UPDATES

ബ്ലോഗ്

ശബരിമലയിലും ക്ലച്ച് പിടിക്കാതെ ബിജെപി; നേട്ടം കൊയ്തത് കോണ്‍ഗ്രസ്

ശബരിമല വിഷയം ഏറ്റവുമധികം പ്രതിഫലിക്കുമെന്ന് കരുതപ്പെട്ട പത്തനംതിട്ടയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ശബരിമയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയും അത് നടപ്പാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനവും കേരള രാഷ്ട്രീയത്തെ കലുഷിതമാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. വര്‍ഗ്ഗീയതയ്ക്ക് മുന്‍കാലങ്ങളില്‍ യാതൊരു സാധ്യതയും നല്‍കാതിരുന്ന കേരള രാഷ്ട്രീയത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാമെന്ന് കണക്കുകൂട്ടിയാണ് ബിജെപി ശബരിമല വിഷയത്തെ ഏറ്റെടുത്തത് തന്നെ. തങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരമാണ് ഇതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ശബരിമലയെ മറ്റൊരു അയോധ്യയാക്കി മാറ്റി കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

പൂര്‍ണമായും വിജയപ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങളാണ് അവര്‍ ലിസ്റ്റ് ചെയ്തിരുന്നതും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസറഗോഡ് എന്നിവയായിരുന്നു അവര്‍ ഏറ്റവുമധികം വിജയപ്രതീക്ഷ വച്ചിരുന്ന അഞ്ച് എ പ്ലസ് മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളിലെല്ലാം കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ അവര്‍ മത്സരിപ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് ഇടപെട്ട് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും തൃശൂരില്‍ സുരേഷ് ഗോപിയെയും പാലക്കാട് സി കൃഷ്ണകുമാറിനെയും കാസറഗോഡ് രവീശ ശാസ്ത്രിയെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വിജയമുറപ്പിച്ച് തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം വരെ മുന്നില്‍ നിന്ന തിരുവനന്തപുരത്ത് വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇവിടെ പലഘട്ടത്തിലും മൂന്നാം സ്ഥാനത്തായിരുന്നു കുമ്മനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു സാഹചര്യം ഒരു ഘട്ടത്തിലുമുണ്ടായിരുന്നില്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.

ശബരിമല വിഷയം ഏറ്റവുമധികം പ്രതിഫലിക്കുമെന്ന് കരുതപ്പെട്ട പത്തനംതിട്ടയില്‍ കനത്ത തിരിച്ചടിയാണ് എന്നാല്‍ നേരിട്ടത്. ഒരുഘട്ടത്തില്‍ മുന്നിലെത്തിയെങ്കിലും പിന്നീട് കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പി സി ജോര്‍ജ്ജിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ പൂഞ്ഞാറിലാണ് സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് കിട്ടിയതെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കേവലം 309 വോട്ടുകള്‍ മാത്രമാണ് സുരേന്ദ്രന് ഇവിടെ ലഭിച്ചത്. സുരേഷ് ഗോപി അങ്ങെടുക്കുകയാണെന്ന് പറഞ്ഞ തൃശൂരിലാണെങ്കില്‍ ബിജെപി ഒരു ഘട്ടത്തില്‍ പോലും കളത്തിലുണ്ടായിരുന്നില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മൂന്നാം സ്ഥാനത്തുനിന്നും മുകളിലേക്ക് കയറാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നില്ല. ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നുതന്നെ ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യാതൊരു വിധത്തിലും ഗുണം ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്.

അതേസമയം ശബരിമല വിഷയം കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് ബിജെപിക്ക് ശേഷം മാത്രമാണ് കോണ്‍ഗ്രസ് പ്രതികരിച്ചതെങ്കിലും വിശ്വാസം മുറപ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ ശിക്ഷിക്കാന്‍ ജനങ്ങള്‍ കൂട്ടുപിടിച്ചത് കോണ്‍ഗ്രസിനെയാണ്. ബിജെപിയുടെ വര്‍ഗീയ കാര്‍ഡിനോടുള്ള എതിര്‍പ്പ് കൂടിയാണ് അത്. ഹിന്ദു വര്‍ഗീയതയെ വിജയിപ്പിക്കാതെ തന്നെ വിശ്വാസ സംരക്ഷണമെന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചപ്പോഴാണ് ബിജെപിക്കും ഇടതുപക്ഷത്തിനും തിരിച്ചടിയായത്.

read more:രാഹുല്‍ എഫക്ടോ? ന്യൂനപക്ഷ ഏകീകരണമോ? 1977 ആവര്‍ത്തിക്കുന്നതിന്റെ സൂചന നല്‍കി കേരളം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍