UPDATES

ബ്ലോഗ്

എംഎല്‍എയെ എംഎല്‍എ എന്നല്ലാതെ എങ്ങനെ അഭിസംബോധന ചെയ്യണം ശ്രീ എസ് രാജേന്ദ്രന്‍?

സ്ത്രീയെന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും പൊതുജന സമക്ഷം അപമാനിക്കുന്ന നടപടി അതും ഒരു എംഎല്‍എ യുടെ ഭാഗത്തു നിന്നും ഉണ്ടായതു സിപിഎം-ന്റെ കപട സ്ത്രീ സ്‌നേഹത്തിന്റെ പൊയ്മുഖം തുറന്നുകാട്ടുന്നതാണ്.

ഡോ. രേണു രാജ് – 2015ല്‍ സോഷ്യല്‍ മീഡിയയും, അച്ചടി മാധ്യമങ്ങളും, ദൃശ്യമാധ്യമങ്ങളും ഒരേപോലെ ആഘോഷിച്ച സിവില്‍ സര്‍വീസ് പരീക്ഷയിലെ ‘രണ്ടാം റാങ്കുകാരി’, കേരളത്തിന്റെ യശ്ശസ്സിനെ വാനോളം ഉയര്‍ത്തിയ മിടുമിടുക്കി ആയ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി. ഇന്ന് പക്ഷേ വാര്‍ത്തയില്‍ ആ പെണ്‍കുട്ടിയുടെ മുഖം മാധ്യമങ്ങളില്‍ തെളിഞ്ഞത് അതുപോലെയൊരു നല്ല കാരണത്തിന്റെ പേരിലല്ല.

‘അവള്‍ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള്‍ ബുദ്ധിയില്ലാത്തവള്, ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവള്‍ക്കു ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ’, ഒരു എംഎല്‍എയുടെ വാക്കുകള്‍ ആണിവ! ‘എംഎല്‍എ’ എന്ന് വിളിച്ചതാണല്ലോ രാജേന്ദ്ര പ്രഭൃതികളെ പ്രകോപിപ്പിച്ചത്! എംഎല്‍എയെ, എംഎല്‍എ എന്നല്ലാതെ ഒരാള്‍ എങ്ങനെ അഭിസംബോധന ചെയ്യണം?. ചക്രവര്‍ത്തിയെന്നോ, രാജാവേന്നോ അല്ലെങ്കില്‍ പ്രഭോ എന്നോ മറ്റോ സംബോധന ചെയ്യണോ?, അതാണോ ശ്രീ. രാജേന്ദ്രനെപ്പോലെയുള്ള ജനപ്രതിനിധികളുടെ മനസ്സിലിരിപ്പ്. ഒരു ജനാധിപത്യ രാജ്യത്തില്‍ ജനം യജമാനനും, ജനപ്രതിനിധി ദാസനുമാണ് എന്നതാണ് രീതി. എന്നാല്‍ നമ്മുടെ രാജ്യത്ത് വോട്ടുനേടുന്നതുവരെ ജനത്തിന്റെ കാലുപിടിക്കുകയും, വോട്ടുനേടി ജയിച്ചു കഴിഞ്ഞാല്‍ യജമാനന്‍ ചമയുകയുമാണ് ഇക്കൂട്ടര്‍. ഇതാണ് ജനത്തിന് മനസ്സിലാവാത്തതും സര്‍വോപരി നമ്മുടെ ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതുമായ നടപ്പുരീതി.

Read: ‘അവള് ബുദ്ധിയില്ലാത്തവള്‍.. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു’; രേണുരാജിനെ അവഹേളിച്ച് എസ് രാജേന്ദ്രന്‍ / വീഡിയോ

ഈ സബ്കളക്ടര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്ന് ഇടുക്കിയുടെ ചരിത്രവും ഭൂമിശാസ്ത്രവും, എംഎം മണിയേയും, രാജേന്ദ്രനെയും പോലുള്ളവരുടെ മുന്‍കാല ചെയ്തികളും ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാവും, ഒപ്പം രാജേന്ദ്രന്റെ ഉദ്ദേശശുദ്ധിയും. ഉരുക്കി, പാകപ്പെടുത്തി, തന്റെ ഉടവാളും കൊടുത്തു എലിയെ പിടിക്കാന്‍ വി എസ് അച്യുതാനന്ദന്‍ അയച്ച മീശക്കാരന്‍ പൂച്ചയേയും, മീശയില്ലാത്ത പൂച്ചയേയും എംഎം മണിയും, രാജേന്ദ്രാദി ശിങ്കിടികളും ചേര്‍ന്ന് പറപറപ്പിച്ചത് കേരള ജനത കണ്ടതാണ്. ജനകീയ നേതാവെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വിഎസിനു അന്ന് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ എന്നത് വിഎസ്-നെപ്പോലും ജനമധ്യത്തില്‍ നാണം കെടുത്തി എന്നുമാത്രമല്ല അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒന്നുകൂടി അയി മാറിയിരുന്നു.

‘പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തില്‍നിന്ന് പഠിച്ച് എന്‍ട്രന്‍സ് എഴുതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്നു വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാന്‍ തല്‍ക്കാലം താങ്കള്‍ പോരാ’ എന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. രേണുവിന്റെ സഹപാഠി ആയിരുന്ന ഡോ. നെല്‍സണ്‍ നട്ടെല്ല് നിവര്‍ത്തി രാജേന്ദ്രനെ നോക്കി പറഞ്ഞ വാക്കുകള്‍, ‘ബുദ്ധിജീവികള്‍ എന്നും ജനങ്ങളുടെ യജമാന്മാര്‍ എന്നും സ്വയം നടിച്ചു മറ്റുള്ളവരുടെ ബുദ്ധി തന്റെ ബുദ്ധിയില്ലായ്മയുടെ അളവുകോല്‍ കൊണ്ട് അളക്കുന്ന ശുംഭന്മാര്‍ക്കുള്ള ഒരു ഓര്‍മ്മ പെടുത്തല്‍ കൂടിയാണ്!.

കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് കഴിഞ്ഞ ശേഷമാണ് ഐഎഎസ് സ്വപ്നവും പേറി രേണു ഇറങ്ങിയത്. ചങ്ങനാശേരി മലകുന്നം തുരുത്തി ശ്രീശൈലത്തില്‍ എം.കെ. രാജകുമാരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകളാണ് രേണു. കെഎസ്ആര്‍ടിസിയില്‍ ഡിടിഒ ആയിരുന്നു അച്ഛന്‍ രാജകുമാരന്‍ നായര്‍. ആദ്യ അവസരത്തില്‍ തന്നെ ഐഎഎസ് പരീക്ഷയില്‍ രണ്ടാംറാങ്ക് നേടി അന്ന് മലയാളിയുടെ അഭിമാനമായി മാറിയിരുന്ന മിടുക്കി.

Read: ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

ഇന്ന് തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ടും, ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയതുകൊണ്ടും ദേവികുളം എംഎല്‍എ പൊതുജന മദ്ധ്യത്തില്‍ അധിക്ഷേപം ചൊരിഞ്ഞപ്പോഴും ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു, ‘ഞാന്‍ മുന്നോട്ട് തന്നെ പോകും’ നീതിക്കൊപ്പം നിന്ന ഈ ചങ്കൂറ്റത്തിന് കേരളം സല്യൂട്ട് ചെയ്യുകയാണ്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്.

‘നവോത്ഥാനം, സ്ത്രീശാക്തീകരണം’ എന്നൊക്കെ പറഞ്ഞു വനിതാമതിലും കെട്ടി ആഘോഷിച്ചിട്ടു നിയമം നടപ്പാക്കാന്‍ ചെല്ലുന്ന ‘വനിതാ ഓഫീസര്‍ന്മാരെ’ രാജേന്ദ്രനെപ്പോലുള്ള സിപിഎം നേതാക്കള്‍ പൊതുജന മദ്ധ്യത്തില്‍ ആക്ഷേപിക്കുമ്പോള്‍ സിപിഎമ്മിന്റെ വനിതാമതിലും, നവോത്ഥാന കവല പ്രസംഗങ്ങളും, സ്ത്രീശാക്തീകരണ വെമ്പലും ഒക്കെ എത്ര പൊള്ളയാണെന്ന് പൊതു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സിപിഎം നു എത്രനാള്‍ ഇങ്ങനെ ജനത്തെ കബളിപ്പിക്കാന്‍ ആവും?. ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി സാകൂതം കാത്തിരിക്കുകയാണ് പാവം കേരള ജനത!

സ്ത്രീയെന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും പൊതുജന സമക്ഷം അപമാനിക്കുന്ന നടപടി അതും ഒരു എംഎല്‍എ യുടെ ഭാഗത്തു നിന്നും ഉണ്ടായതു സിപിഎം-ന്റെ കപട സ്ത്രീ സ്‌നേഹത്തിന്റെ പൊയ്മുഖം തുറന്നുകാട്ടുന്നതാണ്. ‘അവള്‍ ഒരു ഡോക്ടറായി തുടര്‍ന്നാല്‍ അവള്‍ക്കു മുന്നിലെത്തുന്ന രോഗികള്‍ക്കു മാത്രമേ സഹായം ലഭിക്കൂ. എന്നാല്‍ ഒരു ഐഎഎസുകാരി ആയാല്‍ ലക്ഷക്കണക്കിനു പേരെ സഹായിക്കാനാകും നീതിക്കു വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കാനാകും.’ 2015ല്‍ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയെത്തിയ മകളെ മകളെ ചേര്‍ത്തു നിര്‍ത്തി രേണുവിന്റെ അച്ഛന്‍ അന്ന് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ കാലം തെളിയിച്ചു. മകള്‍ നേരിനൊപ്പം നിലനില്‍ക്കുന്നു. ഏതു പ്രതിസന്ധിയിലും ഉലയാത്ത മരമായി മാറുന്നു കേരളത്തിന്റെ മനസ് ഈ കലക്ടര്‍ക്കൊപ്പം ഉറച്ചുനിന്നതോടെ എംഎല്‍എയ്ക്കും മറ്റുവഴികളില്ലാതെയായിരിക്കുകയാണ്.

‘അവള്‍’ എന്നത് മോശം പദമല്ലന്ന ‘മുടന്തന്‍ ന്യായം’ പറഞ്ഞു മുഖം രക്ഷിക്കാനാണ് കാലാകാലങ്ങളായി അനധികൃത കുടിയേറ്റക്കാരുടെയും, ‘റിസോര്‍ട്ട് മാഫിയയുടെയും കുഴലൂത്തുകാരനായ’, ബുദ്ധിജീവി എന്ന് സ്വയം നടിക്കുന്ന ഈ മാന്യദേഹം ശ്രമിച്ചത് എന്നതും ശ്രദ്ധേയമാണ്! തങ്ങളുടെ ഇങ്കിതങ്ങള്‍ക്കു കുടപിടിക്കാത്ത ഉദ്യോഗസ്ഥരെയും, മറ്റു ജനവിഭാഗങ്ങളെയും പ്രഖ്യാപിത ശത്രുക്കളായി കണ്ടു അവര്‍ക്കെതിരെ കേട്ടാല്‍ അറക്കുന്ന വാക്കുകളില്‍ പൊതിഞ്ഞ ആക്ഷേപ ശരങ്ങള്‍ എയ്യുന്നതാണ് ഒരു മന്ത്രിയാവാനുള്ള പരമ യോഗ്യതയെങ്കില്‍ (രാജേന്ദ്രന്റെ ഗുരുവിന്റെ ചരിത്രം അത് തെളിയിക്കുന്നു) ശ്രീ. രാജേന്ദ്രനെ കേരത്തിന്റെ സാംസ്‌കാരിക മന്ത്രി ആക്കിയാല്‍ നന്ന്. ചൂടാറും മുന്‍പേ നിയമിച്ചാല്‍ വളരെ നന്ന്.

അതോടൊപ്പം തന്നെ സ്ത്രീകള്‍ അപമാനിക്കപ്പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഈറ്റപ്പുലികളെ പോലെ ചാടിവീണു പ്രതികരിക്കുന്ന ‘സാംസ്‌കാരിക നായകന്മാരും, സ്ത്രീപക്ഷവാദികളും, ആര്‍പ്പോ ആര്‍ത്തവ ആഘോഷക്കാരും’ ഏതു മാളത്തില്‍ ഒളിച്ചെന്നു അവര്‍തന്നെ വെളിപ്പെടുത്തിയാല്‍ നന്ന്. ഇവിടെ അവരുടെ ആശയ ശുദ്ധിയുടെയും, സ്ത്രീപക്ഷ ആത്മാര്‍ഥതയുടെയും കപട മുഖം വെളിപ്പെട്ടു. ഇനി ഇവര്‍ക്കൊക്കെ ജനത്തിന്റെ മുഖത്തു നാളെ എങ്ങനെ നോക്കാനാവും?.

ചെറിയ പ്രായത്തില്‍ത്തന്നെ അച്ഛനും അമ്മയും പറയുമായിരുന്നു ‘മോള്‍ പഠിച്ചു കലക്ടറാകണം..’ ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോള്‍ അച്ഛനോടൊരു മോഹം പറഞ്ഞു ഒരു കളക്ടറെ നേരില്‍ കണ്ടു സംസാരിക്കണം. അന്ന് മിനി ആന്റണിയായിരുന്നു കോട്ടയം ജില്ലാ കളക്ടര്‍. മുന്‍കൂട്ടി അനുമതി വാങ്ങി അച്ഛന്‍ രാജകുമാരന്‍ നായര്‍ രേണുവിനെയും കൂട്ടി കളക്ടറെ നേരിട്ടു കണ്ടു. സിവില്‍ സര്‍വീസിനെ കുറിച്ച് അറിയാന്‍ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കളക്ടര്‍ക്കും കൗതുകം. സൗഹൃദത്തോടെ സംസാരിച്ചു. സംശയങ്ങള്‍ ദൂരീകരിച്ചു. നന്നായി പഠിച്ചാല്‍ മോള്‍ക്കും കളക്ടറാകാം എന്നു പറഞ്ഞ് അനുഗ്രഹിച്ചാണ് രേണുവിനെ അന്ന് മിനി ആന്റണി യാത്രയാക്കിയത്. അന്നു കണ്ട സ്വപ്നവും അതിനു മുതല്‍കൂട്ടായിരുന്ന ആ അനുഗ്രഹവും ഡോ. രേണു രാജ് കാലക്രമേണ തെളിയിച്ചു.

പഠിച്ചത് എംബിബിഎസാണെങ്കിലും മലയാളം ഐച്ഛികമായെടുത്തു പരീക്ഷയെഴുതിയ രേണുവിന്റെ ഇഷ്ട സാഹിത്യകാരന്‍ ഒ.വി വിജയനാണ്. സുഗതകുമാരിയുടെയും ഒ.എന്‍.വി. കുറുപ്പിന്റെയും കവിതകളോടാണു പ്രിയം. ഒഎന്‍വിയുടെ ഭൂമിക്കൊരു ചരമഗീതം വളരെ പ്രിയപ്പെട്ട കവിതയായതു കൊണ്ടാകാം സമയം കിട്ടുമ്പോഴൊക്ക രേണുവിന്റെ ചുണ്ടില്‍ കവിതയുടെ മൊഴി വിരിയും. ‘ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി’ എന്ന യാഥാര്‍ഥ്യത്തിന്റെ ജീവസുറ്റ വരികള്‍. പാരിസ്ഥിതികാഘാതത്തില്‍ പെട്ട് ചുട്ടുപൊള്ളുന്ന കേരള മണ്ണില്‍ ചൂടിന്റെ കാഠിന്യം സഹിക്കവയ്യാതെ ഇരുകാലുകളും മാറിമാറി ഊന്നി വരും തലമുറ ഇത്തരം രാജേന്ദ്രന്‍മാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പികൊണ്ട് ചോദിക്കും ‘എവിടെ ഞങ്ങളുടെ ഹരിത ഭൂമി, എവിടെ ഞങ്ങളുടെ ദൈവത്തിന്റെ സ്വന്തം നാട്’ എന്ന്.

വാല്‍കഷ്ണം: ‘മുന്‍പേ നടക്കുന്ന ഗോവ് തന്റെ പിന്‍പേ നടക്കും ബഹുഗോക്കളെല്ലാം’.

കടപ്പാട്: ഡോ. നെല്‍സന്‍, മലയാള മനോരമ

ബി ശ്രീകുമാര്‍

ബി ശ്രീകുമാര്‍

സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍