UPDATES

ബ്ലോഗ്

ഒടിഞ്ഞത് എല്‍ദോയുടെ കയ്യോ അതോ കാനത്തിന്റെ നട്ടെല്ലോ? ഒരു ദുരൂഹ മൌനത്തില്‍ തകര്‍ന്നു വീണ സിപിഐയുടെ തിരുത്തല്‍ പ്രതിച്ഛായ

രാഷ്ട്രീയ കേരളം സമീപകാലത്ത് കേട്ടിട്ടുള്ള ഏറ്റവും വലിയ അശ്ലീലമെന്നാണ് കാനത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിക്കേണ്ടത്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായ കാലം മുതല്‍ തന്നെ സിപിഐയ്ക്കും സിപിഎമ്മിനുമിടയില്‍ അഭിപ്രായ ഭിന്നതയും തമ്മിലടിയും പതിവായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്രചിന്താഗതിക്കാര്‍ സിപിഎം ആയപ്പോള്‍ മിതവാദികള്‍ സിപിഐ ആയി നിലനിന്നു. ഏതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന തര്‍ക്കം അന്നും ഇന്നും നിലനില്‍ക്കുന്നു. 1979ല്‍ എല്‍ഡിഎഫ് രൂപീകരിക്കും വരെ രണ്ട് ചേരിയില്‍ നിന്നും അതിന് ശേഷം ഒറ്റ മുന്നണിയായി നിന്നും ആ തര്‍ക്കം തുടരുന്നുണ്ട്. പലകാലത്തും സിപിഎമ്മും സിപിഐയും തമ്മിലുള്ള ഈ പോര് മറനീക്കി പുറത്തുവരികയും എല്‍ഡിഎഫ് തകരുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.

സമീപകാലത്ത് വരെയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖ്യപ്രതിപക്ഷ നേതാവായി നിലനിന്നിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. കഴിഞ്ഞമാസം നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് പണ്ടത്ര ബലമുണ്ടായിരുന്നില്ലെന്ന് അന്നത്തെ പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകും. കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സര്‍ക്കാരിനെതിരായ ‘തിരുത്തല്‍ ശക്തിയായി’ തന്നെ നിലകൊള്ളുകയും ചെയ്തു. ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്നാണ് അന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കൂടാതെ പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെ സിപിഐ അനുകൂലിക്കുന്നില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ ഇടതുമുന്നണിയെ വിശ്വിസിച്ചില്ലെന്നതായിരുന്നു സമീപകാലത്തെ കാനത്തിന്റെ മറ്റൊരു സര്‍ക്കാര്‍ വിമര്‍ശനം.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിപിഐ-സിപിഎം തര്‍ക്കം ഏറ്റവും രൂക്ഷമായിരുന്നത് പ്രധാനമായും മൂന്ന് വിഷയങ്ങളിലായിരുന്നു. അതിലൊന്ന് എന്‍സിപി മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലാണ് അവസാനിച്ചത്. റവന്യൂ വകുപ്പ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തതിനാല്‍ തന്നെ സിപിഐയും മന്ത്രി ഇ ചന്ദ്രശേഖരനൊപ്പം നിലകൊള്ളുകയായിരുന്നു. തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുക വരെ ചെയ്തു. മുന്നണി യോഗങ്ങളില്‍ കാനം സര്‍ക്കാരിനെയും തോമസ് ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ തുടക്കത്തില്‍ നടന്ന ലോ അക്കാദമി സമരത്തിലും സിപിഐ സര്‍ക്കാരിനെതിരായാണ് നിന്നത്. എഐഎസ്എഫ് ആരംഭിച്ച സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിയ സിപിഐയും കാനം രാജേന്ദ്രനും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. മൂന്നാറിലെ ഭൂമി കയ്യേറ്റ സമയത്തും കാനം രാജേന്ദ്രന്‍ സിപിഎമ്മനെതിരെ ശക്തമായ നിലപാടാണ് എടുത്തത്.

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ആരെങ്കിലും തടസ്സമുണ്ടാക്കിയാല്‍ നിയമപരമായി നേരിടുമെന്ന് പറഞ്ഞ് കാനം പാര്‍ട്ടിയ്ക്കും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആത്മബലം നല്‍കുകയും ചെയ്തു. ഭൂമി കയ്യേറ്റത്തിനെതിരെ സബ്കളക്ടര്‍ നിലപാടെടുക്കുകയും സര്‍ക്കാര്‍ പ്രത്യേകിച്ചും സിപിഎം കളക്ടര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയും ചെയ്തപ്പോള്‍ സിപിഐ സബ്കളക്ടറെ സംരക്ഷിച്ച് നിര്‍ത്തിയത് പാര്‍ട്ടി സെക്രട്ടറിയുടെ അടിയുറച്ച നിലപാടിന്റെ കൂടി സഹായത്തോടെയാണ്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് സിപിഐയുടെ കെ രാജനെ എത്തിക്കുന്നത് വരേയ്ക്കും കാനത്തിന്റെ ഈ കടുംപിടിത്തങ്ങള്‍ കാണാന്‍ സാധിക്കുമായിരുന്നു. പി ജയരാജനെ വീണ്ടും മന്ത്രി സ്ഥാനത്തെത്തിക്കുന്നതിന് തങ്ങള്‍ക്ക് ചീഫ് വിപ്പ് പദവി നല്‍കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. കാനം ഈ ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ സിപിഐയ്ക്ക് ആറാമതൊരു ക്യാബിനറ്റ് പദവി കൂടി ലഭിച്ചു. സിപിഎമ്മിന്റെ വല്യേട്ടന്‍ നിലപാടുകള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ നായകനായിരുന്നു ഇത്രയും നാള്‍ കാനം. എന്നാല്‍ കൊച്ചി റെയ്ഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ കാനം സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടാണ് ഇപ്പോള്‍ എല്ലാവരെയും അമ്പരപ്പിക്കുന്നത്.

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഒരു സിപിഐ എംഎല്‍എയ്ക്ക് പരിക്കേറ്റിട്ട് പോലും കാനം പ്രതികരിച്ചിരുന്നില്ല. ഇന്നലെ ആദ്യമായി പ്രതികരിച്ചപ്പോഴാകാട്ടെ കളക്ടറുടെ അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്നാണ് കാനം പ്രതികരിച്ചത്. അതോടൊപ്പം എല്‍ദോ എബ്രഹാമിന് പോലീസിന്റെ അടികൊണ്ടത് വീട്ടിലിരുന്നപ്പോഴല്ലെന്നും കാനം പറയുന്നു. എംഎല്‍എയെ പോലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരികകാന്‍ കഴിയൂ എന്നും കാനം പറയുന്നു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാനം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതിനിടെ ഇന്ന് എറണാകുളത്ത് ചേര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ കാനം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം കണ്ണൂരിലേക്കാണ് പോയത്. എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ താന്‍ പങ്കെടുക്കുമെന്ന് മാധ്യമങ്ങളാണ് പറഞ്ഞതെന്നാണ് കാനത്തിന്റെ വിശദീകരണം. കാനത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വാഹക സമിതി ചേരാനായിരുന്നു എറണാകുളം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. കാനം പങ്കെടുത്തില്ലെങ്കിലും യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്നും നേതൃത്വം മാപ്പ് പറയണം യോഗം ആവശ്യപ്പെട്ടു. എല്‍ദോ എബ്രഹാമിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെക്കിട്ടാത്ത അവസ്ഥയാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

മുമ്പൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്ന കാനം ജില്ലാ സെക്രട്ടറിയെയും എംഎല്‍എയെയും പോലീസ് പെരുവഴിയിലിട്ട് തല്ലിയിട്ടും തിരിഞ്ഞ് നോക്കാത്തതിനാലാണ് കാനം ഇത്ര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കപ്പെടുന്നത്. സിപിഐ ആണ് കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷമെന്നും അതാണ് ശരിയുടെ പക്ഷമെന്നും പൊതുസമൂഹത്തില്‍ അഭിപ്രായമുയര്‍ത്താന്‍ കാനത്തിന് മുമ്പ് കഴിഞ്ഞിരുന്നു. കാനത്തിന്റെ ഈ നിലപാട് പല കാരണങ്ങളാല്‍ സിപിഎം വിട്ടുനില്‍ക്കുകയായിരുന്ന പലരെയും സിപിഐയിലെത്തിക്കാന്‍ പാര്‍ട്ടിയെ സഹായിക്കുകയും ചെയ്തു.

പാര്‍ട്ടിക്കുള്ളിലെ കാനത്തിന്റെ മുഖ്യ എതിരാളിയായിരുന്ന കെ ഇ ഇസ്മായിലിന് പോലും മിണ്ടാന്‍ സാധിക്കാത്ത അവസ്ഥയാണ് കാനം സൃഷ്ടിച്ചത്. എന്നാല്‍ കാനത്തിന്റെ ഇപ്പോഴത്തെ നിശബ്ദത പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനത്തിന് വഴിയൊരുക്കുകയാണ്. കൊല്ലത്ത് ജില്ലാ എക്സിക്യൂട്ടീവിലും കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അടുത്ത കാലത്ത് കാനം തുടരുന്ന മൗനം തിരുത്തല്‍ ശക്തിയെന്ന ഇമേജ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെടുത്തിരിക്കുകയാണ്. സമൂഹത്തെ പിടിച്ചുകുലുക്കിയ കസ്റ്റഡി മരണങ്ങളിലും കാനം നിശബ്ദനായിരുന്നു. എറണാകുളത്ത് വര്‍ഷങ്ങളായി സിപിഎമ്മിനെ എതിരിട്ടാണ് സിപിഐ വളര്‍ച്ച പ്രാപിച്ചത്. അതിന് എരിവും പുളിയും പകരാന്‍ കാനം ജല്ലയില്‍ പലപ്പോഴും നേരിട്ടെത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ബലത്തില്‍ എറണാകുളത്ത് സിപിഐയ്ക്ക് പുത്തനുണര്‍വുണ്ടാക്കാനും സിപിഐയ്ക്കായി. ഉദയംപേരൂരില്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ നൂറോളം പേരെ സിപിഎമ്മില്‍ നിന്നും എത്തിക്കാന്‍ സിപിഐയ്ക്ക് സാധിച്ചതും ഇതിനാലാണ്.

എന്നാല്‍ വൈപ്പിന്‍ ആര്‍ട്സ് കോളേജിലുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. അത് നോക്കി നിന്ന ഞാറയ്ക്കല്‍ സി ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനും പാര്‍ട്ടി സെന്ററില്‍ നിന്നും ആരും എത്തിയില്ല. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ അതിക്രമമുണ്ടായിട്ടും കാനം പ്രതികരിക്കാത്തത്. വൈപ്പിന്‍ കോളേജിന് മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടിട്ട് പോലും കാനം ഈ വിഷയത്തില്‍ ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സിപിഎമ്മുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടാല്‍ മാത്രമേ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് സെക്രട്ടറി സ്ഥാനം നിലനിര്‍ത്താനോ അല്ലെങ്കില്‍ പുതുതായി വരാനോ സാധിക്കൂ എന്നതാണ് അവസ്ഥ. ഉദാഹരണത്തിന് പി കെ വാസുദേവന്‍ നായരുടെ സിപിഎം വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയുന്നുവെന്ന് കണ്ടപ്പോഴാണ് വെളിയം ഭാര്‍ഗവന്‍ സംസ്ഥാന സെക്രട്ടറിയായത്. തുടക്കത്തില്‍ സിപിഎമ്മിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച ആശാനും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് വന്നതോടെ അദ്ദേഹവും തെറിച്ചു. പിന്നീട് വന്ന സി കെ ചന്ദ്രപ്പന്‍ കടുത്ത നിലപാടുകളുടെ ആളായിരുന്നെങ്കിലും അപ്രതീക്ഷിതമായ മരണം പാര്‍ട്ടിയെ തളര്‍ത്തി. പന്ന്യന്‍ രവീന്ദ്രന്‍ സ്വതവേ മൃദുസമീപനക്കാരനായതിനാല്‍ അദ്ദേഹത്തിനും തുടരാനായില്ല. അങ്ങനെയാണ് കാനം രംഗത്തെത്തിയത്. ഇത്രയും കാലം കടുത്ത നിലപാടുകള്‍ തന്നെ സ്വീകരിച്ച കാനം ഇപ്പോള്‍ നിശബ്ദനാകുന്നതാണ് വിമര്‍ശനത്തിന് കാരണം.

കാനം രാജേന്ദ്രനെതിരെ അതിശക്തമായ നിലപാടുമായി ഒരു വിഭാഗം സിപിഐ നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത എഐവൈഎഫ് വനിതാനേതാക്കളെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇറക്കി കൊണ്ട് വന്ന വെളിയം ഭാര്‍ഗവന്റെ കാര്യം ഓര്‍മിപ്പിച്ചാണ് ഇവര്‍ കാനത്തെ ചോദ്യം ചെയ്യുന്നത്. മൂന്നാര്‍ ഓപ്പറേഷനില്‍ സിപിഐയും സിപിഎമ്മും രണ്ട് തട്ടിലാകുന്നതിലേക്കാണ് വെളിയത്തിന്റെ ഈ നിലപാട് അന്ന് എത്തിച്ചത്. ചുരുക്കത്തില്‍ എല്‍ഡിഎഫിലെ ഏറ്റവും പ്രധാന വിഷയമെന്നതിനൊപ്പം സിപിഐയുടെ ആഭ്യന്തര വിഭാഗീയതയിലേക്കും കൂടി ഈ പോലീസ് മര്‍ദ്ദനം വിഷയമാകുകയാണ്.

എന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ നിശബ്ദനായിരുന്നെന്നാണ് താനൊന്നും പറയുന്നില്ലെന്നാണ് കാനത്തിന്റെ വിശദീകരണം. അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലെന്ത് വേണമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇനി കേരളം നേരിടാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഏതെല്ലാമെന്ന് പരിശോധിച്ചാല്‍ കാനത്തിന്റെ നിലപാടില്‍ അത്ഭുതമൊന്നും കാണാനാകില്ല. വരുന്ന നവംബറില്‍ ഉപതെരഞ്ഞെടുപ്പ്, അടുത്തവര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, തൊട്ടടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്. അതായത് ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്ന് തെരഞ്ഞെടുപ്പുകളാണ് വരുന്നത്.

കൂടുതല്‍ തമ്മിലടികളുമായി മുന്നോട്ട് പോയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ തിരിച്ചടി നേരിടുമെന്ന ഭയമാകാം ഈ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. കാനത്തിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഇനി അന്വേഷിക്കേണ്ടത് പാര്‍ട്ടിയും പ്രവര്‍ത്തകരും തന്നെയാണ്. രാഷ്ട്രീയ കേരളം സമീപകാലത്ത് കേട്ടിട്ടുള്ള ഏറ്റവും വലിയ അശ്ലീലമെന്നാണ് കാനത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ചയിലാണോ ഇത്തരമൊരു അഭിപ്രായം അദ്ദേഹത്തില്‍ രൂപപ്പെട്ടതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ചോദിക്കേണ്ടത്. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് കാനത്തിന്റെ നിലപാട് നിശ്ചയിക്കാന്‍ ശേഷിയുള്ള എന്താണുള്ളതെന്നും പ്രവര്‍ത്തകര്‍ തന്നെ കണ്ടെത്തണം.

Read More: കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം – ജോസി ജോസഫ് എഴുതുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍