UPDATES

ബ്ലോഗ്

രാഹുലിന്റെ യാത്ര മോദിയിലേക്കോ?

17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ മുസ്ലീം വിരോധത്തിന് ലഭിച്ച ആയുധമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം.

ജാതി ഉന്മൂലനം എന്ന പ്രശസ്ത കൃതിയിൽ ഡോ.ബി.ആർ. അംബേദ്കർ എഴുതി – ”ഹിന്ദു സമൂഹം നില നിന്നിരുന്നില്ല. അത് ജാതികളുടെ സമാഹാരം മാത്രമായിരുന്നു. ഓരോ ജാതിക്കാരും അവരവരുടെ അസ്തിത്വത്തെപ്പറ്റി ബോധവാന്മാരായിരുന്നു. അതിന്റെ അതിജീവനമായിരുന്നു അസ്തിത്വത്തിന്റെ എല്ലാമെല്ലാം. ജാതികൾ ഒരു ഫെഡറേഷൻ രൂപവത്കരിക്കുക പോലും ചെയ്യുന്നില്ല. ഒരു ഹിന്ദു മുസ്ലീം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലേയില്ല. മറ്റവസരങ്ങളെല്ലാം ഒരു ജാതി ഇതര ജാതികളിൽ നിന്നും വേറിട്ട് നില്ക്കുന്നു. ഹിന്ദുവെന്ന മത രാഷ്ട്രീയ ഏകീകരണത്തിന് ഹിന്ദു മുസ്ലീം ലഹളയെ മുഖ്യമാർഗമായി കണ്ടെത്തുന്നത് ദയാനന്ദ സരസ്വതിയാണ്. അദ്ദേഹം സ്ഥാപിച്ച ആര്യ സമാജ് ഗോവധത്തിന്റെ പേരിൽ ഉത്തരേന്ത്യയിലുടനീളം മുസ്ലീങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങളും കൊലപാതകങ്ങളുമാണ് നടത്തിയത്. ഇത്തരം കലാപങ്ങളെ പാഠവത്കരിച്ചാണ് 1925-ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) രൂപം കൊള്ളുന്നത്. ഇതിന്നാധാരമായത് 1921-ലെ മലബാർ കലാപത്തിൽ മുസ്ലീങ്ങൾ ഹിന്ദുക്കളെ ആക്രമിച്ചുവെന്ന പ്രചരണമാണ്. 1947-ലെ ഇന്ത്യാ വിഭജനവും പാക്കിസ്ഥാൻ രൂപീകരണവും ആർ.എസ്.എസിന്റെ മുസ്ലീം വിരോധത്തിന് ദേശീയ സ്വഭാവം നല്കുകയുണ്ടായി. അതുകൊണ്ടാണ് മുസ്ലീങ്ങളോടവർ പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നത്.

എന്നാൽ ഹിന്ദുക്കളുടെ മത രാഷ്ട്രീയ ഏകീകരണത്തിനേറ്റ തിരിച്ചടിയായിരുന്നു വി.വി.സിംഗിന്റെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള തീരുമാനം. ഇത് ഹിന്ദുക്കളെന്ന് കരുതപ്പെട്ടിരുന്ന പിന്നാക്ക – ദലിത് ജനവിഭാഗങ്ങളെ വ്യത്യസ്തമായ സാമൂഹ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് സഹായിച്ചത്. ഈ രാഷ്ട്രീയത്തെ നേരിടാൻ സംഘപരിവാർ സ്വീകരിച്ച മാർഗ്ഗങ്ങൾ ഇവയാണ്. ഒന്ന് – പിന്നാക്ക ദളിത് സമുദായ നേതാക്കളെ സംഘടയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുക. രണ്ട് – ബാബറി മസ്ജിദ് തകർക്കുക. ബാബറി മസ്ജിദ് തകർക്കുന്നതിലൂടെ രൂപപ്പെട്ട മുസ്ലീം വിരോധം സവർണ്ണരെ മാത്രമല്ല ദളിത് പിന്നാക്ക സമുദായങ്ങളെയും രാഷ്ട്രീയമായി ഏകീകരിക്കുവാൻ സംഘപരിവാറിന് സഹായകമായി. ഈ ശത്രുത നിലനിർത്തുന്നതിനാണ് മുസ്ലീങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നത്.

മുകളിൽ കൊടുത്തിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം സംഘപരിവാറിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളെ വിലയിരുത്തേണ്ടത്. ഗുജറാത്തിൽ മുസ്ലീം വംശഹിംസകൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയാണ് നേട്ടങ്ങൾ കൊയ്തത് . ഉത്തർപ്രദേശിൽ 20 ശതമാനത്തിലേറെ ജനസംഖ്യയുള്ള മുസ്ലീങ്ങൾക്ക് ഒരൊറ്റ സീറ്റ് നല്കാതെ തന്നെ ലോക് സഭാ നിയമസഭാ മണ്ഡലങ്ങളിൽ വമ്പിച്ച വിജയം കൈവരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. മുസ്ലീം വിരോധം തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ്സും ഹിന്ദു പ്രീണനത്തിലൂടെ സംഘപരിവാർ നിലപാട് തന്നെയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഗുലാംനബി ആസാദിന് തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ്സ് തന്നെ അകറ്റിനിർത്തുന്നു എന്ന് വിലപിക്കേണ്ടി വന്നത്.

17-ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ മുസ്ലീം വിരോധത്തിന് ലഭിച്ച ആയുധമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. മത ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള വയനാട്ടിൽ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്ന മുസ്ലീം ലീഗിനെയും വെൽഫെയർ പാർട്ടിയെയും ( സംഘപരിവാറിനത് ജമാ അത്തെ ഇസ്ലാമി)ചൂണ്ടിക്കാട്ടി മുസ്ലീങ്ങളുടെ സ്ഥാനാർത്ഥിയാണ് രാഹുൽ എന്ന പ്രചാരണം നടത്താൻ സംഘപരിവാറിന് കഴിയും. കേരളത്തിന് മാത്രം ബാധകമായ മത നിരപേക്ഷത, യു ഡി എഫ് എന്നീ ഘടകങ്ങളെ പുറന്തള്ളി പ്രചരണം കൊഴിപ്പിക്കുമ്പോൾ ഉത്തരേന്ത്യയടക്കം ഇന്ത്യയിലൊട്ടാകെ ഹിന്ദുക്കളുടെ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. ഈ പ്രചാരണത്തെ മൃദു ഹിന്ദുത്വത്തിലൂടെ കോൺഗ്രസ് നേരിടുമ്പോൾ മുസ്ലീങ്ങൾ പാർശ്വവത്കൃതരാകും. അഥവാ മുസ്ലീം പിന്തുണ സ്ഥാപനവത്കരിക്കപ്പെടുകയാണെങ്കിൽ കോൺഗ്രസ്സിന് ( രാഹുലിന്) ലഭിക്കുന്നത് മുസ്ലീം പാർട്ടിയെന്ന ആരോപണമായിരിക്കും. ഇത്തരുണത്തിൽ ഓർക്കേണ്ടത് മറ്റൊരനുഭവമാണ്.

2014ൽ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അമൃതാനന്ദമയീ മഠത്തിലെ ഒരു വിദേശ വനിത ( പേരോർക്കുന്നില്ല) ക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങൾ സുദീർഘമായ അഭിമുഖത്തിലൂടെ കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് പ്രക്ഷേപണം ചെയ്തു. ഫലമോ അമൃതാനന്ദമയി ഉൾപ്പെടുന്ന ധീവര സമുദായത്തിന്റെ വോട്ടുകൾ കൊല്ലം ആലപ്പുഴ മണ്ഡലങ്ങളിൽ എൽ.ഡി.ഫിന്റെ പരാജയം ഉറപ്പാക്കിയപ്പോൾ തീരമേഖലയിലുടനീളം എൽ.ഡി.എഫിന് ദോഷകരമായി മാറുകയും ചെയ്തു. വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത നേതൃത്വങ്ങൾക്ക് ഇതൊരു പാഠമായിരിക്കട്ടെ.

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ കെ കൊച്ച്

കെ കെ കൊച്ച്

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍