UPDATES

ബ്ലോഗ്

ഹിന്ദുത്വ, സവർണ, ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം.പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്?

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കും പൗരന്റെ മൗലികാവകാശങ്ങൾക്കും എതിരാണ് ശബരിമലയിൽ 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കേർപ്പെടുത്തിയ വിലക്ക് എന്നതുകൊണ്ടാണ് സുപ്രീം കോടതി അത് നീക്കം ചെയ്തത്

കൊല്ലം എം പി എന്‍.കെ പ്രേമചന്ദ്രൻ നയിച്ചുണ്ടാക്കുന്ന ആർ എസ് പി എന്ന കക്ഷിക്ക് എന്താണ് കുറവ്? വിപ്ലവമുണ്ടോ ഉണ്ട്, സോഷ്യലിസ്റ്റ് ആണോ ആണ്, Revolutionary Socialist Party-യാണ്. പക്ഷേ യുവതികൾ ശബരിമല കയറുന്ന കാര്യത്തിൽ ദൈവത്തിനൊപ്പമാണ്, ആചാരത്തിനൊപ്പമാണ്, ആർത്തവകാലത്ത് പെണ്ണുങ്ങളുടെ കാലിന്നിടയിൽ കാന്തികമണ്ഡലമുണ്ട്, മണ്ഡലപൂജയും മകരവിളക്കുമുണ്ട് എന്ന ആർഷ ഭാരത സനാതന ശാസ്ത്രത്തോടൊപ്പമാണ്. ഇക്കാര്യത്തിൽ വിപ്ലവപക്ഷത്തുനിന്നും കേരളത്തിൽ നിന്നുള്ള ഒരേയൊരു വെല്ലുവിളി ശബരിമലക്കാര്യം വിശ്വാസികൾ തീരുമാനിക്കട്ടെ, സർക്കാരിനെന്തു കാര്യം എന്ന് ചോദിച്ച വിപ്ലവത്തിന്റെ മറ്റൊരു മുന്നണിപ്പോരാളി ആർ എം പിയാണ്. അവരും Revolutionary ആണ്. അതും പോരാഞ്ഞു Marxist-കളും. പ്രേമചന്ദ്രൻ ലോകസഭാ സമ്മേളനത്തിന്റെ ആദ്യനാളുകളിൽത്തന്നെ, ശബരിമലയിലെ 10-നും 50-നും പ്രായമുള്ള സ്ത്രീകളുടെ പ്രവേശനനിരോധനം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധി മറികടക്കാൻ സ്വകാര്യബിൽ കൊണ്ടുവന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെ മറികടന്നുള്ള ഹിന്ദുത്വ പ്രീണനത്തിനാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ സ്ത്രീകളുടെ അവകാശ രാഷ്ട്രീയത്തിനായുള്ള എല്ലാ ചരിത്രപോരാട്ടങ്ങളെയും വഞ്ചിച്ചുകൊണ്ട് ഇത്തരത്തിലൊരു നിലപാടെടുക്കുന്ന പ്രേമചന്ദ്രനൊപ്പം അയാളുടെ സ്വകാര്യബില്ലിനെ അനുകൂലിക്കാൻ കോൺഗ്രസ് സർവാത്മനാ സന്നദ്ധരാണ്.

ഹിന്ദുത്വ, സവർണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിൽ നിന്നുള്ള ഒരു ആർ എസ് പി എം പി അവതരിപ്പിക്കുന്നതിനേക്കാൾ അശ്ലീലമായി മറ്റെന്തുണ്ട്, അത് പ്രേമചന്ദ്രനാണെങ്കിൽ പോലും. തീർച്ചയായും ഇക്കാര്യത്തിൽ യു ഡി എഫ് വഞ്ചന കാണിച്ചു എന്ന് പറയാനാകില്ല. ഈ രാഷ്ട്രീയം തന്നെ പറഞ്ഞാണ് അവർ വോട്ടു ചോദിച്ചത്. എന്നാൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ നീക്കത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ജനാധിപത്യ മതേതര രാഷ്ട്രീയ സമൂഹം അനുവദിക്കരുത്. ഭരണഘടന ഉറപ്പു നൽകുന്ന ഇന്ത്യയുടെ മതേതര സ്വഭാവത്തെ ക്രമമായി, ഘടനാപരമായി കശാപ്പുചെയ്യാനുള്ള സംഘപരിവാർ നീക്കത്തിനുള്ള ഏറ്റവും വലിയ സംഭാവനയാണ് പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ മതേതര ഭരണഘടന സ്വഭാവത്തെ തിരുത്താമെന്നതിന് സംഘപരിവാറും മോദി സർക്കാരും ചൂണ്ടിക്കാണിക്കാൻ പോകുന്നത്, ഹിന്ദു ആചാരസംരക്ഷണത്തിനായി, സുപ്രീം കോടതി വിധിയെ മറികടക്കാൻ വിപ്ലവ സോഷ്യലിസ്റ്റ് കക്ഷി അംഗം കൊണ്ടുവന്ന ഈ സ്വകാര്യ ബില്ലാകും.

ഈ വഴിക്ക് എന്തും വരാം. അത് ഗോഹത്യക്ക് ജീവപര്യന്തവും, രാമജന്മഭൂമിയിലെ ക്ഷേത്രവും ഒക്കെയാകാം. ഹിന്ദുത്വ വോട്ടുകൾ നേടാൻ ബിജെപിയെ മറികടക്കുന്നതിന് രാമജന്മ ഭൂമി ശിലാന്യാസം അനുവദിച്ച കോൺഗ്രസിന്റെ മഹാകുതന്ത്രം ഈ രാജ്യത്തെ എത്തിച്ച ഭയാനകമായ വിപത്തുകൾ ഇന്നിപ്പോൾ ഇന്ത്യയുടെ സ്വാഭാവികതയാവുകയാണ്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കും പൗരന്റെ മൗലികാവകാശങ്ങൾക്കും എതിരാണ് ശബരിമലയിൽ 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കേർപ്പെടുത്തിയ വിലക്ക് എന്നതുകൊണ്ടാണ് സുപ്രീം കോടതി അത് നീക്കം ചെയ്തത്. മതവിശ്വാസത്തിന്റെ മൂല്യബോധമല്ല, മറിച്ച് ജനാധിപത്യ മതേതര ഭരണഘടനയുടെ മൂല്യബോധമാണ് പൗരാവകാശങ്ങളുടെ മാനദണ്ഡമെന്നാണ് കോടതി പറഞ്ഞത്. യാഥാസ്ഥിതിക മതമൂല്യബോധങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം മുന്നോട്ടുപോകേണ്ടത്. ഇനി ഇത്തരത്തിലൊരു സ്ത്രീവിരുദ്ധ നിയമം കൊണ്ടുവന്നാലും ഭരണഘടനയുടെ basic structure-നെ പാർലമെന്റിനു നിയമനിർമ്മാണത്തിലൂടെ മറികടക്കാനാകില്ല എന്ന doctrine വെച്ചുകൊണ്ട് സുപ്രീം കോടതി അസാധുവാക്കും എന്നുതന്നെയാണ് കരുതേണ്ടത്.

പുനഃപരിശോധനാ ഹർജികളിൽ വാദം കേട്ട് വിധി പറയാനായി കോടതി മാറ്റിവെച്ച ശബരിമല കേസിൽ പാർലമെന്റ് നിയമനിർമ്മാണം നടത്തുന്നത് ഭരണഘടന അനുസരിച്ചുള്ള അധികാരപരിധികളുടെയും check and balance സംവിധാനത്തിന്റെയും നഗ്നമായ ലംഘനം കൂടിയാകും. ഭരണഘടനയേയും കോടതിയെയുമെല്ലാം നോക്കുകുത്തിയാക്കുന്ന മോദി സർക്കാരിന് ഇത്തരത്തിലൊരു കീഴ്വഴക്കം ഉണ്ടാക്കുക വഴി നൽകാൻ പോകുന്ന രാഷ്ട്രീയനേട്ടത്തെക്കുറിച്ച് അജ്ഞനാകില്ല വിപ്ലവ പ്രേമചന്ദ്രനും അയാളെ മുന്നിൽ നിർത്തി ഈ നാടകം കളിക്കുന്ന കോൺഗ്രസും. എന്നാൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, അതുവരെ ഈ മതവർഗീയ വിഷം സമൂഹത്തിലേക്ക് പരമാവധി കുത്തിയിറക്കാനുള്ള നികൃഷ്ടമായ ശ്രമമാണ് അവരിപ്പോൾ നടത്തുന്നത്. ഇതാണുപോലും മഹത്തായ പാർലമെന്ററി പ്രവർത്തനം. പ്രേമചന്ദ്രന്റെ പാർലമെൻറ്ററി പ്രവർത്തനത്തിന്റെ ചാരുതയും ശില്പഭംഗിയും പാടാൻ സംഘപരിവാർ പ്രേമികൾ മുതൽ ഇസ്‌ലാമിക രാഷ്ട്രീയക്കാർ വരെ ഒന്നായി അണിനിരക്കുന്നതിന്റെ രഹസ്യങ്ങളിലൊന്ന് അവസരവാദ നേട്ടങ്ങൾക്കായി ഏതറ്റം വരെപോകാനും എന്ത് നെറികേട് കാണിക്കാനും മടിയില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് അയാൾ എന്ന ആഹ്ളാദകരമായ അവരുടെ തിരിച്ചറിവിലാണ്.

ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കി, ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു സമഗ്രാധിപത്യ സാമൂഹ്യ സംവിധാനമാക്കി മാറ്റുന്നതിലേക്കു സംഘപരിവാർ ഭീമാകാരമായ രൂപത്തിൽ മുന്നേറുകയും, മതേതര രാഷ്ട്രീയം അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ നിന്നുകൊണ്ട് ചരിത്രപ്രതിസന്ധികൾ നേരിടുകയും ചെയ്യുമ്പോൾ, തങ്ങളുടെ വർഗീയ രാഷ്ട്രീയത്തിന് നേരെ അല്പമമെങ്കിലും ചെറുത്തുനിൽപ്പ് ബാക്കിയാക്കിയ കേരളമെന്ന ഒരു പ്രദേശത്തിന്റെ ജനാധിപത്യ, മതേതര രാഷ്ട്രീയബോധത്തെ തകർക്കാൻ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ഒരു കലാപത്തിന്റെ മുദ്രാവാക്യത്തെ ഈ പാർലമെന്റിന്റെ ആദ്യസമ്മേളനത്തിലെ ആദ്യദിവസങ്ങളിൽ ഏറ്റവും നിർണായക പ്രശ്നമായി അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ പാർലമെന്റിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വിടുപണി ചെയ്ത പ്രേമചന്ദ്രനും കോൺഗ്രസ് നേതൃത്വവും ചരിത്രത്തിൽ തങ്ങളുടെ വഞ്ചകസ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ബിജെപിയുടെ പിന്തുണയോടെ അംഗീകരിച്ചെടുപ്പിക്കാനായി അവതരിപ്പിച്ച ഈ ബില്ലിലൂടെ കേരളത്തിന് നേർക്കുള്ള കേന്ദ്രത്തിന്റെ ആക്രമണങ്ങൾക്ക് പുതിയ യുദ്ധമുഖം തുറക്കുകയാണ്. ശബരിമല ദക്ഷിണേന്ത്യയുടെ രാമജന്മഭൂമിയാണ് എന്ന സംഘപരിവാർ മുദ്രാവാക്യത്തിനാണ് ഇതോടെ സാധുത നൽകുന്നത്. ഒരു സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുന്നത് സംസ്ഥാനങ്ങളെ ദുര്‍ബലമാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ സർവാധിപത്യം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ അജണ്ടയെ തെല്ലൊന്നുമല്ല സഹായിക്കുക.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഷം മാത്രം തുപ്പിയ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ, പ്രഗ്യാ സിങ് താക്കൂറിനെ പോലുള്ള ഹിന്ദുത്വ ഭീകരവാദികളെ ഇന്ത്യൻ പാർലമെന്റിലെത്തിച്ച ബിജെപിയോട് പ്രേമചന്ദ്രനും അയാളെ മുന്നിൽ നിർത്തിയ കോൺഗ്രസിനും ഈ പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽ പറയാനുള്ളത് നമുക്കും നിങ്ങൾക്കും അഭിപ്രായവ്യത്യാസമില്ലാതെ ഒന്നിച്ചുനിൽക്കാം എന്നാണ്. ആദ്യം ഹിന്ദുമതാചാരങ്ങൾ സംരക്ഷിക്കാം എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്നാണ്. ഈ അധമന്മാരാണ് മതേതര സർക്കാരുണ്ടാക്കാൻ ഡൽഹിക്ക് വോട്ടു ചോദിച്ചു പോയതെന്നോർക്കുമ്പോൾ ഉണ്ടാകേണ്ട പുളകം ചെറുതല്ല.

ബിഹാറിൽ 113 കുട്ടികളാണ് മസ്തിഷ്കജ്വരം പിടിപെട്ട് ഈയടുത്ത ദിവസങ്ങളിലായി മരിച്ചത്. മോദി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കണക്കുകളെല്ലാം തിരിമറി നടത്തിയാണ് അവതരിപ്പിച്ചത് എന്ന് വെളിപ്പെട്ടിരിക്കുന്നു, മതേതര രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ പുതിയ രാഷ്ട്രീയതന്ത്രങ്ങളും പോരാട്ടങ്ങളും ആവിഷ്‌ക്കേണ്ടിയിരിക്കുന്നു. പക്ഷെ അതൊന്നുമല്ല പ്രശ്നം, പ്രേമചന്ദ്രൻ യുവതികളെ തടയട്ടെ, ആചാരം കാക്കട്ടെ. അയാൾക്കാകട്ടെ ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും മികച്ച പാർലമെന്ററി പ്രവർത്തനത്തിനുള്ള പുരസ്കാരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).

Azhimukham Special: എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍