UPDATES

ബ്ലോഗ്

ശബരിമലയില്‍ നട അടച്ചവര്‍ ഗുരുവായൂര്‍ നടയടയ്ക്കലിനെക്കുറിച്ച് കൂടി ഓര്‍മ്മിക്കുന്നത് നന്നായിരിക്കും

ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടത് കൊണ്ട് അവര്‍ണര്‍ പ്രവേശിക്കുന്നത് തടയാന്‍ സാമൂതിരിക്ക് സാധിച്ചില്ലെന്ന് ഓര്‍മ്മ വേണം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ശബരിമല തന്ത്രി നടയടയ്ക്കുകയും ഒരു മണിക്കൂര്‍ നേരത്തെ ശുദ്ധക്രിയകള്‍ക്ക് ശേഷം വീണ്ടും തുറക്കുകയുമായിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും കൂടിയാലോചന നടത്തിയാണ് നടയടയ്ക്കാനും ശുദ്ധക്രിയ നടത്താനും തീരുമാനിച്ചത്. മേല്‍ശാന്തിയും ഇവര്‍ക്കൊപ്പം നിലപാടെടുത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈ ശുദ്ധക്രിയ്ക്ക് നന്ദി പറയുകയും ചെയ്തിരിക്കുകയാണ്. അതേസമയം ദേവസ്വം ബോര്‍ഡ് അറിയാതെയാണ് നടയടച്ച് കര്‍മ്മങ്ങള്‍ നടത്തിയത്. ഇതിന് തന്ത്രി മറുപടി പറയേണ്ടിവരുമെന്നാണ് പലരും പറയുന്നത്. അതേസമയം നട അടച്ചത് കോടതിയലക്ഷ്യമാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഏകപക്ഷീയമായി നടയടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ന് നടയടച്ചവര്‍ 87 കൊല്ലം മുമ്പത്തെ, കൃത്യമായി പറഞ്ഞാല്‍ 1932 ജനുവരി ഒന്നിന് കേരളത്തില്‍ നടന്ന ഒരു നടയടയ്ക്കലിനെക്കുറിച്ചും ഓര്‍ക്കേണ്ടിയിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹം ശക്തി പ്രാപിച്ചപ്പോഴാണ് പ്രകോപിതനായ സാമൂതിരി നടയയ്ക്കാന്‍ ഉത്തരവിട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിന്നോട്ട വിഭാഗങ്ങള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുവായൂര്‍ സത്യഗ്രഹം നടന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ അധ്യായമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കടുത്ത ആക്രമണമാണ് സത്യഗ്രഹികള്‍ക്ക് നേരെ യാഥാസ്ഥിതികര്‍ അഴിച്ചുവിട്ടത്. സമരം ചെയ്ത എകെജി, പി കൃഷ്ണപിള്ള എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം മര്‍ദ്ദനങ്ങള്‍ സത്യഗ്രഹികളെ ക്ഷേത്രപ്രവേശനമെന്ന ആവശ്യത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന് കരുതിയാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. എന്നാല്‍ ആക്രമണങ്ങള്‍ സത്യഗ്രഹികളെ പിന്തിരിപ്പിക്കില്ലെന്ന് വ്യക്തമായതോടെ നട അടയ്ക്കാന്‍ സാമൂതിരി ഉത്തരവിടുകയായിരുന്നു. ക്ഷേത്രം അടിച്ചിട്ടാലും ഒരു അവര്‍ണനെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. അതിന് ശാസ്ത്രമോ ശാങ്കരസ്മൃതിയോ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും അവരുടെ ധാര്‍ഷ്ട്യം അനുവദിച്ചില്ല.

അയിത്തം ആചരിക്കുന്നത് ദൈവഹിതമാണെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിന് പുറമേ നിന്ന് പോലും ആളുകളെത്തി. ക്ഷേത്രം അടച്ചിട്ടതോടെ ഭക്തര്‍ വരാതായെങ്കിലും സത്യഗ്രഹം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. അവര്‍ണരെ ക്ഷേത്ര മതില്‍ കെട്ടിന് പുറത്തുനിര്‍ത്തണമെന്ന നിലപാടിനെതിരെ കൂടുതല്‍ പ്രചരണങ്ങളും യോഗങ്ങളും നടത്തുകയാണ് അവര്‍ ചെയ്തത്. ഇതോടെ ക്യാമ്പ് സജീവമാകുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അക്കാലത്ത് നിരോധിച്ചിരുന്നു. കെപിസിസി പിരിച്ചുവിട്ട ശേഷം കെ കേളപ്പന്‍ ഇനി 12 അംഗങ്ങളുള്ള ഒരു പുതിയ ക്ഷേത്ര സമിതി സത്യഗ്രഹം നടത്താനായി രൂപീകരിക്കുകയും ചെയ്തു. ക്ഷേത്രം അടച്ചിട്ടപ്പോഴുും നിരാഹരം തുടരുകയും ചെയ്തു. ഗാന്ധിജിയുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. ജനങ്ങള്‍ ക്ഷേത്രത്തിന് പകരം സത്യഗ്രഹപ്പന്തലിലെത്തി. ഒരുമാസത്തോളമാണ് ക്ഷേത്രം അടച്ചിട്ടത്. ഇതിനെതിരെ കേളപ്പന്‍ സാമൂതിരിക്ക് കത്ത് കൊടുത്തതിനെ തുടര്‍ന്ന് ജനുവരി 28-ന് ക്ഷേത്രം വീണ്ടും തുറന്നു.

Also Read: ഇത് പിണറായി വിജയന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

എന്നാല്‍ ഈ ക്ഷേത്രം അടച്ചിടല്‍ കൊണ്ട് അവര്‍ണര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സാമൂതിരിക്ക് സാധിച്ചില്ല. അവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ ചെയ്തു. സാമൂതിരിയുടെ നീക്കം അക്കാലത്ത് വലിയ തിരിച്ചടിയാണ് അവര്‍ക്ക് നല്‍കിയത്. ക്ഷേത്രത്തില്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് മുപ്പതുകളിലുണ്ടായത്. ഇന്ന് നടക്കുന്നത് പ്രവേശനം അനുവദിച്ച സ്ത്രീകളെ തടയുന്നതിനുള്ള ഇടപെടലും. ഇന്ന് രണ്ട് യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ക്ഷേത്രമടച്ചിട്ട തന്ത്രി കുടുംബവും രാജകുടുംബവും മേല്‍ശാന്തിയുമെല്ലാം ഇക്കാര്യം കൂടി ഓര്‍ത്തിരുന്നാല്‍ കൊള്ളാം.

Also Read: ഇന്നു മുതല്‍ ‘ചെകുത്താന്റെ’ സ്വന്തം കേരളം (അഥവാ സുകുമാരന്‍ നായരുടെ)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍