UPDATES

താനാണ് ബിജെപി അധ്യക്ഷനെന്ന് ശ്രീധരന്‍ പിള്ളയ്ക്ക് ഓര്‍മിപ്പിക്കേണ്ടി വരുന്ന ഗതികേട്

കേരളത്തെ നയിക്കേണ്ടത് താന്‍ തന്നെയാണെന്നും പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളെ അറിയിക്കേണ്ടത് താനാണെന്നും സുരേന്ദ്രനെ ഓര്‍മ്മപ്പെടുത്തുകയാണ് പിള്ള

ബിജെപി അധ്യക്ഷന്‍ താനാണെന്ന് മറ്റു നേതാക്കളെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ഇന്ന് പിഎസ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണ ആയുധമാക്കുമെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നും ഇക്കൂട്ടത്തില്‍ പിള്ള പറഞ്ഞു. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിലെ പ്രചരണ വാചകമെന്ന് ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് താനാണ് ബിജെപി അധ്യക്ഷനെന്നും ശബരിമല പ്രചരണ ആയുധമാക്കില്ലെന്നും പിള്ള പറഞ്ഞത്. ശബരിമല വിഷയത്തിലൂന്നിയാണ് പ്രചരണം നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ തള്ളിപ്പറയുന്നതായി പിള്ളയുടെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമാകില്ലെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്ന് പിള്ള പിന്നീട് നിലപാട് തിരുത്തുകയും ചെയ്തു. ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് സമിതിയാണ്. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് നിയമാനുസരണം പ്രചരണം നടത്തുവാന്‍ അവിടെ മത്സരിപ്പിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ‘വീണ്ടും വേണം മോദി ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുമെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് പിള്ള ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ആദ്യം പറഞ്ഞ രണ്ട് വാചകങ്ങള്‍ വിഴുങ്ങുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് കേരളത്തിലുടനീളം ഉയര്‍ത്തിപ്പിടിക്കാനാകുന്ന ഒരേയൊരു തെരഞ്ഞെടുപ്പ് ആയുധമാണ് ശബരിമല. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളും ജിഎസ്ടിയും ഗോവധനിരോധനവുമെല്ലാം വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് ചെല്ലുമ്പോള്‍ തങ്ങള്‍ക്ക് നേരെ തിരിഞ്ഞു കൊത്തുമെന്ന അവസ്ഥയിലിരിക്കുമ്പോഴാണ് അവര്‍ക്ക് ശബരിമല വീണുകിട്ടുന്നത്. അതും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ബിജെപി പിന്നീടാണ് നിലപാട് മാറ്റിയത്. വിധി നടപ്പാക്കുന്നതിനെതിരെ എന്‍എസ്എസിന്റെയും പന്തളം രാജകൊട്ടാരത്തിന്റെയും ശബരിമല തന്ത്രി കുടുംബത്തിന്റെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നാമജപ പ്രതിഷേധവുമായി ഇറങ്ങിയപ്പോഴാണ് അവര്‍ അതിലെ രാഷ്ട്രീയ നേട്ടം മനസിലാക്കിയത്. അതോടെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ശബരമില വിഷയത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധക്കളമായി എന്ന് തന്നെ പറയാം. നിരവധി ഹര്‍ത്താലുകളാണ് ബിജെപി നേരിട്ടും അവരുടെ ആശിര്‍വാദത്തോടെയും കേരളത്തില്‍ അരങ്ങേറിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ആദ്യം രംഗത്ത് വന്നത് ബിജെപിയാണ്. മൂന്ന് നാല് മാസം സെക്രട്ടേറിയറ്റിന് മുന്നിലും ശബരിമലയിലുമായി നടത്തിയ സമരങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിച്ചുവിട്ട അക്രമങ്ങളും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാകില്ലെന്നതാണ് അവരെ പ്രകോപിതാരാക്കിയത്. കെ സുരേന്ദ്രന്‍ പത്തനംതിട്ട മണ്ഡലം തന്നെ പിടിച്ചെടുത്തത് ശബരിമലയില്‍ ഏറ്റവുമധികം പണിയെടുത്തയാളെന്ന നിലയിലാണ്. പിള്ളയ്ക്കും കണ്ണുണ്ടായിരുന്ന സ്ഥലമായിട്ടും സുരേന്ദ്രന് തന്നെ അത് ലഭിച്ചത് ശബരിമല വിഷയത്തില്‍ ജയിലില്‍ കിടക്കുകയും കോടതി കയറുകയും ചെയ്തുവെന്ന കാരണത്താലാണ്. ശബരിമല വിഷയം തുണച്ചാല്‍ അതിന്റെ നേട്ടം തനിക്ക് തന്നെ വേണമെന്ന് സുരേന്ദ്രന് നിര്‍ബന്ധമുണ്ട്. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് വകവയ്ക്കാതെ ശബരിമല വിഷയം പ്രചണ വിഷയമാക്കുമെന്ന് സുരേന്ദ്രന്‍ പറയുന്നത്.

അതേസമയം പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്ന മോഹമൊതുക്കിയാണ് പിള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതിനാലാണ് താനാണ് ബിജെപി അധ്യക്ഷന്‍ എന്ന് സുരേന്ദ്രനെയും മറ്റ് നേതാക്കളെയും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. അതായത് താന്‍ പ്രഖ്യാപിച്ചോളാം തനിക്കാണ് അതിനുള്ള അധികാരം എന്ന ഓര്‍മ്മപ്പെടുത്തല്‍. സംഭവം വാര്‍ത്തയായപ്പോള്‍ ഓരോ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ അവിടങ്ങളില്‍ ആയുധമാകുമെന്ന ന്യായീകരണവും. ബിജെപിയിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് കളികളും ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിന് കാരണമാകുന്നുണ്ട്.

കാലാകാലങ്ങളായി ബിജെപിയില്‍ നടക്കുന്ന തമ്മിലടി മൂലം ഒരു നേതാവിനും അധിക കാലം സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ ഇവിടെ സാധിക്കുന്നില്ല. വി മുരളീധരന്റെ ഗ്രൂപ്പും കൃഷ്ണദാസ് വിഭാഗവും തമ്മിലുള്ള പോര് ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്ക് അധീതനായിരിക്കുമെന്ന് കരുതി ആര്‍എസ്എസ് നിര്‍ദ്ദേശിച്ച് അധ്യക്ഷ പദവിയിലെത്തിയ കുമ്മനത്തിന് പോലും പിടിച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴാണ് എല്ലാ ഗ്രൂപ്പുകള്‍ക്കും താല്‍പര്യമുള്ള ശ്രീധരന്‍ പിള്ളയെ നേതാവാക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചതും. അതേസമയം ശബരിമല സമരം മുരളീധര വിഭാഗത്തിലെ കെ സുരേന്ദ്രന്റെ ക്രെഡിറ്റിലായപ്പോള്‍ അത് കൃഷ്ണദാസ് വിഭാഗത്തിന് തിരിച്ചടിയാകുകയും ചെയ്തു. ജയിലില്‍ കിടന്ന സുരേന്ദ്രനെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും അതിന്റെ പേരില്‍ ഒരു പ്രതിഷേധ ദിനം പോലും ആചരിച്ചില്ലെന്നുമുള്ള ആരോപണം നിലനില്‍ക്കുന്നുമുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ സുരേന്ദ്രന്‍ അതില്‍ പങ്കെടുത്തില്ലെന്നതും വിവാദമായി. സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ പിള്ളയ്ക്കും അതീതനായി വളരുകയാണോയെന്ന സംശയം ശബരിമല സമരത്തിന് ശേഷം ശക്തമായിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് പിള്ള ആഗ്രഹിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും കുമ്മനവും സുരേന്ദ്രനും സ്ഥാനാര്‍ത്ഥികളാകുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ നേടിയ തനിക്ക് പത്തനംതിട്ടയില്‍ സീറ്റ് കിട്ടുമെന്ന് പിള്ള പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ശബരിമല വിഷയത്തിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായത്. ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ നയിക്കേണ്ടത് താന്‍ തന്നെയാണെന്നും പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളെ അറിയിക്കേണ്ടത് താനാണെന്നും സുരേന്ദ്രനെ ഓര്‍മ്മപ്പെടുത്തുകയാണ് ഇന്ന് പിള്ള ചെയ്തിരിക്കുന്നത്.

Read More: ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍