UPDATES

ട്രെന്‍ഡിങ്ങ്

ആകെ ‘ഷോക്ക്ഡ്’ ആണ് തോമസ് മാഷ്

എന്താണ് ഭാവി പരിപാടിയെന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഒരു മറുപടി പറയാന്‍ പറ്റുന്ന സാഹചര്യമല്ലെന്നാണ് കെ വി തോമസ് വ്യക്തമാക്കുന്നത്

‘നമ്മുടെ കൂടെയെന്നും തോമസ് മാഷ് ഉണ്ട്’ എന്നെഴുതിയ കൂറ്റന്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ പല ഭാഗങ്ങളിലുമുയര്‍ന്നിരുന്നു. ചുവരുകളിലും. സോണിയ ഗാന്ധിയുടെ കുടുംബവുമായുള്ള കെമിസ്ട്രി തെറ്റിയിട്ടില്ലെന്ന ഉറപ്പില്‍ തേവര കേളേജിലെ ഈ പഴയ രസതന്ത്ര അധ്യാപകനുണ്ടായിരുന്ന ആത്മവിശ്വാസമായിരുന്നു എറണാകുളം മണ്ഡലത്തിലെ ആ സ്വയം പ്രഖ്യാപനം. തിരുതയുമായി ഡല്‍ഹിക്കു പോകുന്നവനെന്നും സോണിയായുടെ കിച്ചന്‍ ക്യാമ്പിനറ്റിലെ അംഗമെന്നുമൊക്കെ കൂടി നില്‍ക്കുന്നവര്‍ പോലും പരിഹസിക്കുമ്പോഴും തോമസ് മാഷ് ഇതുവരെ നേടിയെടുത്തതൊക്കെയും സ്വന്തം സിലബസിലെ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയായിരുന്നു. പക്ഷേ, ഇത്തവണ മാഷ് തോറ്റു.

തോറ്റതല്ല, തോല്‍പ്പിച്ചതാണെന്നാണ് തോമസ് മാഷിന്റെ വിലാപം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ, തന്നെ ഒഴിവാക്കിയതിലെ ദു:ഖവും നിരാശയും പ്രകടിപ്പിച്ച് മാഷും രംഗത്തു വന്നു. കൈയ്യാലപുറത്തെന്ന് കരുതിയിരുന്ന ആന്റോ ആന്റണി പോലും സുഖമായി സീറ്റ് ഉറപ്പിച്ചപ്പോഴാണ് സിറ്റിംഗ് എംപിമാര്‍ക്കിടയില്‍ നിന്നും തോമസ് മാഷ് മാത്രം പുറത്തു പോകുന്നത്. അതെന്തുകൊണ്ടാണെന്നാണ് മാഷും ചോദിക്കുന്നത്. സിറ്റിംഗ് എംപിമാരില്‍ തനിക്ക് മാത്രമെന്താണ് കുഴപ്പമെന്നു മനസിലാകുന്നില്ല എന്നാണ് ‘ഞെട്ടല്‍’ വിട്ടുമാറാതെ അദ്ദേഹം ചോദിക്കുന്നത്.

സീറ്റ് തരാതിരുന്നതിലല്ല, അതിനു കാണിച്ച രീതിയാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നതത്രേ! സീറ്റ് നഷ്ടപ്പെടുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലത്രേ മാഷ്! അതുകൊണ്ടാണല്ലോ, ധൈര്യത്തോടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ചുവരെഴുത്തുകള്‍ തുടങ്ങിക്കോളാനും അണികളോട് പറഞ്ഞത്. അവരത് തുടുങ്ങുകയും ചെയ്തു. മാഷ് അത്രയ്ക്ക് കോണ്‍ഫിഡന്റ് ആയിരുന്നു. എന്നാലോ, ഒരു സൂചന പോലും തരാതെ ഒഴിവാക്കി കളഞ്ഞു. മാഷ് പങ്കുവയ്ക്കുന്ന വേദനയും അതാണ്. മുന്‍പേര്‍ ഒന്നു പറഞ്ഞൂടായിരുന്നോ എന്നാണ് വാക്കുകള്‍ക്കിടയില്‍ വന്ന നിശബ്ദതകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെന്നു തോന്നുന്നു.

തന്നെ തോല്‍പ്പിച്ചവര്‍ ആരായാലും അവരോട് മാഷിന് ചോദിക്കാനുള്ള ഒരു പ്രധാന ചോദ്യമുണ്ട്- എന്താണ് തന്റെ അയോഗ്യത! പാര്‍ട്ടി മറുപടി പറയണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളെ വിറപ്പിച്ചിരുന്ന അധ്യാപകനൊന്നുമായിരുന്നില്ല കെ വി തോമസ്. ശാന്തനും സൗമ്യനുമാണ്. അതുകൊണ്ട് മാഷിന്റെ ചോദ്യം ഒരു ഭീഷണിയായി പാര്‍ട്ടി കാണേണ്ടതില്ല. എന്നു കരുതി മാഷിന്റെ ചോദ്യങ്ങള്‍ തള്ളിക്കളയുകയുമരുത്. പ്രായമായതാണോ തെറ്റ്? 72 വയസ് അത്ര കൂടുതലാണോ! ഇപ്പോഴും നല്ല ആരോഗ്യമാണ്. ആറു തവണ ജയിച്ചതാണോ തെറ്റ്? ഇതൊന്നും താന്‍ ചെയ്ത തെറ്റുകളായി മാഷ് കരുതുന്നില്ല. ഇതൊക്കെ തന്റെ പോരായ്മകളായി കാണുന്നവരുണ്ടെങ്കില്‍, തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ കഴിയില്ല എന്നാണവരെ മാഷിന് ഓര്‍മിപ്പിക്കാനുള്ളത്.

മാഷ് പറഞ്ഞ് കഴിഞ്ഞിട്ടില്ല, ചോദിച്ചും; കോണ്‍ഗ്രസ് പാര്‍ട്ടിയോട് താനെന്തെങ്കിലും അനീതി കാണിച്ചോ? ഇപ്പോള്‍ പാര്‍ട്ടിയല്ലേ തന്നെ വേണ്ടാന്നു വച്ചത്. ആകാശത്ത് നിന്നും പൊട്ടി വീണയാളാണോ ഞാന്‍? ഒരു സാധാരണ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വന്ന് ഇവിടെ വരെ എത്തുകയായിരുന്നു. പാര്‍ട്ടിക്ക് തന്നെ വേണ്ടായെന്നാണെങ്കില്‍ അങ്ങനെ. പക്ഷേ, അതുകൊണ്ട് താന്‍ ഇത്രകാലവും നടത്തി വന്ന ജനസേവനം വിട്ടുകളയുമെന്ന് ഒരാളും പ്രതീക്ഷിക്കേണ്ടെന്നു കൂടി മാഷിന്റെ മുന്നറിയിപ്പ് ഉണ്ട്. സീറ്റ് മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വന്നതും തുടരുന്നതും. ഇത്തവണ സീറ്റ് കിട്ടിയില്ലെന്നു കരുതി രാഷ്ട്രീയം ഉപേക്ഷിക്കുകയുമില്ല. തോമസ് മാഷ് തന്റെ നയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിക്കു വേണ്ടെങ്കില്‍ എന്തു ചെയ്യണമെന്നും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നും തനിക്ക് നല്ലതുപോലെ അറിയാമെന്നും മാഷ് കോണ്‍ഗ്രസ് നേതാക്കന്മാരെ ഉദ്ദേശിച്ച് പറയുമ്പോള്‍, പലരും വരികള്‍ക്കിടയിലൂടെ പലതും വായിക്കാനും ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം നിന്നു മുന്നോട്ടു പോകുമെന്ന് മാഷ് പറഞ്ഞപ്പോഴാണോ എന്നറിയില്ല, മാധ്യമ പ്രവര്‍ത്തകര്‍ മാഷോട്, ഭാരതീയ ജനത പാര്‍ട്ടിയിലേക്ക് പോകുന്നുണ്ടോ എന്നു ചോദിച്ചത്. ‘പോകുമെന്നും മാഷ് പറഞ്ഞില്ല, പോകില്ലെന്നും പറഞ്ഞില്ല. ബിജെപി പലരെയും സമീപക്കുന്നുണ്ടല്ലോ മാഷിനെ കാണാന്‍ വന്നോ എന്ന ചോദ്യത്തിന്, എന്നെ തിരക്കി ആരും വന്നിട്ടില്ലെന്നാണ് മാഷ് പറയുന്നത്. ആരെങ്കിലും വന്നാലോ എന്നൊരു ചോദ്യമില്ലേ?

പക്ഷേ, ഇപ്പോള്‍ പലരും പറഞ്ഞു പരത്തുന്നത് മാഷ് ബിജെപിയിലേക്ക് പോകുന്നുവെന്നാണ്. മികച്ചൊരു മനേജ്‌മെന്റ് വിദഗ്ധനാണ് മോദിയെന്ന് പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതില്‍ പിന്നെ രാഹുല്‍ ഗാന്ധിക്ക് മാഷിനോട് ഇഷ്ടക്കേടാണെന്നും സീറ്റ് നിഷേധിക്കാന്‍ കാരണം അതാണെന്നും ഒരു സംസാരമുണ്ട്. ഒരു പൊതു ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയെ കുറിച്ച് ഒരു നല്ല വാക്ക് പറയുന്നത് മര്യാദ കാണിക്കല്‍ മാത്രമാണെന്നാണ് മാഷ് പറയുന്നത്. തരൂരിനെ പോലുള്ള വേറെയും കോണ്‍ഗ്രസുകാര്‍ മോദിയെ പുകഴ്ത്തിയിട്ടില്ലേ എന്നും മാഷ് ചോദിക്കുന്നു. പക്ഷേ, തോമസ് മാഷിന്റെ ഈ സാഹചര്യം മുതലെടുക്കാന്‍ ബിജെപി നോക്കുന്നുണ്ട്. അവര്‍ പറയുന്നത് മോദിയെ പുകഴ്ത്തിയെന്ന ഒറ്റ കാരണം കൊണ്ടാണ് തോമസ് മാഷിന് സീറ്റ് നിഷേധിച്ചതെന്നാണ്. തോമസ് ഒരു മാഷ് ഒരു മോദി ആരാധകന്‍ ആണെന്നു വരെ സ്ഥാപിച്ചെടുത്തു കളഞ്ഞു ബിജെപിയുടെ വക്താവ് ബി ഗോപാലകൃഷ്ണന്‍. മോദി ആരാധനയുടെ പേരില്‍ കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നും ബിജെപിയില്‍ എത്തുമെന്നു പറയുന്ന ഗോപാലകൃഷ്ണന്‍ ഉറപ്പിക്കുന്നത് തോമസ് മാഷ് ഏതാണ്ട് കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്നെന്നാണ്. അവിടെയുമില്ല, ഇവിടെയുമില്ലെന്ന തരത്തിലുള്ള മാഷിന്റെ ഇന്നലത്തെ മറുപടി കേട്ടവരൊക്കെയും ഇക്കാര്യത്തിലെങ്കിലും ഗോപാലകൃഷ്ണനെ കളിയാക്കുമെന്നു തോന്നുന്നില്ല.

എന്താണ് ഭാവി പരിപാടിയെന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഒരു മറുപടി പറയാന്‍ പറ്റുന്ന സാഹചര്യമല്ലെന്നാണ് കെ വി തോമസ് വ്യക്തമാക്കുന്നത്. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ചല്ല, നിയുക്ത സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പ്രചാരണങ്ങളില്‍ പങ്കെടുക്കുമോയെന്നാണ് ചോദ്യം. എന്റെ അവസ്ഥയില്‍ നിങ്ങളായിരുന്നെങ്കില്‍ എന്തു ചെയ്യുമെന്നായിരുന്നു മാഷിന്റെ തിരിച്ചുള്ള ചോദ്യം. മാഷ് ആകെ ഷോക്ക് ആയിട്ട് ഇരിക്കുകയാണ്. അതില്‍ നിന്നൊന്നു മുക്തനായാലല്ലേ ഹൈബിയും തെരഞ്ഞെടുപ്പുമൊക്കെ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍