UPDATES

ബ്ലോഗ്

മാലാഖയെന്ന് മഹത്വപ്പെടുത്തുന്നതിന് മുന്‍പ് ന്യായമായ ശമ്പളവും അര്‍ഹിക്കുന്ന ആദരവും കൂടി ഒരു നഴ്സിന് ആവശ്യമുണ്ട്

ലിനിയെപ്പോലെ, ആത്മാർഥമായി പണിയെടുക്കുന്നവരെ, എഡ്യൂക്കേറ്റഡ് ആയ, well able ആയ പ്രൊഫഷണലുകൾ എന്ന രീതിയിൽ ബഹുമാനിക്കയും അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യണമെന്ന് ആശിക്കുന്നു.

രന്യ ദാസ്

രന്യ ദാസ്

നിപ രോഗബാധയേറ്റ് മരിച്ച സ്റ്റാഫ് നേഴ്സ് ലിനിയുടെ ഒന്നാം ചരമവാർഷിക വാർത്ത കഴിഞ്ഞ ദിവസം കണ്ടു. ലിനിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥതപ്പെടുത്തിയത് മാലാഖവിളിയായിരുന്നു. അവർ സഹനത്തിന്റെ, സ്വയം സമർപ്പണത്തിന്റെ മാലാഖ എന്നൊക്കെ കുറേ കേട്ടു.

നിപ കാലത്ത് മെഡിക്കൽ കോളേജിൽ എന്റെ അടുത്ത സുഹൃത്ത് നഴ്സായി ജോലി ചെയ്തിരുന്നു. ഫോൺ വിളിക്കുമ്പോ അവള് പറയും ,പേടി ആയിട്ട് പാടില്ല, ലീവ് എടുത്ത് വീട്ടിൽ പോയാലോന്ന് ആലോചിക്കുന്നു, പക്ഷെ അതു ശരിയല്ലല്ലോന്ന്.

ശരിയാണ്.

അങ്ങനെ ചെയ്യുന്നതിൽ ഒരു ശരികേടുണ്ട്.

ആ ശരികേടിനെ കുറിച്ച് വ്യക്തമായി ബോധ്യമുള്ളതിനാലാവണം ലിനി അടക്കമുള്ള ജോലിക്കാർ മരണഭീതിയെ ഒരറ്റത്തേക്ക് മാറ്റി വച്ച് പണിയെടുത്തത്.

അങ്ങനെയിരിക്കെ സമൂഹം ഒന്നടങ്കം നഴ്സുമാരെ മാലാഖമാരാക്കുന്നു. ചർച്ചയ്ക്കായി പൊങ്ങി വരേണ്ട വേതനക്കുറവ്, തൊഴിലിടത്തിലെ സുരക്ഷ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവ ആ വിളിയിൽ മാഞ്ഞില്ലാതാവുന്നു.

ആ വാക്കിനോട് എനിക്കെല്ലാ കാലവും സംശയവും അനാദരവുമേ തോന്നിയിട്ടുള്ളു. മഹത്വപ്പെടുത്തി മൂലയ്ക്കാക്കുക എന്നൊരു കുഴി അതിനുളളിലുണ്ട്. നമ്മൾ അമ്മമാരെ മഹാൻമാരാക്കുന്ന കണക്ക്. അമ്മയെന്നാൽ സർവംസഹയാണ്, മാതൃത്വം പരിപാവനമാണ് എന്നൊക്കെ മഹത്വപ്പെടുത്തി അമ്മമാരുടെ പ്രശ്നങ്ങളെ, വേദനകളെയൊക്കെ സാമാന്യവത്ക്കരിക്കുന്ന ആ തന്ത്രം മാലാഖ വിളിയിലുമുണ്ട്. നിങ്ങൾ ഒരു പക്ഷെ ആത്മാർഥമായാണ് ബഹുമാനത്തോടെയാണ് അത് പറയുന്നതെങ്കിൽ ‘പ്രൊഫഷണല്‍സ്’ എന്ന് പറയണമെന്നാണ് എന്റെ ആഗ്രഹം.

കാരണങ്ങളുണ്ട്.

1. നഴ്സ് എന്നാൽ കരുണയുടെ മറ്റൊരു പേരാണ്, സഹനത്തിന്റെ പ്രതീകമാണ് എന്നൊക്കെയുള്ള പൊതുബോധം വളരെ അബദ്ധമാണ്. നഴ്സിംഗ് പഠിക്കുമ്പോൾ പ്രൊഫഷനല്‍ എത്തിക്സിൽ നമ്മൾ പഠിക്കുന്ന ഒരു കാര്യമാണ് being empathetic to your patients എന്നത്. നിങ്ങളുടെ മുൻപിൽ വരുന്ന രോഗിയോട് അവന്റെ പ്രശ്നങ്ങളെ നമ്മുടെ കൂടെ പ്രശ്നങ്ങളായി കണ്ട് ജോലി ചെയ്യുക എന്നത് ജോലി നഴ്സുമാരോട് ആവശ്യപ്പെടുന്ന ഒന്നാണ്.

പൊട്ടിത്തെറിക്കുന്ന, നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുന്ന, മേശപ്പുറം വൃത്തിയാക്കാനും ബെഡ്ഷീറ്റ് മടക്കിവയ്ക്കാനും ആജ്ഞാപിക്കുന്ന രോഗികൾ അടക്കമുള്ളവരോട് ഒരു ചെറു ചിരിയോടെ മറുപടി പറയുന്നുവെങ്കിൽ അതിനെ പ്രൊഫഷണലിസം എന്നാണ് വിളിക്കേണ്ടത്. നൂറു കൂട്ടം തിരക്കുകൾക്കിടയിൽ ഉള്ളില് ചീത്ത വിളിച്ചോണ്ട് പുറമെ ചിരിച്ചു നിന്നിട്ടുണ്ട്. അത് ആശുപത്രി ജീവിതം ഒരാളെ അസ്വസ്ഥനാക്കുമെന്നും രോഗം വരുത്തി വയ്ക്കുന്ന സമ്മർദങ്ങളാവാം അതിനു കാരണമെന്നുള്ള സാമാന്യബോധം ഉള്ളിലുള്ളത് കൊണ്ടാണ്. ഇനി അതല്ലെങ്കിൽ കൂടി അത്തരം രോഗികളെ സംയമനത്തോടെ കൈകാര്യം ചെയ്യാനാണ് പ്രൊഫഷന്‍ പറയുന്നത്.

അതിനാണ് ശമ്പളം കിട്ടുന്നത്.

2. ഒരു നഴ്സ് എന്ന നിലയിൽ ജോലി, മരണത്തെയും വേദനകളെയും നിസംഗതയോടെ കാണാനാണ് എന്നെ പഠിപ്പിച്ചത്. ഒരു രോഗി മരിക്കുമ്പോൾ അയാൾ നൂറു കണക്കിന് ആളുകൾക്കിടയിൽ ഒരാളാണെന്ന് ഞാൻ ചിന്തിക്കുന്നു. അയാളെ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം റൂം വൃത്തിയാക്കി അടുത്ത രോഗിയെ സ്വീകരിക്കാൻ തയ്യാറാവുന്നു. മരണശേഷമുള്ള പ്രാഥമിക കാര്യങ്ങൾ ചെയ്ത് ബന്ധുക്കളെ ആശ്വസിപ്പിച്ച് തിരികെ വന്ന് ബ്രെയ്ക്കിനു പോകുമ്പോൾ എനിക്ക് എന്റെ ലോകത്തേക്ക് മടങ്ങിപ്പോകാൻ പറ്റുന്നു. അത്തരമൊരു നിസംഗത ഭൂരിഭാഗം നഴ്സുമാരിലും ഈ ജോലി ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

നിങ്ങളുടെ രോഗിയുടെ വേദനയും മരണവും ഒരു പരിധിയ്ക്കപ്പുറം നിങ്ങളുടെ ഉള്ളുലയ്ക്കാതാവുന്നു.

അങ്ങനെ ഉലയ്ക്കുകയുമരുത് എന്നാണ് പ്രൊഫഷന്‍ ആവശ്യപ്പെടുന്നത്.

Also Read: ലിനി മാലാഖയല്ല; സ്വന്തം തൊഴില്‍ അഭിമാനകരമായി ചെയ്തു തീര്‍ത്ത പോരാളിയാണ്

3. Nursing is always a risky business. പലതരം രോഗങ്ങൾക്കിടയിലൂടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ശ്രദ്ധിക്കാതെ തെന്നിമാറി കൊള്ളുന്ന സൂചി നിങ്ങളെ മാറാ രോഗിയാക്കിയേക്കാം. പകർച്ചവ്യാധികളുമായി എത്തുന്ന രോഗികളെ പരിചരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ എത്ര protective measures എടുത്താലും രോഗം കിട്ടാനുള്ള ഒരു ശതമാനം സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് നിൽക്കുന്നത്. അത്തരം വെല്ലുവിളികൾ അറിഞ്ഞുതന്നെയാണ് പ്രൊഫഷൻ ഇതു മതിയെന്ന് തീരുമാനിച്ച് ജോലിക്കെത്തുന്നതും. അപ്പോ തിരിച്ച് സ്ഥാപനത്തിൽ നിന്നും സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് എടുക്കുന്ന റിസ്കിന് അനുസരിച്ചുള്ള വേതനവും അംഗീകാരവുമാണ്. കിട്ടുന്നത് ഒരു ചിലവുമില്ലാത്ത മാലാഖ വിളിയും.

ലിനിയെപ്പോലെ, ഉൾഭയം ജോലിക്ക് തടസമാകരുതെന്ന് കരുതി ആത്മാർഥമായി പണിയെടുക്കുന്നവരെ, എഡ്യൂക്കേറ്റഡ് ആയ, well able ആയ പ്രൊഫഷണലുകൾ എന്ന രീതിയിൽ ബഹുമാനിക്കയും അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യണമെന്ന് ആശിക്കുന്നു.

ഈ മഹത്വപ്പെടുത്തലൊക്കെ മാറ്റി വച്ച്, മനുഷ്യർ അവർക്ക് ഉത്തരവാദിത്തപ്പെട്ട ജോലികൾ വെടിപ്പായി ചെയ്യുമ്പോൾ അംഗീകരിക്കാനും ആദരിക്കാനും ന്യായമായ ശമ്പളം ഉറപ്പാക്കാനും സമൂഹം വളർന്നില്ലെങ്കിൽ നഴ്സുമാരിനിയും occasional മാലാഖമാരായി തഴയപ്പെട്ടു കൊണ്ടേയിരിക്കും.

[Note from, അർഹിക്കുന്ന ബഹുമാനവും ശമ്പളവും കിട്ടുന്ന ഒരു തൊഴിലിടത്തിലേ നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവിൽ നാടുവിട്ട NOT A മാലാഖ നഴ്സ്]

(രന്യ ഫേസ്ബുക്കില്‍ എഴുതിയത്)

Azhimukham Special: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

രന്യ ദാസ്

രന്യ ദാസ്

നഴ്സ്, അയര്‍ലണ്ടിലെ ലിമെറിക്കില്‍ താമസം. ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലും എഴുതാറുണ്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍