UPDATES

ബ്ലോഗ്

ഈ അന്തർദേശീയ നേട്ടത്തിൽ അദ്ദേഹത്തിന്റെ ആഹ്ളാദം പങ്കിടുന്ന പോസ്റ്റുകൾ, ഷെയറുകൾ എത്ര കുറവാണ് നമ്മുടെ ടൈംലൈനിൽ?

ഒരു ചിരി പോലും തിരിച്ചു ചിരിക്കാൻ കഴിയാത്ത വിധം നമ്മുടെ ചുണ്ടുകളാരാണ് കൂട്ടിത്തുന്നിയത് ?  ഏതു ചരമക്കുറിപ്പിൽ ചേർക്കാനാണ് നല്ലവാക്കുകളുടെ നിഘണ്ടു നാം അടച്ചു പൂട്ടിയിരിക്കുന്നത്?

ഷിജു ആര്‍

ഷിജു ആര്‍

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഷാങ്ങ്ഹായി ചലച്ചിത്രമേളയിൽ ഇന്ദ്രൻസിന്റെയും ഡോ. ബിജുവിന്റേയും ശ്രദ്ധേയ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വാർത്തകൾ വന്നുപോവുന്നു. റെഡ്കാർപ്പറ്റിൽ ഇന്ദ്രൻസിന് ലഭിച്ച കരഘോഷത്തെക്കുറിച്ചും വായിച്ചിരുന്നു. ഈ വർഷത്തെ ‘ഗോൾഡൻ ഗോബ്ലറ്റ് ‘ പുരസ്കാരത്തിനു വേണ്ടി മത്സരിക്കാനുള്ള അർഹത നേടിയ ഏക ഇന്ത്യൻ ചിത്രമാണ് ഇവരുടെ ‘വെയിൽ മരങ്ങൾ’. ഇന്നിതാ ഈ ചിത്രത്തിന് ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചിരിക്കുന്നു.

താരങ്ങൾക്ക് അളവു നോക്കി വസ്ത്രങ്ങൾ തയ്ച്ചും സിനിമകളുടെ നട്ടെല്ലായ വേഷങ്ങൾ ചെയ്തും ഈ മനുഷ്യൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി നമ്മുടെ സിനിമാജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കുന്നു. ഏറെക്കാലം ഒരേ പോലുള്ള കഥാപാത്രങ്ങളുടെ ചക്രത്തിന്മേൽ ഉരുളേണ്ടി വന്നെങ്കിൽ അതിദ്ദേഹത്തിന്റെ കുറ്റമല്ല . രുചിഭേദങ്ങൾക്കു മുന്നിൽ മുഖം തിരിക്കുന്ന മലയാളിപ്രേക്ഷകരും അവർക്കിതൊക്കെ മതി എന്നു തീരുമാനിക്കുന്ന സംവിധായകരുമൊക്കെ ചേരുന്ന സിനിമാലോകമാണ് , നമ്മുടെ ആസ്വാദന ശീലങ്ങളാണ് അതിനുത്തരവാദി.

‘കണ്ണു നട്ട് കാത്തിരുന്നിട്ടും ..’ എന്ന് പാടുന്ന ‘കഥാവശേഷ’നിലെ കള്ളൻ , എല്ലാ പ്രതീക്ഷകളും പടുതിരികത്തിപ്പോയ കണ്ണുകളുമായി നിന്ന ‘അമീബ ‘യിലെ അച്ഛൻ, ആളൊരുക്കത്തിലെ പപ്പുപിഷാരടി തുടങ്ങി പതിവിൽ നിന്നു വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ .

എന്നിട്ടും ഈ അന്തർദേശീയ നേട്ടത്തിൽ അദ്ദേഹത്തിന്റെ ആഹ്ലാദം പങ്കിടുന്ന പോസ്റ്റുകൾ, ഷെയറുകൾ എത്ര കുറവാണ് നമ്മുടെ ടൈംലൈനിൽ? ദൈനംദിന ജീവിതത്തിന്റെ എന്തെല്ലാം സംഘർഷങ്ങൾക്കും സങ്കടങ്ങൾക്കും മേൽ ഈ മനുഷ്യൻ ചെയ്ത കഥാപാത്രങ്ങളുടെ ഹാസ്യരംഗങ്ങൾ നമ്മെ ചിരിപ്പിച്ചിരിക്കുന്നു?

ഒരു ചിരി പോലും തിരിച്ചു ചിരിക്കാൻ കഴിയാത്ത വിധം നമ്മുടെ ചുണ്ടുകളാരാണ് കൂട്ടിത്തുന്നിയത്? ഏത് ചരമക്കുറിപ്പിൽ ചേർക്കാനാണ് നല്ലവാക്കുകളുടെ നിഘണ്ടു നാം അടച്ചു പൂട്ടിയിരിക്കുന്നത്? കുഴിമാടത്തിൻ സമർപ്പിക്കുന്ന പുഷ്പചക്രത്തേക്കാൾ എത്ര വിലയുണ്ട് ജീവിച്ചിരിക്കുമ്പോൾ നൽകുന്ന ഒറ്റപ്പൂവിന് എന്ന് ഇനി നാം എപ്പോഴാണ് പഠിക്കുക?

( പുഷ്പചക്രത്തിന്റെയും പൂവിന്റെയും പ്രയോഗം സോമൻ കടലൂരിന്റെ കവിതയിൽ നിന്ന് )

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

ഷിജു ആര്‍

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍