UPDATES

ബ്ലോഗ്

എ കെ ബാലന്‍ ആരെ, എന്തിനാണ് പേടിക്കുന്നത്?

വിമോചന സമരത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ തന്നെയാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കത്തോലിക്ക സഭയുടെ ഭീഷണിയില്‍പ്പെട്ടു നില്‍ക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

‘ദൈവപുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യയല്ലാത്ത മറിയം
കൊള്ളക്കാരനല്ലാത്ത ബറാബാസ്’

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്ന ഈ ചുവര്‍ പരസ്യം, കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ? കാലം 1986. ഒറ്റപ്പാലത്തു നിന്നും ലോക്‌സഭയിലെത്തി, എംപി ടേം കഴിഞ്ഞു നില്‍ക്കുന്ന സമയമായിരിക്കണം. അതായത്, കമ്യൂണിസ്റ്റുകാരനായ ബാലന്‍, അധികാരത്തിന്റെ പടവുകളിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞ സമയം. ഒരു നാടകത്തിന്റെ പ്രചാരണ പോസ്റ്റര്‍ ആയിരുന്നുവത്. പിഎം ആന്റണി രചനയും സംവിധാനവും നിര്‍വഹിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാന്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കാരണമായിട്ടുണ്ട്. വിമോചന സമരത്തിനുശേഷം കേരളീയ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ കത്തോലിക്ക സഭ അധികാരഭാവത്തോടെ ഇടപെടാന്‍ തുടങ്ങിയതിനു ശേഷം അവരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഭരണകൂടവും രാഷ്ട്രീയ രംഗവും തലകുനിച്ചു നിന്ന സന്ദര്‍ഭത്തിലാണ് കലയുടെയും കലാകാരന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേരളം വേദിയാകുന്നത്. അന്ന് ആ വേദിയിലെ സാന്നിധ്യമായി ഇവിടുത്തെ ഇടതുപക്ഷം ഉണ്ടായിരുന്നു.

ഇന്നിപ്പോള്‍, കേരള ലളിതകല അക്കാദമിയുടെ പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ കത്തോലിക്ക സഭയേയും ക്രിസ്തീയ വിശ്വാസത്തെയും മൊത്തത്തില്‍ അപമാനിക്കുന്നുവെന്നു പറഞ്ഞ് പുരസ്‌കാരം പിന്‍വലിക്കണം, കാര്‍ട്ടൂണിസ്റ്റിനെതിരേ മതനിന്ദയുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തണം, സര്‍ക്കാരും അക്കാദമിയും മാപ്പ് പറയണമെന്നൊക്കെ ഭീഷണി മുഴക്കി വന്നതിനു സമാനമായാണ്, ക്രിസ്തുവിന്റെ ആറാം തിരുമുറിവില്‍, ക്രിസ്തുവും മഗ്ദലന മറിയവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാടകം പറയുന്നുവെന്നാരോപിച്ച് ഒരു മെത്രാന്റെ നേതൃത്വത്തില്‍ ‘പ്രക്ഷോഭകാരികള്‍’ ഇറങ്ങിയത്. കെ കെ സുഭാഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ കാര്‍ട്ടൂണ്‍ ക്രിസ്തുമതത്തെയോ പുരോഹിതരെ മൊത്തത്തിലോ ആക്ഷേപിക്കുന്നതല്ലെന്ന് സാമാന്യജനത്തിന് ബോധ്യമാകെ, മതനിന്ദയെന്നൊക്കെ പറഞ്ഞ് ഒരു വിഭാഗം പുരോഹിതര്‍ രംഗത്തു വരുമ്പോള്‍, മറച്ചു പിടിക്കാന്‍ പലതും ഉള്ളവര്‍ക്ക് അതിനു കിട്ടിയൊരു അവസരമായാണ് അതിനെ കാണാനാകുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിയായാണ്, ആ കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കുകയാണ്. ആഗോള കത്തോലിക്ക സഭയെ തന്നെ നാണക്കേടിലാക്കിയ ഒരു ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. എന്നാല്‍ പ്രസ്തുത ബിഷപ്പിനെ കേരളത്തിലെ സഭാ മേലധികാരികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതാണ്. ഫ്രാങ്കോയ്‌ക്കെതിരെയുള്ള കേസും പരാതികളും വിമര്‍ശനങ്ങളുമെല്ലാം സഭയ്‌ക്കെതിരേയുളളതെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നവരുടെ ഭീഷണിയാണ് കെ കെ സുഭാഷിന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഉണ്ടായത്. ആ ഭീഷണിക്കു മുന്നിലാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തല കുനിക്കുന്നത്.

ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെതിരേ അന്നത്തെ കുറച്ച് മെത്രാന്മാര്‍ വിശ്വാസികളെ ഇളക്കിവിട്ട് രംഗത്തു വരുന്നതിനു പിന്നിലും മതസ്‌നേഹമായിരുന്നില്ല കാരണമെന്ന് നാടകകൃത്ത് പി എം ആന്റണി തന്നെ പറയുന്നുണ്ട്. ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന വിദേശഫണ്ടിന്റെ കണക്കുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു വി പി സിംഗ് കൊണ്ടുവരുന്നത് അക്കാലത്താണ്. ഓര്‍ഡിനന്‍സ് പ്രകാരം കണക്കുകള്‍ ഹാജരാക്കേണ്ടി വന്നാല്‍ കുടുങ്ങുന്നൊരു മെത്രാന്‍ അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. കൈയും കണക്കുമില്ലാതെ ധാരളം വിദേശപണമായിരുന്നു മെത്രാന് കിട്ടിക്കൊണ്ടിരുന്നത്. മെത്രാനെതിരേ സിബിഐ അന്വേഷണവും ആരംഭിച്ചു. സംഗതി പുറത്തറിഞ്ഞാല്‍ സഭ മൊത്തത്തില്‍ നാണംകെടുന്ന അവസ്ഥ (കേരളത്തിലെ കത്തോലിക്ക സഭ അച്ചന്മാരുടെയും മെത്രാന്മാരുടെയും പ്രവര്‍ത്തികള്‍ കൊണ്ട് നാണം കെടുന്നത് ഇക്കാലത്ത് തുടങ്ങിയതല്ലെന്നു കൂടി മനസിലാക്കുക). അങ്ങനെ സംഭവിക്കാതെ വിശ്വാസികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിച്ചു വിടാന്‍ ആ മെത്രാന്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ആയുധമാക്കുകയായിരുന്നു. ബിഷപ്പ് ശരിക്കും മുതലാക്കി. നാടകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തേക്കിന്‍കാട് മൈതാനത്ത് ഉപവാസം നടത്തി. ഇടവകകള്‍ തോറും ഘോഷയാത്രകളും പ്രകടനങ്ങളും സഭയുടെ ആവശ്യപ്രകാരം നടത്തപ്പെട്ടു. വിശ്വാസികളെ തെരുവിലറക്കി. 87-ല്‍ തെരഞ്ഞെടുപ്പ് വരികയാണ്, രാഷ്ട്രീയനേതൃത്വത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ മതനേതൃത്വങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് എന്നുമൊരവസരമാണ്. ബിഷപ്പ് കൗണ്‍സില്‍ അന്നത്തെ കരുണാകരന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. നാടകം നിരോധിക്കപ്പെട്ടു!

അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കലാവിഷ്‌കാരത്തിനു മേല്‍ ഉണ്ടായ അസഹിഷ്ണുതയെ പിന്തുണച്ചപ്പോള്‍, പിഎം ആന്റണിയുടെ നാടകത്തിനും കലാകാരന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടവരായിരുന്നു ഇടതുപക്ഷക്കാര്‍ (തുടര്‍ന്നു വന്ന നായനാര്‍ സര്‍ക്കാര്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കേരളമാകെ നിരോധിച്ചെന്നത് വേറൊരു കാര്യം. ആന്റണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ നാട്യം തുറന്നു കാട്ടപ്പെട്ട സന്ദര്‍ഭം!). ഒരുപക്ഷേ അന്ന്, ആന്റണിയുടെ നാടകത്തിനു വേണ്ടി, കലയ്ക്കും കലാകാരനും വേണ്ടി ശബ്ദം ഉയര്‍ത്തിയവരുടെ കൂടെ ഇന്നത്തെ കലാ, സാംസ്‌കാരിക മന്ത്രി എ കെ ബാലനും ഉണ്ടായിരിക്കുമെന്ന് കരുതുന്നു. എന്തായാലും ബാലന്റെ പാര്‍ട്ടി ഉണ്ടായിരുന്നു. എന്നാല്‍ അതേ പാര്‍ട്ടിയും ബാലനുമൊക്കെ ഇന്ന് ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കാള്‍ മത മേധാവികളുടെ ഭീഷണിയെ വിലവയ്ക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുക പരിഹാസരീതിയിലായിരിക്കുമെന്ന വിലയിരുത്തലാണ് ശരിയാകുന്നത്.

വിമോചന സമരത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ തന്നെയാണ് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കത്തോലിക്ക സഭയുടെ ഭീഷണിയില്‍പ്പെട്ടു നില്‍ക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷം ഒപ്പം നില്‍ക്കാതിരുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്നു കരുതിയാണോ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയതെന്ന് സിപിഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും ഒരു പുരോഹിതന്‍ പരിഹസിക്കുമ്പോള്‍, അതിനെ എതിര്‍ക്കാന്‍ നില്‍ക്കാതെ, ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധിക്കാം എന്നു പറയുന്നവര്‍ തങ്ങളുടെ മുന്‍ഗാമികളെ തള്ളിപ്പറയുകയാണോ എന്ന് വിമോചന സമരത്തിന്റെ അന്നത്തെ കാരണങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ ചോദിക്കുകയാണ്.

കമ്യൂണിസ്റ്റുകാരനായ മന്ത്രിയും കമ്യൂണിസ്റ്റ് സര്‍ക്കാരും ഒന്നോര്‍ക്കണം. ഈ പ്രസ്ഥാനം ഇവിടെ വളര്‍ന്നതും ജനമതില്‍ വിശ്വസിച്ചതിനും കലാപ്രസ്ഥനങ്ങള്‍ക്കും കലാകാരന്മാര്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ വെറുമൊരു നാടകം മാത്രമായിരുന്നില്ല, അതൊരു ശക്തമായ രാഷ്ട്രീയപ്രചാരണം കൂടിയായിരുന്നു. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതിന് വരെ കാരണമായ രാഷ്ട്രീയ പ്രചാരണം. നാടകങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ പറഞ്ഞ മനുഷ്യാവസ്ഥകളും വര്‍ഗപോരാട്ടങ്ങളുമൊക്കെയാണ് ഇന്നും ബാലനെ പോലുള്ളവരുടെ അടിത്തറ. അത് തകര്‍ത്തു കളയുകയാണ് ചെയ്യുന്നത്.

1980-ല്‍ കണിയാപുരം രാമചന്ദ്രന്‍ എഴുതി കെപിഎസി അവതരിപ്പിച്ച ‘ഭഗവാന്‍ കാലുമാറുന്നു’ എന്ന നാടകം എ കെ ബാലന് ഒര്‍മ കാണുമല്ലോ. അന്ധവിശ്വാസത്തിനെതിരേയും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചതികളെ തുറന്നു കാണിക്കാനുമായിരുന്നു ആ നാടകം. അന്നാ നാടകം കളിക്കാന്‍ ഇവിടുത്തെ ആര്‍എസ്എസ്സുകാര്‍ സമ്മതിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. നാടകം നടക്കുന്നിടത്ത് ഹിന്ദുമതമൗലികവാദികള്‍ ബഹളുമായി വരും. വേദിയിലേക്ക് കല്ലെറിയും. കൊല്ലത്ത് കൂനമ്പായിക്കുളത്ത് നാടകം കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വേദിയിലേക്ക് ഹിന്ദുത്വവാദികള്‍ എറിഞ്ഞ കല്ലുകൊണ്ട് അരങ്ങത്തുണ്ടായിരുന്ന നടന്‍ കെപിഎസി ജോണ്‍സണ്‍ നിലത്തു വീഴുകയും ഒരാഴ്ച്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു. ഇതേ നാടകം മൂവാറ്റുപുഴയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ആര്‍ എസ് എസ്സുകാര്‍ അവിടെയും കല്ലെറിയാന്‍ എത്തി. അരങ്ങത്ത് ഉണ്ടായിരുന്ന രാജമ്മ എന്ന അഭിനേത്രിയുടെ നെറ്റിയിലാണ് കല്ലുകൊണ്ടത്. നെറ്റിപൊട്ടി ചോരയൊലിച്ചിട്ടും തന്റെ ഭാഗം അവതരിപ്പിച്ച് പൂര്‍ത്തിയാക്കിയിട്ടാണ് രാജമ്മ രംഗം വിട്ടത്. അവരുടെ മുറിവിന് ആറു തുന്നല്‍ ഇടേണ്ടി വന്നു. ഹിന്ദു മതമൗലികവാദികള്‍ ആക്രമണം തുടരുകയും നടീനടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും നാടകം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട് വരികയും ചെയ്ത സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാക്കള്‍ സുരക്ഷഭടന്മാരായി ഓരോ വേദിയിലും നില്‍ക്കാന്‍ തുടങ്ങി. അക്രമികളെ അവര്‍ തുരത്തിയോടിച്ചു. രണ്ടു വര്‍ഷത്തോളം ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം കളിച്ചു. ഇന്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമിതൊക്കെയായിരുന്നു ഒരു കാലം വരെ.

Also Read: “കാർട്ടൂൺ വരയ്ക്കാതെയും വിമർശിക്കാതെയും സംസ്ഥാന സർക്കാർ കാവൽ നിന്ന്‌ സംരക്ഷിക്കേണ്ട എന്തു മഹത്വമാണ് ബിഷപ് ഫ്രാങ്കോയ്ക്കും കേരളത്തിലെ കത്തോലിക്കാ സഭയ്ക്കുമുള്ളത്?”

കെപിഎസിയുടെ എത്രയെത്ര നാടകങ്ങളാണ് സമൂഹത്തിലെ അനാചാരങ്ങളും മതനേതൃത്വങ്ങളുടെ കാപട്യങ്ങളും പൊളിച്ചുകൊണ്ട് ജനങ്ങള്‍ക്കു മുന്നില്‍ എത്തിയത്. അന്നത്തെ കലാകാരന്മാര്‍ക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു, ഒരു പ്രസ്ഥാനം അവര്‍ക്ക് പിന്തുണയായി ഉണ്ടെന്ന്. ഒരു രാഷ്ട്രീയത്തിലൂന്നിക്കൊണ്ട് സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് അവര്‍ക്ക് തയ്യാറെടുക്കാന്‍ പറ്റി. ഇന്നത്തെയൊരു കലാകാരന് അതിനുള്ള ധൈര്യമില്ല. കാരണം അവരെ പിന്തുണയ്ക്കാന്‍ ഒരു പ്രസ്ഥാനമില്ല. കൊച്ചിന്‍ കലാഭാവനില്‍വച്ച് പി ജെ ആന്റണിയുടെ ഒരു നാടകം കളിക്കുന്ന സമയം. മെത്രാനടക്കം വിശിഷ്ട അതിഥികളുണ്ട് നാടകം കാണാന്‍. സദസില്‍ ആന്റണിയുമുണ്ട്. മെത്രാനും ആന്റണിക്കും അടുത്തടുത്ത ഇരിപ്പിടങ്ങളാണ്. നാടകം പകുതിയായപ്പോള്‍ മെത്രാന്‍ പോകാന്‍ എഴുന്നേറ്റു. ആന്റണി പക്ഷേ, മെത്രാനെ തടഞ്ഞു. ഇപ്പോള്‍ പോകാന്‍ പറ്റില്ലെന്നും നാടകം കഴിഞ്ഞിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു. തനിക്ക് മറ്റു ചില അത്യാവശ്യങ്ങള്‍ ഉണ്ടെന്നും പോയേ പറ്റൂവെന്നും മെത്രാന്‍ പറഞ്ഞപ്പോള്‍, ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു; മെത്രാന്‍ ഇപ്പോള്‍ പോയാല്‍, അതെന്റെ നാടകം ഇഷ്ടപ്പെടാഞ്ഞിട്ട് പോവുകയാണെന്നു മറ്റുള്ളവര്‍ കരുതും. അതുണ്ടാകരുത്. അതുകൊണ്ട് നാടകം കഴിഞ്ഞിട്ട് പോയാല്‍ മതി. ആന്റണിയെ ധിക്കരിച്ച് മെത്രാന് പോകാന്‍ കഴിഞ്ഞില്ല. ഇന്നത്തെയൊരു കലാകാരന് അതിനുള്ള ധൈര്യം ഉണ്ടാകില്ല. ഇടയ്ക്കിറങ്ങി പോകുന്നതൊരു പഞ്ചായത്ത് മെംബര്‍ ആണെങ്കില്‍ പോലും, അയാളെ കാറില്‍ കയറ്റിവിടാന്‍ കൂടെ ചെല്ലും എതു സംവിധായകനും. കലാകാരന്മാര്‍ വിധേയപ്പെട്ടു പോകുന്നതിന്റെ കുഴപ്പം. എന്തുകൊണ്ട് കലാകാരന്മാര്‍ക്ക് ഭയന്നും വിധേയപ്പെട്ടും പോകേണ്ടി വന്നു എന്ന് ചോദിച്ചാല്‍, ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയായ ബാലനെ പോലുള്ളവരുടെ പ്രകടനങ്ങളാണ് ഉത്തരം.

എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം സിനിമ അക്കാലത്ത് ചിലരെ പ്രകോപിച്ചെങ്കിലും അത് വലുതായി മുതലെടുക്കാന്‍ ആര്‍ക്കും കഴിയതെ വന്നത് കേരളത്തിന്റെ സാംസ്കാരിക ബലം കൊണ്ടായിരുന്നു. എന്നാല്‍ വകതിരിവിലും സംസ്‌കാരത്തിലും മുന്നോട്ടല്ല നമ്മള്‍ പോയതെന്നതിന് ഉദാഹരണമാണ് നിര്‍മാല്യം നാടക രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവം. സിനിമ ഇറങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കൊല്ലത്തുള്ളൊരു നാടക സമിതി എംടിയുടെ സമ്മതത്തോടെ നിര്‍മാല്യം നാടകമാക്കി. എന്നാല്‍ ഹിന്ദുത്വവാദികള്‍ തടസവുമായി എത്തി. സിനിമയുടെ അതേ ക്ലൈമാക്‌സുമായി നാടകം അവതരിപ്പിക്കാന്‍ പറ്റില്ലെന്നു ഭീഷണി മുഴക്കി. നാടക സമിതിക്കാര്‍ ആ ഭീഷണിക്കു മുന്നില്‍ വഴങ്ങി. ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. എന്നിട്ടും ആ നാടകം ഏതാനും വേദികളില്‍ മാത്രമാണ് കളിച്ചത്. നിര്‍മാല്യം പോലൊരു സിനിമ ഇറങ്ങിയ നാട്ടിലാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവൊക്കെ വിലക്കപ്പെട്ടത്. അതിപ്പോള്‍ കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിനെതിരേ ഉണ്ടായിരിക്കുന്ന വെല്ലുവിളിയില്‍ വരെ എത്തി നില്‍ക്കുന്നു.

മതത്തിനു മുന്നില്‍ കീഴടങ്ങുന്ന കമ്യൂണിസ്റ്റുകാരുടെ ഈ കാലത്തായിരുന്നുവെങ്കില്‍ എന്‍ എന്‍ പിള്ളയുടെ ഒരു നാടകം പോലും അരങ്ങ് കാണില്ലായിരുന്നു. ‘അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ട് അഴിച്ചതും ഒരേ സമൂഹം തന്നെയാണെ’ന്നു പറയുന്നൊരു പെണ്‍കഥാപാത്രത്തെ എന്‍എന്‍ പിള്ളയ്ക്ക് ഉണ്ടാക്കാന്‍ കഴിയില്ലായിരുന്നു. ഒരു വേശ്യയുടെ ഔദാര്യം മേടിച്ച് വരാപ്പുഴ പള്ളിയിലും വടക്കുംനാഥ ക്ഷേത്രത്തിവും ഗാന്ധിമണ്ഡപത്തിലും വിവേകാനന്ദപ്പാറയിലും അവളുടെ പേര് കൊത്തിവച്ച മത-രാഷ്ട്രീയ മുഖം മൂടികളെ അഴിച്ചു കാണിക്കാന്‍ കാപാലിക പോലൊരു നാടകം എഴുതാന്‍ കഴിയില്ലായിരുന്നു. സുബര്‍ക്കത്തില് മലക്കെന്തിര് ബയിക്കും ബാപ്പാ… ബിരിയാണീം ശര്ബത്തും ബയിക്കും മോനേ… ദുനിയാവില് ഞമ്മളെങ്ങനെ കയിയും ബാപ്പാ… പയങ്കഞ്ഞി കൊതിച്ചിങ്ങനെ കയിയും മോനേ… എന്നൊരു പാട്ടെഴുതാന്‍ പറ്റില്ലായിരുന്നു. ഞാന്‍ മദ്യപിക്കുന്നത് ളോഹയിട്ടോണ്ടാണെന്നു പറഞ്ഞ എന്‍ എന്‍ പിള്ളയ്ക്ക്, ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പുരോഹിതന്‍ സഭ വസ്ത്രം ധരിച്ച് നൃത്തം ചെയ്തപ്പോള്‍, മതത്തേയും മത ചിഹ്നത്തെയും അപമാനിക്കലാണെന്നു പറഞ്ഞ്, ആ പുരോഹിതനെതിരേ ക്രിസ്ത്യന്‍ മതമൗലികവാദികള്‍ പ്രതിഷേധവുമായി രംഗത്തു വന്ന ഇക്കാലത്ത് അങ്ങനെയൊരു പരിഹാസത്തിന് സാധിക്കുമായിരുന്നോ? അസഹിഷ്ണുത മുറ്റിനില്‍ക്കുന്ന ഈ കാലത്ത് അതിനു കൂടുതല്‍ വളരാന്‍ വെള്ളമൊഴിച്ചു നല്‍കുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണെന്നത് ആ പ്രസ്ഥാനം അതിനോട് തന്നെ ചെയ്യുന്ന അനീതിയാണ്.

മതവാദികളോട് ഒരു പ്രതിവാദം എന്നപോലെ എ കെ ബാലന്‍ പറയുന്നൊരു കാര്യമുണ്ട്, കഴിഞ്ഞ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട്. ഗോപീകൃഷ്ണന്‍ ‘കടക്ക് പുറത്ത്’ എന്ന വിഷയം ആസ്പദമാക്കി വരച്ച കാര്‍ട്ടൂണിനായിരുന്നു 2017-18 ലെ അക്കാദമി പുരസ്‌കാരം. ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍ ഹാസ്യാത്മക വിമര്‍ശനത്തിനും അപ്പുറം വ്യക്തിപരമായ അവഹേളനമായയിരുന്നുവെന്നു പറഞ്ഞാല്‍, സുഭാഷിന്റെ കാര്‍ട്ടൂണ്‍ ക്രിസ്ത്യന്‍ മതത്തെ മൊത്തം അവഹേളിക്കുന്നുവെന്നു പറയുന്നതുപോലെ അസംബന്ധമാകില്ല. മരണത്തിന്റെ വ്യാപാരിയായി മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും വരച്ചു വയ്ക്കുകയായിരുന്നു ഗോപീകൃഷ്ണന്‍ ചെയ്തത്. തലയോട്ടി കച്ചവടം നടത്തുന്ന ഒരു കടയിലെ ഉടമയായി പിണറായി വിജയനും എടുത്തുകൊടുപ്പുകാരനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവതരിപ്പിക്കപ്പെടുന്നത് അത്ര നിഷ്‌കളങ്കമായ വിമര്‍ശനം ആണെന്നു പറയാന്‍ കഴിയുമോ? എന്നിട്ടും ആ കാര്‍ട്ടൂണിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്, ഇത് വല്ലാണ്ട് അസഹിഷ്ണുത പെരുകുന്നൊരു സമയമാണ്. കലാസൃഷ്ടികള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാതെ അസഹിഷ്ണുത പെരുകുന്ന ഈ കാലത്ത് സഹിഷ്ണുതയോടെ ഇത് കാണണം എന്നായിരുന്നു. ഗോപീകൃഷ്ണന് പുരസ്‌കാരം സമ്മാനിക്കാന്‍ എത്തിയതും മുഖ്യമന്ത്രി ആയിരുന്നു. പിണറായി വിജയന്‍ കാണിച്ച ആ സഹിഷ്ണുത, എ കെ ബാലന് ഇല്ലാതെ പോവുകയാണോ? അതോ, കെസിബിസി സെക്രട്ടറിയുടെ വിരട്ടലില്‍ പേടിച്ചു പോയതോ? വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരോട്, നിങ്ങളുടെ വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടായെന്നു പറയാന്‍ മടിക്കുന്നത്, തെരഞ്ഞെടുപ്പ് പരാജയത്തിലെ പൊള്ളല്‍ കൊണ്ടാണോ? എങ്കില്‍ ഒന്നോര്‍ക്കുക, ഇടവക വികാരി വായിക്കുന്ന ഇടയലേഖനം കേട്ട് വോട്ട് കുത്താനും സമരം ചെയ്യാനും ഇറങ്ങുന്ന കുഞ്ഞാടുകളുടെ കാലം കത്തോലിക്ക സഭയില്‍ കഴിഞ്ഞു. കണ്ടാല്‍ കൈമുത്തേണ്ട മെത്രാന്റെ മുഖത്തു നോക്കി, നിങ്ങള്‍ അഴിമതിക്കാരനാണ്, തട്ടിപ്പുകാരനാണ്, പീഡകനാണ് എന്നു വിളിച്ചു പറയാന്‍ കെല്‍പ്പുള്ള വിശ്വാസികളാണ് ഇപ്പോഴുള്ളത്. അവര്‍, തങ്ങളുടെ സഭാ പിതാക്കന്മാരെ തിരുത്തുമ്പോള്‍, തെറ്റുകാര്‍ക്കൊപ്പം നില്‍ക്കാന്‍ ഭരണകൂടം തയ്യാറാവുകയാണെങ്കില്‍ ഇനിയും ഉണ്ടാകും പരാജയം. വിശ്വാസികള്‍ അടക്കമുള്ള സാമാന്യജനത്തിന്റെ പ്രതിഷേധമായിരിക്കും അത്.

പണ്ട്, ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെതിരേ സമരവും ഉപവാസും നടത്തി ഒരു വിഭാഗം മെത്രാന്മാരും പുരോഹിതരും വിശ്വാസികളും തെരുവില്‍ ഇറങ്ങിയപ്പോള്‍ മറുഭാഗത്ത് കലാകാരനുവേണ്ടി ശബ്ദിക്കാനും കത്തോലിക്ക സഭയിലെ മെത്രാന്മാരും പുരോഹിതരും വിശ്വാസികളും തന്നെ വന്നിരുന്നു. കത്തോലിക്ക ചരിത്രത്തില്‍ തന്നെ ആദ്യമായി കന്യാസ്ത്രീകള്‍ സമരം ചെയ്യാനിറങ്ങിയൊരു സംസ്ഥാനമാണ് കേരളം. അന്നാ കന്യാസ്ത്രീകളും അവരോടൊപ്പം ചേര്‍ന്ന ഈ സമൂഹവും സഭയോടും സഭാനാഥന്മാരോടും ഉയര്‍ത്തിയ ചോദ്യങ്ങള്‍ സര്‍ക്കാരിനോടും ചോദിച്ചിരുന്നു. ഇപ്പോഴുമവര്‍ ചോദിക്കുന്നുണ്ട്; ബലാത്സംഗ കേസ് പ്രതിയായ ഫ്രാങ്കോ മുളക്കലിനോടാണോ ഈ സമൂഹത്തെക്കാള്‍ താത്പര്യം സര്‍ക്കാരിനെന്ന്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനോടാണ് ചോദിക്കുന്നതെന്നോര്‍ക്കണം.

Also Read: ‘അമ്മയെ ഞങ്ങള്‍ മറന്നാലും അങ്കമാലി മറക്കില്ല’; വിമോചന സമരത്തിന് ആറ് പതിറ്റാണ്ട്, അങ്കമാലി വെടിവെപ്പിനും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍