UPDATES

ബ്ലോഗ്

സ്ത്രീവിരുദ്ധ രാഷ്ട്രീയം മുദ്രാവാക്യമാക്കിയ പ്രതിലോമ കൂട്ടത്തിന് വോട്ട് കുത്തുമ്പോള്‍ ആര്‍എംപിക്കാര്‍ സഖാവ് ടി പിയോട് എന്തു മറുപടി പറയും?

എസ്ഡിപിഐ വോട്ട് തേടി പോയത് ലീഗിനെ പൊന്നാനിയില്‍ തോല്‍പ്പിക്കാന്‍ പോന്ന കാരണം തന്നെയാണ്

ആര്‍എംപിയിലേക്ക് പോയ സഖാക്കള്‍, മുഖ്യധാര ഇടതുപക്ഷത്തിന്‍റെ, സിപിഎമ്മിന്‍റെ നിലപാടുകള്‍ വലതുപക്ഷത്തിന്‍റെതാണ് എന്നും പറഞ്ഞ് ആശയപരമായി ഭിന്നിച്ചു പോയവരല്ലേ. എങ്ങനെയാണ് പിന്നെ കെ.കെ രമ നയിക്കുന്ന ആര്‍എംപി (ഐ) കേരളസംഘത്തിന് കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടാനും അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനും സാധിക്കുന്നത്? ടി പി ചന്ദ്രശേഖരനെന്ന രക്തസാക്ഷിയുടെ രക്തവും കൊണ്ട് കോണ്‍ഗ്രസ് പടിക്കല്‍ ചെന്നാല്‍ അവരത് വില്‍ക്കാന്‍ വയ്ക്കുമെന്നറിയാതെയാണോ?

അതല്ല, ഈ അക്കൌണ്ടബിലിറ്റിയൊന്നും സിപിഎമ്മിനല്ലാതെ വേറെ ആര്‍ക്കും ഇല്ല എന്നാണോ? കെ.കെ രമയുടെ ജീവിതത്തിന്‍റെ നേരും വേദനയും കാണാന്‍ ശ്രമിക്കാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്‍ കൊലചെയ്യപ്പെട്ടിട്ടും രാഷ്ട്രീയ കൊടി മുറുകെ പിടിച്ചുള്ള പോരാട്ടത്തിനോട് സ്നേഹം തോന്നിയിട്ടുണ്ട്. പക്ഷെ പ്രത്യയശാസ്ത്രമില്ലാതെ കൊലപാതകത്തിന്‍റെ പ്രതികാര കണക്കുകള്‍ മാത്രം പറഞ്ഞൊരു രാഷ്ട്രീയ തീരുമാനം എടുക്കാനാവുമോ? ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറണമെങ്കില്‍ അത് ഞങ്ങളുടെ രക്തത്തില്‍ ചവിട്ടി വേണം എന്ന് പറഞ്ഞ നേതാക്കളുടെ പാര്‍ട്ടിയാണ്. സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിനായി ഹിന്ദുക്കളെ കൂട്ടിയവരാണ്. വിശ്വാസ സംരക്ഷണം മുദ്രാവാക്യമാക്കിയ പ്രതിലോമ കൂട്ടത്തിന് വോട്ട് കുത്തുമ്പോള്‍ ടി.പിയോട് എന്ത് മറുപടി പറയും ?

Also Read: വടകരയിൽ ‘കൊലയാളി ജയിക്കാതിരിക്കാൻ അടവുനയ’മെന്ന് ആർഎംപി; യുഡിഎഫിനെ പിന്തുണയ്ക്കും

ടി പിയും സഖാക്കളും പാര്‍ട്ടിയിലുള്ള കാലത്ത് കോണ്‍ഗ്രസിനാല്‍ കൊലപ്പെട്ട സഖാക്കളോട് എന്ത് മറുപടി പറയും. ടി പിയുടെത് കൂടിയായി മരിച്ചു വീണ സഹപ്രവര്‍ത്തകരോട്, കോണ്‍ഗ്രസ്സിനാല്‍ കൊലചെയ്യപ്പെട്ട സഖാക്കളോട്. ചീമേനിയില്‍ ചുട്ടുകൊല്ലപ്പെട്ട മനുഷ്യരോട് എന്ത് മറുപടി പറയും നിങ്ങള്‍? തൊണ്ട പൊട്ടുമറുറക്കെ വിളിച്ച പഴയ മുദ്രാവാക്യങ്ങളോട്, വിശ്വസിച്ചു പോന്നിരുന്ന ആശയങ്ങളോട്, സിക്ക് വംശഹത്യയില്‍ മരിച്ച ആയിരങ്ങളോട്‍, കൂത്തുപറമ്പിലെ രക്തസാക്ഷികളോട്, യുഡിഎഫിന് പിന്തുണയറിച്ച് ടി പി കൊലപാതകികളോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസിനാല്‍ ഇല്ലാതാക്കപ്പെട്ട ഈ മനുഷ്യരുടെ ചോരയോട് നിങ്ങളെന്ത് മറുപടി പറയും? അതോ മറുപടി പറയലൊക്കെ സിപിഎമ്മിന്‍റെ പണി മാത്രമാണോ?

ലോക്സഭ ഇലക്ഷനില്‍ പൊന്നാനിക്കാരനാണ്. ഇതിലും മെച്ചപ്പെട്ട, ആശയപരമായി കരുത്തുള്ള ഒരു സ്ഥാനാര്‍ഥിയെ ഞങ്ങള്‍ അര്‍ഹിക്കുന്നു എന്ന് കരുതുമ്പോള്‍ തന്നെ ഇടതുപക്ഷ സ്വതന്ത്രനാണ് എന്‍റെ വോട്ട്. ശബരിമല വിഷയത്തില്‍ വിഷം വിതയ്ക്കാന്‍ ഹിന്ദുത്വതീവ്രവാദ കൂട്ടമിറങ്ങിയപ്പോള്‍ ചെറുത്ത് നിന്നതിന്, പുരോഗമനപക്ഷം പിടിച്ചതിന്, പ്രളയകാലത്ത്, നിപ്പാക്കാലത്ത് കേരളത്തെ നയിച്ചതിന്, പത്രസമ്മേളനങ്ങള്‍ വിളിച്ച് കൃത്യമായി വിവരങ്ങള്‍ അറിയിച്ചതിന്. റീട്ടെയില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ കഴിഞ്ഞതിന്, ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതിന്, അടുത്തുള്ള അമ്മമാര്‍ക്ക് പെന്‍ഷന്‍ എത്തിച്ചതിന്. അങ്ങനെ ഒരു സര്‍ക്കാറിനെ എന്തിനൊക്കെ തിരഞ്ഞെടുത്തോ അതെല്ലാം തെറ്റ് പറയിപ്പിക്കാതെ, ജനസമ്പര്‍ക്ക നാട്യങ്ങളില്ലാതെ ചെയ്തു തീര്‍ക്കുന്നതിന്.

Also Read: ‘ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ പലര്‍ക്കും തലയില്‍ മുണ്ടിടേണ്ടി വരും; സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല; എസ്ഡിപിഐ നേതാവ് നസറുദ്ദീന്‍ എളമരം

എതിരഭിപ്രായങ്ങളുണ്ട്. സഖാവ്‌ ജലീലിന്‍റെ കൊലപാതകം തൊട്ടങ്ങോട്ട്. ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടുകളുണ്ട്. പക്ഷെ നിങ്ങള്‍ എടുത്ത പുരോഗമന നിലപാടുകള്‍ വെറുതെ ആയില്ലെന്ന് കേരളം ഇടതുപക്ഷത്തോട് വിളിച്ചു പറയേണ്ട സമയമാണ്. ഇടതുപക്ഷം തോറ്റാല്‍ ഹിന്ദു ഉണര്‍ന്നെന്നും, മതവാദം ജയിച്ചെന്നും അവര്‍ പറയും. സ്ത്രീകളെ ഇനിയുമേറെ തടയും.

എസ്ഡിപിഐ വോട്ട് തേടി പോയത് ലീഗിനെ പൊന്നാനിയില്‍ തോല്‍പ്പിക്കാന്‍ പോന്ന കാരണം തന്നെയാണ്. സ്വന്തം മതത്തിലെ മതതീവ്രവാദ ശ്രമങ്ങളെ ഇവടുത്തെ മുസ്ലീങ്ങളെപ്പോലെ ഇത്രേയേറെ പ്രതിരോധിക്കുന്നൊരു കമ്യൂണിറ്റിയുണ്ടാവില്ല. സംഘിയെന്നു പറഞ്ഞ് കുടുംബത്തില്‍ അടുത്തിരിത്തി ചിരിക്കുന്ന പോലെയല്ല ഇവടെ കാര്യങ്ങള്‍. സുഡാപ്പി ചെക്കന് പെണ്ണ് കൊടുക്കാത്ത കുടുംബങ്ങളുള്ള നാടാണ്. പള്ളിയിലിട്ട് ഒരു മനുഷ്യനെ വെട്ടി നുറുക്കിയപ്പോള്‍ സമാധാനം ആഗ്രഹിച്ച കമ്യൂണിറ്റിയാണ്. അവരുടെ വിശാലതയില്‍ മതകാലപങ്ങളില്ലാതെ ജീവിച്ചു പോകുന്ന നാട് പോലുമാണ്.

Also Read: രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, സിബിഐ പ്രതിപ്പട്ടികയില്‍; വടകര പിടിക്കാന്‍ സിപിഎം പി. ജയരാജനെ ഇറക്കുമ്പോള്‍

ലീഗൊരു മതതീവ്രവാദ പാര്‍ട്ടിയാണ് എന്ന ധാരണയൊന്നുമില്ല. കൂടിപ്പോയാല്‍ ഒരു സമുദായ സംഘടനയാണ്. ലീഗില്‍ കൂടി നില്‍ക്കുന്നവര്‍ തീവ്രവാദ സംഘടനകളെ പ്രതിരോധിക്കുക കൂടിയാണ് ചെയ്യുന്നത്. ആ നേരത്താണ് ആ രണ്ടു നേതാക്കള്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടിനെ കാണുന്നത്. ജനങ്ങള്‍ അതിനെതിരെ പ്രതികരിച്ചാല്‍ അത് മലപ്പുറത്തിന്‍റെ സ്വാഭാവികതയാണ്. ഒരു പക്ഷ കോടിയേരിക്ക് പോലും മനസ്സിലാവാത്ത രാഷ്ട്രീയ പ്രബുദ്ധതയുള്ള ടീംസാണ്.

ഇനി അക്കൌണ്ടബിലിറ്റിയും അന്‍വറിന്‍റെ ജപ്പാന്‍ വീഡിയോയും കൊണ്ടു വരണ്ട. ഇതൊക്കെ കണ്ടും അറിഞ്ഞും തന്നെയാണ്, അതിനു ശേഷവും ഇടതുപക്ഷത്തിനു തന്നെ കുത്തണമെന്ന തീരുമാനം എടുത്തത്. മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ലൈംഗികപീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്. ഇലക്ഷന്‍കാലമാണ്, ഒരു അരമണിക്കൂര്‍ ചര്‍ച്ചയെങ്കിലും എവിടെയും കണ്ടില്ല. രാജിവയ്ക്കണമെന്നോ സംഘടനയില്‍ നിന്ന് ഒഴിയണമെന്നോ ആരും പറഞ്ഞ് കേട്ടില്ല, മഹിളാ കോണ്‍ഗ്രസ് സമരം നടത്തിയില്ല.

Also Read: മുസ്ലിം ലീഗിന്റെ പൊന്നാനി പി.വിഅൻവർ എംഎൽഎ കയ്യേറുമോ? ചരിത്രം പറയുന്നത്

ലൈംഗികപീഡനം, അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന നേതാക്കളുള്ള പാര്‍ട്ടിക്കാരുടെ രാഷ്ട്രീയശരി ക്ലാസ്സെടുപ്പുകള്‍ കോമഡിയാണ്. പതിനെട്ട് തികയാത്ത പെണ്ണിനെ പീഡിപ്പിച്ചു എന്ന് അവര്‍ തന്നെ പലവട്ടം പറഞ്ഞ മറ്റൊരു നേതാവാണ്‌ ഐക്യജനാധിപത്യ മുന്നണിയെ നയിക്കുന്നത്. ഇതാണ് ഞങ്ങളുടെ ജനാധിപത്യം എന്നൊരു കോണ്‍ഗ്രസ് അനുഭാവി ഒരു ചര്‍ച്ചക്കിടയില്‍ പറഞ്ഞിരുന്നു. അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സിക്ക് വംശഹത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതങ്ങ് വടക്കേ ഇന്ത്യയില്‍ അല്ലേ എന്നും മറുപടി കേട്ടിട്ടുണ്ട്. അധികാരം മാത്രം ആശയമാക്കിയ ഒരു കൂട്ടമാണ്‌. സംഘപരിവാറാവാന്‍ നിമിഷങ്ങള്‍ വേണ്ടെന്ന് ശബരിമല തെളിയിച്ചതാണ്. സംഘപരിവാര്‍ – ബിജെപിക്ക് എതിരെയുള്ള പ്രതിരോധം, എത്ര ചെറുതായാലും, ന്യൂനപക്ഷമായാലും ഇടതുപക്ഷമാണ്. ത്രികോണ മത്സര സാദ്ധ്യതകള്‍ ഇല്ലാത്തതു കൊണ്ട് വോട്ട് ഉറപ്പായും പി.വി അന്‍വറിനാണ്.

Also Read: കഥാകൃത്ത് ടി പദ്മനാഭൻ ഒരു പൊതുവേദിയിൽ വെച്ച് പറഞ്ഞു, കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ; മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ട കാക്കാന്‍ ഇ ടി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍