UPDATES

ബ്ലോഗ്

2019ല്‍ മിനിമം വരുമാനത്തെക്കുറിച്ച് പറയുന്നവര്‍ 2004ലെ ഇടതുപക്ഷം മുന്നോട്ട് വച്ച പൊതുമിനിമം പരിപാടി മറക്കരുത്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പരിപാടികളിലൂടെ പ്രതിമാസം സാധാരണക്കാർക്ക് 6000 രൂപ ഉറപ്പാക്കുമെന്നതാണ് ഈ പദ്ധതി പ്രവർത്തികമാക്കാൻ മുന്നോട്ടു വയ്ക്കുന്നതിൽ പ്രയോഗികത ഉറപ്പാക്കുന്ന ഒരു ഭാഗം.

യുപിഎ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമ വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. രാജ്യത്തെ ഏറ്റവും ദരിദ്രമായ 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതിക്ക് 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായുള്ള ബന്ധവും തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പൊതുമിനിമം പരിപാടിയുടെ പങ്കുമാണ് മാധ്യമപ്രവര്‍ത്തകനായ ദിപിന്‍ മാനന്തവാടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പരിപാടികളിലൂടെ പ്രതിമാസം സാധാരണക്കാർക്ക് 6000 രൂപ ഉറപ്പാക്കുമെന്നതാണ് ഈ പദ്ധതി പ്രവർത്തികമാക്കാൻ മുന്നോട്ടു വയ്ക്കുന്നതിൽ പ്രയോഗികത ഉറപ്പാക്കുന്ന ഒരു ഭാഗം എന്ന് ദിപിന്‍ ചൂണ്ടിക്കാട്ടുന്നു.


ദിപിന്‍ മാനന്തവാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

കഴിഞ്ഞ ദിവസം കോൺഗ്രസ് തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ പ്രധാന വാഗ്ദാനത്തിലൊന്നായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ‘ന്യൂനതം ആയ് യോജന’യാണ് ഇപ്പോൾ ചർച്ചാ വിഷയം. ജനസംഖ്യയുടെ 20% വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് 12,000 രൂപ ഉറപ്പു വരുത്തുന്ന പദ്ധതിയാണിതെന്നാണ് വിശദീകരണം. രാജ്യത്തെ കാൽക്കോടിയിലേറെ വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് പ്രതിവർഷം മിനിമം 72,000 രൂപ അവരുടെ അക്കൗണ്ടിൽ ഈ പദ്ധതി വഴി എത്തുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടി വരുന്ന ഭീമമായ തുക തന്നെയാണ് ഈ പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച വിമർശനങ്ങൾക്ക് ഇപ്പോൾ അടിസ്ഥാനമായിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം പ്രതിവർഷം 72000 രൂപ പദ്ധതിക്ക് അർഹരായ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പരിപാടികളിലൂടെ പ്രതിമാസം സാധാരണക്കാർക്ക് 6000 രൂപ ഉറപ്പാക്കുമെന്നതാണ് ഈ പദ്ധതി പ്രവർത്തികമാക്കാൻ മുന്നോട്ടു വയ്ക്കുന്നതിൽ പ്രയോഗികത ഉറപ്പാക്കുന്ന ഒരു ഭാഗം.

ഇത്തരത്തിൽ പ്രായോഗികത ഉറപ്പാക്കുന്ന ഈ ഭാഗമാണ് ഈ ഘട്ടത്തിൽ നാം ചർച്ച ചെയ്യേണ്ടത്. 2004ൽ രൂപീകരിക്കപ്പെട്ട ഒന്നാം യു.പി.എ സർക്കാറിന്റെ കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്. ഒരു വ്യാഴവട്ടത്തിനിപ്പുറം സാധാരണക്കാരന്റെ മനസ്സിൽ ഇടം പിടിക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിത്തറയിൽ നിന്ന് ഒരു വാഗ്ദാനം കോൺഗ്രസ് മുന്നോട്ടു വയ്ക്കുമ്പോൾ ചർച്ചയാകേണ്ടത് 2004ൽ യു.പി.എ തയ്യാറാക്കിയ കോമൺ മിനിമം പ്രോഗ്രാമാണ്.

അതിന് മുമ്പ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഒന്ന് സൂചിപ്പിച്ച് പോകാം. 2004ൽ കോമൺ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിലെ അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിലും കൂലിയും സർക്കാർ ഉറപ്പാക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമം നടപ്പിൽ വരുന്നത്. 2005 സെപ്തംബർ മാസത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA) പാർലമെന്റിൽ പാസാകുന്നത്. അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ അന്തസത്ത. 125 രൂപയായിരുന്നു ഇത്തരത്തിൽ ഉറപ്പാക്കപ്പെട്ട തൊഴിൽ ദിനങ്ങളുടെ കൂലി.

ഇന്ന് പ്രതിദിന കൂലി വർദ്ധിപ്പിച്ച് 276 രൂപയാക്കിയിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൂറു തൊഴിൽ ദിനങ്ങൾ എന്നത് ഇരുനൂറ് തൊഴിൽ ദിനങ്ങളായി പുനർ നിശ്ചയിട്ടുണ്ട്. നിലവിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവർഷം 27,600 രൂപ തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് ലഭ്യമാകുന്നുണ്ട്. ആദിവാസി വിഭാഗങ്ങൾക്ക് ഇത് പ്രകാരം ലഭ്യമാകുന്നത് 55200 രൂപയാണ്. പ്രളയത്തിന്റെ സാഹചര്യം പരിഗണിച്ച് ഇത്തവണ കേരളത്തിന് 150 തൊഴിൽ ദിനങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

2005ൽ 125 രൂപ കൂലിയെന്നത് പതിനാല് വർഷം കൊണ്ട് 151 രൂപ മാത്രമാണ് വർദ്ധിച്ചത്. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഒഴിച്ച് ഉറപ്പ് നൽകുന്ന ദിനങ്ങളിൽ വർദ്ധന വരുത്താനും സാധിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിന് പര്യാപ്തമായ തുക ബഡ്ജറ്റിൽ മാറ്റി വയ്ക്കാൻ മോദി സർക്കാർ തയ്യാറാകാത്തത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ മുൻസിപ്പാലിറ്റി പരിധിയിലെ സാധാരണക്കാർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ അയ്യൻകാളി തൊഴിൽദാന പദ്ധതി അന്നത്തെ വി.എസ്.അച്യുതാനന്ദൻ സർക്കാർ നടപ്പിലാക്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയെന്ന ആശയം രൂപപ്പെടുത്തിയ ഇടതുപക്ഷം നഗരപരിധിയിലെ തൊഴിൽ ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങൾക്കും തൊഴിൽ നൽകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് അയ്യൻകാളി തൊഴിൽദാന പദ്ധതി നടപ്പിലാക്കിയത്. 2018-2019 വർഷത്തിൽ അമ്പത് കോടി രൂപ അയ്യൻകാളി തൊഴിൽദാന പദ്ധതിയ്ക്കായി മാറ്റി വച്ച ഇടതുപക്ഷ സർക്കാർ 2019-20 വർഷത്തേയ്ക്ക് പദ്ധതി വിഹിതത്തിൽ 50% വർദ്ധനയും പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഗ്രാമീണ മേഖലയിലെ സാധാരണ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവർഷം 27,600 രൂപ ലഭിക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്ക് 55200 രൂപയും. ഈ വരുമാനത്തിന്റെ അടിത്തറയിൽ നിന്നാണ് ജനസംഖ്യയുടെ 20% വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് 72000 രൂപയുടെ വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം കോൺഗ്രസ് നൽകിയിരിക്കുന്നത്.

ഒന്നാം യു.പി.എ സർക്കാരിന്റെ കോമൺ മിനിമം പരിപാടിയിൽ ഇടതുപക്ഷം മുന്നോട്ടുവച്ച തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സാധ്യത പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ‘ന്യൂനതം ആയ് യോജന’ എന്ന കോൺഗ്രസ് വാഗ്ദാനമെന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജനപ്രീതി വീണ്ടെടുക്കാൻ കോൺഗ്രസിന് ഇടതുപക്ഷം മുന്നോട്ടു വച്ച ഒരു ആശയത്തെ വികസിപ്പിക്കേണ്ടി വന്നു എന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തി ചോദ്യം ചെയ്യുന്നവർ കാണാതെ പോകരുത്. ഇടതുപക്ഷം 2004ൽ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവച്ച തൊഴിലുറപ്പ് പദ്ധതി കാലാനുസൃതമായി സാധാരണക്കാരന് ഗുണകരമായി നവീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പിന്നീട് അധികാരത്തിൽ വന്ന രണ്ടാം യു.പി.എ സർക്കാരിനും, മോദി സർക്കാരിനും എത്രമാത്രം സാധിച്ചു എന്നതും വിമർശനപരമായി ചർച്ച ചെയ്യണം.

‘ന്യൂനതം ആയ് യോജന’ ചർച്ചയാകുമ്പോൾ ഒന്നാം യു.പി.എ സർക്കാർ തയ്യാറാക്കിയ കോമൺ മിനിമം പരിപാടിയും അതിലുള്ള ഇടതുപക്ഷ സ്വാധീനവും ഓർമ്മിച്ച് പോകേണ്ടതുണ്ട്. 2004 ൽ സി.പി.എം പുറത്തിറക്കിയ പ്രകടനപത്രികയിൽ തൊഴിൽ ചെയ്യാനുള്ള അവകാശം മൗലിക അവകാശമായി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ജോലിക്ക് പകരം ഭക്ഷണം പദ്ധതിയിലൂടെ തൊഴിൽ സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് ഒന്നാം യു.പി.എ സർക്കാർ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിക്കുന്നത്.

സംഘപരിവാർ നിയന്ത്രിച്ച വാജ്പെയ് സർക്കാരിന്റെ ഭരണത്തുടർച്ച രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് 145 സീറ്റിൽ വിജയിച്ച കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിയെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തീരുമാനിക്കുന്നത്. 218 അംഗങ്ങളുടെ പിന്തുണ മാത്രമുണ്ടായിരുന്ന യു.പി.എയ്ക്ക് 59 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ നിർണ്ണായകമായിരുന്നു. 2004ൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ 19 പേരും ഇടതുപക്ഷ അംഗങ്ങളായിരുന്നു. മന്ത്രിസഭയിൽ ചേർന്ന്‌ യു.പി.എ യെ പിന്തുണയ്ക്കാനായിരുന്നു ഇടതു പക്ഷത്തിന് മുന്നിൽ അന്നത്തെ പ്രതിപക്ഷ സഖ്യം മുന്നിൽ വച്ച നിർദ്ദേശം. ചോദിക്കുന്ന ഏത് വകുപ്പും ലഭിക്കുമായിരുന്ന സാഹചര്യത്തിലും ഭരണത്തിൽ പങ്കാളിയാകാതെ പുറത്തു നിന്നും പിന്തുണ നൽകാനായിരുന്നു ഇടതുപക്ഷത്തിന്റെ തീരുമാനം. ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്തുണ എന്നതായിരുന്നു സി.പി.എമ്മിന്റെ ഏക പിടിവാശി. ഈ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലത്തോളം സർക്കാരിനെ പിന്തുണയ്ക്കുമെന്നും ഇടതുപക്ഷം വ്യക്തമാക്കി.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ നയങ്ങൾ അവിഷ്കരിച്ച UPA സർക്കാർ സാധാരണക്കാരനെ പരിഗണിക്കുന്ന നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, ഭൂമി ഏറ്റടുക്കൽ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ പദ്ധതികളെല്ലാം കോമൺ മിനിമം പ്രോഗ്രാം മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ നിന്നും വിഭിന്നമായ ഇടതുപക്ഷ നടപാടുകളാണ് ഇന്നും ജനപ്രിയമായ ഈ പദ്ധതികളിൽ പ്രതിഫലിക്കുന്നതെന്ന് അന്നേ വിശകലനമുണ്ടായിരുന്നു. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വിശകലനം ചെയ്തതിന് ശേഷം ഒന്നാം യു.പി.എ സർക്കാരിന്റെ കോമൺ മിനിമം പോഗ്രാം കൂടി വസ്തുഷ്ഠമായി വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഒന്നാം യു.പി.എ സർക്കാറിന്റെ ജനപ്രിയ പദ്ധതികളിലെ ഇടതുപക്ഷ സ്വാധീനം ഇതിൽ നിന്നും വ്യക്തമാണ്.

സി.പി.എം തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ – 2004

https://cpim.org/…/election-manifesto-lok-sabha-elections-2…

കോമൺ മിനിമം പ്രോഗ്രാം
https://www.thehindu.com/…/…/28/stories/2004052807371200.htm

ന്യൂനതം ആയ് യോജനയുടെ പ്രായോഗികതയെ സംബന്ധിച്ച തുറന്ന ചർച്ചകൾ നടക്കട്ടെ. അതോടൊപ്പം 2004 ലെ യു.പി.എ സർക്കാരിലെ ഇടതുപക്ഷ സ്വാധീനം അതിന്റെ ജനപ്രിയതയിൽ എത്രമാത്രം പങ്കു വഹിച്ചു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു എന്നതാണ് ഇവിടെ സവിശേഷമായി ചൂണ്ടി കാണിക്കപ്പെടേണ്ടത്. ദീർഘവീക്ഷണത്തോടെ 2004ൽ ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാടുകൾ 2019ലെ സവിശേഷ സാഹചര്യത്തിൽ കോൺഗ്രസ് ജനപ്രിയത തിരിച്ചു പിടിക്കുവാനായി ഉപയോഗപ്പെടുത്തുന്നു എന്നത് തന്നെയാണ് പ്രധാന്യത്തോടെ വിലയിരുത്തപ്പെടേണ്ടത്. ഈ സാഹചര്യത്തിലാണ് ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്തെ കോമൺ മിനിമം പ്രോഗ്രാം ചർച്ചയാകേണ്ടത്.

നവലിബറൽ നയങ്ങളും വലത് തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രവും കോർപ്പറേറ്റ് രാഷട്രീയത്തിന്റെ പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തുമ്പോൾ സാധാരണക്കായ കൃഷിക്കാർ ദുരിതക്കയത്തിലാണ്, സാധാരണക്കായ പാവപ്പെട്ട ചെറുപ്പക്കാർ രൂക്ഷമായ തൊഴിലില്ലായ്മയുടെ വറചട്ടിയിലാണ്. ഈയൊരു സാഹചര്യത്തിൽ പരിമിതികൾക്ക് അകത്ത് നിന്ന് ജനപ്രിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒന്നാം യു.പി.എ സർക്കാർ മുന്നോട്ടുവച്ച കോമൺ മിനിമം പ്രോഗ്രാമിലെ ഇടതുപക്ഷ കാഴ്‌ചപ്പാടുകൾ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ട്. അതോടൊപ്പം 2004ൽ സി.പി.എം ജനങ്ങൾക്ക് മുമ്പിൽ വച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രിക കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഭൂപരിഷ്കരണം, വിദ്യഭ്യാസം, ആദിവാസി വിഭാഗം, തൊഴിൽ തുടങ്ങിയവ പ്രധാന വിഷയങ്ങളിൽ സി.പി.എം. പ്രകടന പത്രിക മുന്നോട്ടു വച്ചിരിക്കുന്ന നിലപാട് പ്രസക്തമാണ്. (ഈ ടേപ്പിക്കുകളിലെ നിലപാട് ഫോട്ടോ ആയി ചേർത്തിട്ടുണ്ട്) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, ഭൂമി ഏറ്റടുക്കൽ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം എന്നിവയെ 2004ൽ സി.പി.എം മുന്നോട്ടുവച്ച തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ കൂടി വേണം വിലയിരുത്താൻ.

ഈ പശ്ചാത്തലത്തിൽ കോമൺ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ നടന്ന ചില ചർച്ചകൾ കൂടി വിലയിരുത്തി പോകേണ്ടതുണ്ട്.

https://frontline.thehindu.com/…/stor…/20040827002208900.htm

https://www.ndtv.com/…/aam-aadmi-party-could-adopt-upas-com…

ഒന്നാം യു.പി.എ സർക്കാരിന് പിന്തുണ പിൻവലിച്ച് ഇടതുപക്ഷം പുറത്തിറക്കിയ പത്രക്കുറിപ്പ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. ഒന്നാം യു.പി.എ സർക്കാരിന്റെ ജനപ്രിയതയിൽ ഭരണത്തുടർച്ച ലഭിച്ച രണ്ടാം യു.പി.എ സർക്കാർ അഴിമതിയുടെ കുണ്ടിൽ വീണ് പുതഞ്ഞ് വീണ്ടും സംഘപരിവാറിന് അധികാരം തിരിച്ചു പിടിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്ന് വർത്തമാന വിഷയങ്ങൾ കൂടി പരിഗണിച്ച് വിലയിരുത്തപ്പെട്ടണം.

ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ഇടതുപക്ഷത്തിന്റെ പത്രക്കുറിപ്പ്. ഒന്നാം യു.പി.എ സർക്കാരിന് ലഭിച്ച ഭരണത്തുടർച്ചയും, തിരുത്തൽ ശക്തിയായി ഇടതുപക്ഷം ഇല്ലാതിരുന്ന രണ്ടാം യു.പി.എ സർക്കാരിന്റെ അഴിമതിയിൽ മുങ്ങിയ ഭരണ കൂടി ഓർമ്മിച്ച് വേണം ഇത് വായിച്ച് പോകാൻ. മോദി സർക്കാരിന് അധികാരം താലത്തിൽ വച്ച് സമർപ്പിച്ചത് രണ്ടാം യു.പി.എ സർക്കാരിന്റെ സമാനതകളില്ലാത്ത അഴിമതിയായിരുന്നുവെന്ന് വിലയിരുന്നപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍