‍ രവിയുടെ മേല്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ കണ്ടിരുന്ന കുറ്റങ്ങള്‍ അതില്‍ നിന്നും പൊടുന്നനെയുള്ള ഒരു വിടുതല്‍ ആയിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും. പ്രളയാനന്തരം കേരളത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളില്‍ ഒന്ന് മേജര്‍ രവി ആണെന്നത് വെറും ട്രോള്‍ മാത്രമല്ല. അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുമ്പോള്‍ തന്നെ ആ മാറ്റങ്ങള്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍, താനെന്നും ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് മേജര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത്. എന്നിരിക്കില്‍ പോലും, പ്രളയകാലത്ത് തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ വലിയതോതില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. മനുഷ്യത്വത്തിനാണ് ഏറ്റവും വിലയെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും താന്‍ പൂര്‍ണമായി മനസിലാക്കിയത് പ്രളയകാലത്താണെന്നും മേജര്‍ പറയുന്നുണ്ട്. ആലുവായിലും പരിസരങ്ങളിലും ഉണ്ടായ പ്രളയദുരിതത്തില്‍ ദിവസങ്ങളോളം നീണ്ട രക്ഷപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നിലയുറപ്പിച്ചിരുന്നു. അവിടെ നിന്നുണ്ടായ അനുഭവങ്ങള്‍ തനിക്ക് പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നും മേജര്‍ പറയുന്നു. മനുഷ്യര്‍ ജാതിമതഭേദമന്യേയാണ് ദുരന്തകാലത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇത് നാട്ടില്‍ വലിയമാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും തന്റെ അനുഭവത്തില്‍ നിന്നും അദ്ദേഹം സൂചിപ്പിച്ചു. പറവൂരിനടുത്ത് പ്രളയബാധിതരെ സംരക്ഷിക്കാന്‍ മുസ്ലിം പള്ളി തുറന്നുകൊടുത്തതൊക്കെ കേരളത്തിന്റെ മതനിരപേക്ഷതയേയാണ് കാണിക്കുന്നതെന്നാണ് മേജറിന്റെ പക്ഷം.

പ്രളയകാലത്തും പ്രളയാനന്തര കാലത്തും ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു രംഗത്തു വന്നതോടെയാണ് മേജര്‍ രവിയുടെ രാഷ്ട്രീയം മാറുന്നുവെന്ന സംസാരം ആദ്യം ഉണ്ടാകുന്നത്. എന്നാല്‍ താനൊരിക്കലും സംഘപരിവാര്‍ അനുകൂലിയോ ബിജെപി രാഷ്ട്രീയത്തിന്റെ വക്താവോ ആയിരുന്നില്ലെന്നു പറഞ്ഞാണ് മേജര്‍ ഇതിനോട് പ്രതികരിച്ചത്. സംഘപരിവാറുകര്‍ തന്നെ മുതലെടുത്തിരുന്നുവെന്നും ശരിയായ കാര്യം താന്‍ പറയുമ്പോള്‍ അതേ ആളുകള്‍ തനിക്കെതിരേ രംഗത്തു വരികയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടത്തില്‍ പറയുന്നുണ്ട്. താനൊരു രാജ്യസ്‌നേഹിയാണെന്നും ആ രാജ്യസ്‌നേഹം ആര്‍ക്കെതിരേയെങ്കിലും വെറുപ്പോ അവഗണനയോ സൃഷ്ടിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും ഇന്ത്യയാണ് എല്ലാത്തിലും വലുത് എന്ന് ചിന്തിക്കുന്ന ഒരു പട്ടാളക്കാരന്‍ മാത്രമാണ് താനെന്നുമാണ് മേജര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

ഈയടുത്ത കാലത്തായി അദ്ദേഹം സംസാരിക്കുന്നത് ശ്രദ്ധിച്ചാല്‍ സംഘപരിവാറിനെ അസ്വസ്ഥതപ്പെടുത്തുന്നവയാണെന്നും കാണാം. അതിനേറ്റവും വലിയ ഉദാഹരണമായിരുന്നു പുല്‍വാമ ആക്രമണം. സംഘരിപരിവാര്‍-ബിജെപിക്കാര്‍ പുല്‍വാമ ആക്രമണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയപ്പോള്‍ തികച്ചും സെന്‍സിബിളായി യാതൊരു വൈകാരികവിക്ഷോഭങ്ങളും കൂടാതെയാണ് മേജര്‍ സംസാരിച്ചത്. പുല്‍വാമയില്‍ ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം നമ്മുടെ സുരക്ഷപാളിച്ചകളാണെന്നു അദ്ദേഹം തുറന്നടിച്ചു. ഇതിനെതിരേ അദ്ദേഹത്തിനു നേരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതും സംഘപരിവാറുകാരില്‍ നിന്നായിരുന്നു. യുദ്ധത്തിന് മുറവിളി കൂട്ടിയവരെ പരിഹസിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ മേജര്‍ രവിക്ക് ഒരു രാജ്യദ്രോഹി പട്ടം നല്‍കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ മടി കാണിച്ചില്ല. എന്നാല്‍ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. തൃശൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സമയത്ത്, ഹിന്ദു ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഇന്നവര്‍ നമ്മുടെ അമ്പലങ്ങളില്‍ കയറി, നാളെ നമ്മുടെ വീടുകളിലും കയറുമെന്ന് പ്രസംഗിച്ച മേജര്‍ രവിയുടെ ഓഡിയോ ക്ലിപ്പ് ഏറെ വിവാദമായ കാര്യം ഓര്‍ക്കണം. എന്നാല്‍ അത് തനിക്ക് പറ്റിയ അബദ്ധമാണെന്നും കാര്യം മനസിലാകാതെയാണ് താന്‍ പ്രതികരിച്ചതെന്നും വ്യക്തമാക്കി മാപ്പ് പറയാന്‍ തയ്യാറായ മേജര്‍ രവി പുതിയ മാറ്റത്തിലേക്കുള്ള തുടക്ക സൂചകമായിരുന്നു.

കേരളത്തില്‍ സംഘപരിവാറിന്റെ മുഖമായ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായാണനെ അദ്ദേഹത്തിന് പത്മവിഭൂഷണ് കിട്ടയതിന്റെ പേരില്‍ പരിഹസിച്ചപ്പോള്‍, സെന്‍കുമാറിനെ കണക്കിന് വിമര്‍ശിച്ചും മേജര്‍ രംഗത്തു വന്നിരുന്നു. അപ്പോഴും മേജര്‍ പൊതുസമൂഹത്തിന്റെ കൈയടിയും സംഘപരിവാറിന്റെ ശത്രുതയുമാമാണ് നേടിയത്.

കേരളത്തില്‍ ബിജെപി മേജര്‍ രവിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വരെ കണ്ടിരുന്നുവെന്നതാണ് ഇതിലെ തമാശ. അതേ മേജര്‍ തന്നെ പ്രളയാനന്തര കാല പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ലാല്‍സലാം മുഴക്കിയപ്പോള്‍ മേജറെ ‘കമ്മിയാക്കി’യതും അതേ ബിജെപിക്കാരും സംഘപരിവാറുകാരുമാണ്.

സംഘപരിവാര്‍ ഇപ്പോള്‍ മേജര്‍ രവിയെ ‘കൈവിട്ടിരിക്കുകയാണ്’. ഇടതുപക്ഷമാകട്ടെ മേജറിന്റെ ‘മാറ്റ’ ത്തെ അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ സ്വാഗതവും ചെയ്തിരിക്കുന്നു. അപ്പോഴും മേജര്‍ പറയുന്നത്, താനൊരു കലാകാരനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്നും അതിലുപരി ഒരു രാജ്യസ്‌നേഹമുള്ളവനും ആണെന്നാണ്. ഇടതുപക്ഷ വേദികളിലെത്തുന്നതുപോലെ തന്നെ, വലുതപക്ഷ ചടങ്ങുകളില്‍ എത്തുകയും പിണറായി സര്‍ക്കാരിനെ പ്രശംസിക്കുന്നതിനൊപ്പം തന്നെ മോദി സര്‍ക്കരിനെ അഭിനന്ദിക്കുകയും ചെയ്യുന്ന മേജര്‍ രവി തന്റെ നിഷ്പക്ഷത തെളിയിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും പറയാം; മേജര്‍ മാറിയിട്ടുണ്ട്, പഴയതില്‍ നിന്നും ഒരുപാട്…’

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍