UPDATES

ബ്ലോഗ്

സുകുമാരൻ നായർക്ക് മനസിലാകാത്ത മറ്റൊരു കേരളമുണ്ട്: അത് ചെകുത്താന്റേതല്ല

ഒരു നൂറ്റാണ്ട് പിന്നിലുള്ള കേരളമാണ് താന്‍ സ്വപ്‌നം കാണുന്ന കിനാശേരിയെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരിക്കുകയാണ്

ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തി മടങ്ങിയതോടെ സുപ്രിംകോടതി വിധി നടപ്പായിരിക്കുകയാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം യുവതീ പ്രവേശനം സ്ഥിരീകരിച്ചതോടെ ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയിരിക്കുകയാണ് ശബരിമല തന്ത്രിയും മേല്‍ശാന്തിയും. ഇന്നലെ നടന്ന വനിതാമതില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമായതിന് പിന്നാലെ തന്നെ ശബരിമലയിലെ യുവതീപ്രവേശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സുപ്രിംകോടതി വിധിയെ അനുകൂലിക്കുന്നവര്‍. വനിതാ മതിലിന്റെ വിജയം കണ്ട് അമ്പരന്ന എന്‍എസ്എസും ആര്‍എസ്എസും ബിജെപിയുമെല്ലാം കുലച്ചതിയെന്നാണ് ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചതിനെ വിശേഷിപ്പിക്കുന്നത്.

എന്‍എസ്എസിനെ സംബന്ധിച്ച് സുപ്രധാനമായ ഒരു ദിവസമാണ് ഇന്ന്. എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനമാണ് ഇന്ന്. അതിനാല്‍ തന്നെ അവരെ സംബന്ധിച്ച് ഇന്ന് ഏറ്റവും ദുഃഖകരമായ വാര്‍ത്ത കേള്‍ക്കേണ്ടിവന്നത് സഹിക്കാനാകുകയുമില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാക്കുകളിലും ആ സങ്കടമുണ്ട്. യുവതീ പ്രവേശനത്തെക്കുറിച്ച് സംസാരിക്കാതിരുന്ന അദ്ദേഹം ശുദ്ധികലശത്തിന് നടയടച്ച തന്ത്രി കുടുംബത്തിനും രാജകുടുംബത്തിനും നന്ദി അറിയിക്കുകയാണ് ചെയ്തത്. നടയടച്ചതിന് വിശ്വാസികളുടെ പേരില്‍ നന്ദിയെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. മന്നം ജയന്തി ദിനത്തോട് അനുബന്ധിച്ച് പെരുന്നയില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. സ്ത്രീകള്‍ കയറിയതുകൊണ്ട് കേസിന്റെ മെറിറ്റിനെ ബാധിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രിംകോടതി 22ന് കേസ് വീണ്ടും പരിഗണിക്കും നിയമ പോരാട്ടം തുടരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ഇന്നലെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച സുകുമാരന്‍ നായര്‍ മന്നത്തിന്റെ പിന്മുറക്കാരെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്നാണ് പറഞ്ഞത്. ആചാരവും അനാചാരവും എന്താണെന്നറിയാത്തവരാണ് മന്നത്ത് പത്മനാഭന്റെ പിന്മുറക്കാരെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമര്‍ശനം. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്നും ഇന്നലെ ഇദ്ദേഹം പറഞ്ഞിരുന്നു. അതായത് ഇന്ന് മുതല്‍ കേരളം ചെകുത്താന്റെ സ്വന്തം നാടാകുമെന്ന് സുകുമാരന്‍ നായര്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചു. നായര്‍ക്ക് രാജാവിനോടും നമ്പൂതിരിയോടുമുള്ള ഭക്തി വളരെ മുമ്പേ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് അതുറപ്പിച്ച് ഒരു നൂറ്റാണ്ട് പിന്നിലുള്ള കേരളമാണ് താന്‍ സ്വപ്‌നം കാണുന്ന കിനാശേരിയെന്ന് നായര്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്‍എസ്എസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ടെന്നായിരുന്നു സുകുമാരന്‍ നായര്‍ പിന്നീട് പറഞ്ഞത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന സുകുമാരന്‍ നായര്‍ ഇന്ന് രാജകുടുംബത്തിനും തന്ത്രി കുടുംബത്തിനും മുന്നില്‍ താണുവണങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഇരു കുടുംബങ്ങളും കൂടിയാലോചിച്ചാണ് ശുദ്ധികലശം നടത്തിയത്.

അതേസമയം ശബരിമലയിലെ ശുദ്ധികലശം അയിത്താചരണമാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പുന്നല ശ്രീകുമാറാണ് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവും കനക ദുര്‍ഗയും ഇതിനെതിരെ കോടതിയില്‍ പോയാല്‍ രാജകുടുംബവും തന്ത്രി കുടുംബവും കുടുങ്ങുമെന്ന് ഉറപ്പാണ്. എന്‍എസ്എസിന്റെ കണ്ണില്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തത് അനാചാരമല്ല ആചാരം മാത്രമാണ്. അതേസമയം കടുത്ത അനാചാരാമായി പൊതു സമൂഹം കണക്കാക്കുന്ന അയിത്തത്തെ സുകുമാരന്‍ നായര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ ശുദ്ധികലശം നടത്തിയ നടപടിയെ അദ്ദേഹം പിന്തുണയ്ക്കുന്നത്. മന്നത്ത് പത്മനാഭന്‍ എന്‍എസ്എസിനെ മുന്നോട്ട് നയിച്ചതില്‍ നിന്നും ഏറെ പിന്നോട്ടാണ് സുകുമാരന്‍ നായര്‍ നയിക്കുന്നതെന്നതിന് ഇതിനേക്കാള്‍ വേറെ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍