UPDATES

ബ്ലോഗ്

പൊറിഞ്ചു മറിയം ജോസ്: സംഗതി ഓൾഡ് സ്‌കൂൾ ഡ്രാമയാണ്, ക്ളീഷെയാണ്; പക്ഷെ സിനിമ അതിന്റെ കാലിൽ എണീറ്റ് നിൽക്കുന്നുണ്ട്

സുധി കോപ്പയാണ് രണ്ടാം പാതിയിൽ ഞെട്ടിക്കുന്നത്. അയാളുടെ ട്രാൻസ്ഫർമേഷൻ ഭയങ്കര കൺവിൻസിങ്ങാണ്. അതേപോലെ പകയുടെ റിലീസും.

മാസ്സ് സിനിമകളുടെ തമ്പുരാൻ എന്ന് അറിയപ്പെടുന്ന സംവിധായകനാണ് ജോഷി. നാല് വർഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. തൃശൂരിനെ പശ്ചാത്തലമാക്കി ജോജു, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമ ഏറെ പ്രശംസകൾ നേടുമ്പോഴും ചിത്രം കണ്ട് മറന്ന പ്രെഡിക്റ്റബളായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. സിനിമയുടെ കാലം പലപ്പോഴും സ്ഥാപിച്ചെടുക്കാൻ സിനിമയ്ക്ക് സാധിക്കുന്നുമില്ല. ഇങ്ങനെ പല പോരായ്മകൾ എടുത്തുകാട്ടാനുണ്ടെങ്കിലും പക്ഷെ സിനിമ അതിന്റെ കാലിൽ എണീറ്റ് നിൽക്കുന്നുണ്ട്.

പൊറിഞ്ചു മറിയം ജോസ് – സ്പോയിലർ അലേർട്ട് വേണമെങ്കിൽ വെയ്ക്കാം.

മോൻ ഈ മാസ്, മാസ് എന്ന് കേട്ടിട്ടുണ്ടോ ? നായകൻ മുഴുവൻ നേരവും ക്യാമറയിൽ ചെറഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന, നായകനെ ലോകം നിയന്ത്രിക്കുന്ന ശക്തിയാക്കുന്നതിന്റെ ക്ലൂകൾ അവിടെയവിടെ ഇടുന്നതിനിടയിൽ പുള്ളിയുടെ പ്രെസെന്റിനെ പാടെ അവഗണിച്ച ഗ്യാസ് മാസല്ല. ഒരു സിറ്റുവേഷൻ ഉണ്ടാക്കുന്ന റ്റെൻഷൻ കൊണ്ട്, അതിന്റെ കോൺഫ്ലിക്റ്റിന്റെ ബലം കൊണ്ട്, കഥാപാത്രത്തിന്റെ ഊറ്റം കൊണ്ട് ഉണ്ടാക്കുന്ന മാസ്സ്. കുറ്റിക്കാടനെ മോഹൻലാൽ തല്ലുന്നതല്ല, ആട് തോമ തല്ലുന്നതാണ് ശരിക്കുള്ള മാസ്. ഈ രണ്ടാമത് പറഞ്ഞതിന് നല്ല പണിയുണ്ട്. ആദ്യത്തേതിന് ഒരു താരത്തെ വാടകയ്‌ക്കെടുത്താൽ മതി. രണ്ടാമത്തേത് നമ്മള് തന്നെ എഴുതിയുണ്ടാക്കണം.

പുത്തൻപള്ളി ജോസിനെ അയിപ് മുതലാളിയുടെ വീടിനു മുൻപിലെത്തിയെ പെരുന്നാളാഘോഷത്തിനിടെ മുതലാളിയുടെ മക്കളും കൊച്ചുമോനും ചേർന്നു തല്ലുന്നു. മുതലാളി അത് കണ്ടു ഒരു ഭാവ വ്യത്യാസവുമില്ലാതെ അകത്തേയ്ക്ക് കയറിപ്പോകുന്നു. പോകുന്ന വഴിയിൽ വീടിന്റെ മുറ്റത്തു നിന്ന് പടക്കം പൊട്ടിക്കുകയായിരുന്ന കാട്ടാളൻ പൊറിഞ്ചുവിനോട് പറയുന്നു നിന്റെ കൂട്ടുകാരൻ ജോസ് പുറത്തു നിന്ന് തല്ലുമേടിക്കുന്നു, വിളിച്ചോണ്ട് പോടാ ന്ന്.

ജോസ് ന്നു പറഞ്ഞാ പൊറിഞ്ചു ചാവും. എന്നാൽ അയിപ്പ് മുതലാളിയും പൊറിഞ്ചുവിന്റെ ഏറ്റവും വേണ്ടപ്പെട്ടവനാണ്. ഒരു മുതലാളി – ഗുണ്ട എന്നതിൽ നിന്ന് അയിപ് മുതലാളി പൊറിഞ്ചുവിന് ഒരു ഫാദർ ഫിഗറാണ്. മുതലാളിക്ക് പൊറിഞ്ചു ഒരു കൂട്ടുകാരനെപോലെയും. ജോസ് തല്ലു മേടിക്കുന്നു എന്ന് കേട്ട പാതി കേൾക്കാത്ത പാതി പൊറിഞ്ചു ഗെയ്റ്റിന് പുറത്തേയ്ക്ക് പായുന്നു. രണ്ടു വശത്തും വേണ്ടപ്പെട്ടവരായതുകൊണ്ടു പൊറിഞ്ചു, ആദ്യം ജോസിനെ അടിയിൽ നിന്ന് വകഞ്ഞു മാറ്റി പിടിച്ചുകൊണ്ടു പോവുന്നതിനിടയിൽ മുതലാളിയുടെ കൊച്ചുമോൻ ജോസിനെ പുറകിൽ നിന്ന് ചവിട്ടുന്നു. ജോസ് മറിഞ്ഞു ചെന്ന് വീഴുന്നു.

സെക്കന്റുകളുടെ പോസ്

പൊറിഞ്ചു തിരിയുന്നു. അയാൾക്ക് ദേഷ്യമിങ്ങനെ ഇരച്ചു കയറി വരുന്നത് നമുക്ക് ഫീൽ ചെയ്യുന്നുണ്ട്. അവൻ പോയതല്ലെടാ, പിന്നെന്തിനാടാ ചവിട്ടിയെ.. അവൻ പോയതല്ലെടാ..പിന്നെന്തിനാ ചവിട്ടിയെ എന്ന് പൊറിഞ്ചുവിന്റെ ഘന ഗാംഭീര്യ ശബ്ദത്തിൽ ഞരമ്പ് വലിഞ്ഞു മുറുകുന്ന ദേഷ്യത്തിൽ മുതലാളിയുടെ മക്കളോടും കൊച്ചുമോനോടും ചോദിക്കുന്നു. ഈ നേരത്തെ അഡ്രിനാലിൻ റഷ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

അതുവരെ കേട്ടിരുന്ന കാട്ടാളൻ പൊറിഞ്ചുവിന്റെ തനിരൂപം പുറത്തു വരുന്നു. കൂട്ടിന് ജോസും. പിന്നീട് തകർത്തുവാരിയടി. മക്കളും കൊച്ചുമോനും കിട്ടാവുന്ന അത്രയും മേടിച്ചിട്ട് ജീവനും കൊണ്ട് അകത്തേക്കോടിപ്പോകുന്നു. വൈശാലിയിലെ മഴ വരുമ്പോഴത്തെ നെടുമുടി വേണുവിനെപ്പോലെ കുറേക്കാലത്തിനു ശേഷമൊരു അഡ്രിനാലിൻ റഷ് രംഗം മലയാളത്തിൽ കണ്ട നിർവൃതിയിൽ ഞാനും.

സംഗതി ഓൾഡ് സ്‌കൂൾ ഡ്രാമയാണ്, ക്ളീഷെയാണ്, പ്രെഡിക്റ്റബിളാണ്. പക്ഷെ എന്റർറ്റെയിനിങ്ങാണ്. കഷ്ടപ്പെട്ട് ഒരു മോറൽ സ്റ്റാൻസ് എടുക്കുന്നതിനിടയിൽ അറിയാതെയുണ്ടായിപ്പോയ സിനിമ കാണേണ്ടി വരുന്നില്ല. അത് മറ്റൊരാശ്വാസം. പ്രിട്ടൻഷ്യസല്ല. കുറ്റങ്ങളുണ്ട്, കുറവുകളുണ്ട്, അശ്രദ്ധയുണ്ട്. മെയ്ക്കപ്പ്, ആർട്ട്, രംഗ സംവിധാനം അങ്ങനെ പലയിടത്തും പോരായ്മകൾ എടുത്തുകാട്ടാം. സിനിമയുടെ കാലം പലപ്പോഴും സ്ഥാപിച്ചെടുക്കാൻ സിനിമയ്ക്ക് സാധിക്കുന്നില്ല. പക്ഷെ എന്നാൽപ്പോലും സിനിമ അതിന്റെ കാലിൽ എണീറ്റ് നിൽക്കുന്നുണ്ട്.

അലസനായ, കരുത്തനായ, നെറിയുള്ള, അക്ഷരാർത്ഥത്തിൽ കാട്ടാളൻ പൊറിഞ്ചുവായി ജോജു തലയുയർത്തി നിൽക്കുന്നുണ്ട്. കൂടെ ചെമ്പന്റെ പുത്തൻപള്ളി ജോസും. നൈല ഉഷയ്ക്ക് എടുക്കാവുന്നതിലും കൂടുതൽ ഭാരം മറിയത്തിനുണ്ടായിരുന്നു എന്ന് തോന്നി. അയഞ്ഞ ശരീരമുള്ള, കുറേക്കൂടി കഥാപാത്ര പരിവേഷമുള്ള ഒരാളായിരുന്നെങ്കിൽ എന്നാശിച്ചുപോയി. പക്ഷെ ഇപ്പൊ മലയാളത്തിലെ നായികമാരിൽ ഏറെക്കുറെ എല്ലാവരും ലീൻ ആയതുകൊണ്ട് ഒരു റീപ്ളേസ്മെന്റ് ആരായിരിക്കും എന്നൊരു ഊഹവുമില്ല. മഹായാനത്തിലെ സീമയെ ഓർമയുള്ളവർക്ക് കാര്യം പിടികിട്ടും.

സൗഹൃദത്തിന്റെ, പ്രണയ നൈരാശ്യത്തിന്റെ, പകയുടെ, നഷ്ടബോധത്തിന്റെ പകരം വീട്ടലിന്റെ ഒക്കെ ഇമോഷണലി ടച്ചിങ് മൊമന്റുകൾ സിനിമയിലുണ്ട്. സുധി കോപ്പയാണ് രണ്ടാം പാതിയിൽ ഞെട്ടിക്കുന്നത്. അയാളുടെ ട്രാൻസ്ഫർമേഷൻ ഭയങ്കര കൺവിൻസിങ്ങാണ്. അതേപോലെ പകയുടെ റിലീസും.

സിനിമയുടെ അവസാനം, പൊറിഞ്ചുവിനേക്കാൾ കൂടുതൽ അയിപ് മുതലാളിയെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. തുടക്കത്തിലേ ആ അടിയിൽ അയിപ് മുതലാളി മനസ്സ് കൊണ്ട് എവിടെ നിന്ന് എന്ന് അവസാനമാണ് നമുക്ക് മനസ്സിലാകുക. വിജയ രാഘവൻ ഓരോ തവണയും തന്റെ തന്നെ ബെഞ്ചമാർക്ക് ഉയർത്തുകയാണെന്നു തോന്നുന്നു.

ഉറപ്പായും എത്രയോ മുകളിൽ ചെയ്യാവുന്ന മെറ്റിരിയലാണ് സിനിമയുടേത്. പക്ഷെ ഈ അളവിലും സിനിമ പ്രേക്ഷകർക്കിടയിൽ വർക്കാവുന്നുണ്ട്. പൊറിഞ്ചുവും മറിയവും വരുന്ന പല രംഗങ്ങളിലും ലേസി റൈറ്റിങ്ങാണ്. പക്ഷെ അതിനു മുൻപും ശേഷവുമുള്ള ഹെവി സീനുകളുടെ ബലത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ ഈ കുറവിലേക്ക് ഫോക്കസ് ചെയ്യുന്നില്ല എന്ന് തോന്നുന്നു. റിയൽ ലൈഫ് കഥയാണ് എന്നതിൽ സിനിമ പലയിടത്തും ക്യാരീഡ് എവേ ആയിപ്പോകുന്നുണ്ട്. സ്‌ക്രീനിൽ വരുത്തേണ്ടത് സ്‌ക്രീനിൽ തന്നെ വരണമല്ലോ. എന്നാലും തൽക്കാലം അതൊക്കെയങ്ങു സഹിച്ചു.
(ആർ.ജെ സലിം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ ഏറെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്; ഇഷ്ടം ക്രൈം ത്രില്ലറുകൾ: കുഞ്ചാക്കോ ബോബൻ

ആര്‍ജെ സലിം

ആര്‍ജെ സലിം

സാമൂഹ്യ നിരീക്ഷകന്‍, ഇപ്പോള്‍ യുഎഇ റാസ് അല്‍ ഖൈമയില്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍