UPDATES

ബ്ലോഗ്

ഫാ. റോബിന്‍ വടക്കുഞ്ചേരി ഒരു താക്കീതാണ്; ബിഷപ്പ്‌ ഫ്രാങ്കോയെ രക്ഷിക്കാന്‍ നടക്കുന്ന സഭയ്ക്കും പിതാക്കന്മാര്‍ക്കും

സഭ എത്രത്തോളം ശക്തമാണെന്നും വിശ്വാസികളെ അതെങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും വരുതിയില്‍ നിര്‍ത്തുന്നതെന്നതിനും കൂടി കൊട്ടിയൂര്‍ കേസ് ഉദ്ദാഹരണമാണ്

പ്രിയപ്പെട്ടവരെ നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. മാപ്പ്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ചു നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’; കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയോടും കുടുംബത്തോടും മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പെരുന്നോടം നടത്തിയ മാപ്പ് പറച്ചിലാണിത്. ദൈവത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് പ്രതിയായ വൈദികനെ സംരക്ഷിക്കാനുള്ള സഭയുടെ തന്ത്രമായിരുന്നു ഈ മാപ്പ് പറച്ചില്‍. കുറ്റം ചെയ്ത വൈദികന്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങുമെന്നോ, തെറ്റുകാരനെ സഭയില്‍ നിന്നും നീക്കം ചെയ്യുമെന്നോ ഒരു മെത്രാനും പുരോഹിതനും പറഞ്ഞില്ല. പകരം പീഡിപ്പിക്കപ്പെട്ടവരെ ദൈവം സഹായിക്കട്ടെ എന്നുപറഞ്ഞൊഴിഞ്ഞു. സഭയുടെ ഈ കുടിലതയ്ക്കാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും, ഇര പ്രവസിച്ചപ്പോള്‍ ആരും അറിയാതെ മൂടിവയ്ക്കാനും, നവജാത ശിശുവിനെ ഒളിപ്പിക്കാനും ഫാ. റോബിന് കൂട്ടു നിന്നത് സഭയിലെ വൈദികരും കന്യാസ്ത്രീകളും തന്നെയാണ്. വിഷയം പുറത്തറിഞ്ഞപ്പോള്‍ വൈദികനെ രക്ഷിക്കാന്‍ എല്ലാ അടവും നോക്കിയതും സഭ തന്നെ. അതുകൊണ്ട്, ഫാ. റോബിന്‍ വടക്കാഞ്ചേരിക്കൊപ്പം സഭകൂടിയാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

സി. അഭയ കേസ് മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ പുരോഹിതരും മെത്രാന്മാരും പ്രതികളും ആരോപണവിധേയരുമായ നിരവധി കേസുകള്‍ കേരള കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ കേസുകളില്‍ നിന്നെല്ലാം തലയൂരാന്‍ സഭ വിജയിച്ചിട്ടുമുണ്ട്(ബിഷപ്പ് ഫ്രാങ്കോ കേസ് തത്കാലം ഒഴിവാക്കാം). ഡസന്‍ കണക്കിന് ലൈംഗിക പീഡനക്കേസുകളാണ്(പ്രായപൂര്‍ത്തിയാവരെയും അല്ലാത്തവരെയും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ) പുറത്തു വന്നിട്ടുള്ളതെങ്കില്‍, അതിന്റെ ഇരട്ടി പുറത്തുവരാത്തതുണ്ട്. എല്ലാം തങ്ങള്‍ക്ക് ഒതുക്കാം എന്ന ആത്മവിശ്വാസം സഭയ്ക്ക് ഉണ്ടാകുന്നതും ഇതൊക്കെ കൊണ്ടായിരുന്നു. ആ ആത്മവിശ്വാസം കൂടിയാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

കൊട്ടിയൂര്‍ കേസില്‍ ഫാ. റോബിനെ രക്ഷപ്പെടുത്താന്‍, ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പുരോഹിതന്റെയുമൊക്കെ മഹത്വത്തം മുന്നില്‍ വച്ച് ഭയപ്പെടുത്തി ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊണ്ട് തന്നെ കുറ്റം ഏറ്റെടുപ്പിച്ചിരുന്നു സഭ. ഒരു പുരോഹിതനെ ശിക്ഷിക്കുന്നതിനു സഹായമായ രീതിയില്‍ നിലപാട് എടുത്താല്‍ അത് കത്തോലിക്ക സഭയെ മൊത്തത്തില്‍ അപമാനിക്കുന്നത് തുല്യമാകുമെന്ന സമ്മര്‍ദ്ദം ആ കുടുംബത്തിനു മേല്‍ ഉണ്ടാക്കുകയും അതോടൊപ്പം സാമ്പത്തികസഹായം വാഗാദാനം ചെയ്തുമൊക്കെയാണ് സഭ ഇങ്ങനെയൊരു കളി നടത്തിയത്. ഫാ. റോബിന്‍ വടക്കുഞ്ചേരി ചതിക്കുകയായിരുന്നുവെന്നും അയാള്‍ എല്ലാകുറ്റവും തങ്ങളുടെ മേല്‍ കെട്ടിവച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായതെന്നും മാധ്യമങ്ങളോട് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയതോടെയാണ് സഭയുടെ ആ കളി പൊളിഞ്ഞത്.

വെറും ഒരു വൈദികന്‍ മാത്രമായിരുന്നില്ല ഫാ. റോബിന്‍ വടക്കുഞ്ചേരി. ഈ അധികാരസ്ഥാപനത്തില്‍ പ്രബലമായ സ്ഥാനമുണ്ടായിരുന്നു അയാള്‍ക്ക്. അതുകൊണ്ട്് സഭയ്ക്ക് ഫാ. റോബിനെ സംരക്ഷിക്കേണ്ടിയിരുന്ന. അതിനവര്‍ ആകുന്നതും ശ്രമിച്ചെങ്കിലും കൈവിട്ടു പോയി. എന്നാല്‍ അവിടെ കൊണ്ട് പിന്മാറിയില്ല. ഫാ. റോബിനെതിരെ ഉയരുന്ന പ്രതിഷേധം സഭയെ തകര്‍ക്കാനുള്ളതെന്ന തരത്തില്‍ അവര്‍ എതിര്‍ പ്രചാരണം നടത്തി. മതം, വിശ്വാസം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചു. ‘ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15 നു മുകളില്‍ ആണ്. എന്റെ മകളുടെ സ്ഥാനത്ത് തന്നെ ആ കുട്ടിയെ കണ്ടു പറയുകയാണ്, മോളേ നിനക്കും തെറ്റ് പറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക. കുഞ്ഞേ, ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? റോസ് മരിയ എന്ന സ്ത്രീ സണ്‍ഡേ ശാലോമില്‍ എഴുതിയ ലേഖനത്തിലെ ഈ വരികള്‍ അതിനൊരു ഉദ്ദാഹരണമായിരുന്നു.

സഭ എത്രത്തോളം ശക്തമാണെന്നും വിശ്വാസികളെ അതെങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും വരുതിയില്‍ നിര്‍ത്തുന്നതെന്നതിനും കൂടി കൊട്ടിയൂര്‍ കേസ് ഉദ്ദാഹരണമാണ്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും കുടുംബവും കേസില്‍ കൂറുമാറി, പ്രതിക്കനുകൂലമായി സംസാരിച്ചെങ്കില്‍ അത് ഫാദര്‍ റോബിനെ കൊണ്ട് മാത്രം കഴിഞ്ഞതല്ല, പിന്നില്‍ സഭ കൂടി നിന്നതുകൊണ്ടാണ്. സഭയേയും വൈദികനെയും മാനക്കേടില്‍ നിന്നും രക്ഷിക്കാനായിരുന്നു തന്റെ മകളുടെ കുഞ്ഞിന്റെ പിതൃത്വം ആദ്യം താന്‍ ഏറ്റെടുത്തതെന്നും ഫാ. റോബിന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യമെന്നു പറഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം തന്നെയാണ് ഫാ. റോബിന് അനുകൂലമായി കോടതിയില്‍ വന്നത്. താനല്ല, യഥാര്‍ത്ഥ കുറ്റവാളി ഫാദര്‍ റോബിന്‍ ആണെന്നു പറഞ്ഞ പിതാവും, ഏറെ വിശ്വസിക്കുകയും പപ്പായെന്നു തന്റെ മകള്‍ വിളിക്കുകയും ചെയ്ത ഫാ. റോബിന്‍, ഒടുവില്‍ തന്നെ മകളെ ഇരയാക്കുകയാണുണ്ടായതെന്നു പറഞ്ഞ മാതാവും, മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ നല്‍കിയ രഹസ്യ മൊഴിയില്‍ തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ വൈദികന്‍ ശാരീരിക ബന്ധത്തിന് കീഴ്പ്പടുത്തുകയായിരുന്നുവെന്ന പറഞ്ഞ പെണ്‍കുട്ടിയും കൂറുമാറി പ്രതിക്കൊപ്പം ചേര്‍ന്നു. തന്റെ കൂടി സമ്മതത്തോടെയാണ് ഫാദര്‍ റോബിനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് കേസിന്റെ വിചാരണ സമയത്ത് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് റോബിന്‍ ആണെന്നും ഒരുമിച്ച് താമസിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തങ്ങള്‍ക്ക് ഫാ. റോബിനെതിരേ പരാതിയില്ലെന്ന് അമ്മ മൊഴി നല്‍കി. പ്രോസിക്യൂഷന്‍ പെണ്‍കുട്ടിയുടെ വയസുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ് നല്‍കിയിരിക്കുന്നതെന്ന് ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുന്നത് ശരിയല്ലെന്നും കുട്ടിയുടെ ജനനവര്‍ഷം 1999 ആണെന്നും ആ അമ്മ പറഞ്ഞു. ഫാ. റോബിനെ രക്ഷിച്ചെടുക്കാന്‍ സഹായകമാകുന്ന തരത്തില്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും സഭ എങ്ങനെ വശത്താക്കിയെന്നു ചോദിച്ചാല്‍; പതിവു പോലെ, ദൈവത്തെ ചൂഷണം ചെയ്തു!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനും സഭ അധികാരികള്‍ ഇതേ കളികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുപക്ഷേ പൊതുമൂഹത്തിനും വിശ്വാസികള്‍ക്കുമിടയില്‍ അവരെ എത്രത്തോളം അപഹാസ്യരാക്കുന്നുവെന്നു തിരിച്ചറിയുന്നില്ല. ഫാ. റോബിന്‍ വടക്കുഞ്ചേരി ഒരു തിരിച്ചറിവായി സ്വീകരിക്കുകയാണെങ്കില്‍, അത് സഭയ്ക്ക് ഗുണം ചെയ്യും. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ തിരിച്ചടിയുടെ ആഘാതം വളരെ വലുതാണെന്നു മനസിലാക്കണം. പാപികള്‍ ശിക്ഷിക്കപ്പെടട്ടേ; സഭ ശുദ്ധമാകട്ടെ.

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍