UPDATES

ബ്ലോഗ്

കുട്ടനാട്ടില്‍ പാടം നികത്തി റോമന്‍ കത്തോലിക്കാ സഭയുടെ ‘അശ്ലീല’ പള്ളി നിര്‍മ്മാണം

ഇടവകക്കാര്‍ ആരെങ്കിലും സഹായം ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും. പളളിക്കെത്രരൂപാ കൊടുത്താരുന്ന്?

പള്ളിക്കെത്രരൂപാ കൊടുത്താരുന്ന്?

ഇത് എഴുതണോ. അതും ഞാന്‍ തന്നെ എഴുതണോ. എന്തിനെഴുതണം. എഴുതിയിട്ട് എന്ത് പ്രയോജനം. നഷ്ടങ്ങളല്ലാതെ.
ഒരുപാട് ആലോചിച്ചു. ഒടുവില്‍ ആത്മനിന്ദ സഹിക്കാന്‍ വയ്യാതായപ്പോള്‍ രണ്ടും കല്‍പ്പിച്ച് എഴുതുകയാണ്.

ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പള്ളിക്കൂട്ടുമ്മ ജംഗ്ഷനും പുളിങ്കുന്നിനും ഇടയില്‍ ഉയര്‍ന്നു വരുന്ന ഭീമന്‍ ക്രിസ്ത്യന്‍ പള്ളിയാണ്. റോമന്‍ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ മണലാടി പ്രദേശത്തുകാര്‍ക്കായുള്ള ഇടവക. പളളിയാണ് നിര്‍മാണത്തിലിരിക്കുന്നത്.
ഇവിടെ മുമ്പേ തന്നെ പ്രത്യേകതകളുള്ള ഒരു സെമിത്തേരി നിലവിലുണ്ട്.
ചിത്രങ്ങള്‍ നോക്കിയാലറിയാം പുഞ്ചപ്പാടത്താല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് പള്ളി പണിയുന്നത്. എല്ലാവര്‍ഷവും ഈ പാടത്ത് നെല്‍ക്കിയുണ്ട്. സ്ഥലം നിലം നികത്താണെന്നത് വ്യക്തം.
സ്ഥലം കുട്ടനാടിന്റെ ഹൃദയഭാഗമാണ്. വെള്ളപ്പൊക്കം ആദ്യം കീഴ്‌പെടുത്തുന്ന സ്ഥലം. നിലവില്‍ ഇന്നും 18.08.20 19 വെള്ളം ഇറങ്ങാത്തതിനാല്‍ വാഹന ഗതാഗതം സുഗമമല്ലാത്ത സ്ഥലം. നിലവില്‍ ഇതിന് സമീപം വലിയ വെള്ളക്കെട്ടാണ്. പള്ളി പണി കഴിയുന്നതോടെ ദുരിതം പതിന്മടങ്ങുമെന്നത് ഉറപ്പാണ്.
ഇടവകയില്‍ 265 കുടുംബങ്ങളാണുള്ളതെന്ന് അറിയുന്നു. മഹാഭൂരിപക്ഷവും വെള്ളപ്പൊക്ക ദുരിതബാധിതര്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരുമാണ് ഏറെയും. എല്ലാ വീട്ടുകാര്‍ക്കും നല്ലൊരു തുകയുടെ രസീതുകുറ്റി അടിച്ച് നല്‍കിയിട്ടുണ്ട്.
നേരിട്ടു കണ്ടങ്കിലേ സംഭവത്തിന്റെ ഭീകരാവസ്ഥ മനസ്സിലാകൂ. അതിഭീമന്‍ കോണ്‍ക്രീറ്റ് എടുപ്പാണ് പൊങ്ങി വരുന്നത്. വന്‍തോതില്‍ കോണ്‍ക്രീറ്റ് പൈലിംഗ് നടന്നു കഴിഞ്ഞു. ഒന്നാം നിലയിലേക്ക് ഘടാഘടിയന്‍ കോണ്‍ക്രീറ്റ് പാതയും പടികളും. പരിസ്ഥിതിക്ക് ഏല്‍ക്കുന്ന നാശം നിങ്ങളെ അമ്പരപ്പിക്കും. നിയമപരമായി ഒരുകാലത്തും കുട്ടനാട്ടില്‍ പണിയാനാകാത്ത എടുപ്പാണിത്.
പക്ഷെ നിയമപരമായ എല്ലാ അനുമതികളും സഭാ അധികൃതര്‍ കരസ്ഥമാക്കിയതായി അറിയുന്നു. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനും അന്‍വറിന്റെ പാര്‍ക്കിനും എല്ലാ നിര്‍മാണ അനുമതികളും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം
.
പാരിഷ് ഹാളിന്റെ അഭാവം തുടങ്ങിയ തൊടുന്യായങ്ങള്‍ പറഞ്ഞാണ് പള്ളി പണിയുന്നത്. കഴിഞ്ഞ പ്രളയത്തിലും ഈ വെള്ളപ്പൊക്കത്തിലും വീട് നഷ്ടപ്പെട്ട നിരവധി പേര്‍ ഈ ഇടവകയില്‍ തന്നെയുണ്ട്.
അങ്ങനെ ഇരിക്കെയാണ് ഈ അശ്ലീല നിര്‍മിതിക്ക് സഭ തുനിഞ്ഞിരിക്കുന്നത്.
ഇടവകക്കാര്‍ ആരെങ്കിലും സഹായം ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും.
പളളിക്കെത്രരൂപാ കൊടുത്താരുന്ന്?

നിങ്ങള്‍ പരാതി നല്‍കുന്നുണ്ടോ?
ഇല്ല
എന്തുകൊണ്ട്?
സത്യസന്ധമായി പറഞ്ഞാല്‍ പേടിച്ചിട്ട്. റോമന്‍ കത്തോലിക്കാ സഭയോട് ഏറ്റുമുട്ടിനുള്ള യാതൊരു ശക്തിയും എനിക്കില്ല.
ലളിതമായി പറയാം.
നാല് കത്തോലിക്കാ വിഭാഗങ്ങളാണ് കേരളത്തിലുള്ളത്.
റോമന്‍ കത്തോലിക്കാ സഭ അഥവാ കര്‍ദിനാള്‍ ആലഞ്ചേരിയുടെ സഭ
ലത്തീന്‍ കത്തോലിക്കാ സഭ അഥവാ ഫ്രാങ്കോയുടെയും സൂസൈപാക്യത്തിന്റെയും സഭ.
മലങ്കര കത്തോലിക്കാ സഭ എന്ന പുഷ്പഗിരി മെഡിക്കല്‍ കോളജ് സഭ.
ക്‌നാനായ കത്തോലിക്ക സഭ അതായത് സിസ്റ്റര്‍ അഭയയുടെ സഭ.
ഇനി പറയൂ. ഞാന്‍ പരാതി കൊടുക്കണോ.
ആദ്യ വിഭാഗത്തില്‍പെട്ട ഇടുക്കി, താമരശേരി രൂപതകള്‍ പരിസ്ഥിതി സംരക്ഷണത്തിന് പേര് കേട്ടവയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളത്തിലെ ഏറ്റവും വലിയ അധികാര ലോബിയും കത്തോലിക്കാ സഭകളാണ്. വിവിധ സര്‍ക്കാറുകള്‍ക്ക് മേല്‍ സഭ ചെലുത്തുന്ന സമ്മര്‍ദവും ഭീഷണിയും എത്ര വലുതാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്.
ഇടവക ജനത്തെയും ഭീഷണിയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് പുരോഹിതര്‍ മുന്നോട്ട് നയിക്കുന്നത്. വിവാഹം,, അന്ത്യകര്‍മങ്ങള്‍ തുടങ്ങിയ കൂദാശകള്‍ മുടക്കുമെന്നതാണ് അതില്‍ പ്രധാനം. ദുരിപക്ഷവും വെറുതെ ശല്യം വേണ്ടെന്നുവച്ച് പുരോഹിത ധാര്‍ഷ്ട്യത്തിന് വഴങ്ങുകയാണ് പതിവ്
എതിര്‍ത്താല്‍ കാര്യം പോക്കാകും. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അനുഭവം ഇപ്പോള്‍ കണ്‍മുന്നില്‍ കാണുകയല്ലേ.

അപ്പോള്‍ പള്ളികള്‍ പണിയണ്ടെന്നാണോ?
അല്ല. ഇടവക ജനത്തിന്റെ ആത്മീയ ശുശ്രൂഷകള്‍ക്ക് ആവശ്യമായ സ്ഥലം വേണം. അതിന് ലളിതമായ പള്ളികള്‍ നിര്‍മിക്കാമല്ലോ. കുറെ വര്‍ഷം മുമ്പ് എന്റെ വീടിന് സമീപം യൂദാപുരം എന്ന പുതിയ ഇടവക സ്ഥാപിതമായപ്പോള്‍ ലളിതമായൊരു പളളിയാണ് അവിടെ ഉയര്‍ന്നത്.

സഭ തിരുത്തുമെന്ന് പ്രതീക്ഷയുണ്ടോ?
ഇല്ല. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന, ഇപ്പോള്‍ വളരെയധികം വിമര്‍ശവിധേയമായ, കവളപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്നുള്ള പുരോഹിത സെല്‍ഫിയാണ് ആ പ്രതീക്ഷയില്ലായ്മക്ക് ആധാരം.
തങ്ങള്‍ ചെയ്യുന്നത് എത്ര വലിയ നീചതയാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തോലിക്കാ പുരോഹിതരുടെ ബുദ്ധി കെട്ടുപോയിരിക്കുന്നു. വിശ്വാസികള്‍ക്കുമേല്‍ സ്ഥാപിച്ചിരിക്കുന്ന അപ്രമാദിത്വമാണ് പ്രധാന കാരണം. കുന്നുകൂടിയ സമ്പത്തിന്റെ ധാര്‍ഷ്ട്യം വേറെയും.
കേരളത്തിന്റെ പരിസ്ഥിതിനാശത്തില്‍ ചെറുതല്ലാത്ത വിധം പ്രതിസ്ഥാനത്താണ് സഭ. കുട്ടനാട് പോലെ സമുദ്രനിരപ്പില്‍ താഴെ സ്ഥിതി ചെയ്യുന്ന, പാരിസ്ഥിതിക പ്രത്യേകതള്‍ ഉള്ള പ്രദേശത്ത് ഒരു നിര്‍മാണം നടത്തുമ്പോള്‍ കാട്ടേണ്ട ഒരു ജാഗ്രതയും സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും ഇടവകജനം തന്നെ പ്രളയക്കയത്തില്‍ ആണ്ടു കിടക്കുമ്പോള്‍

അപ്പോള്‍ മറ്റ് മതക്കാരോ?
ഇത്തരം ധൂര്‍ത്ത് ആര് ചെയ്താലും തെറ്റുതന്നെയാണ്. ഈ പള്ളിയുടെ പണി ദിവസവും കാണുന്നതിനാലും കുട്ടനാടിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനാലും ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയെന്ന് മാത്രം.

ഇനി എന്ത്?

ഞാന്‍ ഏറെ നാള്‍ താമസിച്ച തിരുവനന്തപുരം പട്ടത്തെ എസ്.സി.എം സെന്ററിന്റെ ആപ്പീസില്‍ തൂക്കിയിരുന്ന ഒരു ചിത്രം ഇവിടെ ചേര്‍ക്കുന്നു. ക്ഷോഭിക്കുന്ന ക്രിസ്തു . ജറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ അടിച്ചു പുറത്താക്കുന്നതാണ് സന്ദര്‍ഭം. ഫിലിപ്പിനോ ചിത്രകാരന്‍ ലിനാ പോന്തബെന്‍ വരച്ചത്.

ആ ക്ഷോഭിക്കുന്ന ക്രിസ്തുവിലാണ് എല്ലാ വിശ്വാസവും ആശ്വാസവും കുരിശില്‍ ലോകത്തിനായി ചോരയൊഴുക്കിയ പരമേശ പവിത്ര പുത്രന്റെ ആ ക്ഷോഭത്തില്‍ ഈ ദുര്‍ഹര്‍മ്യം നിലംപരിശാകം.
ഏതായാലും ഈ കോണ്‍ക്രീറ്റ് കൊട്ടാരം ദൈവമേ നിന്റെ തോന്നലല്ല എന്നുറപ്പാണ്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതാവശ്യമില്ല. തമ്പുരാന്റെ അമ്മയുടെ കാരുണ്യം ലവലേശം പോലും ഇവിടുണ്ടാകില്ലെന്നുറപ്പ്.
അതിനാല്‍ ഇതിന്റെമേലും ഇതിന്റെ കാരണക്കാരുടെ മേലും ഇടിത്തീ വര്‍ഷിച്ചാലും.

ഇനി തലക്കെട്ടിലെ ചോദ്യത്തിന് ഉത്തരം.
ഈ പള്ളി പണിയാന്‍ ഞാന്‍ കൊടുത്ത സംഭാവന.
200 രൂപ.
പണി തുടങ്ങുന്നതിന് മുമ്പ് കൊടുത്തതാണെങ്കിലും ഇടിത്തീയുടെ ഒരംശത്തിന് എനിക്കും അര്‍ഹതയുണ്ട്.

(അനൂപ് രാജന്റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍