UPDATES

ബ്ലോഗ്

വെള്ളാപ്പള്ളിയുടെ നവോത്ഥാന വിഭ്രാന്തികള്‍; യുവതികള്‍ ശബരിമലയില്‍ കയറിയതിന് മുന്‍പും ശേഷവും

അയ്യപ്പസംഗമത്തിന് കൂടിയ ആളെ കണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് ബിജെപിക്ക് മുതലെടുക്കാനാകുമെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത് അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടുമെന്നും അത് ബിജെപിയുടെ നേട്ടമല്ലെന്നുമാണ്

അയ്യപ്പ കര്‍മ്മ സമിതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് ഭാഗ്യമായെന്നാണ് ഇന്നലെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി അമ്പതോളം ആത്മീയാചാര്യന്മാര്‍ പങ്കെടുത്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് ഭാഗ്യമായെന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകുമല്ലോയെന്ന് സ്വാഭാവികമായും ചിന്തിക്കും. പോരാത്തതിന് അടുത്തകാലത്തായി കേരള നവോത്ഥാനത്തിന്റെ മുന്നണി പോരാളിയായി അവരോധിക്കപ്പെടുകയും ചെയ്ത മാന്യ ദേഹമാണ് വെള്ളാപ്പള്ളി. ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് രംഗത്തെത്തിയപ്പോള്‍ കോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്നാണ് വെള്ളാപ്പള്ളി നിലപാടെടുത്തത്. വെള്ളാപ്പള്ളി അതിന് നല്ല കയ്യടിയും നേടി.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ സംഘാടനത്തിനുള്ള സമിതിയുടെ കണ്‍വീനറായി വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തതും മറ്റൊന്നുകൊണ്ടുമല്ല. വനിതാ മതിലിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച എന്‍എസ്എസിനെ അദ്ദേഹം കടന്നാക്രമിക്കുകയും ചെയ്തിരുന്നു. വനിതാ മതിലിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ 190 സംഘടനാ പ്രതിനിധികളെ ക്ഷണിച്ചെങ്കിലും 174 പേര്‍ മാത്രമാണ് പങ്കെടുത്തത്. പങ്കെടുക്കാതിരുന്ന എന്‍എസ്എസിന്റെ നേതൃത്വത്തില്‍ വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന പ്രചരണം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അഴിച്ചുവിടുകയും ചെയ്തു. അന്ന് ആ വാദത്തെ പ്രതിരോധിക്കാനും വെള്ളാപ്പള്ളിയാണ് മുന്നിലുണ്ടായിരുന്നത്. വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന വാദം തെറ്റാണെന്നും മതിലിനെ പരാജയപ്പെടുത്തുകയാണ് ഈ പ്രചരണത്തിന്റെ ലക്ഷ്യമെന്നുമാണ് അന്ന് വെള്ളാപ്പള്ളി പറഞ്ഞത്. മാത്രമല്ല, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സഹായത്തോടെയാണെന്നും വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താണെന്നും അത് മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കിലും മാറ്റമില്ലെന്നും അന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയും മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയുരുന്നു. ആലപ്പുഴയിലെ വനിതാ മതിലിനെ എസ്എന്‍ഡിപി യോഗം ഏറ്റേടുത്തതാണെന്നും മതിലിനെ വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ ഉത്തരവാദിത്വമാണെന്നുമാണ് അന്ന് വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ ഈ സമയത്തെല്ലാം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കൊപ്പം നിലകൊള്ളുകയും വനിതാ മതിലിനെ എതിര്‍ക്കുകയുമാണ് ചെയ്തിരുന്നത്. വനിതാ മതില്‍ സംഘടിപ്പിച്ച ജനുവരി ഒന്നിന്റെ പിറ്റേന്ന് ശബരിമലയില്‍ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികള്‍ ദര്‍ശനം നടത്തിയതോടെ വെള്ളാപ്പള്ളിയുടെ മട്ടുമാറി തുടങ്ങിയിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ശരിയായില്ലെന്നും എന്നാല്‍ പിണറായി ചതിച്ചെന്ന് കരുതുന്നില്ലെന്നുമാണ് അന്ന് വെള്ളാപ്പള്ളി പറഞ്ഞത്.

Read More: ശബരിമല: വിമോചന സമരമാണ് ലക്ഷ്യമെങ്കില്‍ എതിര്‍ത്തുതോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം ആത്മീയാചാര്യന്മാരെ മുന്‍നിര്‍ത്തി ബിജെപി അയ്യപ്പ ഭക്തസംഗമം വിളിച്ചു ചേര്‍ക്കുകയും അത് ജനപങ്കാളിത്തം കൊണ്ട് വിജയിക്കുകയും ചെയ്തതോടെ വെള്ളാപ്പള്ളി വീണ്ടും ചുവടുമാറ്റിയിരിക്കുകയാണ്. വനിതാമതില്‍ ഒരു കെണിയായിരുന്നെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്. വനിതാമതില്‍ വിജയിച്ചെങ്കിലും പിറ്റേന്ന് തന്നെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിലൂടെ അത് പൊളിഞ്ഞ് പോയിരിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ വേണ്ടിയല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞിട്ട് പിറ്റേന്ന് തന്നെ യുവതികളെ പ്രവേശിപ്പിച്ചതിനെയാണ് വെള്ളാപ്പള്ളി കെണിയായി വിശേഷിപ്പിക്കുന്നത്. വനിതാ മതില്‍ എന്തിനാണെന്ന ചോദ്യം ഇത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെയുള്ളതാണ്. ശബരിമല യുവതീപ്രവേശനം മുന്‍നിര്‍ത്തിയാണ് മതിലെന്ന് പരോക്ഷമായെങ്കിലും സിപിഎം കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

എന്നാല്‍ ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ മാത്രം സംഗമമായി മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആത്മീയതയുടെ മറവില്‍ രാഷ്ട്രീയം കളിക്കുകയാണ്. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്ന ചടങ്ങാണെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ തന്നെയും സമീപിച്ചിരുന്നു. സവര്‍ണ സംഗമമായി മാറിയ പരിപാടിയില്‍ പോകാതിരുന്നത് നന്നായെന്നു തോന്നുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം എന്‍എസ്എസ് നേതൃത്വം പ്രത്യക്ഷത്തില്‍ പങ്കെടുക്കാതിരുന്ന ഈ പരിപാടിയില്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും സാധാരണ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. കെപിഎംഎസിന്റെയും ധീവര സഭയുടെയും പ്രാതിനിധ്യവും ഇവിടെയുണ്ടായിരുന്നുവെന്ന വസ്തുത മറന്നാണ് വെള്ളാപ്പള്ളി ഇതിനെ സവര്‍ണ സംഗമമെന്ന് ഇന്നലെ വിശേഷിപ്പിച്ചത്.

ഇന്ന് വെള്ളാപ്പള്ളി വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞ വെള്ളാപ്പള്ളി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അതിനാല്‍ തന്നെ അപചയം സംഭവിച്ചിട്ടില്ലെന്നുമാണ്. അതോടൊപ്പം അയ്യപ്പസംഗമത്തിന് കൂടിയ ആളെ കണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച് ബിജെപിക്ക് മുതലെടുക്കാനാകുമെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത് അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടുമെന്നും അത് ബിജെപിയുടെ നേട്ടമല്ലെന്നുമാണ്. ബിജെപിക്കാര്‍ തന്ന ഹെലികോപ്ടറില്‍ പോയതിലെ കുറ്റബോധവും വെള്ളാപ്പള്ളി ഇന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എസ്എന്‍ഡിപിക്ക് ബിഡിജെഎസുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് പറയുന്ന വെള്ളാപ്പള്ളി മോദി അധികാര തുടര്‍ച്ച നേടുമെന്നാണ് വിശ്വസിക്കുന്നത്. ഇനിയൊരു ചോദ്യം ബാക്കിയാകുന്നു. എന്താണ് ഇയാളുടെ ശരിക്കുള്ള നിലപാട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും ഇദ്ദേഹം എവിടെയെങ്കിലും ഉറച്ച് നില്‍ക്കുമെന്ന് വിശ്വസിക്കാം.

Read More: ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍