UPDATES

ബ്ലോഗ്

ഇന്നലെ മുതല്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒരുപടി മുകളിലാണ് ഈ മനുഷ്യന്‍

മുല്ലപ്പള്ളി പൊതുജനങ്ങളോട് സംസാരിക്കുമ്പോള്‍ വൈകാരികത നിറയുന്നത് മുമ്പും ശ്രദ്ധിച്ചിട്ടുണ്ടാകും. സാംബശിവന്റെ കഥാപ്രസംഗം പോലെ പലപ്പോഴും ആ പ്രസംഗങ്ങള്‍ അനുഭവപ്പെടുന്നതും അതാനാലാണ്

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതാണ് ഇന്ന് രാഷ്ട്രീയ കേരളത്തിലെ സജീവമായ ചര്‍ച്ച. സിപിഎം നേതാക്കള്‍ പോലും പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് ചെയ്തവരെ തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളുകളെണ്ണി കഴിയുമ്പോള്‍ അക്രമരാഷ്ട്രീയം എന്ന ആയുധമെടുത്ത് വീശുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കൊല്ലപ്പെട്ട യുവാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലെ സാഹചര്യങ്ങളെല്ലാം വിവരിച്ച് ഓരോ കോണ്‍ഗ്രസ് നേതാക്കളും കണ്ണീര്‍ക്കഥകള്‍ മെനയുന്നുമുണ്ട്. ഇതിനിടെയില്‍ ഏറ്റവും ശ്രദ്ധേയമായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കരച്ചിലാണ്. ശരത് ലാലിന്റെ വീട്ടിലെത്തി അച്ഛനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടാണ് മുല്ലപ്പള്ളി വാവിട്ട് കരഞ്ഞത്.

രാഷ്ട്രീയക്കാരന്റെ കരച്ചിലായതിനാല്‍ തന്നെ മുതലക്കരച്ചില്‍ എന്ന വിശേഷണമാണ് ആ കരച്ചിലിന് ആദ്യം ലഭിച്ചത്. അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ മുല്ലപ്പള്ളിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടനവധി പേര്‍ എത്തിച്ചേരുകയും ചെയ്തു. കരയുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും മനുഷ്യനായതുകൊണ്ടാണ് മുല്ലപ്പള്ളിക്ക് ഇത്തരത്തില്‍ കരയാന്‍ സാധിച്ചതെന്നും മറ്റാര്‍ക്കും ഇത്തരത്തില്‍ കരയാന്‍ സാധിക്കില്ല എന്ന് തുടങ്ങി പല പല അഭിപ്രായങ്ങളാണ് മാതൃഭൂമി പുറത്തുവിട്ട ഈ ഫോട്ടോ ഷെയര്‍ ചെയ്ത് പലരും പ്രകടിപ്പിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് ഇപ്പോള്‍ മുല്ലപ്പള്ളി. മുല്ലപ്പള്ളിയുടെ കരച്ചില്‍ സങ്കടപ്പെടുത്തുന്നതായിരുന്നുവെന്നാണ് പലരും പറയുന്നത്. ആ കരച്ചില്‍ കണ്ട് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവും തോന്നുന്നു. ഇത്രവലിയ ക്രൂരതയ്ക്ക് സാക്ഷികളാകേണ്ടി വരുമ്പോള്‍ നമ്മള്‍ മനുഷ്യര്‍ കാണിക്കേണ്ട എല്ലാം ടിവിയില്‍ കണ്ട അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നെന്നാണ് മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത് ഇതേക്കുറിച്ച് പ്രതികരിച്ചത്. ‘നേതാവെന്നോ ജനനായകനെന്നോ വിളിക്കുന്നതിനെക്കാള്‍ മനുഷ്യന്‍ എന്നു വിളിക്കാന്‍ തോന്നുന്നു… മനുഷ്യനെ പച്ചക്ക് കൊല്ലാന്‍ മനസ് പാകപ്പെട്ടവരുടേത് ആകും ട്രോളുകളും അധിക്ഷേപങ്ങളും’- എന്നായിരുന്നു മാധ്യപ്രവര്‍ത്തകന്‍ മനീഷ് നാരായണന്റെ പോസ്റ്റ്. ‘മനുഷ്യന്‍ ആന്ന്പ്പാ.. ചങ്ക് പൊട്ടിക്കരയുന്ന മനുഷ്യന്‍’ എന്നായിരുന്നു എം ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മുല്ലപ്പള്ളി കരഞ്ഞതിനെ കളിയാക്കുന്നവരൊക്കെ എന്തുതരം ആളുകളാണ്? അയാള്‍ക്ക് കരച്ചില് വന്നിട്ടാവും കരഞ്ഞത്. ആ വീടിന്റെ ചിത്രം കണ്ടാല്‍ കണ്ണുനിറയുമല്ലോ.. ജൂണ്‍ സിനിമയുടെ പൈങ്കിളി ക്ലൈമാക്‌സ് കണ്ടിട്ടുപോലും മനുഷ്യമ്മാര് കരയുന്നേ കണ്ടു, പിന്നാണ്.. രണ്ട് ചെറുപ്പക്കാരെ വെട്ടിക്കഷണിച്ച് ഇട്ടിരിക്കുന്നേ കണ്ടാല്‍ സാധാരണ മനുഷ്യര്‍ക്ക് കരയാനൊക്കെ തോന്നുമെടോ. ഈ ട്രോള്‍ കഴുകന്മാരെക്കൊണ്ടാണ് ഇവിടം മടുത്തു പോകുന്നത്. ഹൃദയശൂന്യരുടെ അസുരതാണ്ഡവം! ഗതികെട്ട കറുത്ത കാലം!’- എന്ന് സുജിത്ത് ചന്ദ്രന്‍ പറയുന്നു.

മുല്ലപ്പള്ളി പൊതുജനങ്ങളോട് സംസാരിക്കുമ്പോള്‍ വൈകാരികത നിറയുന്നത് മുമ്പും ശ്രദ്ധിച്ചിട്ടുണ്ടാകും. സാംബശിവന്റെ കഥാപ്രസംഗം പോലെ പലപ്പോഴും ആ പ്രസംഗങ്ങള്‍ അനുഭവപ്പെടുന്നതും അതാനാലാണ്. ഈ കരച്ചിലിലും കൃത്രിമത്വം കാണാനാകില്ലെന്നതാണ് സത്യം. അത്ര നിഷ്‌കളങ്കവും വൈകാരികവുമായിരുന്നു ആ കരച്ചില്‍. എല്ലാമെല്ലാമായ മകനെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളുടെ കരച്ചില്‍ കാണുമ്പോള്‍ കരായാതിരിക്കുന്നവന്‍ മനുഷ്യനല്ല. അതേസമയം മറ്റേതൊരു രാഷ്ട്രീയ നേതാവാണ് അത്തരത്തില്‍ കരഞ്ഞതെങ്കിലും മുതലക്കണ്ണീര്‍ എന്ന ആരോപണം നേരിടേണ്ടി വരുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പൊതുവെ കളിക്കാന്‍ അറിയാത്ത നേതാവായാണ് മുല്ലപ്പള്ളിയെ കണക്കാക്കുന്നത്. ഗ്രൂപ്പ് കളികളിലോ അധികാര വടം വലികളിലോ മുല്ലപ്പള്ളിയെ അങ്ങനെ കാണാന്‍ കിട്ടാറില്ല. അതിനാല്‍ തന്നെയാണ് കെപിസിസി അധ്യക്ഷനായിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നൊരു നേതാവുണ്ടെന്ന എന്ന പ്രതീതി ഈ സമൂഹത്തില്‍ ഇല്ലാത്തതും. സുധീരന്‍ വിചാരിച്ചിട്ട് നടക്കാത്തത് മുല്ലപ്പള്ളിയെ കൊണ്ട് എങ്ങനെ സാധിക്കുമെന്നും ഇതോടെ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നുമൊക്കെയാണ് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായപ്പോള്‍ വിമര്‍ശനമുയര്‍ന്നത്. കൊള്ളാവുന്ന വേറെ ആരും കോണ്‍ഗ്രസിലില്ലേയെന്ന ചോദ്യം പോലും അന്ന് ഉയര്‍ന്നു.

എന്നാല്‍ ഇന്നലത്തെ ഒറ്റ കരച്ചില്‍ കൊണ്ട് മുല്ലപ്പള്ളി അറിഞ്ഞോ അറിയാതെയോ ഈ വിമര്‍ശനങ്ങളെയെല്ലാം തകര്‍ത്തിരിക്കുകയാണ്. ഇന്ന് രാഷ്ട്രീയ ഭേദമന്യേ പലരും മുല്ലപ്പള്ളിയെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്റെ കരച്ചിലിനെ പരിഹസിക്കുന്നവരെ എതിര്‍ക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടുമുള്ള ബഹുമാനവും ഇഷ്ടവും ഒറ്റ ദിവസം കൊണ്ടാണ് മുല്ലപ്പള്ളി വിവിധ രാഷ്ട്രീയ അനുഭാവികള്‍ക്കിടയില്‍ നേടിയത്. പച്ചമനുഷ്യനായ ഈ നേതാവിനെ അവര്‍ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നത് അതിനാലാണ്. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കിയതിനെ പരിഹസിച്ചവര്‍ പോലും അതിലുണ്ടെന്നതാണ് ആ കണ്ണീരിന്റെ വിജയം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍