UPDATES

ബ്ലോഗ്

15 ലക്ഷം അണ്ണാക്കില്‍ തള്ളിത്തരാമെന്നു തന്നെയാണ് പറഞ്ഞത്; സംശയമുണ്ടെങ്കില്‍ വടക്കന്‍ജീയോടു ചോദിക്കൂ മിസ്റ്റര്‍ ഭരത് ചന്ദ്രന്‍ ഐ പി എസ്

നട്ടെല്ലില്ലാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നു ആക്രോശിക്കുന്ന സുരേഷ് ഗോപി, മലമ്പുഴയില്‍ വി എസ് അച്യൂതാനന്ദനു വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ പോയപ്പോഴും ഇതേ സമീപനമായിരുന്നോ കമ്യൂണിസ്റ്റുകാരെ കുറിച്ച്?

ടോം വടക്കനെ അറിയുമോ സുരേഷ് ഗോപിക്ക്? അടുത്തകാലം വരെ കോണ്‍ഗ്രസുകാരനായിരുന്നു, ഇപ്പോള്‍ ബിജെപിയിലുണ്ട്. മോദി 15 ലക്ഷം രൂപ അണ്ണാക്കിലോട്ട് തള്ളിത്തരുമെന്ന് കരുതിയോ എന്നു ഭരത് ചന്ദ്രന്റെയോ ചാക്കോച്ചിയുടെയോ ബാധകൂടിയ പോലെ വിളിച്ചു ചോദിച്ചില്ലേ, ആ 15 ലക്ഷത്തിന്റെ കാര്യം വടക്കന്‍ജീയോടുകൂടി ഒന്നു ചോദിച്ചു നോക്കാമോ? പഴയതെല്ലാം പിന്നിലുപേക്ഷിച്ചാണ് വടക്കന്‍ വന്നിട്ടുള്ളതെങ്കില്‍, എനിക്കൊന്നും ഓര്‍മയില്ലെന്നു പറഞ്ഞൊഴിയാന്‍ സാധ്യതയുണ്ട്. പിന്നെയൊരാളുണ്ട്, വി വി രാജേഷ്. കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് രാജേഷുമെങ്കില്‍ 15 ലക്ഷം എന്നു കേട്ടാല്‍ തിരിഞ്ഞു നടന്നേക്കും. സാധ്യമായൊരു വഴി റിപ്പോര്‍ട്ടര്‍ ചാനലിലെ ആ ചര്‍ച്ചയാണ്. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എവിടെ പരതിയാലും കിട്ടും. യൂട്യൂബും സഹായിക്കും. എന്തായാലും അതൊന്നു കേള്‍ക്കണം. വടക്കന്‍ നല്ല വെടിപ്പായി പറഞ്ഞിട്ടുണ്ട് ആ 15 ലക്ഷത്തിന്റെ വാഗ്ദാനത്തെ കുറിച്ച്.

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഒരു ജനതയെ മൊത്തം പുച്ഛിക്കുന്ന തരത്തില്‍ കത്തിക്കയറി പറയുന്നുണ്ടായിരുന്നല്ലോ, ഇവിടെയുള്ളവരാരും ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവരാണെന്ന് ധരിക്കരുതെന്ന്. ഈ പറഞ്ഞ രണ്ടു ഭാഷയും നന്നായി അറിയാവുന്ന ടോം വടക്കന്‍ തന്നെ മോദിയുടെ 15 ലക്ഷം പ്രഖ്യാപനം തെളിവു സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 15 ലക്ഷം തരാമെന്ന് ഏതെങ്കിലും ബിജെപി നേതാവ് പറഞ്ഞിരുന്നോ എന്നായിരുന്നു സുരേഷ് ഗോപിക്കു മുമ്പും പലരും ചോദിച്ചിരുന്നത്. ഏതെങ്കിലും നേതാവല്ല, സാക്ഷാല്‍ മോദി തന്നെയാണ് പറഞ്ഞത്. 2013 നവംബര്‍ ഏഴാം തീയതി ഛത്തീസ്ഗഢിലെ കണ്‍കറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എല്ലാ ഇന്ത്യക്കാരുടെയും അകൗണ്ടില്‍ 15 ലക്ഷം രൂപ വീതം എത്തുമെന്ന് നരേന്ദ്ര മോദി വിളിച്ചു പറഞ്ഞത്. കാത്തിരുന്നു കാത്തിരുന്നു പതിനഞ്ച് ലക്ഷം കിട്ടാതെ പലരും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, സ്വിസ് ബാങ്കിലുള്ള കള്ളപ്പണം പിടിച്ചുകൊണ്ടുവന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും അകൗണ്ടില്‍ 15 ലക്ഷം വീതം ഇടാനുള്ള പണം ഉണ്ടെന്നാണ് മോദി പറഞ്ഞതെന്നായി വ്യാഖ്യാനം. രാജേഷ് അന്നു പറഞ്ഞതും സുരേഷ് ഗോപി ഇന്നു പറയുന്നതും ഇതേ വ്യാഖ്യാനമാണ്. പക്ഷേ, തെളിവ് സഹിതം വടക്കന്‍ രാജേഷിനെ പൊളിച്ചു, സുരേഷ് ഗോപിക്കും അതേ തെളിവ് മതിയാകില്ലേ?

ഇനിയിപ്പം സുരേഷ് ഗോപി പറഞ്ഞ വാദം അംഗീകരിക്കുകയാണെന്നിരിക്കട്ടെ, അതായത്, സ്വിസ് ബാങ്ക് അടക്കമുള്ള കളളപ്പണ കേന്ദ്രങ്ങളില്‍ കൂമ്പാരം കൂടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വച്ച് കൊടുക്കാനുള്ള പണമുണ്ടെന്നാണ് മോദി പറഞ്ഞതെന്ന വാദം. അധികാരത്തില്‍ കയറി 100 ദിവസത്തിനുള്ളില്‍ വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്നായിരുന്നല്ലോ മുന്നറിയിപ്പ്. നൂറല്ല, ആയിരത്തി എണ്ണൂറ്റിയിരുപ്പത്തിയഞ്ച് ദിവസത്തോളം അധികാരത്തില്‍ ഉണ്ടായിട്ടും കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലേ? ആ പണം പിടിച്ചുകൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും 15 ലക്ഷം നല്‍കി ഈ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കാമായിരുന്നില്ലേ? സ്വിസ് ബാങ്കുകാര്‍ക്ക് അവരുടെതായ നിയമാവലിയുണ്ട്, ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ഇതിനുള്ള സുരേഷ് ഗോപിയുടെ ന്യായീകരണം. ഈ നിയമപ്രശ്‌നങ്ങളെക്കുറിച്ചൊന്നും ഒരു ബോധവുമില്ലാതെയാണോ നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണമെല്ലാം പിടിച്ചുകെട്ടി കൊണ്ടുവരുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി വലിയവായില്‍ വിളിച്ചു കൂവിയത്? ജനങ്ങളെ വിഡ്ഡികളാക്കുകയായിരുന്നോ മോദി?

2014 പറഞ്ഞത് സ്വിസ് ബാങ്കില്‍ കോണ്‍ഗ്രസുകാരടക്കം നിക്ഷേപിച്ചിരിക്കുന്നത് കള്ളപ്പണമാണെന്നാണ്. 2018 ല്‍ പറഞ്ഞതോ, സ്വിസ് ബാങ്ക് നിക്ഷേപം കള്ളപ്പണമല്ലെന്ന്. ആരാ പറഞ്ഞത്, ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍. എന്തുകൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നത്? സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50 ശതമാനം വര്‍ദ്ദനവ് ഉണ്ടായി എന്ന വാര്‍ത്ത പുറത്തു വന്നതുകൊണ്ട്. കള്ളപ്പണം ഇല്ലാതാകാന്‍ നോട്ട് നിരോധനം നടത്തിയതിനും ശേഷമാണ് സ്വിസ് ബാങ്കില്‍ നിക്ഷേപം കൂടിയത്. അപ്പോള്‍ പറയുന്നു, ഇന്ത്യക്കാരുടെ നിക്ഷേപം കള്ളപ്പണമല്ലെന്ന്. ബിജെപിക്കാര്‍ മാത്രമുള്ള ഒരു യോഗത്തില്‍ നിന്നായിരുന്നു പ്രസംഗമെന്നതിനാല്‍ ഈ ചോദ്യങ്ങളൊന്നും സുരേഷ് ഗോപിക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, തൃശൂരിലെ സ്ഥാനാര്‍ത്ഥിയല്ലേ, പൊതുജന മധ്യത്തില്‍ ഒരിക്കല്‍ കൂടി പത്തനംതിട്ടയിലെ പ്രസംഗം ആവര്‍ത്തിക്കാമോ?

കള്ളപ്പണവും സ്വിസ് ബാങ്കുമെല്ലാം പറഞ്ഞ കൂട്ടത്തില്‍ പൂവച്ചൊരു മഹാനെ കുറിച്ചും അര്‍ത്ഥം വച്ചു പറയുന്നുണ്ടായിരുന്നു. അദ്ദേഹവും കൂമ്പാരംകണക്ക് സ്വസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന്. നിലപാട് ഇല്ലായ്മയെന്നാണോ നിലവാരം ഇല്ലായ്മയെന്നാണോ ചില കാര്യങ്ങളെ ചൂണ്ടിക്കാണിക്കുമ്പോള്‍ പറയേണ്ടതെന്നറിയില്ല. ലീഡര്‍ കെ കരുണാകരന്റെ സപ്തതിക്ക് ചോറു വിളമ്പിക്കൊടുക്കുന്ന, ഇന്ദിര ഭവനിലും ക്ലിഫ് ഹൗസിലും നിത്യ സന്ദര്‍ശകനായിരുന്ന ആ പഴയ സുരേഷ് ഗോപിക്കും പൂവച്ചു നടന്ന മഹാന്‍ കള്ളപ്പണക്കാരനായിരുന്നോ? നട്ടെല്ലില്ലാത്തവരാണ് കമ്യൂണിസ്റ്റുകാരെന്നു ആക്രോശിക്കുന്ന സുരേഷ് ഗോപി, മലമ്പുഴയില്‍ വി എസ് അച്യൂതാനന്ദനു വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ പോയപ്പോഴും ഇതേ സമീപനമായിരുന്നോ കമ്യൂണിസ്റ്റുകാരെ കുറിച്ച്? ഊളത്തരം പറയുന്നവരെ ഊളകള്‍ എന്നു തന്നെ വിളിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപിയാണ് ഹിന്ദു സമൂഹം വിചാരിച്ചാല്‍ വിഴിഞ്ഞം തുറമുഖം സാധ്യമാക്കാം എന്ന് ഉപദേശിച്ചതെന്നോര്‍ക്കണം. മനുഷ്യനില്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെയാണ് ഉള്ളതെന്നു പറയുന്നതും ഊളത്തരമല്ലേ, അങ്ങനെ പറയുന്നവനും അപ്പോള്‍!!!

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍