UPDATES

ബ്ലോഗ്

ജോര്‍ജ് ഫെര്‍ണാണ്ടസ്: സോഷ്യലിസ്റ്റാണെന്ന് സംഘിപ്പാളയത്തിലിരുന്നും നാട്ടുകാരെ ഓര്‍മ്മിപ്പിച്ചയാള്‍

1967-ഇല്‍ എസ് കെ പാട്ടീല്‍ എന്ന ബോംബെയിലെ കിരീടം വയ്ക്കാത്ത കോണ്‍ഗ്രസ് രാജാവിനെ ബോംബെ സൗത്ത് ലോക് സഭ മണ്ഡലത്തില്‍ തോല്‍പ്പിച്ചുകൊണ്ട് യഥാര്‍ത്ഥ ജയന്റ് കില്ലറായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശനം.

അടിയന്തിരാവസ്ഥയുടെ അടയാളങ്ങളിലൊന്നായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. വൈദികവിദ്യാര്‍ത്ഥിയായിത്തുടങ്ങി, വിപ്ലവകാരിയായി, സോഷ്യലിസ്റ്റായി, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായി. 1967-ഇല്‍ എസ് കെ പാട്ടീല്‍ എന്ന ബോംബെയിലെ കിരീടം വയ്ക്കാത്ത കോണ്‍ഗ്രസ് രാജാവിനെ ബോംബെ സൗത്ത് ലോക് സഭ മണ്ഡലത്തില്‍ തോല്‍പ്പിച്ചുകൊണ്ട് യഥാര്‍ത്ഥ ജയന്റ് കില്ലറായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശനം. 1974-ലെ റയില്‍വേ പണിമുടക്കിന്റെ സംഘാടകന്‍. അടിയന്തിരാവസ്ഥയില്‍ ഇന്ദിര ഗാന്ധിയ്ക്കെതിരെയുള്ള ഏറ്റവും അപകടകാരിയായ എതിരാളി. ബറോഡയില്‍ ഡൈനമിറ്റ് കേസില്‍ അതിഭീകരമായ മര്‍ദ്ദനം. അരയ്ക്കൊപ്പം വെള്ളത്തില്‍ ദിവസങ്ങളോളം; ഉറങ്ങാതിരിക്കാന്‍ ഹൈ വോള്‍ട്ടേജ് ബള്‍ബിട്ട മുറിയില്‍ പാര്‍പ്പിക്കല്‍. ജയിലില്‍ കിടന്നുള്ള 1977-ലെ തെരഞ്ഞെടുപ്പ്, ജയം.

അതൊക്കെ ഒരു ജോര്‍ജ് ഫെര്‍ണാണ്ടസ്. ഒരു ദിവസം സ്വന്തം നേതാവ് മൊറാര്‍ജി ദേശായിക്കുവേണ്ടി പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും പിറ്റേ ദിവസം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എതിരാളിയ്ക്കൊപ്പം പോവുകയും ചെയ്ത, ഐ ബി എമ്മിനെയും കൊക്ക-കോലയെയും ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ, ബി ജെ പിയ്ക്കൊപ്പം പോകുന്നത് ഒരു വിഷയമല്ലെന്നു കണ്ടെത്തിയ സോഷ്യലിസ്റ്റ് നേതാവ്, ശവപ്പെട്ടി കുംഭകോണം നടക്കുമ്പോള്‍ പ്രതിരോധമന്ത്രി. അതൊക്കെ ഇനിയൊരാള്‍.

Read: മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

https://www.azhimukham.com/news-update-former-defence-minister-george-fernandes-passes-away/

കൊങ്കണ്‍ റെയില്‍വേയെക്കുറിച്ച് ആലോചിക്കാന്‍ ധൈര്യം കാണിച്ച ഭരണാധികാരി; സാധാരണ സൈനികന്റെ ജീവിതത്തെക്കുറിച്ചുകൂടി ഓര്‍ത്ത പ്രതിരോധമന്ത്രി…സോഷ്യലിസ്റ്റായിരുന്നു ഇയാള്‍ എന്ന് സംഘിപ്പാളയത്തിലിരുന്നും നാട്ടുകാരെ ഓര്‍മ്മിപ്പിച്ചയാള്‍.

മംഗലാപുരത്തു ജനിച്ചു ബോംബെയിലെ തൊഴിലാളികളെ സംഘടിപ്പിച്ച നേതാവായി, ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ പറ്റുന്ന നേതാവായി, അടിച്ചമര്‍ത്തലിനെ ഭയക്കാത്ത വിപ്ലവകാരിയായി തന്റെ രാഷ്ട്രീയത്തെ കൂസലില്ലാതെ പ്രതിരോധിച്ച രാഷ്ട്രീയക്കാരനായി, മനുഷ്യപ്പറ്റുള്ള നേതാവായി, ഒരു എസന്‍ഷ്യല്‍ മാവറിക്കായി, മനുഷ്യനായി ജീവിച്ചു ജോര്‍ജ് ഫെര്‍ണാണ്ടസ് ചരിത്രത്തിലേക്ക് യാത്രയായി.

(ഫെയ്‌സ്ബുക്ക് പോസ്റ്റ്)

ചിത്രം- ട്രേഡ് യൂണിയന്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിക്കപ്പെട്ട ജോര്‍ജ് ഫെര്‍ണാണ്ടസ്

Read More: ബോംബെ ഭരിച്ച തൊഴിലാളി നേതാവ്, ഇന്ദിരാ ഗാന്ധിയ്ക്കെതിരെ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട വിപ്ലവകാരി, പ്രതിരോധമന്ത്രി, 10 ഭാഷകള്‍ സംസാരിക്കുന്ന, സമാനതകളില്ലാത്ത ജോര്‍ജ് ഫെര്‍ണാണ്ടസ്

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍