UPDATES

ബ്ലോഗ്

ഈ ഗള്‍ഫ് രാജ്യം 2019 സഹിഷ്ണുതയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍ മതേതര രാജ്യമായ ഇന്ത്യയോ?

ഒരു പക്ഷെ ഈ രാജ്യം നാൾക്കുനാൾ പുരോഗതിയിലേക്കു കുതിക്കുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയാവണം.

ഇസ്ലാമിക രാഷ്ട്രമായ യുഎഇ 2019-നെ സഹിഷ്ണുതയുടെ വർഷമായി ആചരിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം ഇവിടുത്തെ പത്രങ്ങളിലെ പ്രധാന വാർത്ത. ഈ രാജ്യത്തേക്ക് ലോകത്ത് പലയിടത്തു നിന്നായി വന്ന വിവിധങ്ങളായ സംസ്കാരങ്ങളെയും മൂല്യങ്ങളേയും ഉൾക്കൊണ്ടും അവയോട് സമരസപ്പെട്ടും സഹവർത്തിത്വമുണ്ടാക്കിയും ഒരു സമാധാനപരമായ നിലനില്പിന്റെ ആവശ്യകതയെക്കുറിച്ച് ഇവിടുത്തെ പുതിയ തലമുറയെ ബോധവാന്മാരാക്കുക എന്നതാണ് ഇതുകൊണ്ട് ഈ രാജ്യം ഉദ്ദേശിക്കുന്നത്. അതേസമയം, സെക്കുലർ രാജ്യമായ ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ പറയുന്നത് അവിടെ ഈ ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ വിദ്വേഷ കൊലപാതകങ്ങൾ നടന്ന വര്‍ഷം 2018 ആണെന്നാണ്.

ഒരു വര്‍ഷത്തോളമാവുന്ന യുഎഇയിലെ പ്രവാസ ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു ഇസ്ലാമിക രാജ്യത്താണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. ലോകത്തിന്റെ പലകോണുകളിൽ നിന്നായി വന്ന ഇവിടുത്തെ മനുഷ്യർ അവർക്ക്‌ ഇഷ്ടമുള്ള മതവും വിശ്വാസവും സംസ്കാരവും പാലിച്ചു ജീവിക്കുന്നു. ക്രിസ്മസും ദീപാവലിയും ഓണവും പെരുന്നാളും ആഘോഷിക്കപ്പെടുന്നു. വിശ്വാസികൾ അമ്പലങ്ങളിലോ പള്ളികളിലോ മസ്‌ജിദുകളിലോ പോകുന്നു. ആണും പെണ്ണും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു. മദ്യപിക്കാനോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ അത് ബീഫോ പന്നിയോ പട്ടിയോ എന്തുമാവട്ടെ, ആർക്കും ആരെയും ഭയക്കേണ്ടതില്ല, അതിന്റെ പേരിൽ ആരും ആരെയും തല്ലിക്കൊല്ലുകയുമില്ല.

സൗദി അറേബ്യയിൽപ്പോലും വണ്ടിയോടിക്കാനുള്ള സ്ത്രീകളുടെ അവകാശം സ്ത്രീകൾ പൊരുതി നേടി ലിംഗസമതത്തിലേക്ക് അവർ ഒരുപടി കൂടി അടുക്കുമ്പോൾ നമ്മളുടെ സ്ത്രീകൾ ആർത്തവം അശുദ്ധമാണെന്നും അവരെ കണ്ടാൽ ദൈവത്തിന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും പറഞ്ഞു റോഡിൽ അക്രമം അഴിച്ചിവിടുന്ന കാഴ്ച നമ്മുടെ രാജ്യത്തിൻറെ പോക്ക് എങ്ങോട്ടാണെന്ന് ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.

ഒരു രാജ്യം അഭിവൃദ്ധിപ്പെടുന്നത്, അത് മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടുവലിക്കുന്ന ആചാരങ്ങളെയും ജാതി, ലിംഗ അസമത്വങ്ങളെയും തള്ളി വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ജീവിക്കുമ്പോളാണ്. ഒരു മതേതര രാജ്യത്തെ പേരുമാറ്റിയും, ചരിത്രം മാറ്റിയെഴുതിയും, പള്ളികൾ പൊളിച്ചുകളഞ്ഞും, ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ ആളുകളെ തല്ലിക്കൊന്നും ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആളുകൾക്കു പോലും ഇവിടെ വന്ന് അമ്പലം നിർമിക്കാൻ അവസരം ലഭിക്കുന്ന ഈ രാജ്യത്തിനല്ലെങ്കിൽ മറ്റാർക്കാണ് സഹിഷ്ണുതയെക്കുറിച്ചു പറയാനാവുക?

ഒരു പക്ഷെ ഈ രാജ്യം നാൾക്കുനാൾ പുരോഗതിയിലേക്കു കുതിക്കുന്നതും ഈ സഹിഷ്ണുത കൊണ്ടുതന്നെയാവണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിഷ പൊന്തത്തില്‍

നിഷ പൊന്തത്തില്‍

യുഎഇയില്‍ താമസിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍