UPDATES

ബ്ലോഗ്

‘എസ്എഫ്ഐ ആകസ്മികതയല്ല, അതു ബോധ്യമാണ്’, എബിവിപി കാര്യാലയത്തില്‍ നിന്നിറങ്ങി എസ്എഫ്ഐയില്‍ ചേര്‍ന്ന ഒരാളുടെ കുറിപ്പ്

ധനുവച്ചപുരം കോളേജില്‍ ഒരു പെണ്‍കുട്ടിയുടെ തല എബിവിപിക്കാര്‍ അടിച്ചു പൊളിച്ചിട്ടും അതു കണ്ടില്ലെന്നു കരുതിയിരുന്നവരാണ് ഇപ്പോൾ നെഞ്ചുപൊട്ടി കരയുന്നത്

യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ പഠനത്തിനെത്തുന്നത് കൊട്ടിയം എംഎം ​എന്‍എസ്എസ്‌ കോളേജില്‍ നിന്നാണ്. എബിവിപിയും കെഎസ്‍യുവും അടക്കി ഭരിച്ചിരുന്ന കലാലയമാണ് കൊട്ടിയം കോളേജ്. ഈ രണ്ടു സംഘടനയുമായി രാഷ്ട്രീയമായി സമരസപ്പെട്ടു പോകുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ നിന്നു വരുന്ന എന്നെപ്പോലൊരാള്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കുന്നത് സ്വാഭാവികം മാത്രം. വിവേകാനന്ദനാണ് എബിവിപിയിലേക്ക് ആകര്‍ഷിച്ചത്. അതോടെ, കൊട്ടിയം ജംഗ്ഷനിലുണ്ടായിരുന്ന കാര്യാലയത്തിലെ നിത്യസന്ദര്‍ശകനായി. എന്റെ ജീവിതം മാറ്റിമറിച്ചത് ആ കാര്യാലയമാണ്. എന്നെ മനുഷ്യനാക്കിയ ആലയം. നന്ദിയോടെ അത് ഓര്‍ക്കുന്നു. അവിടേക്കു കടന്നു ചെന്നില്ലായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ കൂടി വയ്യ. അവിടുത്തെ ഷെല്‍ഫില്‍ കുറച്ചു പുസ്തകങ്ങൾ അടുക്കിവച്ചിരുന്നു. ആരും അതിലൊന്നും തൊടുമായിരുന്നില്ല. അതില്‍ തൊട്ട സമയമാണ് എന്നില്‍ മാറ്റം ആരംഭിച്ചത്. വിവേകാനന്ദ സ്വാമികളുടെ സമ്പൂര്‍ണ കൃതികളായിരുന്നു അത്. വാശിയോടെ വായിച്ചുതുടങ്ങി. വിവേകാനന്ദനെ കൂടുതൽ വായിക്കാന്‍ ആ വായന പ്രേരിപ്പിച്ചു. കടമ്പാട്ടുകോണത്തെയും പാരിപ്പള്ളിയിലെയും വായനശാലകളില്‍ നിന്നു അത്രകാലം കോട്ടയം പുഷ്പനാഥും കാനവും വായിച്ചിരുന്നവന്‍ വിവേകാന്ദനെക്കുറിച്ചുള്ള കൃതികളും ഉപനിഷത്തുക്കളും വായിച്ചു തുടങ്ങി. അതേ അവസരത്തില്‍, കൊട്ടിയം കാര്യാലയം ബോറടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. സംഘമിത്രങ്ങളായ നാല്പതു വയസുകാര്‍ വരെ നമ്മളെ ചേട്ടാ എന്നു വിളിച്ചതോടെ അതാരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു തരം കൃത്രിമത്വം അവിടെ നിറഞ്ഞു നിന്നു. അവര്‍ പറയുന്നതൊന്നും നമ്മളെ സ്പര്‍ശിക്കുന്നതായിരുന്നില്ല. മതസ്പര്‍ദ്ധ ഒരിക്കലും നമ്മുടെ വീട്ടിലെ സംസ്കാരമായിരുന്നില്ലല്ലോ. അവരുടെ ഹിന്ദുവല്ല എന്റെ അമ്മ പഠിപ്പിച്ച ഹിന്ദു എന്നു പതിയെ തിരിഞ്ഞു. (ഇന്നത്തെ കുട്ടികൾ കേട്ടു പഠിക്കുന്നത് ഈ വെറുപ്പാണ്).

വിവേകാനന്ദ കൃതികള്‍ വായിക്കാനാകുന്നതു മാത്രമായി അവിടെക്കു പോകുന്നതിന്റെ ഗുണം.
അങ്ങനെയിരിക്കെയാണ് പാരിപ്പള്ളി വായനശാലയില്‍ നിന്ന് ഒരു പുസ്തകം കിട്ടിയത്. സി.പി ശ്രീധരന്‍ എഴുതിയ ‘വിവേകാനന്ദൻ ഇന്ത്യന്‍ വിപ്ലവത്തിന്റെ വിത്ത്’ എന്ന കൃതി. അതു ഞെട്ടിച്ചു. “ബ്രാഹ്മണരുടെ ഭരണമായിരുന്നു പണ്ട്. അതു കാലഹരണപ്പെട്ടു. പിന്നെ ക്ഷത്രിയര്‍ ഭരിച്ചു. അതിനുശേഷം വൈശ്യരും. ഇനി വരാനിരിക്കുന്നത് ശൂദ്രരുടെ ഭരണമാണ്. അതു റഷ്യയില്‍ ഉടന്‍വരും. പിന്നെ ഭാരതത്തിലും വരും.” വിവേകാനന്ദന്റെ വാക്കുകൾ. അങ്ങേര്‍ എബിവിപി അല്ലല്ലോ, എസ്എഫ് ഐ അല്ലേ!

ഇപ്പോൾ നില്‍ക്കുന്ന സ്ഥലമല്ല എന്റെ സ്ഥലമെന്ന് അതോടെ തീര്‍ച്ചയായി. ​കാള്‍ മാക്സും വിവേകാനന്ദനും തമ്മിൽ ശത്രുതയില്ല. അതോടെ, വിവേകാനന്ദന്റെ മിത്രമായ മാര്‍ക്സിനെ കൂടുതലറിയാന്‍ ശ്രമിച്ചു. എന്റെ ഗ്രാമത്തില്‍ അതിനൊട്ടും പഞ്ഞമുണ്ടായിരുന്നില്ല. നിറയെ പുസ്തകങ്ങൾ കിട്ടി. അതോടെ, വിവേകാനന്ദന്റെ കൈയും പിടിച്ച് കാര്യാലയത്തിന്റെ പടികള്‍ എന്നന്നേക്കുമായി ഇറങ്ങി. എസ്എഫ്ഐക്കാരുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ഞാനുമുണ്ട്. ‘വരൂ സഖാവേ’, അവര്‍ പറഞ്ഞു. ഹൃദയം കവരുന്ന സംഗീതം പോലെയുള്ള ആ സംബോധനയെക്കാള്‍ മികച്ച കവിത വേറെയൊന്നുമില്ല. നാട്ടില്‍ അറിയപ്പെടുന്ന സിപിഎം വിരുദ്ധനായിരുന്നവന്‍ അങ്ങനെ അവരുടെ പ്രവര്‍ത്തനങ്ങളിലും കൂടി. കശുവണ്ടിത്തൊഴിലാളികള്‍ക്കും കര്‍ഷക ത്തൊഴിലാളിക്കുമൊപ്പം സമരപരിപാടികളില്‍ പങ്കെടുത്തു.

ഇത്രയും നീട്ടിപ്പറഞ്ഞതിന്റെ സാരം ഇതാണ്: എസ്എഫ്ഐ ആകസ്മികതയല്ല. അതു ബോധ്യമാണ്.

അന്ന് കൊട്ടിയം കോളേജിൽ പ്രീഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എബിവിപിക്കും കെഎസ്‍യുവിനും ബദലായി ​എസ്എഫ്ഐ വളര്‍ന്നു. ഞങ്ങളുടെ രണ്ടാം വര്‍ഷം ആദ്യമായി അവിടെ ​എസ്എഫ് ഐ വിജയിച്ചു. ആ ആവേശവുമായാണ് യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയത്. പക്ഷേ, സങ്കല്പത്തിലേ ഇല്ലാത്ത ഒരു എസ്എഫ്ഐ ആയിരുന്നു അവിടെ. അതു മനസിലെ എസ്എഫ്ഐ ആയിരുന്നില്ല. സദാചാര പോലീസിങ്ങും ചിട്ടകളുമായിരുന്നു അവിടെ കാണാനായത്. പ്രവര്‍ത്തനരംഗത്ത് വേറൊരു സംഘടന കോളേജില്‍ ഉണ്ടായിരുന്നില്ല. ഞങ്ങൾ പഠിക്കാനെത്തുന്നതിന് കുറച്ചുനാള്‍ മുമ്പു വരെ കെഎസ്‍യു ഉണ്ടായിരുന്നു. അക്കാലത്താണ് കെഎസ്‍യുക്കാര്‍ എസ്എഫ്ഐ നേതാവായിരുന്ന ജൂലിയസ് ഫെര്‍ണാണ്ടസിനെ കൊല്ലാന്‍ ബോംബെറിഞ്ഞത്. ജൂലിയസിന്റെ കാല്‍ തകര്‍ന്നു. കാമ്പസില്‍ കെഎസ്‍യുവിനെ അകറ്റിനിര്‍ത്തിയത് ഇത്തരം അക്രമങ്ങള്‍ കൂടിയായിരുന്നു. കെഎസ്‍യുവിനും എബിവിപിക്കും മുന്‍തൂക്കമുള്ള കോളേജുകളില്‍ എസ്എഫ്ഐക്കാര്‍ മരിച്ചുവീണപ്പോഴും യൂണിവേഴ്സിറ്റി കോളേജില്‍ അത്തരം അക്രമങ്ങളൊന്നും നടന്നില്ല. മുദ്രാവാക്യങ്ങളില്‍ മാത്രം കട്ട വിപ്ലവം നിറഞ്ഞുനിന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലമായിരുന്നതിനാല്‍ ഞങ്ങളുടെ പഠനകാലത്ത് വലിയ സമരങ്ങള്‍ക്കും സാധ്യത ഇല്ലായിരുന്നു.

എന്തുകൊണ്ടോ, അവിടെ ഒരു എസ്എഫ്ഐക്കാരനാകാന്‍ ആവേശം തോന്നിയില്ല. വെറും കാഴ്ചക്കാരനായി നിന്നു. അന്നേ യൂണിവേഴ്സിറ്റി കോളേജില്‍ കുറേ നേതാക്കളും നേതാവു ചമയുന്ന ഷോടീമുകളുമാണുള്ളത്. അന്ന് സംഘടനയിലുണ്ടായിരുന്ന പലരും താന്‍ പണ്ട് എസ്​എഫ്ഐ ആയിരുന്നു എന്നു പറയുമ്പോള്‍ ചിരി വരും. അന്ന് ​​എസ്​ഫ്ഐ ആയിരുന്നവര്‍ ഇന്നു സിപിഎമ്മിനെ ​എതിര്‍ക്കുന്നു എന്നു പറഞ്ഞാൽ മനസിലാകും. പക്ഷേ, എങ്ങനെയാ ചങ്ങാതി നിങ്ങൾ സംഘിയായത്?

ഇത്രയും പറഞ്ഞതിന്റെ സാരം: എസ്എഫ്ഐക്ക് കാലിടറുന്നിടത്ത് അതു തിരിച്ചറിയാനുള്ള വിവേകവും പുലര്‍ത്തിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കാര്യവട്ടം കാമ്പസിലെത്തിയതോടെ വീണ്ടും എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായി. അവിടെ തലപൊക്കിയ ചില ഗുണ്ടായിസങ്ങളോടു വേണ്ട എന്നു പറഞ്ഞു തന്നെ നിന്നു. അന്ന് ഗുണ്ടായിസം കാട്ടിയവരൊക്കെ വളര്‍ന്ന് പിന്നീട് എസ്​എഫ്ഐ വിരുദ്ധരായി ഇപ്പോൾ അക്രമ രാഷ്ട്രീയമെന്നു പറഞ്ഞ് പോസ്റ്റിട്ടു കളിക്കുന്നുണ്ട്. ചിലര്‍ സംഘപരിവാര്‍ പാളയത്തില്‍ വരെയെത്തി. അന്ന് അവരുടെ ഗുണ്ടായിസത്തെ ​എതിര്‍ത്തവരുടെ ചിന്ത ഇന്നും തെളിഞ്ഞു തന്നെയുണ്ട് താനും. ഗുണ്ടകളുടെ വിളയാട്ടത്തിനു ജയിലിലാകേണ്ടി വന്ന നിരപരാധികളുടെ വരെ.

പറഞ്ഞു വന്നതിന്റെ ചുരുക്കം ഇത്രയാണ്. വിയോജിക്കേണ്ടിടത്തു വിയോജിച്ച് തന്നെയാണ് വിദ്യാര്‍ത്ഥി കാലം മുതല്‍ എസ്എഫ്ഐയെ നോക്കിക്കാണുന്നത്.

എന്നാല്‍, ഏതു വിയോജിപ്പിനെയുംകാള്‍ എത്രയോ വലിയ ശരിയാണ് ഈ പ്രസ്ഥാനം. അതുകൊണ്ടുതന്നെ കോളേജ് കാലം കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും എസ്എഫ്ഐക്കാരന്‍ എന്നു തന്നെയാണ് അഭിമാനിക്കുന്നത്. ഒരു പാര്‍ട്ടിയുടെയും പേരിലല്ല.
പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാതെ നില്ക്കുന്ന എന്നെപ്പോലെ ​എത്രയോ പേര്‌ ആ വികാരം പങ്കുവയ്ക്കുന്നുണ്ടാകും.

മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകര്‍ എതിരാളികളുടെ കഠാരമുനയില്‍ പിടഞ്ഞൊടുങ്ങിയാണ് ഇന്നു കാണുന്ന ​എസ്എഫ്ഐ നിലനിര്‍ത്തിയിരിക്കുന്നത്. അതിനെ ഇന്നും സ്നേഹിക്കുന്നവരുടെ നെഞ്ചിലെ വിങ്ങലാണ് ആ ചോരപ്പൂക്കള്‍. അതിലൊന്നും ഒരിക്കലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ചിട്ടില്ലാത്തവരും മുഖ്യധാരാ മാധ്യമങ്ങളും ഇന്ന് അര്‍മാദം പൂണ്ട് അഴിഞ്ഞാടുമ്പോള്‍ അവരുടെ വര്‍ഗപരമായ കുടിപ്പകയ്ക്കൊപ്പം അടിമയാകാന്‍ എന്തായാലും മനസില്ല.

​എസ്എഫ്ഐയോടു എന്തൊക്കെ വിയോജിപ്പുണ്ടായാലും ആ പ്രസ്ഥാനത്തിന്റെ പ്രസക്തി മുമ്പത്തേതിനേക്കാള്‍ പ്രസക്തമാണെന്ന കൃത്യമായ ബോധമുണ്ട്. എസ്എഫ്ഐയെ തകര്‍ക്കാന്‍ കിട്ടിയ അവസരത്തിലൊക്കെ എബിവിപിയുടെ കൈ പിടിച്ചിട്ടുള്ള എഐഎസ്എഫിനോടു സഹതാപമേ ഉള്ളൂ. കാമ്പസിലേക്ക് എബിവിപിയെയും കാമ്പസ് ഫ്രണ്ടിനെയും ഒളിച്ചുകടത്തുക എന്ന ചരിത്രപരമായ മണ്ടത്തരത്തിനാണ് എഐഎസ്എഫ് നിന്നുകൊടുക്കുന്നത്. കയ്യിൽ അമര്‍ത്തിപ്പിടിച്ച മുപ്പതു വെള്ളിയുടെ പാപം പേറിയ തലച്ചോറുമായി ഭാവിയുടെ വിജനതകളില്‍ അലഞ്ഞുനടക്കാനുള്ള കര്‍മ്മത്തിലാണ് നിങ്ങളിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മലയാള മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍ പോയി വിഷം കവുട്ടിയാലൊന്നും എസ്എഫ്ഐ തകരുമെന്നു വ്യാമോഹിക്കേണ്ട. രണ്ടു സീറ്റ് തികച്ചു കിട്ടിയ കൊല്ലം ടികെ​എം കോളേജിലടക്കം ​എഐഎ​സ്എഫ് ഒരു തെമ്മാടി സംഘടനയായിരുന്നു എന്നു മറക്കരുത്.  ചുരുക്കുന്നു. ചരിത്രവും വര്‍ത്തമാനവും ബോധ്യമുള്ളവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജിലെ പിള്ളേര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കമല്ല എസ്​ഫ്ഐ. അങ്ങനെയാണെങ്കില്‍ സ്വന്തം മകളെ കഴുത്തുഞെരിച്ചുകൊന്ന അമ്മയാണ് ലോകത്തെ മുഴുവന്‍ മാത‍ൃത്വം എന്നു പറയേണ്ടിവരും; കാമഭ്രാന്തനായ അച്ഛനാണ് പിതൃത്വം എന്നും.

ധനുവച്ചപുരം കോളേജില്‍ ഒരു പെണ്‍കുട്ടിയുടെ തല എബിവിപിക്കാര്‍ അടിച്ചു പൊളിച്ചിട്ടും അതു കണ്ടില്ലെന്നു കരുതിയിരുന്നവരാണ് ഇപ്പോൾ നെഞ്ചുപൊട്ടി കരയുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ തെറ്റ് എസ്എഫ്ഐ നേതൃത്വം മനസിലാക്കിയിരിക്കുന്നു. ഇത് നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്. അത്തരത്തിലുള്ള കൂടുതല്‍ തിരുത്തല്‍ നടപടികൾ ഉണ്ടായേ തീരൂ.  അങ്ങനെയെങ്കിൽ, വിദ്യാര്‍ത്ഥിസമൂഹം വര്‍ദ്ധിച്ച ആവേശത്തോടെ എസ്​ഫ്ഐയെ നെഞ്ചേറ്റുക തന്നെ ചെയ്യും. ഈ പ്രസ്ഥാനത്തിന്റെ മഹാവിജയങ്ങളെ ഒറ്റവരി വാര്‍ത്ത പോലുമാക്കാത്ത ജനശത്രുക്കള്‍ ഇനിയും വിഷാദരോഗം മൂത്ത് തല മതിലില്‍ തല്ലി അലഞ്ഞുകൊണ്ടേയിരിക്കും.
കൂടുതല്‍ പോരാട്ട വീര്യമുള്ള, കൂടുതല്‍ സര്‍ഗാത്മകതയുള്ള എസ്എഫ്ഐ. അതാകട്ടെ നാളെയുടെ എസ്എഫ്ഐ.

(ജയശ്രീകുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Azhimukham Read: ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത

ജയശ്രീകുമാര്‍ ജെ.എസ്

ജയശ്രീകുമാര്‍ ജെ.എസ്

കൊല്ലം സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍