UPDATES

ട്രെന്‍ഡിങ്ങ്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാര്‍ ഇടതുപക്ഷക്കാരായ ഞങ്ങളേയും തല്ലാന്‍ പ്ലാനിട്ടു: അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ കുപ്രസിദ്ധി നേരത്തെയുള്ളതാണ് എന്ന് പറയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാനും ഓപ്പണ്‍ മാഗസിന്‍ അസി.എഡിറ്ററുമായ എന്‍പി ഉല്ലേഖ്.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ എസ്എഫ്‌ഐക്കാര്‍ തന്നെ കുത്തി വീഴ്ത്തിയതിനെ തുടര്‍ന്ന് സംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധവും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ത്തുകയാണ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള നിരവധി മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഈ സന്ദര്‍ഭത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ കുപ്രസിദ്ധി നേരത്തെ തന്നെയുള്ളതാണ് എന്ന് പറയുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ഓപ്പണ്‍ മാഗസിന്‍ അസി.എഡിറ്ററുമായ എന്‍പി ഉല്ലേഖ്.

1995ല്‍ കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എ്‌സ്എഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഉല്ലേഖ്. ഈ സമയം യൂണിവേഴ്‌സിറ്റി കോളേജിലെ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ തന്നെയും ഇടതുപക്ഷക്കാരായ സുഹൃത്തുക്കളേയും തല്ലാന്‍ പരിപാടിയിട്ടതായി ഉല്ലേഖ് പറയുന്നു.

അന്ന് എസ്എഫ്‌ഐ സംസ്ഥാന നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടിയാണ് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് താനടക്കമുള്ളവര്‍ മാറി നിന്നു. അങ്ങനെ തല്ല് കിട്ടാതെ രക്ഷപ്പെട്ടു എന്നും ഉല്ലേഖ് ഓര്‍ക്കുന്നു. എസ്എഫ്‌ഐമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെല്ലാമുള്ള കാല്‍പ്പനികതയൊന്നും അന്നും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല എന്ന് പറയുന്നു ഉല്ലേഖ്. അന്തരിച്ച സിപിഎം നേതാവ് പാട്യം ഗോപാലന്റെ മകനാണ് എന്‍പി ഉല്ലേഖ്.

എന്‍പി ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

1995. കാര്യവട്ടത്ത് പഠിക്കുന്ന കാലം. (കറങ്ങിനടന്നു എന്നതാണ് കൂടുതൽ ശരി). ഞങ്ങളിൽ ചിലരെ തല്ലാൻ വേണ്ടി കൂടെ നടന്നിരുന്ന ചിലർ തന്നെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന്‌ കുറെ തെണ്ടികളെ വിളിച്ചു കൊണ്ടുവന്നു. ഈ പ്ലാൻ ലീക്ക് ആയി. തലേദിവസം തന്നെ അന്ന് ജില്ലയുടെ ചാർജ് ഉണ്ടായിരുന്ന അബ്ദുള്ളക്കുട്ടി എന്നെ ഹോസ്റ്റലിൽ വിളിച്ചു പറഞ്ഞു. ‘നിന്നെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഓറു കേക്കുന്നില്ല. നീ പെട്ടന്ന് ഈട (SFI സംസ്ഥാന കമ്മിറ്റി ഓഫീസിൽ) വാ.’

പിറ്റേന്ന് ഞങ്ങൾ മാറി നിന്നു. അതുകൊണ്ട് അടി കൊണ്ടില്ല. ആലോചിക്കണം ഞങ്ങളിൽ എല്ലാവരും SFI അല്ലെങ്കിൽ ഇടതുപക്ഷ പ്രവർത്തകരായിരുന്നു. നിരന്തരമായി തർക്കിക്കുമെന്നല്ലാതെ ഞങ്ങൾക്ക് വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. തർക്കങ്ങൾ വളരെ ക്രീയേറ്റീവ് ആണെന്നാണ് ഞങ്ങൾ കരുതിയത് അത് വരെ. SFI എന്ന റൊമാന്റിക് concept തിരുവനന്തപുരത്തെങ്കിലും ഗുണ്ടകളുടെ കയ്യിൽ അന്നേ അകപ്പെട്ടിരുന്നു. അതാണ്‌ സത്യം. പറയാതിരിക്കാൻ വയ്യ.

ഇന്ന് നടന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഗുണ്ടകൾക്ക് വേണ്ടി വാദിക്കാൻ ഒരാളും നിൽക്കരുത്. ലക്ഷ്യബോധമില്ലാതെ അവരെ ന്യായീകരിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളാവും. അല്ലെങ്കിൽ ഒരു temporary setback ന് ശേഷം കാര്യങ്ങൾ നേരെയാവും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നന്നല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍