UPDATES

ബ്ലോഗ്

നരേന്ദ്ര മോദിയുടേത് രാജ്യരക്ഷയുടെ വീരസാഹസവും പിണറായി വിജയന്റെ ‘ധാർഷ്ട്യം’ ഒരു രാഷ്ട്രീയ ചർച്ചയുമാക്കുന്ന കുഴലൂത്ത് മാധ്യമപ്രവർത്തനം

ഇന്ത്യ എന്ന രാജ്യത്തിന്റെ മതേതര, ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്ക് എന്ന ചട്ടക്കൂട് കണ്മുന്നിൽ ഇല്ലാതാകുമ്പോഴും ജനാധിപത്യത്തിന് ഭീഷണി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ‘ശൈലി’ യാണെന്നൊക്കെ മണിക്കൂറുകൾ ചർച്ചചെയ്യുന്നത് നിഷ്ക്കളങ്കമായ ജനാധിപത്യ മര്യാദ കൊണ്ടല്ല

ആണവായുധം കയ്യിലുള്ളത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന് വെല്ലുവിളിക്കുന്ന നരേന്ദ്ര മോദിയുടേത് രാജ്യരക്ഷയുടെ വീരസാഹസവും പിണറായി വിജയൻ എന്ന ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ‘ധാർഷ്ട്യം’ ഒരു രാഷ്ട്രീയ ചർച്ചയുമാക്കുന്ന പരിപാടിയെയാണ് തന്ത്രപരമായ വലതുപക്ഷ മാധ്യമപ്രവർത്തനം എന്ന് വിളിക്കുന്നത്. നടപ്പാക്കാവുന്ന വിധികൾ മാത്രം സുപ്രീം കോടതി പുറപ്പെടുവിച്ചാൽ മതിയെന്ന് താക്കീത് നൽകിയ ബി ജെ പിയുടെ ദേശീയാധ്യക്ഷൻ അമിത് ഷായുടേത് ആചാര സംരക്ഷണവും സുപ്രീം കോടതി വിധിയും സ്ത്രീകൾക്കുള്ള തുല്യാവകാശവും നടപ്പിലാക്കുക എന്നത് ഒരു ഭരണഘടനാ, രാഷ്ട്രീയ ചുമതലയും പ്രതിബദ്ധതയുമാണെന്ന നിലപാട് ‘ധാർഷ്ട്യവും’ ആകുന്നതിനെയാണ് നാം വലതുപക്ഷ രാഷ്ട്രീയത്തിനുള്ള മാധ്യമ കുഴലൂത്ത് എന്ന് വിളിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരെ മുസ്ലീങ്ങളാണെന്ന ഒരൊറ്റക്കാരണത്താൽ കൊന്നുതള്ളിയ ഗുജറാത്ത് വർഗീയ കലാപത്തിന്റെ നടത്തിപ്പുകാർ ഇന്ത്യയിലെ അധികാരകേന്ദ്രത്തിലെ ഒന്നാമനും രണ്ടാമനുമാകുന്നത് ‘സ്വാഭാവികമായ’ ജനാധിപത്യ പ്രക്രിയയും ‘നായകൻ മോദി’ എന്ന തലക്കെട്ടുമാവുകയും, മറുവശത്ത് രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്തുള്ള വ്യക്ത്യാധിഷ്ഠിതമായ അസംസ്‌കൃത സ്വഭാവങ്ങൾ രാഷ്ട്രീയ സമസ്യകളായി കൊണ്ടാടുകയും ചെയ്യുന്നതിനെയാണ് മാധ്യമങ്ങൾ കപട അജണ്ടകൾ സൃഷ്ടിക്കുന്നു എന്ന് നാം പറയേണ്ടത്.

ഇന്ത്യ എന്ന രാജ്യത്തിന്റെ മതേതര, ജനാധിപത്യ ഭരണഘടനാ റിപ്പബ്ലിക്ക് എന്ന ചട്ടക്കൂട് കണ്മുന്നിൽ ഇല്ലാതാകുമ്പോഴും ജനാധിപത്യത്തിന് ഭീഷണി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ‘ശൈലി’ യാണെന്നൊക്കെ മണിക്കൂറുകൾ ചർച്ചചെയ്യുന്നത് നിഷ്ക്കളങ്കമായ ജനാധിപത്യ മര്യാദ കൊണ്ടല്ല; വളരെ ബോധപൂർവം മറ്റു പല വിഷയങ്ങളും ചർച്ച ചെയ്യാതിരിക്കുന്നതിനാണ്. ഒരു വ്യക്തി എന്ന നിലയിൽ ഒരു പൊതുജനാധിപത്യ സമൂഹത്തിൽ ഒരു പൊതുപ്രവർത്തകൻ കാണിക്കേണ്ട വ്യക്തിപരമായ ജനാധിപത്യ പെരുമാറ്റ രീതികൾ ഇല്ലാത്ത ഒരാളാണ് പിണറായി വിജയൻ. അതുകൊണ്ടാണ്, ‘തിരക്കുണ്ട്, പിന്നെ സംസാരിക്കാം’ എന്ന് പറയാവുന്ന ഒരിടത്ത് അയാൾ കടക്ക് പുറത്തെന്നോ, മാറി നിൽക്കങ്ങോട്ട് എന്നോ പറയുന്നത്. അത് ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജനാധിപത്യബോധം ഇല്ലാത്തതുകൊണ്ടുകൂടിയാണ്. എന്നാലിത് ജനാധിപത്യത്തേയും രാജ്യത്തിന്റെ മതേതര സ്വഭാവത്തേയും ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്റെ ഭൂരിപക്ഷ മതത്തിന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പാവുകയും ചെയ്യുന്ന സമയത്ത് അടിയന്തരമായി ചർച്ച ചെയ്തു പരിഹരിക്കേണ്ട ഒരു വിഷയമേയല്ല. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനപ്പുറം ഒരുതരത്തിലും രാജ്യത്തിന്റെ ഭരണവ്യവഹാരങ്ങളിൽ സ്ഥാനമില്ലാത്ത ജനങ്ങളുടെ ഗതികേടിനെ പരമാവധി സൗകര്യത്തോടെ ദുരുപയോഗം ചെയ്യുന്നതിന് സാധ്യമായ ഒരു സംവിധാനമാണ് ഈ രാജ്യത്തുള്ളത്. അതിലെ ഏറ്റക്കുറച്ചിലുകളുള്ള ഒരു കണ്ണി മാത്രമാണ് വിജയൻ. അതായത് ഉമ്മൻചാണ്ടിയെ തൊട്ടുരുമ്മി നിൽക്കാനും വിജയനിൽ നിന്ന് തീണ്ടാപ്പാടകലെ നിൽക്കാനുമുള്ള വ്യത്യസ്തതയിലാണ് നിങ്ങൾ ഈ ജനാധിപത്യ വ്യവഹാരത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തെ വിലയിരുത്തുന്നതെങ്കിൽ അത് യഥാർത്ഥ പ്രശ്നങ്ങളെ തമസ്കരിക്കാനുള്ള ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ്.

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ തകർച്ചയുടെ കാരണങ്ങൾ പിണറായി വിജയന്‍റെ ധാർഷ്ട്യമെന്ന എരിവും പുളിയും മനോധർമ്മം പോലെ ചേർക്കാവുന്ന അല്പവിഭവചർച്ചയിൽ ഒതുക്കിനിർത്തുന്നതും ഒരു തന്ത്രമാണ്. മൂലധനത്തിന്റെ താത്പര്യങ്ങളുമായി സി പി എം നേതൃത്വം നൽകുന്ന ഉടതുപക്ഷത്തിന്റെ സന്ധി ചെയ്യലും, വർഗ്ഗരാഷ്ട്രീയത്തെ മുൻ നിർത്തി നിരന്തരമായ ജനകീയ സമരങ്ങൾ നടത്തുന്നതിന് പകരം പോലീസിന്റെ മനോവീര്യമെന്ന ബൂർഷ്വാ കക്ഷികളുടെ അച്ചടക്ക ഭാഷയിലേക്ക് മാറിയതും പരിസ്ഥിതി വിഷയങ്ങളിലെ മുതലാളിത്ത വികസനവാദത്തിന്റെ ചുവടുപിടിച്ചുള്ള നയം മാറ്റങ്ങളുമൊന്നും ഇടതുപക്ഷ വിമർശന മാധ്യമ ചർച്ചകളിൽ നിങ്ങൾക്ക് കാണാനാവില്ല. അത്തരം നയങ്ങൾ ഈ മാധ്യമതാത്പര്യങ്ങളുടേത് കൂടിയാണ് എന്നതാണ് കാരണം. ഇടതുപക്ഷം ആ നയങ്ങളൊന്നും തിരുത്തണമെന്നും അവർക്കഭിപ്രായമില്ല. അദാനിക്ക് കടലും കടൽത്തീരവും വിൽക്കുന്ന മോദിയും ഉമ്മൻ ചാണ്ടിയും അത് അഴിമതിയാണെന്നു ആദ്യം ആരോപിക്കുകയും പിന്നീടത് നടത്തിക്കൊടുക്കുകയും ചെയ്യുന്ന പിണറായി വിജയനും തമ്മിൽ അത്തരം നയങ്ങളിൽ ‘ശൈലീ ഭേദം’ ഉണ്ടാകണമെന്ന് അവർക്കില്ല. മറിച്ച് പിണറായി വിജയന്‍റെ ശരീരഭാഷയിൽ ഇടതുപക്ഷ വിമർശനം കുരുങ്ങിക്കിടക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്.

വാസ്തവത്തിൽ പിണറായി വിജയന്‍റെ ശൈലിയൊക്കെ വളരെ ചെറിയ കാര്യമാണ്. പെരുമാറ്റ മര്യാദകൾ ഇല്ലാത്ത നേതാക്കൾ ജനാധിപത്യ സമൂഹത്തിന് ചേരാത്തവരാണ്. സംശയമൊന്നുമില്ല. എന്നാൽ നേതൃത്വത്തിന്റെ ജനാധിപത്യബോധം ഒരു സമൂഹത്തിന്റെ രാഷ്ട്രീയ-സമ്പദ് സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. നല്ല അസ്സല് മര്യാദക്കാരൻ, പശുവിറച്ചി തിന്നുന്നവരെ മാത്രമേ കൊല്ലൂ. എന്താ സംസ്കാരസമ്പന്നത, മുസ്ലീങ്ങളോട് മാത്രമേ വിരോധമുള്ളൂ, ആണവബോംബ് പൊട്ടിക്കുമെന്നെ പറയുന്നുള്ളു, പൊട്ടിക്കാനല്ലെങ്കിൽ പിന്നെന്തിനാണീ ബോംബ് എന്ന മട്ടിൽ ശൈലികൾ സ്വാഭാവികമാവുന്നുണ്ട്.

ഒരു കാൽ നൂറ്റാണ്ടിനു ശേഷം നിങ്ങൾ ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ചരിത്രം നോക്കുമ്പോൾ പിണറായി വിജയന്റെ വ്യക്തിപരമായ ശൈലിയുടെ ലാവണ്യവിശകലനം എത്രത്തോളം എടുക്കാച്ചരക്കാകുമെന്നത് അത്തരത്തിലൊരു ചരിത്രവായനയിൽ പ്രാഥമികജ്ഞാനമുണ്ടെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയം ഉറപ്പാവുകയും തന്റെ ബങ്കറിന്‌ പുറത്ത് ബെർലിനിൽ സോവിയറ്റ് ചെമ്പട നിയന്ത്രണമേറ്റെടുത്തുവെന്നും മനസിലാക്കിയ ഹിറ്റ്ലർ തന്റെ കാമുകിയായ ഇവാ ബ്രൗണിനെ അവിടെവെച്ച് വിവാഹം കഴിച്ചു. ശേഷം ഇരുവരും ആത്മഹത്യ ചെയ്തു. ചരിത്രത്തിൽ നീയെന്റെ വെപ്പാട്ടിയായി അറിയപ്പെടരുത് എന്നായിരുന്നത്രെ ഹിറ്റ്‌ലർ പറഞ്ഞത്. പ്രണയകാല്പനികതയിൽ ചേർത്തുവെക്കാവുന്ന ആ ഹിറ്റ്‌ലറെ വെച്ചല്ല നമ്മൾ ചരിത്രം വിശകലനം ചെയ്യുന്നത്.

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പറയുന്നത് ആചാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ തുല്യാവകാശമെന്ന ജനാധിപത്യ രാഷ്ട്രീയം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവർ ഫെമിനിച്ചികളും കൂത്തിച്ചികളും ആണെന്നാക്രോശിക്കുന്ന നാമജപവും ആകുന്നത് ഒരു ശൈലിയാണ്. ആ ശൈലി മാറ്റേണ്ടതില്ല എന്നത് പൊതുസമ്മതിയാകും. എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് കയറാൻ അവകാശമുണ്ടെന്ന് പറയുന്നത് ധാർഷ്ട്യമായി മാറും. അതായത് ജാവ വളരെ powerful ആണ്. simple-മാണ്. ശബരിമലയിൽ സ്ത്രീത്വത്തിന് പ്രത്യേകിച്ച് വെല്ലുവിളിയൊന്നുമില്ലെന്നും മാതൃത്വമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും ഇതൊക്കെ വിശ്വാസികൾ അവർക്കുള്ളിൽ ചർച്ച ചെയ്തു തീർപ്പാക്കേണ്ട കാര്യമാണ് എന്നും സർക്കാരിനും കോടതിക്കും വലിയ പങ്കൊന്നും ഉണ്ടാകേണ്ടതില്ല എന്നും നെടുനീളൻ പ്രസ്താവന പുറപ്പെടുവിച്ച, ആർ എം പിയെ പോലുള്ള ഒരു കക്ഷിയും നീട്ടിവലിച്ചാൽ അവകാശപ്പെടുന്നത് Revolutionary Marxist Party എന്നാണ്. മാർക്സിസത്തിന്റെ അനന്ത സാധ്യതകൾ.

ഇടതുപക്ഷത്തിന്റെ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശൈലി അതിന്റെ വർഗരാഷ്ട്രീയമാണ്. ചരിത്രത്തിൽ അതിനേറ്റ തിരിച്ചടിയെ അവലോകനം ചെയ്യുമ്പോൾ പോലും അതിനെ ഒരു വ്യക്തിയിൽ കൊണ്ടുപോയി തളച്ചിടുന്നത് മാർക്സിസ്റ്റ് വിശകലന രീതിയല്ല. ഏകാധിപതിയുടെ മനഃശാസ്ത്രവിശകലനം Political -economy യുടെ വിശകലനത്തിൽ വളരെ നേരിയ ഒരു നോട്ടം മാത്രമാണ്. അവരെ സാധ്യമാക്കുന്ന വസ്തുനിഷ്ഠമായ, മൂർത്തമായ സാഹചര്യങ്ങളെയാണ് വിശകലനം ചെയ്യേണ്ടത്. അതുകൊണ്ടാണ് തീവ്ര വലതുപക്ഷത്തിന്റെ ആഗോള മുന്നേറ്റത്തിൽ മോദിയുണ്ടാകുന്നത്. മൂലധനത്തിന്റെ ആഗോളപ്രതിസന്ധിയിലും അതിനെ മറികടക്കാനുള്ള അതിന്റെ കൂടുതൽ ഹിംസാത്മകമായ തന്ത്രങ്ങളിലും ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിവേഗം ഇടം കിട്ടുന്നത്.

Post -Colonial ഇന്ത്യ അതിന്റെ രാഷ്ട്രീയ വൈരുധ്യങ്ങളിൽ നിർണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അത് മുതലാളിത്തത്തിന്റെ വ്യാപനവും ജാതി ബന്ധങ്ങൾ അതിലുണ്ടാക്കുന്ന വൈരുധ്യങ്ങളും അവ തമ്മിലുള്ള സവിശേഷമായ കൊടുക്കൽ വാങ്ങലുകളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്ന പുതിയ സാമൂഹ്യ സാഹചര്യങ്ങളുണ്ടാകുന്നത്. ഇങ്ങനെ നിരവധിയായ ഘടകങ്ങളിൽ പിണറായി വിജയൻറെ ശരീരഭാഷയും ധാർഷ്ട്യവുമൊക്കെ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾക്ക് എന്തായാലും മനഃശാസ്ത്രത്തിലോ പെരുമാറ്റ മര്യാദയിലോ അല്ല താത്പര്യം. ചർച്ച ചെയ്യാതെ പോകുന്നു എന്നുറപ്പാക്കുന്ന മറ്റു വിഷയങ്ങളിലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: പാർട്ടി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച മാത്രമല്ല, ശബരിമലയും പരിശോധിക്കും: സീതാറാം യെച്ചൂരി

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍