UPDATES

സ്ത്രീ

ഒരൊറ്റ ദിവസം കൊണ്ടാണ് ഇവരോരോരുത്തരുടെയും ജീവിതങ്ങളിൽ കൊടുങ്കാറ്റ് കൂടുവെച്ചത്; മൗനത്തിന്റെ മോദിക്കാലത്ത് അഞ്ചു സ്ത്രീകളുടെ പോരാട്ടം

നിർഭയം ഈ സ്ത്രീകൾ നടത്തുന്ന പോരാട്ടമാണ് സത്യത്തിൽ ഇന്ന് ഇന്ത്യയിൽ സ്ത്രീശാക്തീകരണം എന്ന വാക്കിനെ അർത്ഥവത്താക്കുന്നത്

വി യു അമീറ

വി യു അമീറ

ശ്വേതാ ഭട്ട്,
ഫാത്തിമ നഫീസ്,
രാധിക വെമുല,
സാകിയ ജെഫ്രി,
ബിൽകീസ് ബാനു.

ജീവിതത്തെ ഇളക്കി മറിച്ച ആ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ, ഇവരഞ്ചു പേരും തമ്മിലറിയാൻ യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഇവരെ നമ്മളറിയാനും.

ഇപ്പോൾ അവർക്ക് തമ്മിലറിയാം. അവരെ നമുക്കും.‌ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങളിലാണ് ശ്വേത.‌ ഹോസ്റ്റലിൽനിന്ന് എവിടെയെന്നറിയാതെ അപ്രത്യക്ഷമായ മകനു വേണ്ടിയുള്ള പോരാട്ടങ്ങളിലാണ് ഫാത്തിമ.‌ അതേ പോലൊരു ഹോസ്റ്റൽ മുറിയിൽ നിന്ന് ജാതിപീഡനത്തിന്റെ ഇരയായി ജീവിതം ഉപേക്ഷിക്കേണ്ടി വന്ന മകനു വേണ്ടിയാണ് രാധിക തെരുവിൽ ഇറങ്ങിയത്. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട ഇഹ്സൻ ജാഫ്രിയ്ക്കും മറ്റുള്ളവർക്കും നീതി തേടിയാണ് അദ്ദേഹത്തിന്റെ വിധവ സാകിയയുടെയും പോരാട്ടം. ഗുജറാത്ത് വംശഹത്യയുടെ ഇരകളിൽ ഒരാളായ ബിൽക്കീസ് ബാനു‌ നിവൃത്തി ഇല്ലായ്മയുടെ പാരമ്യത്തിലാണ് നീതി തേടി ഇറങ്ങിയത്.‌

രാജ്യം‌ ഭരിക്കുന്ന സംഘപരിവാർ സർക്കാറിന്റെ കണ്ണിലെ കരടുകളാണ് ഇവരെല്ലാം. അവർക്കെതിരായ പോരാട്ടങ്ങളാണ് ഇവരെ അടുക്കളകളിൽ നിന്നും തെരുവിൽ എത്തിച്ചത്.

ഒരൊറ്റ ദിവസം കൊണ്ടാണ് ഇവരോരോരുത്തരുടെയും ജീവിതങ്ങളിൽ കൊടുങ്കാറ്റ് കൂടുവെച്ചത്. വീട്ടകങ്ങളുടെ അതിസാധാരണത്വത്തിൽനിന്നും പോരാട്ടങ്ങളുടെ നട്ടുച്ചകളിലേക്ക് വലിച്ചെറിയപ്പെട്ടത്.

വൻ ഭൂരിപക്ഷത്തോടെ തീവ്ര വലതുപക്ഷം അധികാരത്തിലേറിയ നിർണായക സാഹചര്യത്തിൽ, തുറന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളാലും നിലപാടുകളാലും ഇത്രയും നാൾ സജീവമായി നിലനിന്ന, ആൺകോയ്മയിൽ വേരുറച്ച മുഖ്യധാരാ സമൂഹം, സ്വയം നിർമ്മിത മൗനത്തിലേക്ക് ഉൾവലിഞ്ഞ നേരത്താണ് ഇവരുടെ രാഷ്ട്രീയ പോർമുഖങ്ങൾ നിർണായകമാവുന്നത്.‌ കീഴടങ്ങാൻ തയ്യാറല്ലെന്ന തുറന്നു പറച്ചിലുകളും പ്രതിരോധ വീര്യവും കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലേക്ക് നടന്നു കയറിയ സ്ത്രീകൾ.‌

ഭരണകൂട ഭീകരത സ്വാസ്ഥ്യം തകർത്തെറിഞ്ഞ അനേകായിരം സ്ത്രീകളുടെ പ്രതിനിധികളാണിവർ. ആർ എസ് എസ് -സംഘപരിവാർ ശക്തികൾ വിഭജനത്തിന്റെ രണ്ടാം ഇന്നിംഗ്സ് ലക്ഷ്യമിട്ട് ഇറങ്ങിയപ്പോൾ ജീവിതം പൊടുന്നനെ വഴിമാറിപോയവർ. വെറുപ്പിന്റെ നാളുകളെ ഇന്ത്യ തരണം ചെയ്തതെങ്ങിനെ എന്ന് നമ്മുടെ വരും തലമുറ പഠിക്കുമ്പോൾ ഈ സ്ത്രീകളുടെ ജീവിതങ്ങൾ അതിലെ നിർണായക സാന്നിധ്യങ്ങളാവും, ഉറപ്പ്.

എന്തുകൊണ്ട് സ്ത്രീകൾ? ഫാഷിസം നാവ് നീട്ടി നിൽക്കുമ്പോൾ ഇവർക്കെങ്ങനെ കരുത്തോടെ സമഗ്രാധിപത്യ വ്യവസ്ഥയ്ക്ക് എതിരെ ഉറച്ചു നിൽക്കാനാവുന്നു?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആരായുമ്പോൾ, പെണ്ണെഴുത്തുകാരിയാ മായാ ഏഞ്ചലോയുടെ വാക്കുകൾ നമുക്ക് വഴികാട്ടുന്നു. “ഒരു സ്ത്രീ അവൾക്കു വേണ്ടി ഉയർത്തെഴുന്നേൽക്കുന്ന ഓരോ വേളയിലും അവൾ സംസാരിക്കുന്നത് മൊത്തം സ്ത്രീ സമൂഹത്തിനു വേണ്ടിയാണ്”.

ഈ സ്ത്രീകൾ സംസാരിക്കുന്നത് അധികാര രഥത്തിന്റെ ചക്രത്തിൽ കുടുങ്ങി കിടക്കുന്ന നമ്മുടെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. നമ്മുടെ രാജ്യത്തിനു വേണ്ടിയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ്.

മുസ്ലിംസ്ത്രീകളെ കൂട്ടബലാത്‌സംഗത്തിനിരയാക്കണമെന്ന സുനിത സിംഗ് ഗൗറിന്റെ പ്രസ്താവനയൊന്നും പൊതു സമൂഹത്തിൽ ഇപ്പോൾ ഞെട്ടലുണ്ടാക്കുന്നില്ല. ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയാൻ തയ്യാറാവുന്ന നമ്മുടെ മധ്യവർഗ ബോധം, പ്രായോഗികതയിലുറച്ച അർത്ഥഗർഭമായ മൗനങ്ങളിൽ അഭയം തേടുമ്പോഴാണ്, വ്യത്യസ്ത കാരണങ്ങളാൽ പോർമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ട ഈ സ്ത്രീകളുടെ സ്വരങ്ങൾ പ്രധാനമാവുന്നത്.

ഭയപ്പെടുത്തി നിശബ്ദത ഉറപ്പു വരുത്താൻ ഇറങ്ങിത്തിരിച്ചവർക്ക് തെറ്റിപ്പോയി എന്നാണു മുകളിൽ എടുത്തെഴുതിയ ഈ സ്ത്രീകളുടെ ജീവിതം നമ്മളോട് പറയുന്നത്. എത്രത്തോളം അടിച്ചമർത്തുന്നുവോ അത്രയും കരുത്താർജ്ജിക്കും എന്ന സന്ദേശം ഇവരുടെ ഓരോ നോക്കിലും വാക്കിലുമുണ്ട്. മഹുവ മൊയ്ത്രയ്ക്കു കൊടുക്കുന്ന അതേ പിന്തുണ, ഒരുപക്ഷെ അതിലും അധികം പിന്തുണ ഈ സ്ത്രീകൾക്കും നാം നൽകേണ്ടതുണ്ട്.

ഫാസിസ്റ്റ് ശക്തികൾ എഴുതുന്ന വിധിക്കൊപ്പം ചലിക്കാനുള്ളതല്ല നമ്മുടെ ജീവിതമെന്ന് ലോകത്തോട് വിളിച്ചു പറയുന്നവരാണിവർ. ഇന്ത്യൻ സ്ത്രീകളുടെ യഥാർത്ഥ വർത്തമാന മുഖം ഇവരാണ്.

ഏതോ അക്രമികൾ ശരീരത്തെ ആക്രമിച്ചാൽ സ്വയം ജീവനൊടുക്കാൻ പഠിപ്പിക്കുന്ന ഭാവഗീതങ്ങളൊക്കെ ചവറ്റുകുട്ടയിലിടാൻ സമയമായെന്നാണ് ഇവർ പറയാതെ പറയുന്നത്.

മറ്റൊരു വീക്ഷണകോണിലൂടെ നോക്കിയാൽ, നരേന്ദ്രമോദി സർക്കാരിനഭിമാനിക്കാം. നമ്മുടെ സ്ത്രീകളുടെ ഉൾക്കരുത്ത് തിരിച്ചറിയാൻ അവരെ സഹായിച്ചതിൽ. അവരുടെ ഉള്ളിലെ കരുത്തിന്റെ കനൽ ജ്വലിപ്പിച്ചതിൽ. ഇന്ത്യൻ സ്ത്രീകൾ ധൈര്യത്തിന്റെ ആൾരൂപങ്ങൾ ആണെന്ന് ലോകത്തെ അറിയിച്ചതിൽ.

മനഃസാക്ഷിയില്ലാത്തവർ ഭരിക്കുമ്പോൾ സ്ത്രീ ശാക്തീകരണത്തിന് ഇങ്ങനെയൊരു തലവും ഉണ്ടായേക്കാം. നിർഭയം ഈ സ്ത്രീകൾ നടത്തുന്ന പോരാട്ടമാണ് സത്യത്തിൽ ഇന്ന് ഇന്ത്യയിൽ സ്ത്രീശാക്തീകരണം എന്ന വാക്കിനെ അർത്ഥവത്താക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി യു അമീറ

വി യു അമീറ

പൊന്നാനി എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍