UPDATES

ബ്ലോഗ്

ഇങ്ങനെ സ്വയം നാണംകെടാതിരിക്കൂ; കേരള പോലീസിനോടാണ്

നവോത്ഥാനം പ്രസംഗിക്കുന്നതുപോലെയല്ല, ക്രമസമാധാന പാലനം എന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്നാണ് മനസിലാക്കുക?

നവോത്ഥാന പ്രസംഗം പോലെ എളുപ്പമല്ല, ലോ ആന്‍ഡ് ഓര്‍ഡര്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍. അതറിയാത്തവരാണ് ഇപ്പോഴും സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോഴും പൊലീസിനെ പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും; നിരാശ കലര്‍ന്ന ഈ വാചകത്തില്‍ ഉണ്ട് കേരള പൊലീസ് ഇപ്പോള്‍ ശബരിമലയില്‍ നേരിടുന്ന പ്രതിസന്ധികളുടെ ആഴം. ഇത് പറഞ്ഞ പൊലീസ് ഓഫിസര്‍ തത്കാലം അജ്ഞാതനായി നില്‍ക്കട്ടേ. അക്രമികളെ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടി വന്ന നാണക്കേട് പേറുന്നതിനൊപ്പം നടപടിയെന്ന ഡിജിപിയുടെ ഭീഷണി കൂടി തലയില്‍ ഏല്‍ക്കേണ്ടി വന്നിരിക്കുന്ന പൊലീസുകാരെ ഇനിയും അപകടത്തില്‍ ചാടിക്കേണ്ടതില്ലല്ലോ!

സുപ്രിം കോടതി ഉത്തരവിന്‍ പ്രകാരം യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വരികയും എന്നാല്‍ അതിന് സാധ്യമല്ലാതാവുകയും ചെയ്യുമ്പോള്‍ ഏറ്റവും അധികം പഴികേള്‍ക്കേണ്ടി വരുന്നത് പൊലീസിന് തന്നെയാണ്. അവശ്യമായ സംരക്ഷണം കൊടുക്കാന്‍ കഴിയുന്നില്ല, അക്രമികളുടെ മുന്നിലിട്ടു കൊടുക്കുന്നു, പേടിച്ചോടുന്നു തുടങ്ങി പലതരത്തിലാണ് പൊലീസ് വിചാരണ ചെയ്യപ്പെടുന്നത്. എന്നാല്‍ ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാകാത്തതില്‍ പ്രതികള്‍ പൊലീസ് മാത്രമാണോ?

അല്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. പക്ഷേ, അതവര്‍ക്ക് തുറന്നു പറയാന്‍ കഴിയുന്നില്ല. സാധാരണക്കാരായ പൊലീസുകാര്‍ക്ക് അതിനാവുകയില്ല. പറയാന്‍ അവകാശമുള്ളവരകാട്ടെ, നിശബ്ദത പാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൊലീസ് പഴി കേള്‍ക്കുന്നെങ്കില്‍ അതിന്റെ പ്രധാന കാരണക്കാരും പൊലീസ് തന്നെയാണെന്ന് പറയാതെ വയ്യ.

ശബരിമലയില്‍ എത്തുന്ന ഒരു യുവതി തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് പറഞ്ഞാല്‍, പറ്റില്ല എന്നു പറയാന്‍ പൊലീസിന് കഴിയില്ല. സംരക്ഷണം തരാം എന്നു തന്നെ പറയണം. അതവരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അവര്‍ ഓരോ തവണയും പരാജയപ്പെടുന്നു. തങ്ങള്‍ക്ക് കണക്കുകൂട്ടാന്‍ പറ്റാത്ത തരത്തില്‍ അക്രമികള്‍ സംഘം ചേരുകയും വിചാരിക്കാത്ത സാഹചര്യങ്ങളിലൂടെ അക്രമിക്കാന്‍ എത്തുകയും ചെയ്യുമ്പോള്‍ നിസ്സഹായരാവുകയാണ് പൊലീസ്. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഇതാണ്. ഇവിടെ പൊലീസ് പൂര്‍ണമായും കുറ്റക്കാരാണോ എന്നതാണ് അടുത്ത ചോദ്യം. ജോലി ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തെയാണ് നാമിവിടെ ചര്‍ച്ചയാക്കേണ്ടത്. പൊലീസ് ജോലി ചെയ്യുന്നവരാണ്, സര്‍ക്കാര്‍ ചെയ്യിപ്പിക്കുന്നവരും. ഏല്‍പ്പിച്ച പണി ചെയ്യാതെ വരുമ്പോള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുന്നത് ജോലിക്കാരാണ്. ജോലി ഏല്‍പ്പിച്ചവരല്ല. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. അതിനവര്‍ക്ക് സാധ്യമാകാതെ വരുന്നു എന്നതാണല്ലോ പൊലീസ് വിചാരണ ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനം. എന്നാല്‍ ശബരിമലയില്‍ പൊലീസിന് അവര്‍ക്ക് ഏല്‍പ്പിക്കപ്പെട്ട ജോലി ചെയ്യുക എന്നത് എത്രത്തോളം സാധ്യമായതാണ്? അതിനുത്തരമാണ് വേണ്ടത്. അത് നല്‍കേണ്ടത് സര്‍ക്കാരും പൊലീസ് തലവനുമാണ്.

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

ശബരിമലയില്‍ പ്രായഭേദ്യമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് സുപ്രിം കോടതിയുടെ ഡയറക്ട് ഓര്‍ഡര്‍ ഉണ്ട്. എന്നാലതൊരു ഡിക്‌റ്റേറ്റഡ് ഓര്‍ഡല്‍ അല്ല! അല്ലെങ്കില്‍ ഇതുവരെയത് അങ്ങനെ ആയിട്ടില്ല. ഡിക്‌റ്റേറ്റഡ് ഓര്‍ഡര്‍ ആയിരുന്നെങ്കില്‍ ഇന്ന ദിവസത്തിനുള്ളില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചിരിക്കണം എന്നു കോടതി വ്യക്തമാക്കിയേനെ. ഇവിടെയെങ്ങനയല്ല. ഭരണഘടനപരമായ അവകാശത്തില്‍ സ്ത്രീകള്‍ക്കും ശബരിമലയില്‍ കയറാം എന്നാണ് സുപ്രിം കോടതി പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ ആ ഉത്തരവ് സ്വന്തം നിലയ്ക്ക് ഒരു ഡിക്‌റ്റേറ്റഡ് ഓര്‍ഡറാക്കി മാറ്റി! ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വാശി! അത് കോടതിയോടുള്ള ബഹുമാനവോ ഭരണഘടനയോടുള്ള അനുസരണമോ ആയിട്ടും കാണാം, അതുപോലെ ഒരു പൊളിറ്റിക്കല്‍ കോണ്‍സ്പിറന്‍സി എന്ന നിലയിലും കാണാം. സര്‍ക്കാരിന്റെ ഈ നിലപാടാണ് പൊലീസിനെ കുടുക്കിയത്.

പൊലീസ് ഒരു കാര്യം നടപ്പാക്കുന്നതില്‍ അതിന്റെതായ നടപടിക്രമങ്ങള്‍ ഉണ്ട്. ഏതൊരു കാര്യവും എക്‌സിക്യൂട്ടീവ് ചെയ്യും മുമ്പ് അതിന്റെ സാഹചര്യം പഠിക്കണം. അതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കണം. എന്തൊക്കെ കരുതലുകള്‍ സ്വീകരിക്കണം എന്നു തീര്‍ച്ചപ്പെടുത്തണം. സമാധാനപരമായ ഒരു എക്‌സിക്യൂഷന് കഴിയുന്നില്ലെങ്കില്‍ നേരിടേണ്ടി വരുന്നതെന്തൊക്കെ എന്നതിലേക്ക് ശ്രദ്ധ തിരിക്കണം. എന്തൊക്കെ നേരിടേണ്ടി വരും എന്നതിനെ കുറിച്ച് പഠിച്ച് അതിനെ മറികടക്കാന്‍ വേണ്ടി ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. ആരൊക്കെയാണ് എതിര്‍ക്കുക എന്നതില്‍ ധാരണയുണ്ടാക്കി അവരോട് സംസരിക്കണം, കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം, നേരിടേണ്ടി വരുന്ന നടപടികളെ കുറിച്ച് ബോധവാന്മാരാക്കണം. ഒന്നിലും അവര്‍ സമരസപ്പെടുന്നില്ലെങ്കില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കാം. അവിടെയും കാര്യങ്ങള്‍ നില്‍ക്കുന്നില്ലെങ്കില്‍ മാത്രമാണ് ഒരു ആക്ഷന് തയ്യാറാവാന്‍ പാടുള്ളൂ. ശബരിമലയില്‍ ആക്ഷന്‍ ഒഴിച്ച് ബാക്കിയെല്ലാം പൊലീസ് ചെയ്തു. ഇനി ബാക്കിയുള്ളത് ആക്ഷന്‍ ആണ്. ശബരിമലയില്‍ അങ്ങനെയൊരു പൊലീസ് ആക്ഷന്‍ സാധ്യമാണോ? നടത്തിയാല്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കും?

ബിജെപിക്കാരനായ ഗോപാലകൃഷ്ണനും പന്തളം ‘കൊട്ടാര’ത്തിലെ ശശികുമാരനും തമ്മില്‍ എന്താണ് ബന്ധം

ഇക്കാര്യങ്ങള്‍ പൊലീസ് സര്‍ക്കാരിനെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ? ചോദ്യം ക്രമസമാധാന ചുമതലയുള്ള ഡിജിപിയോടാണ്. ചെയ്തിട്ടില്ലെങ്കില്‍ ഡിജിപിയാണ് ഇപ്പോള്‍ പൊലീസ് നേരിടുന്ന എല്ലാ കുറ്റവിചാരണയ്ക്കും കാരണക്കാരന്‍. സ്വന്തം ഫോഴ്‌സിനെ ഒറ്റുകൊടുക്കുന്നവന്‍ എന്നും പറയാം. ശബരിമലയില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇനിയെങ്കിലും സര്‍ക്കാരിനോട് ചോദിക്കണം. സര്‍ക്കാര്‍ പറയട്ടെ, അതുപോലെ ചെയ്യണം. അതീവ ഗൗരവമേറിയൊരു ലോ ആന്‍ഡ് ഓര്‍ഡര്‍ സാഹചര്യം ഉണ്ടാകുമ്പോള്‍ എല്ലാ ഉത്തരവാദിത്വവും പൊലീസ് സ്വയം ചുമക്കണോ? ആഭ്യന്തരം കൂടി കൈവശമുള്ള മുഖ്യമന്ത്രിയോട് ചോദിക്കണം. അല്ലാതെ നൂറു കണക്കിന് അക്രമികള്‍ കൊലവെറിയോടെ പാഞ്ഞടുക്കുമ്പോള്‍ ജീവരക്ഷാര്‍ത്ഥം ഓടേണ്ടി വന്ന പാവം പൊലീസുകാരെ വീണ്ടും പേടിപ്പിക്കുകയല്ല വേണ്ടത്. ഗുരുതരമായൊരു ക്രമസമാധാന സാഹചര്യം ഉണ്ടാകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നു പൊലീസ് മാനുവലില്‍ പറയുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് നേരിട്ട് സന്നിഹിതനാവുകയും സാഹചര്യങ്ങള്‍ നിയന്ത്രിക്കുകയും തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവ് പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് നിയമം പറഞ്ഞിട്ടുള്ളത്. ശബരിമലയില്‍ ഇന്നലെ പൊലീസ് പരാജയപ്പെട്ടെങ്കില്‍ ഡ്യൂട്ടി ചെയ്ത സാധാരണക്കാരായ പൊലീസുകാരുടെ മുതുകുത്തു കയറുകയല്ല വേണ്ടത്. ചുമതലയുള്ള എസ്പിയോട് കാരണം ചോദിക്കണം, നടപടിയെടുക്കണം. ഐപിഎസ്സുകാരെ വെറുതെ വിടുകയും സാധാ പൊലീസുകാരെ ഭയപ്പെടുത്തുകയും ചെയ്യുകയല്ല വേണ്ടത്. ഇത്തരമൊരു സാഹചര്യം അവിടെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി വിവരം കിട്ടാത്തവരല്ലല്ലോ പൊലീസ്. സാക്ഷാല്‍ ഡിജിപിക്ക് തന്നെ ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എത്താമായിരുന്നല്ലോ! പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോവുകയും വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ പോവാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശബരിമലയുടെ കാര്യത്തിലും തുടരുകയാണ് ഡിജി ചെയ്തതെന്ന് ആക്ഷേപം പറഞ്ഞാല്‍ എന്താണ് തെറ്റ്?

സ്വന്തം ഫോഴിസിനെ ഇനിയെങ്കിലും ഇത്തരത്തില്‍ അപഹാസ്യരാക്കാതെ സര്‍ക്കാരിനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ പൊലീസ് മേധാവി തയ്യാറാകണം. സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അത് തെറ്റോ ശരിയോ എന്ന് നോക്കാന്‍ പാടില്ല എന്നാണ് നിയമം. നടപ്പാക്കുക മാത്രമാണ് പൊലീസിന്റെ ജോലി. ശബരിമലയിലെ ക്രമസമാധാന പ്രശ്‌നം എങ്ങനെയും നേരിട്ട് യുവതികളെ കയറ്റുക തന്നെ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട് എങ്കില്‍ പിന്നെ എന്തിന് മടിക്കണം. ലാത്തിച്ചാര്‍ജ്ജോ വെടിവയ്‌പ്പോ എന്തുവേണമെങ്കിലും ചെയ്ത് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക. നാളെ ചോദ്യം വന്നാല്‍ തങ്ങള്‍ ചെയ്തത് സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചുള്ള നടപടികളാണെന്നു പറയണം. ഉത്തരവാദിത്വം മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കട്ടേ…നവോത്ഥാനം പ്രസംഗിക്കുന്നതുപോലെയല്ല, ക്രമസമാധാന പാലനം എന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും മനസിലാക്കട്ടെ. തിരിഞ്ഞോടിയതിലും സംഘപരിവാറുകരെ പേടിക്കുന്നതിലും കളിയാക്കുന്നവര്‍ പൊലീസിനെ വീരന്മാരാക്കി ആഘോഷിക്കുകയും ചെയ്‌തേക്കാം. സര്‍ക്കാര്‍ അവിടെയും ഇവിടെയുമില്ലാതെ നില്‍ക്കുകയാണെങ്കില്‍ പൊലീസ് സ്വന്തം നിസ്സഹായതയും പറയണം. യുവതി പ്രവേശനത്തില്‍ ഉത്തരവ് വന്നെങ്കിലും അത് ഫൈനല്‍ ഓര്‍ഡര്‍ ആയിട്ടില്ലല്ലോ! റിവ്യു പെറ്റീഷനും ക്യുററ്റീവ് പെറ്റീഷഷനുമൊക്കെ കോടതിയുടെ മുന്‍പില്‍ നില്‍ക്കുകയാണല്ലോ. അതിലൊക്കെ തീരുമാനം വരും വരെ യുവതികളെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ട്, മറ്റൊരു സാഹചര്യത്തില്‍ അതാകാം എന്നു പറഞ്ഞ് പൊലീസ് നിലപാട് വ്യക്തമാക്കണം. സുപ്രിം കോടതി ഈ വിഷയത്തില്‍ അവസാന വിധി പറയും വരെ എന്തായാലും പൊലീസിനെതിരേ ആരെങ്കിലും കോടതിയലക്ഷ്യം നല്‍കിയാലും സ്വീകരിക്കപ്പെടില്ല. പിന്നെ എന്തിനാലോചിക്കണം. സ്വയം ഇങ്ങനെ നാണംകെടാതിരിക്കൂ.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍, ആചാര സംരക്ഷണത്തിന് അയ്യപ്പ ജ്യോതി; അരയും തലയും മുറുക്കി ഇരുകൂട്ടരും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍