UPDATES

ബ്ലോഗ്

ഇത് പിണറായി വിജയന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

മുഖ്യമന്ത്രി പിണറായി പ്രളയത്തെയും കമ്യൂണിസ്റ്റ് പിണറായി ശബരിമലയെയും കൈപ്പിടിയിലൊതുക്കിയത് ഇങ്ങനെ

പിണറായിയെ കുറിച്ച് പറയുമ്പോള്‍ നിരന്തരം ഉദ്ധരിക്കപ്പെടുന്ന ഒരു ചരിത്ര സംഭവമുണ്ട്. അത് തലശ്ശേരി കലാപമാണ്.

തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ കലശത്തിന് നേരെ മുസ്ലിം ചെറുപ്പക്കാർ ചെരിപ്പേറ് നടത്തി എന്ന്‌ ആരോപിച്ചു 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നടന്ന വർഗീയ സ്വഭാവമുള്ള ‌കലാപമാണ് തലശ്ശേരി കലാപം എന്നറിയപ്പെടുന്നത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണ്‌ കലാപത്തിനിരയായത്. ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ കലാപത്തില്‍ പരിക്കേറ്റു.

അന്ന് തലശ്ശേരിയിലെ എം ഇ എസ് ഗായക സംഘം പാട്ടുകള്‍ പാടിയാണ് മുറിവുണക്കാന്‍ ശ്രമിച്ചത്. ഇംഗ്ലീഷ് ഉമ്മ എന്നറിയപ്പെടുന്ന മാളിയേക്കല്‍ മറിയുമ്മ (ആ മറിയുമ്മ കഴിഞ്ഞ ദിവസം വനിതാ മതിലിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു രംഗത്ത് വന്നിരുന്നു) അടങ്ങുന്ന സംഘം ഇങ്ങനെ പാടി;
“മനുഷ്യനെ മതത്തിന്റെ മറവില്‍ കല്ലെറിയല്ലേ
വര്‍ഗീയത ഭ്രാന്തരേ നിങ്ങള്‍ നാടുമുടിക്കല്ലെ
മൊഞ്ചുള്ള പൂവുകള്‍ വിരിയുന്ന നാട്ടില്‍
കൊഞ്ചിക്കൊണ്ടരുവികള്‍ ഒഴുകുന്ന നാട്ടില്‍
മമ്മദ് കാക്കാന്‍റെ മാളിക വീട്ടില്‍
മാളിക വീട്ടിലെ സകലതും കൊള്ളയടിച്ചില്ലേ
ഖുര്‍ആനും കഥവിട്ട് കലിത്തുള്ളി ചുട്ടെരിച്ചില്ലേ
ഹിന്ദുക്കള്‍ ഹിന്ദു മതത്തെ കൊലചെയ്തില്ലേ”

കലാപം അഴിഞ്ഞാടിയ തെരുവുകളിലൂടെ ജീപ്പില്‍ ഉറച്ച ശബ്ദത്തോടെ സമാധാനം പാലിക്കാനുള്ള ആഹ്വാനവുമായി കടന്നു പോയ യുവശബ്ദത്തെ തലശ്ശേരിയിലെ പ്രായം ചെന്നവര്‍ ഇന്നും ഓര്‍ക്കും. 1970ല്‍ തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയനായിരുന്നു ആ യുവാവ്.

നാല് പതിറ്റാണ്ടിനിപ്പുറം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആ മനോബലത്തിന് യാതൊരു പരുക്കും പറ്റിയില്ല എന്നു തെളിയിച്ചിരിക്കയാണ് സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ പ്രളയത്തെയും കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തെയും നേരിട്ട രീതി.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായപ്പോള്‍ ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയായി പ്രതിപക്ഷ നേതാവുമൊത്ത് ദുരന്ത ബാധിത പര്യടനം നടത്തിക്കൊണ്ടാണ് പിണറായി തുടങ്ങിയത്. എന്നാല്‍ പ്രളയം ശക്തിപ്പെടുകയും സ്ഥിതി അതീവ ഗുരുതരമാവുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന മുറവിളിയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്‍റിന് സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തന്റെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവത്തില്‍ നിന്നു ആര്‍ജ്ജിച്ചെടുത്ത മനസാന്നിധ്യം തന്നെയാണ് പിണറായി പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വാര്‍ റൂം പോലെ പ്രവര്‍ത്തിക്കുകയും ഉദ്യോഗസ്ഥരും മന്ത്രിമാരും കൈ മെയ് മറന്നു രംഗത്തിറങ്ങുകയും ചെയ്തു. പുതിയ കാല സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യുവാക്കളും രംഗത്തിറങ്ങി. രക്ഷാ പ്രവര്‍ത്തനത്തിന് കടലിന്റെ മകള്‍ സ്വയം സന്നദ്ധരായി ഇറങ്ങുകയും സര്‍ക്കാര്‍ അതിനു പൂര്‍ണ്ണ പിന്തുണ നല്കുകയും ചെയ്തതോടെ കാര്യങ്ങള്‍ പിണറായിയുടെ വഴിക്കായി. ശവങ്ങള്‍ ഒഴുകി നടക്കും എന്നു പ്രഖ്യാപിച്ചവര്‍ മൌനത്തിലായി.

പ്രളയ ദുരിതത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ ഡാം തുറന്നു വിട്ടതിലെ കുഴപ്പമാണ് പ്രളയം ഉണ്ടാക്കിയത് എന്ന പ്രതിപക്ഷ പ്രചാരണത്തിലെ രാഷ്ട്രീയ ചതിക്കുഴിയില്‍ വീഴാതെ എല്ലാ ദിവസവും നടത്തിയ മാധ്യമ സമ്മേളനങ്ങളിലൂടെ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രി പകര്‍ന്ന ആത്മവിശ്വാസം ചെറുതല്ല.

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

പ്രളയത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പ് സുപ്രീം കോടതി വിധിയുടെ രൂപത്തില്‍ ശബരിമല കടന്നുവന്നു. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അത് പുറപ്പെടുവിച്ച ഉടന്‍ തന്നെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തി. എന്നാല്‍ ആദ്യം സ്വാഗതം ചെയ്ത ബി ജെ പിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ ലാഭം കണ്ടു പിന്നീട് വിശ്വാസികളുടെ പക്ഷത്തേക്ക് എന്നു വാദിച്ചു ചുവടുമാറ്റുകയായിരുന്നു.

എന്നാല്‍ തന്റെ പ്രശസ്തമായ പൂത്തരിക്കണ്ടം പ്രസംഗത്തിലൂടെ ഇടതു നിലപാട് ഉറപ്പിച്ച് പ്രഖ്യാപിച്ചു നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക പ്രഖ്യാപിത ലക്ഷ്യമെന്ന് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി. “ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും കൂടെ പെടുന്നവരാണ് അയ്യാ വൈകുണ്ഠനും പൊയ്കയില്‍ കുമാരഗുരുദേവനും എല്ലാം. അവരെല്ലാം ഈ നാട്ടില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ നീക്കിയ വെളിച്ചമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. നാം കാണേണ്ടത് ആചാര ലംഘനത്തിനാണ് ഇവരെല്ലാം നിന്നിട്ടുള്ളത്. ഇപ്പോള്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ആചാര ലംഘനമല്ലേ. അപ്പോള്‍ ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല നമ്മുടെ ശിവനെയാണെന്നാണ്. അവിടെ ആചാരലംഘനമാണ്. എന്നാല്‍ അതേ ഗുരു പിന്നീട് പറഞ്ഞു ഇനി വേണ്ടത് ക്ഷേത്ര നിര്‍മ്മാണമല്ല വിദ്യാലയ നിര്‍മ്മാണമാണെന്നാണ്. അപ്പോള്‍ ആചാരങ്ങളില്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അവരെല്ലാം നമ്മെ പഠിപ്പിച്ചത്.” പിണറായി പ്രസംഗിച്ചു. വിവിധ ജില്ല കേന്ദ്രങ്ങളില്‍ പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനാവലി തടിച്ചുകൂടി.

ഇനി എഴുതാം മുഖ്യമന്ത്രി പിണറായി

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത് എന്ന ആരോപണവുമായി കോണ്‍ഗ്രസ്സും ബിജെപിയും ഒരേ ശബ്ദത്തില്‍ മുന്നോട്ട് വന്നു. രണ്ടു പാര്‍ട്ടികളും വിശ്വാസ സംരക്ഷണ യാത്രകള്‍ നടത്തി. സുവര്‍ണ്ണാവസരം മുതലാക്കാന്‍ ശ്രീധരന്‍ പിള്ള ലോംഗ് മാര്‍ച്ചും രഥ യാത്രയും നടത്തി.

ഇതിനിടെ വിധിയെ പിന്‍പറ്റി ശബരിമലയിലേക്ക് വരാന്‍ ചില യുവതികള്‍ തയ്യാറെടുത്തു. പതിനൊന്നോളം യുവതികളും മനിതി സംഘവും എത്തി. രഹന ഫാത്തിമയും കവിതാ ജക്കാളും പോലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് തൊട്ടടുത്ത് വരെ എത്തി. ചിത്തിരയാട്ട പൂജയുടെ സമയത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ അക്രമ പരമ്പരകള്‍ അരങ്ങേറി. മാധ്യമ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നിരവധി ഹര്‍ത്താലുകള്‍ നടത്തി. എന്‍ എസ് എസ് ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങി.

ഇതിനിടയില്‍ നവോത്ഥാന പാരമ്പര്യമുള്ള സഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തുകൊണ്ട് മുഖ്യമന്ത്രി തന്ത്രപരമായ നീക്കം നടത്തി. എസ് എന്‍ ഡി പി പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശനും കെ പി എം എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും പിണറായിക്ക് പിന്നില്‍ ഉറച്ചു നിന്നും. കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തിനെതിരെ ജനുവരി ഒന്നിന് വനിതാ മതില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

മണ്ഡല മകരവിളക്ക് പൂജയ്ക്കായി നട തുറന്ന തൊട്ടടുത്ത ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുകൊണ്ട് മറ്റൊരു തന്ത്രപരമായ നീക്കം പോലീസ് നടത്തി. അതോടെ ശബരിമലയിലെ ബിജെപി സമരം ഗതി തെറ്റിയ അവസ്ഥയിലായി. ഒടുവില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റാന്‍ ബിജെപി തീരുമാനിച്ചു. ആദ്യം എ എന്‍ രാധാകൃഷ്ണനും പിന്നീട് സി കെ പദ്മനാഭനും ശോഭാ സുരേന്ദ്രനും നിരാഹാര സമരം നടത്തി. സമരം ഇപ്പോള്‍ 30 ദിവസം പിന്നിടുകയാണ്. പലപ്പോഴും ആളൊഴിഞ്ഞ അവസ്ഥയിലായി സമരപ്പന്തല്‍.

ഇതിനിടയില്‍ ഹിന്ദു സംഘടനകളെ വിളിച്ച് ചേര്‍ത്തു സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി വനിതാ മതിലിനെതിരെ കോണ്‍ഗ്രസ്സ് രംഗത്ത് വന്നു. നിയമ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വര്‍ഗ്ഗീയ മതില്‍ എന്നാണ് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ വനിതാ മതിലിനെ വിശേഷിപ്പിച്ചത്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം തത്സമയം മറുപടി നല്‍കി ചര്‍ച്ച തന്റെ വഴിക്കു നീക്കാന്‍ പിണറായിക്ക് കഴിഞ്ഞു.

ഇന്ത്യ കണ്ട ഏറ്റവും വലിയ വനിതാ മുന്നേറ്റം: പിണറായി വിജയൻ

ഇതിനിടയില്‍ സി കെ ജാനു എന്‍ ഡി എ വിടുകയും ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ നിലപാട് സൃഷ്ടിച്ച ആശയകുഴപ്പം ബി ഡി ജെ എസിലേക്കും പടര്‍ന്നു. ശബരിമല കരമ്മസമിതിയുടെ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാതെ ബി ഡി ജെ എസ് പിന്‍മാറിയത് പിണറായിയുടെ പ്രായോഗിക രാഷ്ട്രീയ തന്ത്രജ്ഞതയുടെ മറ്റൊരു തെളിവായി.

ഹിന്ദു സമുദായത്തിനുള്ളിലെ സംഘടനകള്‍ ഏകീകരിച്ചു സംഘപരിവാറിന് പിന്നില്‍ അണിനിരക്കുന്നത് തടയാന്‍ കഴിഞ്ഞു എന്നതാണ് വനിതാ മതിലിന്റെ വിജയം സൂചിപ്പിക്കുന്നത്. അരക്കോടിയോളം ആളുകള്‍ പങ്കെടുത്തുകൊണ്ട് സൃഷ്ടിച്ച മതില്‍ നവോത്ഥാന-ഇടതു രാഷ്ട്രീയ ദര്‍ശനങ്ങളുടെ മികച്ച പ്രചാരണ മാധ്യമായി. സംഘാടന മികവിന്റെ മികച്ച ഉദാഹരണമായ മതിലിലൂടെ സി പി എമ്മിന്റെയും എല്‍ ഡി എഫിന്റെയും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിച്ചു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായുള്ള ട്രയല്‍ റണ്ണായി ഇത് മാറി.

അതിനു പിന്നാലെ ഇന്നു പുലര്‍ച്ചെ പോലീസിന്റെ സംരക്ഷണയോടെ കനക ദുര്‍ഗ്ഗയും അഡ്വ. ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതോടെ താന്‍ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ഇടതു മൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നും ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നതുപോലെ ശബരിമലയില്‍ യുവതീ പ്രവേശനം എന്ന പേരില്‍ നടത്തിയത് നാടകമല്ല എന്നും തെളിയിക്കാന്‍ പിണറായി വിജയന് സാധിച്ചു. ഇത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിക്കും എന്നെ ഇനി അറിയേണ്ടൂ.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു: എസ് ശാരദക്കുട്ടി

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍