UPDATES

ബ്ലോഗ്

സഹ്യന്റെ മക്കളില്‍ ആര്‍ക്കെങ്കിലും രണ്ട് കൊമ്പ് നഷ്ടപ്പെട്ടാല്‍ സഹ്യനത് സഹിച്ചേക്കും, പക്ഷേ, മല തുരന്നാല്‍ ഫലം പ്രളയമാണ്; ലാലേട്ടനെന്ന പ്രകൃതി സ്‌നേഹിയെ സിനിമാക്കാരെങ്കിലും മനസിലാക്കിയാല്‍ മതിയായിരുന്നു

ഇവിടത്തെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമൊക്കെ കാര്യങ്ങള്‍ നോക്കിയും കണ്ടും ചെയ്തിരുന്നെങ്കില്‍,ഇല്ലാത്ത സമയം ഉണ്ടാക്കി ലാലേട്ടന് ഈവക ഉപദേശങ്ങള്‍ നല്‍കേണ്ടി വരില്ലായിരുന്നു

അംബുജാക്ഷന്റെ ഇഷ്ടനടന്മാരില്‍ മുന്നിലുണ്ട് മോഹന്‍ലാല്‍. ലാലിന്റെ സിനിമകളുടെതെന്നപോലെ, അദ്ദേഹത്തിന്റെ ബ്ലോഗിന്റെയും ആരാധകനാണ് ഈയുള്ളവന്‍. ലാലേട്ടന്റെ സിനിമകള്‍ റിലീസ് ആകുന്നുണ്ടോ എന്ന അതേ ആകാംക്ഷയാണ്, അവസരത്തിനൊത്ത് അദ്ദേഹമെഴുതുന്ന ബ്ലോഗുകള്‍ക്കായുള്ള കാത്തിരിപ്പിലും. ചില ‘പ്രത്യേക അവസരങ്ങളില്‍’ അദ്ദേഹം ബ്ലോഗ് എഴുതാന്‍ മറന്നു പോകുമ്പോള്‍, ഉത്സവ സീസണില്‍ മോഹന്‍ലാല്‍ പടം റിലീസ് ചെയ്യാത്ത അതേ വേദനയാണ് ഉണ്ടാകുന്നത്. തന്റെ ജീവിതം പൂര്‍ണമായി തന്നെ അഭിനയിക്കാന്‍ മാറ്റിവച്ചിരിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തെ കുറിച്ചും അതിനകത്തുള്ള പാവം മനുഷ്യരെ കുറിച്ച് വികാരനിര്‍ഭരമായി എഴുതാന്‍ കഴിയുക, അതിന് സമയം കണ്ടെത്തുക എന്നൊക്കെ ആലോചിക്കുമ്പോള്‍ തന്നെ രോമാഞ്ചം വരും.

അംബുജാക്ഷന്‍ എന്തുകൊണ്ട് മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്തുകള്‍ ഇഷ്ടപ്പെടുന്നുവെന്നു ചോദിച്ചാല്‍, അതിനൊരുത്തരമേയുള്ളു; യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. അദ്ദേഹമെഴുതിയ ഏറ്റവും പുതിയ ബ്ലോഗില്‍ പ്രളയ കേരളത്തെ കുറിച്ചുള്ള ആശങ്കകളാണുള്ളത്. തീര്‍ച്ചയായും അംബുജാക്ഷനെ മാത്രമല്ല, ഏതൊരാളെയും ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറെയുണ്ട്. നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല ഈ കാണുന്നതെല്ലാം എന്നു ലാലേട്ടന്‍ പ്രകൃതിക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍, ഇവിടെ നടക്കുന്ന ഭൂമി- ജലാശയ കയ്യേറ്റങ്ങളും മല തുരക്കലും പാറപൊട്ടിക്കലുമൊക്കെ ഓര്‍ത്തു ലജ്ജിക്കേണ്ടി വരികയാണ്. ഒന്നാലോചിച്ചു നോക്കൂ, തേവര കായലോരത്ത് നിങ്ങളൊരു വീട് വയ്ക്കുകയാണ്. നിങ്ങളുടെ കൈയില്‍ കോടിക്കണക്കിന് രൂപയുള്ളതുകൊണ്ട് എങ്ങനെ വേണമെങ്കിലും ആ വീട് വയ്ക്കാം. കരിങ്കല്ല് പാകിയ മുറ്റം ഉണ്ടാക്കാം, മരത്തടി കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്ലാത്ത പന്തല്‍ കെട്ടാം, നടുമുറ്റത്ത് കുളം കുത്തി അതിനുമേല്‍ മരപ്പാലം ഇടാം, ടണ്‍ കണക്കിന് കരിങ്കല്ലുകള്‍ കൊണ്ട് പടവുകളുണ്ടാക്കാം, കുളക്കര കെട്ടാം, വേണമെങ്കില്‍ നീന്തി വന്ന് രണ്ടെണ്ണം വീശാന്‍ ഒരു മിനി ബാറും സെറ്റ് ചെയ്യാം. കുളിമുറിയില്‍ പോലും കരിങ്കലുകള്‍ വിതറി മനോഹരമാക്കാം. കായല്‍ വീടിനടുത്തുകൂടി ഒഴുകട്ടെ എന്നു വാശിപിടിക്കാം. കാശ് ഉള്ളതുകൊണ്ട് ഇതെല്ലാം നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഒന്നോര്‍ക്കണം, നിങ്ങള്‍ ഈ ചെയ്യുന്നതെല്ലാം പ്രകൃതിയോടുള്ള ക്രൂരതയാണ്. എനിക്ക് ശേഷം പ്രളയം എന്ന കരുതുന്നവരാണ് ഇത്തരം ക്രൂരതകള്‍ നടത്തുന്നത്. അവരോടൊക്കെ ലാലേട്ടന്‍ പറഞ്ഞതു തന്നെയാണ് അംബുജാക്ഷനും പറയാനുള്ളത്; എനിക്ക് ശേഷം പ്രളയം എന്ന വിചാരവുമായി ജീവിക്കാന്‍ നമുക്ക് സാധിക്കില്ല, എന്നോട് ഒപ്പം തന്നെ പ്രളയമുണ്ടെന്ന് തിരിച്ചറിയുക.

പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത് ഒരു വീട് വയ്ക്കുക, പിന്നീടത് വിറ്റിട്ട് വേറെ ഒന്ന് വയ്ക്കുക, അതിനുവേണ്ടിയും പ്രകൃതിയെ പൊട്ടിച്ചും കുഴിച്ചും എടുക്കുക; ഇതൊക്കെ കാണുമ്പോള്‍ ഏതൊരു പ്രകൃതി സ്‌നേഹിയും വികാരം കൊണ്ടുപോകും. ഒരുപക്ഷേ, എല്ലാവര്‍ക്കും മോഹന്‍ലാലിനെ പോലെ പ്രകൃതിയെക്കുറിച്ച് ഉത്കണ്ഠപ്പെടാന്‍ താത്പര്യമില്ലായിരിക്കാം, മിനിമം പ്രകൃതിയോട് കുറച്ച് വിനയമെങ്കിലും കാണിച്ചുകൂടെ; അക്കാര്യത്തിലെങ്കിലും ഒരു മഹാനടന്റെ അപേക്ഷ സ്വീകരിച്ചു കൂടെ.

നിങ്ങള്‍ ചെയ്യുന്നതെന്താണെന്നു സ്വയം ചിന്തിച്ചു നോക്കൂ, മൂന്നും നാലും വീടികള്‍ ഉണ്ടാക്കിയിടുന്നു. നാല് മുളക്കോല് കുത്തി പനയോല വിരിച്ച് ഉണ്ടാക്കുന്നതല്ലോ നിങ്ങളുടെ വീടുകള്‍. ചൂടത്ത് താമസിക്കാനൊന്ന്, തണുപ്പുത്തുറങ്ങാനൊന്ന്, അവധിയാഘോഷിക്കാന്‍ മറ്റൊന്ന്, ആകാശം കാണാന്‍ വേറൊന്നു എന്നൊക്കെ പറഞ്ഞ് ഉണ്ടാക്കിയിടുന്ന ആഡംബര സൗധങ്ങള്‍ക്ക് വേണ്ടി ഈ പ്രകൃതി എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വീടുകള്‍ പണിതതുകൊണ്ട് നിര്‍ത്തുന്നുണ്ടോ?, തോട് കൈയേറി മള്‍ട്ടി പ്ലക്സ്കള്‍ കെട്ടാനും മടി കാണിക്കുന്നില്ല. ‘ഏതോ ഒരാള്‍’ ഹരിപ്പാട് തന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടി പ്ലക്സ് തിയേറ്റിനു വേണ്ടി തോട് കൈയ്യേറിയ സ്ഥലത്ത് പിച്ചിംഗ് കെട്ടിയതൊക്കെ ഓര്‍ക്കുമ്പോള്‍, ലാലേട്ടന്റെ ഓര്‍മപ്പെടുത്തുന്നതേ അംബുജാക്ഷനും നിങ്ങളെ ഓര്‍മപ്പെടുത്തുന്നുള്ളൂ; പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം.

മോഹന്‍ലാല്‍ ആദ്യം പോയി കൂട്ടത്തിലുള്ളവരെ ഉപദേശിക്ക് എന്നായിരിക്കും നിങ്ങള്‍ പറയാന്‍ പോകുന്നത്. ശരിയാണ്, ചെലവന്നൂരില്‍ കായേല്‍ കയ്യേറി വീട് വച്ചവരും, മൂന്നാറില്‍ ഏക്കറു കണക്കിന് ഭൂമി കയ്യേറി സ്വന്തം പേരില്‍ ആക്കിയവരും ചാലക്കുടിയില്‍ സിനിമ കൊട്ടക കെട്ടാന്‍ അന്യഭൂമി കയ്യേറിയവരുമൊക്കെ ലാലേട്ടന്റെ കൂട്ടത്തില്‍ ഉള്ളവരാണ്. കുമരകത്തും വട്ടവടയിലും എറണാകുളത്തും ഒക്കെ ആ ‘കൂട്ടക്കാര്‍ക്ക്’ കയ്യേറ്റങ്ങള്‍ ഉണ്ടായിരിക്കാം. അവര്‍ റിസോര്‍ട്ടുകളും ബഹുനില ഫ്‌ളാറ്റുകളുമൊക്കെ ഉണ്ടാക്കിയിട്ടിട്ടുമുണ്ടാകും. അവരോടും ലാലേട്ടനും അംബുജാക്ഷനും ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ മറന്നാലും പ്രകൃതി ഒന്നും മറക്കില്ല. ജീവനില്ലാതെ കിടന്ന ഏതോ ആനയുടെ രണ്ട് കൊമ്പ് ഊരി കൊണ്ടു വന്ന് വീട്ടില്‍ വയ്ക്കുന്നതുപോലെയല്ല, പാറ പൊട്ടിക്കുന്നതെന്നോര്‍ക്കണം. സഹ്യന്റെ മക്കളില്‍ ആര്‍ക്കെങ്കിലും രണ്ട് കൊമ്പ് നഷ്ടപ്പെട്ടാല്‍ സഹ്യനത് സഹിക്കും, പക്ഷേ, മല തുരന്നാല്‍ ഫലം പ്രളയമാണ്.

ഇവിടത്തെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമൊക്കെ കാര്യങ്ങള്‍ നോക്കിയും കണ്ടും ചെയ്തിരുന്നെങ്കില്‍,ഇല്ലാത്ത സമയം ഉണ്ടാക്കി ലാലേട്ടന് ഈവക ഉപദേശങ്ങള്‍ നല്‍കേണ്ടി വരില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമെങ്ങാണ്ടാണെന്നു തോന്നുന്നു, സംസ്ഥാനത്ത് ഏക്കറു കണക്കിന് അധിക ഭൂമി കൈവശം വച്ചിട്ടുള്ള പ്രമുഖ നടീനടന്മാര്‍ക്കെതിരേ നടപടി സ്വീകരിച്ച്, അനധികൃത ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുമെന്നൊക്കെ സര്‍ക്കാര്‍ പറയുന്നത് കേട്ടത്. എന്തെങ്കിലും നടന്നോ? ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്‌നം. ഒഡീഷയില്‍ ആണെങ്കില്‍ ഇതുവല്ലതും നടക്കുമോ?

‘ആനക്കൊമ്പില്‍’ കുടുങ്ങാതെ മോഹന്‍ലാല്‍ രക്ഷപ്പെട്ടത് സര്‍ക്കാരിന്റെ കൈ സഹായത്താലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍