UPDATES

ബ്ലോഗ്

ജീവിതത്തിലെ ”ട്വിസ്റ്റുകള്‍” ചിലപ്പോള്‍ എത്ര വിചിത്രം, ക്രൂരം: നയനയുടെ ഓര്‍മ്മകളില്‍ രവി മേനോന്‍

വേദനയോടെ നയനയെ ഓര്‍ത്തുകൊണ്ട് ഞാനിതാ ഇവിടെ. നയനയാകട്ടെ സ്‌ക്രിപ്റ്റുകള്‍ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ

കഴിഞ്ഞ ദിവസം അന്തരിച്ച യുവ ചലച്ചിത്ര സംവിധായിക നയന സൂര്യനെ അനുസ്മരിച്ച് പ്രശസ്ത ചലച്ചിത്ര ഗാന നിരൂപകന്‍ രവി മേനോന്‍. ലെനിന്‍ രാജേന്ദ്രന്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്ന ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് നയന അഞ്ച് ദിവസം മുമ്പ് വിളിച്ചിരുന്നുവെന്നാണ് രവി മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിവച്ച ഡോക്യുമെന്ററി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നാണ് നയന ആവശ്യപ്പെട്ടത്. ലെനിന്‍ രാജേന്ദ്രന്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് വച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ട് സ്‌ക്രിപ്റ്റ് തയ്യാറാക്കണമെന്നായിരുന്നു നയനയുടെ ആവശ്യം. ഈ ദൃശ്യങ്ങള്‍ കാണിക്കാന്‍ രവി മേനോന്റെ ഓഫീസില്‍ തിങ്കളാഴ്ച എത്താമെന്നാണ് നയന അറിയിച്ചിരുന്നത്. ഇന്നാണ് ആ തിങ്കളാച. രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

ജീവിതത്തിലെ ”ട്വിസ്റ്റുകള്‍” ചിലപ്പോള്‍ എത്ര വിചിത്രം, ക്രൂരം. സിനിമയെപ്പോലും അതിശയിക്കും അവ.

അവസാനമായി നയന വിളിച്ചത് അഞ്ചു ദിവസം മുന്‍പാണ്. ദേവരാജന്‍ മാസ്റ്ററെ കുറിച്ച് ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിവെച്ച ഡോക്യുമെന്ററി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കണം. അതാണാവശ്യം. അര മണിക്കൂര്‍ ദൈര്‍ഘ്യം വേണ്ട ഡോക്യുമെന്ററിക്ക് വേണ്ടി മണിക്കൂറുകള്‍ നീളുന്ന റഷസ് ആണ് ലെനിന്‍ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത്. ‘സാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ ചിത്രം പൂര്‍ത്തിയാക്കി പ്രദര്‍ശിപ്പിക്കണമെന്ന്.” നയന പറഞ്ഞു. ‘അപ്പോളോയിലെ ഐ സി യുവില്‍ കിടക്കുമ്പോഴും അതിനെ കുറിച്ച് ഇടക്കിടെ സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്ത ഭാഗം കണ്ട് ചേട്ടന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിത്തന്നാല്‍ നമുക്ക് എത്രയും വേഗം പണി തുടങ്ങാം..”

അതൊരു അധികപ്രസംഗവില്ലേ നയന?– എന്റെ മറുചോദ്യം. ‘വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ആണ് ആ ഡോക്യുമെന്ററി ചെയ്യുക എന്നാണ് ലെനിന്‍ജി എന്നോട് പറഞ്ഞത്. പതിവ് ചിട്ടവട്ടങ്ങള്‍ ഒന്നും ഉണ്ടാവില്ല. സിനിമയിലെ ഗാനരംഗങ്ങള്‍ പോലും. ലെനിന്‍ ജി മനസ്സില്‍ കണ്ടത് എന്തെന്ന് നമ്മള്‍ എങ്ങനെ അറിയും? അതറിയാതെ എങ്ങനെ സ്‌ക്രിപ്റ്റ് എഴുതും?”

ഫോണിന്റെ മറുതലയ്ക്കല്‍ നീണ്ട മൗനം. ‘ശരിയാണ് ചേട്ടാ. സാറിന്റെ മനസ്സിലുള്ളത് നമുക്ക് സങ്കല്‍പ്പിച്ചെടുക്കാന്‍ പോലും പറ്റില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ ഉള്ളിലെ സ്‌ക്രീനില്‍ സിനിമ ഓടുന്നുണ്ടാകും. എങ്കിലും ഈ ഡോക്യുമെന്ററി നമുക്ക് തീര്‍ത്തേ പറ്റൂ. ഇതിന്റെ വര്‍ക്ക് തുടങ്ങുന്ന കാലം മുതല്‍ കാര്യങ്ങളൊക്കെ ചേട്ടനുമായി ഡിസ്‌കസ് ചെയ്തിട്ടുണ്ടല്ലോ. ആ ഓര്‍മ്മയില്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിത്തന്നാല്‍ മതി…”ഒരു നിമിഷം നിര്‍ത്തി നയന പറഞ്ഞു: ‘സാറിന് വേണ്ടി ഇതെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിന് ഇത്രകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി കൂടെ നടന്നു…” ആ വാക്കുകളില്‍ നിന്ന് നിശബ്ദമായ ഒരു കരച്ചില്‍ വായിച്ചെടുക്കാമായിരുന്നു എനിക്ക്. സമ്മതിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പിന്നെ.

‘ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ആദ്യം നമുക്ക് ഒന്ന് കണ്ടുനോക്കാം. കുറെ നേരം വേണ്ടിവരും”- നയന പറഞ്ഞു. ‘ഏതായാലും തിങ്കളാഴ്ച്ച ഞാന്‍ ചേട്ടന്റെ ഓഫീസില്‍ വരുന്നുണ്ട്. അത് കഴിഞ്ഞു തീരുമാനിക്കാം. എത്രയും പെട്ടെന്ന് വേണം.” ശരി എന്ന് ഞാന്‍.

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച. വേദനയോടെ നയനയെ ഓര്‍ത്തുകൊണ്ട് ഞാനിതാ ഇവിടെ. നയനയാകട്ടെ സ്‌ക്രിപ്റ്റുകള്‍ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍