UPDATES

ബ്ലോഗ്

സമദൂരം, ശരിദൂരം, സംഘിദൂരം; സുകുമാരൻ നായർ യുഗത്തില്‍ എന്‍ എസ് എസ് നേരിടുന്ന ചില സൈദ്ധാന്തിക പ്രശ്നങ്ങള്‍

ഇതോടെ ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു; സുകുമാരൻ നായരുടെ മനസ്സ് പൂർണമായും ഇപ്പോൾ നരേന്ദ്ര മോദിക്കൊപ്പമാണെന്ന്

കെ എ ആന്റണി

കെ എ ആന്റണി

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അടുത്തകാലത്തായി പിണറായി സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇതിനുള്ള കാരണമാവട്ടെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ പിണറായി സർക്കാർ എടുത്ത തീരുമാനവും. തുടർന്ന് സുകുമാരൻ നായർ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമൊക്കെയായി പരസ്യ ഏറ്റുമുട്ടലിനു തുനിഞ്ഞതുമൊക്കെ ഏവരും കണ്ടതാണ്. ഇതോടെ സുകുമാരൻ നായർ എൻ എസ് എസ്സിനെ ബി ജെ പിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇടതു മുന്നണിയിലെ ചില നേതാക്കളാവട്ടെ സുകുമാരൻ നായർ എല്ലാ അർഥത്തിലും സംഘിയായിക്കഴിഞ്ഞു എന്നുവരെ പറഞ്ഞു കളഞ്ഞു. കേരളത്തിൽ ബി ജെ പിയെ ക്ലച്ച് പിടിപ്പിക്കാൻ സുവർണ്ണാവസരങ്ങൾ തേടി നടക്കുന്ന പി എസ് ശ്രീധരൻ പിള്ളയാവട്ടെ ഇത് തന്നെ പറ്റിയ അവസരമെന്നുറപ്പിച്ചു ഒട്ടും അമാന്തം കാട്ടാതെ പെരുന്നയിലേക്കു വെച്ചുപിടിക്കുകയും മന്നത്ത് പദ്മനാഭന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു കൃതാർത്ഥനായി.

ഇതിനിടയിലാണ് ഉടനെ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കു പത്തു ശതമാനം സംവരണം ഉറപ്പുവരുത്തുന്ന ബില്ല് പാസ്സാക്കിയെടുത്തത്. വര്‍ഷങ്ങളായി എൻ എസ് എസ് ഉന്നയിക്കുന്ന ഒരു ആവശ്യം മോദി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് കേട്ട് കോൾമയിർകൊണ്ട സുകുമാരൻ നായർ പ്രധാനമന്ത്രിയെയും സർക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഉടനെ തന്നെ ഒരു കത്ത് അയക്കുകയുണ്ടായി. പലരും പറഞ്ഞു സംഘിയാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സുകുമാരൻ നായർ ഇതോടെ എല്ലാ അർത്ഥത്തിലും സംഘിയായിക്കഴിഞ്ഞുവെന്നാണ് ഇപ്പോൾ പല കമ്മ്യൂണിസ്റ്റ് നേതാക്കളും ചുരുക്കം ചില കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നത്.

സുകുമാരൻ നായർക്ക് മനസിലാകാത്ത മറ്റൊരു കേരളമുണ്ട്: അത് ചെകുത്താന്റേതല്ല

താൻ സംഘിയായോ ഇല്ലയോ എന്നൊന്നും സുകുമാരൻ നായർ പറയുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. അതാവട്ടെ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണം എന്നത് മുന്നാക്ക സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യമാണെന്നും ഈ ആവശ്യം നടപ്പിലാക്കി കിട്ടണമെന്നാവശ്യപ്പെട്ടു എൻ എസ് എസ് മുൻപ് യു പി എ സർക്കാരിനും അതിനു ശേഷം ഇപ്പോഴത്തെ എൻ ഡി എ സർക്കാരിനും നിവേദനം നൽകിയിരുന്നുവെന്നും ആവശ്യം നടപ്പിലാക്കിയതിനുള്ള സാമാന്യ മര്യാദ എന്ന നിലക്കാണ് കത്ത് അയച്ചതെന്നുമാണ്. സാമൂഹ്യ നീതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നും കൂടി സുകുമാരൻ നായർ വാദിക്കുന്നു.

ഇതോടെ ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു. അതായത് സുകുമാരൻ നായരുടെ മനസ്സ് പൂർണമായും ഇപ്പോൾ നരേന്ദ്ര മോദിക്കൊപ്പമാണെന്ന്. ഇനിയിപ്പോൾ അറിയേണ്ടത് തിരെഞ്ഞെടുപ്പിൽ എൻ എസ് എസ് പൂർണമായും സുകുമാരൻ നായർക്കൊപ്പം നിൽക്കുമോ അതോ പതിവ് വോട്ടിങ് പാറ്റേൺ തന്നെ തുടരുമോ എന്നാണ്. സമദൂരം പറഞ്ഞു നടന്നിരുന്ന കാലമൊക്കെ എൻ എസ് എസ് എന്നേ വെടിഞ്ഞതാണ്. സുകുമാരൻ നായർ യുഗത്തിൽ സമദൂരമില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ഇപ്പോൾ ശരി ദൂരമേയുള്ളൂ. ചെങ്ങന്നൂർ ഉപ തിരെഞ്ഞെടുപ്പിൽ ഈ ശരി ദൂരത്തിന്റെ ഗുണഭോക്താക്കൾ സി പി എമ്മും അതിന്റെ സ്ഥാനാർഥി സജി ചെറിയാനുമായിരുന്നു. ഉടനെ നടക്കാനിരിക്കുന്ന ലോക്സഭ തിരെഞ്ഞെടുപ്പിൽ നായരുടെ ശരി ദൂര സിദ്ധാന്തം ആരെ തുണക്കുമെന്നു തീർത്തു പറയാൻ സമയമായിട്ടില്ല.

മോദിയും സുകുമാരൻ നായരും അണ്ണനും തമ്പിയുമെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി; മോദിക്ക് കത്തയച്ചത് കീഴടങ്ങൽ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍