UPDATES

സോഷ്യൽ വയർ

‘വൈറസ്’ സ്വാഭാവിക സിനിമാ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

വലിയൊരു താരനിര എന്നതാണ് പരസ്യവാചകം, എന്നാൽ കഥാപാത്രനിര എന്നതാണ് ഉചിതമായ പ്രയോഗം.

‘വൈറസ്’ എന്ന സിനിമയുടെ സാമൂഹികപക്ഷത്തെ മുൻനിറുത്തി ധാരാളം വിലയിരുത്തലുകൾ ഓൺലൈനിൽ ഇതിനകം വന്നതിനാൽ അപ്രകാരം വിശദീകരിക്കുന്നില്ല. പഴക്കമില്ലാത്ത ഒരു യഥാർത്ഥ സംഭവത്തെ, ഒരു എപിഡെമിക് അവസ്ഥയെ, അതിന്റെ അറ്റവും മൂലയും മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട ഒരു സമയത്തെ സിനിമയാക്കുമ്പോൾ കൂടുതലായി എന്താണ് കാണിക്കാനുള്ളത് എന്നൊരു സ്വാഭാവിക ചോദ്യമുണ്ട്. ആ ചോദ്യം സിനിമ ആരുടെ വീക്ഷണത്തിൽ അവതരിപ്പിക്കപ്പെടുന്നു എന്നനുസരിച്ചിരിക്കും. ഇത്തരം ഒരു വിഷയത്തെ തിരക്കഥാ എഴുത്തിന്റെ മേഖലയിൽ പരിഗണിക്കുമ്പോൾ തന്നെ ധാരാളം ഓപ്പണിങ്‌സ് തെളിയും. “വൈറസ്” എന്ന സിനിമ അതിനെയെല്ലാം പരീക്ഷിക്കാൻ തുനിഞ്ഞു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അപ്രകാരം തിരക്കഥാകൃത്തുക്കളായ മുഹ്‌സിൻ പരാരി, ഷറഫു, സുഹാസ് എന്നിവരുടെ പ്രയത്നം ശ്ലാഖനീയമാണ് എന്ന് പറയാതെ വയ്യ, സംഭവശേഷമുള്ള സമയപരിധി ശ്രദ്ധിച്ചാൽ റിസർച്ച് അടക്കം പരമാവധി ആറുമാസം കൊണ്ടായിരിക്കണം ഇവർ എഴുത്തു പൂർത്തിയാക്കിയിട്ടുണ്ടാവുക. നാം നിപ്പാ വൈറസിനെ നേരിട്ട പോലെ തന്നെ ‘വൈറസ്’ എന്ന വാണിജ്യസിനിമ അതിന്റെ കഥപറച്ചിൽ പരിസരത്തു ഫെയ്സ് ചെയ്തതും, മറികടന്നതും, നേടിയതുമായ ചില മേഖലകളുണ്ട് (checklist). വ്യക്തിപരമായി അവയെ അപഗ്രഥിച്ചാൽ…

1. വസ്തുനിഷ്ഠമായ അവതരണരീതിയിലൂടെ ഒരു ഡോക്യൂമെന്ററി, എഡ്യൂക്കേഷണൽ സിനിമ എന്നീ ശൈലികളിലേക്ക് വഴുതാനുള്ള അവസരം, കൂടാതെ ആനുകാലികമായതിനാൽ ഫിക്ഷണൽ സ്വാതന്ത്ര്യം എന്നത് ഒരു ഹിസ്റ്റോറിക്കൽ സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ കുറവാണിതിന്. റിയാലിറ്റിയുടെ ഫ്രെയിം ഉടനീളം നിലനിർത്തി കഥാപാത്രവിപുലീകരണത്തിലൂടെ ഫിക്ഷണൽ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി അത്തരമൊരു ന്യൂസ്റീൽ സ്വഭാവത്തെ സിനിമ തരണം ചെയ്തു. ‘ട്രാഫിക്കി’ലും, ‘ടേക്ക്ഓഫീ’ലുമൊക്കെ വിഷയത്തെയും കഥാപാത്രങ്ങളെയും ആദ്യം എക്‌സ്‌പോസിഷൻ സമയത്തു അഡ്രെസ്സ് ചെയ്ത ശേഷം പ്രധാനകഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചു സിനിമയെ സ്ട്രൈറ്റ് റൈഡാക്കാമായിരുന്നു, എന്നാൽ ഈ ചിത്രത്തിൽ ഓരോ ഇടവേളകളിലും പുതിയ കഥാപരിസരങ്ങളുടെ പരിചയപ്പെടുത്തലുകൾ നടത്തി അതിലെ സങ്കീർണ്ണതകളെ ലയേറുകളായി പറയുകയും അതേസമയം നിപ്പാദിനങ്ങൾ എന്ന റിയാലിറ്റിയിലേക്ക് തിരിച്ചും വന്ന് രണ്ടു വശങ്ങളെയും ബാലൻസ് ചെയ്യുന്നുണ്ട്.

2. സാമൂഹികമായിട്ടുള്ള കാഴ്ചപ്പാടുകൾക്കൊപ്പം തന്നെ വ്യക്തിഗതമായ രീതിയിലുള്ള ഇമോഷണൽ കഥപറച്ചിൽ. അത് നേടി.

3. യഥാർത്ഥ സംഭവത്തിലെ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറിനുള്ള പരിസരം ഉപയോഗപ്പെടുത്തൽ. അത് ഴാനർ (genre) രീതിയിൽ, ചെയിൻ റീയാക്ഷൻ-ഡീറ്റൈലിങ് ആസ്പദമാക്കി, വല്ലപ്പോഴുമുള്ള ബ്ലാക്ക് ഹ്യൂമറിന്റെ മേമ്പടിയോടെ ഫലപ്രദമായി വിനിയോഗിച്ചു.

4. ദിനക്രമത്തിൽ ഒരു സ്ട്രൈറ്റ് ടൈംലൈനിൽ കഥപറയുമ്പോഴും നോൺ ലീനിയർ ആഖ്യാനരീതി പരീക്ഷിക്കാനുള്ള അവസരം. ടെക്നിക്കൽ ആയി എടുത്തുകുടയലുകൾ ഇല്ലാതെ അതും നിർവ്വഹിച്ചു.

5. രാഷ്ട്രീയപ്രേരിതമായ ഗൂഡാലോചനാ സിദ്ധാന്തത്തിനുള്ള സ്പേസ്. ആഭ്യന്തര ഉരസലുകളെ ലൗഡ് ആവാതെ വൈദഗ്ധ്യത്തോടെ തന്നെ അഡ്രസ്സ് ചെയ്തു. അവയെ ഒരു പ്രെഷർ ടൂൾ (ഡെഡ്ലൈൻ) ആയി തിരക്കഥയിൽ ഉപയോഗിക്കുകയും ചെയ്തു.

6. ഒരു പരിഷ്കൃത സമൂഹത്തിൽ ശാസ്ത്രവും, മനുഷ്യനും, വ്യവസ്ഥിതിയും തമ്മിലുള്ള പരസ്പര സമ്പർക്കത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പകർച്ചവ്യാധിയുടെ ബാക്ക്ഡ്രോപ്പിൽ ഗൗരവകരമായ രീതിയിൽ എന്നാൽ ലളിതമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക. അതും ഏറെക്കുറെ ഫലപ്രദമായിട്ടുണ്ട്.

7. ഡിസ്കഷൻ ടേബിൾ ത്രില്ലർ പോലെ വെർബൽ (ഡയലോഗിലൂടെ മാത്രമുള്ള വിനിമയം) ആയി മാത്രം തളക്കപ്പെടാവുന്ന സാഹചര്യങ്ങൾ ഉടനീളെ ഉണ്ടെങ്കിലും അതിനകത്തു നിന്നുകൊണ്ട് പരമാവധി ദൃശ്യസാധ്യതകളെയും, രൂപവികാരങ്ങളെയും സിനിമ പരിശോധിച്ചിട്ടുണ്ട്.

8. ഇത്തരമൊരു സംഭവകഥയെ അനുഭവിച്ചവരുടെ ആംഗിളിൽ നിന്ന് മാത്രം പറഞ്ഞുകൊണ്ട് അതിതീവ്രമായി സമീപിച്ചു ഭീതിയും ഭീകരതയും, ശോകവും ചൂഷണം ചെയ്യാതെ നേരിടുന്നവരുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് ആവുന്നത്ര റിയലിസ്റ്റിക് ആയി പ്രബോധനരീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമം. ഫിലിം മേക്കേഴ്സിന്റെ അത്തരമൊരു തീരുമാനം ഉചിതമായിരുന്നു എന്നുള്ളത് നിപ്പയുടെ ഇപ്പോഴത്തെ ഔട്ട്ബ്രേക്കിനെ മുൻനിറുത്തി ചിന്തിക്കുമ്പോൾ പക്വമായിരുന്നു എന്ന് കരുതാം.

9. സംഭവം നടന്നപ്പോൾ ഉള്ള പൊളിറ്റിക്കൽ പരിസരം ഉദ്ധരിച്ച് ഇതൊരു പ്രൊപ്പഗാണ്ട സിനിമ ആക്കാതിരിക്കുക എന്ന മേക്കേഴ്സ് കൈക്കൊള്ളേണ്ടുന്ന ധാർമികമായ ഉത്തരവാദിത്തം, അത് നിറവേറി.

10. എല്ലാത്തിലുമുപരി ഇന്ത്യൻ വാണിജ്യസിനിമാ പരിസരത്തു മുൻമാതൃകകൾ ഇല്ലാതിരുന്നിട്ടും, ഹോളിവുഡ് ശൈലി അന്ധമായി പിൻപറ്റാതെ തനതു സിനിമയെന്ന് തോന്നിക്കും വിധം ഒരു മൾട്ടി ഴാനർ സിനിമയായി ഇതിനെ കൺസീവ് ചെയ്തു പ്രവർത്തികമാക്കിയതിന്റെ ധാരണാമിടുക്ക്.

കുറ്റമറ്റ തിരക്കഥയാണ് ചിത്രത്തിന്റേത് എന്ന് പ്രഖ്യാപിക്കുകയല്ല, മറിച്ച് പരിചയവും പ്രവചനസ്വഭാവവുമുള്ള ഒരു വിഷയത്തിന്റെ സമീപനത്തിലെ സാഹസത്തെയും, സാധ്യതകളെയും ഉപയോഗപ്പെടുത്തിയതിനെയാണ് കുറിച്ചത്. തുടങ്ങി അര മണിക്കൂറിൽ രോഗം സ്ഥിരീകരിച്ച ശേഷം സിനിമ സഞ്ചരിക്കുന്നത് നാനാവിധം കെട്ടുപാടുകളിലൂടെയാണ്. എന്നാൽ ഒരു രോഗിയിൽ (subject) തുടങ്ങി രോഗസാധ്യതകളിലൂടെ (evolution) ഊളിയിട്ട് രോഗകാരണത്തിൽ (virus) അവസാനിപ്പിക്കുന്ന പരിണാമാന്വേഷണരീതിയിലുള്ള ഒരു ഏകീകൃതമായ ഘടനയും തിരക്കഥയ്ക്കുണ്ട്.

നാനാവിധ മനുഷ്യരും രോഗത്തെ ചെറുക്കുന്നതിനായി ധാരണയാകുന്ന ഒരു പരിസ്ഥിതിയെ കാണിച്ചിട്ടുണ്ട്, ആരും ബഹളം വെച്ച് രംഗം കലുഷിതമാക്കുന്നില്ല, എല്ലാവരിലും ഒരു സഹാനുഭൂതിയും നിസ്സഹായതയും പ്രകടമാണ്. പ്രോട്ടോക്കോളുകൾ മൈൻഡ് ചെയ്യാതെ ഒരു കൂരക്കു കീഴിൽ അണിനിരക്കുന്ന പബ്ലിക് സെക്ടർ ഒഫീഷ്യൽസിനെ അവതരിപ്പിക്കുന്നുണ്ട്. ‘സുഡാനി’യിലേത് പോലെ സാഹോദര്യം എന്ന തീം ഇതിലും വർക്കിംഗ് ആണ്. ‘കുറെ സിം കാർഡുകളും, മതവിശ്വാസവും, വിദേശയാത്രയും നടത്തിയ മലപ്പുറത്തുകാരനായ ഒരു മനുഷ്യന്റെ സ്വകാര്യതയെ എന്തിനാണ് എപ്പോഴും സംശയിക്കുന്നത്?’ എന്ന മുഹ്‌സിൻ പരാരിയുടെ പൊളിറ്റിക്കൽ ചോദ്യം ഇതിൽ ഒരു സ്ത്രീ കഥാപാത്രം ഡെലവേർ ചെയ്യുന്നുണ്ട്. ആടിനെ വിശദീകരിക്കാൻ നേരം, കെട്ടിയിട്ടിരിക്കുന്ന കുറ്റിയെ ഉദ്ബോധിപ്പിക്കുന്ന രീതിയിലുള്ള ഡിസ്കഷനുകളിലേക്ക് ഡീവിയെറ്റ് ചെയ്യുന്ന രചനാരീതിയോട് വിയോജിപ്പുണ്ട്, എന്തിരുന്നാലും നേർത്ത രീതിയിലേ അത്തരം വൈബുകൾ ഉള്ളൂ. മതവിശ്വാസങ്ങളെ സെമറ്റിക് രീതിയിൽ രേഖപ്പെടുത്താതെ സമൂഹത്തിന്റെയും സിസ്റ്റത്തിന്റെയും ആവശ്യത്തിനനുസരിച്ചു കോലാഹലങ്ങളില്ലാതെ സമവായപ്പെടുത്തുന്നുണ്ട്. മുതലെടുപ്പുകൾ നടത്താത്ത ഒരു ജനപ്രതിനിധിയെയും പ്ലേസ് ചെയ്തിട്ടുണ്ട്. മനുഷ്വത്വമാണ്/ സഹജീവിസ്നേഹമാണ് ആത്യന്തികമായി ഇതുപോലൊരു എപിഡെമിക്ക് ആയ രോഗത്തിന്റെ പ്രചാരണത്തിനും, പ്രതിരോധത്തിനും അടിസ്ഥാനം എന്ന ഐറോണിക്കൽ ആയൊരു മോറൽ നോട്ടിൽ സിനിമ അവസാനിപ്പിക്കുന്നുമുണ്ട്.

ഇനി സിനിമയുടെ പ്രോസസ്സിലേക്ക് നോക്കാം. ഇത്തരമൊരു തിരക്കഥാ ഡ്രാഫ്റ്റിനെ സമയ-സാമ്പത്തിക പരിധിയിൽ നിന്നുകൊണ്ട് ദൃശ്യപരമായി സാങ്കേതികത്തികവോടെ നിർമ്മിച്ച് പ്രാവർത്തികമാക്കുക എന്നത് നമ്മുടെ ചുറ്റുപാടിൽ ഏതൊരു സംവിധായകനും ഏറ്റെടുക്കാൻ മടിക്കുന്ന ഉദ്യമമാണ്. യാതൊരു വിധ ഗിമ്മിക്കെറിയുമില്ലാതെ അത്യന്തം കയ്യടക്കത്തോട് കൂടിയാണ് ആഷിക്ക് അബു തന്റെ ജോലി ചെയ്തിരിക്കുന്നത്. ഷോട്ട് സെലക്ഷനുകളിൽ അച്ചടക്കം വ്യക്തമാണ്. ഓർമ്മിച്ചെടുത്താൽ ഒന്നോ രണ്ടോ സ്ലോമോഷനുകൾ ഒബ്ജെക്റ്റീവ് ആയി പരിഗണിച്ചു എന്നല്ലാതെ ബാക്കിയെല്ലായിടത്തും ആഖ്യാനാനുസൃതമായ സ്റ്റാറ്റിക് ഷോട്ടുകളും, ട്രാക് ഇൻ ഷോട്ടുകളും, എസ്റ്റാബ്ലിഷ്‌മെന്റും, ഇമോഷനും പ്രദാനം ചെയ്യുന്ന നിരവധി ടോപ് ആംഗിൾ ഷോട്ടുകളുമാണ് ഉള്ളത്. മനുഷ്യനെയും, പരിസരത്തെയും കണക്ട് ചെയ്യുമാറ് ഫിലോസോഫിക്കൽ ക്വാളിറ്റിയുള്ള ചില ബാക്‌ഷോട്ടുകളുമുണ്ട്.

സംവിധായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് സിനിമ വിശദീകരണ സ്വഭാവം പേറുന്നതാണ് എന്നതാണ്, ഉടനീളം എല്ലാവരും നിരന്തരമായി സംസാരിക്കുന്ന പരിസരങ്ങളിൽ, ക്ലാസ്സിക് ശൈലിയിൽ പ്രേക്ഷകന്റെ ഇന്റെറെസ്റ്റ് നിലനിർത്തുന്നുണ്ട്, അതിനകത്തു തന്നെ എല്ലാ സീനിലും ഇമോഷൻ കൊണ്ടുവരുന്നുമുണ്ട്. ഇന്ദ്രജിത്, ജോജു, ടോവിനോ ഇവരുടെയൊക്കെ കഥാപാത്രസൃഷ്ടിയിലൂടെ ആൾക്കാരെ കയ്യടിപ്പിക്കാനുള്ള തരിപ്പ് രംഗങ്ങൾക്ക് അവസരങ്ങൾ വേണ്ടുവോളമുള്ള സന്ദര്‍ഭങ്ങളുണ്ടെങ്കിലും വിഷയത്തിന്റെ സെന്‍സിറ്റിവിറ്റിയെ മുൻനിറുത്തി അവയെ ടോൺ ഡൌൺ ചെയ്തു സിനിമയുടെ ഉദ്ദേശത്തിൽ ഫോക്കസ്ഡ് ആണ് സംവിധായകൻ. എന്നാൽ അവരുടെ സമീപനങ്ങൾക്ക് മേൽപ്പറഞ്ഞ രീതിയിലുള്ള ഫലങ്ങൾ റിയലിസ്റ്റിക് ആയ സമീപനത്തിലൂടെ തന്നെ നേടാനാകുന്നുണ്ട് താനും.

രണ്ടര മണിക്കൂർ ദൈർഖ്യമുള്ള സിനിമയുടെ പകുതിയിലേറെ സമയവും ഇൻഡോർ ആണ്, ആശുപത്രി പരിസരം, വിവിധ തരം റൂമുകൾ, വാർഡുകൾ തുടങ്ങിയ നിയന്ത്രിത പരിസരങ്ങളിൽ നിന്നുകൊണ്ട് ഒട്ടേറെ കഥാപാത്രങ്ങളുടെ ടെൻഷനും, ഡ്രാമയും, ഇമോഷനും, റിയാലിറ്റിയുമൊക്കെ സ്വാഭാവിക ബിൽഡപ്പിലൂടെ കൈകാര്യം ചെയ്യുന്നത്തിലുള്ള സംവിധായകന്റെ വൈദഗ്ധ്യവും എടുത്തുപറയേണ്ടതാണ്. അതിനോടൊപ്പം ധാരാളം മനുഷ്യർ നിറഞ്ഞതാണ് പല സീനുകളും. പലപ്പോഴും ആശുപത്രി പരിസരത്തെ ബഹളാന്തരീക്ഷവും, ചർച്ചാവേളകളും, നടപടിക്രമങ്ങളും അതിനൊപ്പം വ്യക്തിപരമായ സ്‌പേസുകളും, പ്രകൃതിയും, നാടും, നഗരവും ഒക്കെ ഇടവിട്ട് പരിചരിക്കേണ്ട വലിയൊരു സ്കോപ്പിന്റെ സ്വഭാവവും സിനിമയ്ക്കുണ്ട്, എപ്പിസോഡിക് ആയി തോന്നിക്കാതെ അതിനെയൊക്കെ ഏകീകൃതമായി കൊണ്ടുപോകുന്ന ശൈലീവൈഭവം/ ക്രാഫ്ട്മാൻഷിപ്പ് ഈ ചിത്രത്തിലൂടെ ആഷിക് അബുവിൽ നമുക്ക് കാണാം.

മിക്ക കഥാപാത്രങ്ങളുടെയും സ്വകാര്യ ജീവിതം, ഔദ്യോഗിക ജീവിതം, നിപ്പാ കാലത്തെ ജീവിതം എന്ന വേര്‍തിരിവിലൂടെയാണ് പലപ്പോഴും സിനിമ സഞ്ചരിക്കുന്നത്. അവ ക്രമീകരിക്കുന്നതിൽ രാജീവ് രവിയുടെ ഛായാഗ്രഹണം, സൈജു ശ്രീധറിന്റെ എഡിറ്റ്, സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം… ഇവരുടെ വീക്ഷണം ഒക്കെ പ്രധാനമാണ്. സിനിമയുടെ ഫോം ഏകീകരിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. അഡീഷണൽ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും പൂർണ്ണതയിൽ അതിനെ വേർതിരിച്ചു കാണാൻ പറ്റില്ല, ഇത്തരമൊരു സംക്രമണമാണ് ഈ സിനിമയുടെ ഏറ്റവും വലിയ മേന്മ. രാജീവ് രവിയുടെ സിഗ്നേച്ചർ സ്റ്റഡി ക്യാമറ മൂവുകൾ, വ്യൂ പോയന്റുകൾ ഒക്കെ ആവശ്യസന്ദർഭങ്ങളിൽ ആഖ്യാനത്തെ സ്വാഭാവികത പോകാതെ തീവ്രമാക്കുന്നുണ്ട്.

‘ഐസൊലേഷൻ’ എന്നത് സിനിമയിൽ ഒരു ഹോസ്പിറ്റൽ സ്‌പേസ് (വാർഡ്) ആണെങ്കിലും പലപ്പോഴും അതിൽ കയറുന്ന കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലും ആ ഒറ്റപ്പെടലിനെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിക്കു പാരലൽ ആയി സമൂഹത്തിലും ചിലർക്ക് ഐസൊലേഷൻ അനുഭവിക്കേണ്ടി വരുന്നതിനെ ആ സ്പേസിനനുസരിച്ചും ഫലപ്രദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ വരുമ്പോൾ ക്യാമറയും എഡിറ്ററും കൂടുതൽ പേഴ്സണൽ ആവുന്നത് ശ്രദ്ധിക്കാം. ആ സമയം എഡിറ്റിങ്ങിൽ ഷോട്ടുകൾ ഹോൾഡ് ചെയ്യുന്നുണ്ട്, കാമറയുടെ ആംഗിളുകളും, ലെന്‍സിങ്ങും, കോമ്പോസിഷനും ഒക്കെ മാറുന്നുണ്ട്, നിഴൽരൂപങ്ങളെ ചിത്രീകരിക്കുന്നുണ്ട്.

രോഗികളുടെ ബാക് സ്റ്റോറിയും, വർത്തമാനകാലവും ഒറ്റ കട്ടുകളിൽക്കൂടി ഔപചാരികതയില്ലാതെ നിറവേറുന്നുണ്ട്, ചില മാച്ച് കട്ടുകൾ ഇമോഷണലി സിംബോളിക് ആകുന്നുമുണ്ട്. നേരത്തെ കുറിച്ച പത്തോളം തിരക്കഥാ പോയിന്റുകൾ, അനവധി കഥാപാത്രങ്ങളുടെ ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥകളിലൂടെ, സ്ഥലവും, സമയവും ഇടയ്ക്കിടെ ഷഫിൾ ചെയ്തു അടുക്കിയൊതുക്കിയെടുത്ത് ഒരു നറേറ്റിവ് സ്ട്രക്ച്ചർ ഉണ്ടാക്കിയെടുക്കുക എന്നത് എഡിറ്ററെ സംബന്ധിച്ചിടത്തോളം നിസ്സാരപണിയല്ല. ഇടയ്ക്ക് ഒരു ഭീതികരമായ അന്തരീക്ഷത്തെ കളക്ടർ വിഭാവനം ചെയ്യുന്ന ഒരു മൊണ്ടാഷിൽ ഒന്നാന്തരം ദൃശ്യങ്ങളും എന്നാൽ അതിന്റെ ഘടകവിരുദ്ധമായൊരു സ്റ്റൈലൈസിഡ് എഡിറ്റും സിനിമയുടെ ഫോമുമായി ചേരാതെ നിൽക്കുന്നുണ്ട്.

ആശുപത്രി മുറികളുടെ മടുപ്പുണ്ടാക്കാവുന്ന ഏകസ്വഭാവത്തെ റിയാലിറ്റി പോകാതെയുള്ള വിവിധ പാലെറ്റ് ലൈറ്റിങ്ങിലൂടെ ഭാവതീവ്രമാക്കിയിട്ടുണ്ട്, ഐസൊലേഷൻ റൂമുകളുടെ ചുവപ്പും, പച്ചയും കലർന്ന ഇടനാഴികൾ, അവയിലൂടെ വെളുത്ത മെഡിക്കൽ സ്യൂട്ടും മാസ്ക്കും ധരിച്ചു വരുന്ന കഥാപാത്രങ്ങൾ ഒക്കെ അന്തർദേശീയ ചിത്രങ്ങളുടെ വിഷ്വൽ ഐഡന്റിറ്റി പേറുന്നവയാണ്. മുറികൾക്കകത്തെ റിപ്പീറ്റ് സെറ്റിങ്ങുകൾ പല രീതികളിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. കുറേ ഫലപ്രദമായ ഇമേജറിസിന്റെ ഉപയോഗം എടുത്തു പറയേണ്ടവയാണ്, ഐകോണിക്ക് ആയ പ്രസ് ഫോട്ടോഗ്രാഫിന്റെ റീക്രീയേഷൻ ആണ് ഇന്റർവെൽ രംഗം, കൂടാതെ വൈദ്യുതി ശ്മാശാനത്തിന്റെ പുകക്കുഴൽ, മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രൊട്ടക്ഷൻ സ്യൂട്ടുകൾ, ഒറ്റപ്പെട്ട വാർഡുകൾ അങ്ങനെ കുറെയെണ്ണം. പുറത്തേക്ക് സഞ്ചരിക്കുമ്പോൾ പ്രദേശത്തെയും, ഭൂപ്രകൃതിയെയും ക്യാമറ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഡ്രാമയെയും, സിറ്റുവേഷനെയും രണ്ടുരീതിയിൽ പരിചരിക്കുന്നുണ്ട്, അതിൽ ഭീതിയും, ഭീകരതയും, ആർദ്രതയും ഒക്കെ നേർത്തും, ലൗഡ് ആയും പരീക്ഷിക്കുന്നുണ്ട്. ഒന്നാംതരം സൗണ്ട് ഡിസൈനും, കലാസംവിധാനവും ഇതിനൊക്കെയിടയിൽ അദൃശ്യമായി കലർന്ന് കിടപ്പുണ്ട്.

ചിതറിക്കിടക്കുന്ന ചടുലമായ തുടക്കത്തിൽ നിന്നും രോഗത്തെ തിരിച്ചറിഞ്ഞതിനു ശേഷമുള്ള എണ്ണിപ്പെറുക്കലുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സ്ഥലങ്ങൾ, പേരുകൾ, കണക്ഷനുകൾ, വ്യക്തിബന്ധങ്ങൾ, മെഡിക്കൽ ടെർമിനോളജികള്‍, പ്രോസീജിയറുകൾ, മാസ്ക് വെച്ചുള്ള സംസാരങ്ങൾ ഒക്കെ കൃത്യമായി ഫോളോ ചെയ്യാൻ ശ്രദ്ധിച്ചിരിക്കേണ്ടതുണ്ട്. സിനിമ പല ഏരിയകളിലേക്ക് സഞ്ചരിക്കുമ്പോൾ ഇമോഷണൽ ഷിഫ്റ്റുകൾ വരാം, പരിചരണ രീതി മാറും, ഡിറ്റാച്മെന്റിനുള്ള സാധ്യത ഏറെയാണ്. ട്രാന്‍സിഷനുകള്‍ ഫോളോ ചെയ്തില്ലെങ്കിൽ ലിങ്കുകൾ നഷ്ടപ്പെടും. കുറ്റാന്വേഷണ സിനിമയല്ലാത്തതിനാൽ ഡീറ്റൈൽസിന് കൊടുക്കേണ്ട ഗൗരവം ഇത്തരമൊരു സിനിമയെ അപ്രോച് ചെയ്യുബോൾ ലഘൂകരിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇടയ്ക്കു മിസ്സിങ്ങുകൾ അനുഭവപ്പെട്ടാലും ആകെത്തുകയിൽ സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുമുണ്ട്.

കഥാപാത്രങ്ങളിൽ മുഴുകിയിരിക്കെ ഇടക്ക് ടീവിയിൽക്കൂടിയും മറ്റും പുറംലോകം കാണിക്കുമ്പോഴുള്ള ചേർച്ചക്കുറവ് സ്വാഭാവികമാണ്. ഡബ്ബിങിലെ സ്ഥിരം ശബ്ദം കഥാപാത്രത്തിന്റെ ആധികാരികതയെ കുറച്ചതായി തോന്നി. കുറെ പേരുടെ കഥകളിലൂടെ കയറിയിറങ്ങുമ്പോൾ ഫോക്കസ് ഷിഫ്റ്റുകൾ തോന്നിയേക്കാം. പല കഥാപാത്രപരിസങ്ങളുടെയും ആവശ്യവും, അനാവശ്യകതയുമൊക്കെ കാഴ്ചക്കാർ ചോദ്യം ചെയ്യുന്ന സ്‌പേസുകൾ അനേകതകൾക്കിടയിൽ കാണാം. അവസാനത്തോടെ എല്ലാ ഉപകഥകളും എൻഡ് ചെയ്യുമ്പോൾ ഒരു ധൃതിയും ഫീൽ ചെയ്തേക്കാം. ഒരു പ്രസംഗത്തിലൂടെ സിനിമ അവസാനിപ്പിക്കുക എന്നത് യാഥാസ്ഥിതികമാണെങ്കിലും അല്പസ്വല്പം ഇവിടെ അനിവാര്യവുമാണ് (official). അതിന്റെ വാച്യസ്വഭാവത്തെ ഇമോഷണലി മറികടക്കുന്ന ഒരു പാരലൽ എഡിറ്റും ആഖ്യാനത്തിൽ ആ സമയം പരീക്ഷിച്ചിട്ടുണ്ട്. അതുവരെ കാണാത്ത തരത്തിലുള്ള മെലോഡ്രാമ ഇവിടെ കേറ്റിയിട്ടുണ്ട്, ക്ലൈമാക്സ്/ റെസൊല്യൂഷൻ ഈ സ്ഥലങ്ങൾ ഇപ്പോഴും വാണിജ്യസിനിമകളുടെ ബാധ്യത തന്നെയാണ്, സാധാരണ പ്രേക്ഷകർക്കുള്ള ടേക്ക് എവേ ഏരിയ ആണത്.

ജനങ്ങൾക്കു മീഡിയ വഴി അറിയാവുന്ന യഥാർത്ഥ കഥാപാത്രങ്ങളെയും സംഭവങ്ങളെയും തൽക്കാലത്തേക്ക് സ്പർശിച്ചു പകരം പുതിയ കഥാപാത്രങ്ങളെ തേടിയിറങ്ങിയ സ്വാതന്ത്ര്യവും വർക്ക് ഓഫ് ഫിക്ഷനിൽ സാധ്യമാണ്. മാർക്കറ്റിങ്ങിൽ ഒരു സമ്പൂർണ്ണ റിയാലിറ്റി അവകാശപ്പെടുന്ന തരത്തിലുള്ള അണിയറക്കാരുടെ രീതി കഥപറച്ചിലിന്റെ സ്വാതന്ത്ര്യത്തെ ബ്ലോക്ക് ചെയ്യാൻ സാധ്യതയുണ്ട്, അഭിപ്രായവ്യത്യാസങ്ങൾ ഇവിടെ രൂപപ്പെടാം, സെന്സിറ്റിവിറ്റി, ആധികാരികതകൾ ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സ്‌പേസ് ആണത്.

കഥപറച്ചിലിന്റെ പോയിന്റ് ഓഫ് വ്യൂ എന്നത് പ്രൊഫെഷണൽ വൃന്ദത്തിന്റെയാണ്. റിയാലിറ്റിയിലും രോഗനിർണ്ണയം നടത്തിയ ശേഷം അതിനെ ട്രീറ്റ് ചെയ്യാനുള്ള ശാസ്ത്രീയരീതികൾ അവലംബിച്ചു കഴിഞ്ഞാൽ പിന്നെ ഔദ്യോഗിക വൃന്ദത്തിനു ചെയ്യേണ്ടത് ട്രാക്കിങ് ആണ്. അതായത് ഒരു മണിക്കൂറിനു ശേഷം സിനിമ സ്വാഭാവികമായും ഒരു അന്വേഷണസിനിമയായി മാറും, അവിടെ ഉപകഥകൾ കൊണ്ട് നിറച്ചു അവർ തമ്മിൽ ബന്ധങ്ങൾ രൂപീകരിച്ചെടുത്ത് രോഗപ്രചരണത്തിന്റെ വൃത്തം ക്ലോസ് ചെയ്യുക എന്ന ജോലിയാണ് തിരക്കഥ നിർവഹിക്കുന്നത്. കൺഫ്യൂഷൻസ് വരാനുള്ള ധാരാളം സ്‌പേസ് നിലനിൽക്കെ തന്നെ ക്രാഫ്റ്റ്‌ കൊണ്ട് മറികടന്ന് വിനോദപൂർവ്വമായ നിർവഹണം ഏകദേശം നേടിയെടുത്തിട്ടുണ്ടെന്നാണ് അഭിപ്രായം.

വലിയൊരു താരനിര എന്നതാണ് പരസ്യവാചകം. എന്നാൽ കഥാപാത്രനിര എന്നതാണ് ഉചിതമായ പ്രയോഗം. ആരും ആരെക്കാളും മുകളിലോ താഴെയോ എന്ന പ്രതീതി തരാത്തവിധം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഓരോന്നും. സിനിമയിലെ മിക്ക പ്ലോട്ട് പോയന്റുകളിലും പുതിയ ഓരോരുത്തരെയും പരിചയപ്പെടുത്തുക എന്നത് നേരത്തെ സൂചിപ്പിച്ച രീതിയിൽ പ്രേക്ഷകശ്രദ്ധ കുഴഞ്ഞുമറിയാതിരിക്കാൻ ആവശ്യമാണെന്ന് തോന്നി. കഥാപാത്രങ്ങൾ പലപ്പോഴും പറയുന്ന പല ഔദ്യോഗിക കാര്യങ്ങൾക്കും ശ്രദ്ധ കിട്ടണമെങ്കിൽ ഒരു പരിചിത മുഖം സംസാരിക്കണമെന്ന് മനസ്സിലാക്കാം.

സിനിമ തന്റേതെന്ന് തോന്നിക്കുമാറ് ശ്രീനാഥ് ഭാസിയിൽ തുടങ്ങുമെങ്കിലും പിന്നീട് തുല്യതയോടെയുള്ള പകുത്തുനൽകലുകൾ ഓരോ നടീനടന്മാർക്കുമുണ്ട്. കഥാഗതിയെ നിയന്ത്രിക്കുന്നവരെയും സ്ക്രീൻസ്‌പേസിനെയും വെച്ച് നോക്കിയാൽ പാർവ്വതിയും കുഞ്ചാക്കോ ബോബനും സൗബിനും ശ്രീനാഥ് ഭാസിയുമാണ് പ്രധാനികൾ. ഒഫീഷ്യൽ സൈഡും, രോഗികളുടെ സൈഡും തമ്മിലുള്ള ഡിവിഷൻ ആണ് പിന്നീട്.

ടോവിനോയുടെ നയതത്രജ്ഞനായ കളക്ടർ, വേവലാതിയും മാനുഷികമൂല്യങ്ങളുമുള്ള രേവതിയുടെ മന്ത്രി (അതിന്റെ ആധികാരികതയും റെഫെറൻസും കഥാപാത്രവ്യതിയാനങ്ങളും കൂട്ടിവായിക്കപ്പെട്ടാൽ പൊരുത്തക്കേടുകൾ തോന്നാം, സിനിമയുടെ സ്വാതന്ത്ര്യമായും കണക്കാക്കാം), മെഡിക്കൽ വിഭാഗത്തിൽ റഹ്മാൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, പൂർണ്ണിമ തുടങ്ങിയ ഓഫീസർ വിഭാഗം, അവരുടെ ഡയനാമിക്സ്, നഷ്ടബോധത്തെ പേറുന്ന നിസ്സഹായനായ ഷറഫിന്റെ ചെറിയ കഥാപാത്രം, പ്രിവിലേജുകൾ ഇല്ലാതെ ഒറ്റപ്പെട്ട അന്വേഷകയായ പാർവതിയുടെ ഒരു വലിയ ഭാഗം (സിനിമ രണ്ടാം പകുതിയിൽ നീങ്ങുന്നത് ഇവരിലൂടെയാണ്), കുടുംബ പ്രാരാബ്ധങ്ങളുള്ള ജോജു, ഒറ്റബുദ്ധിയായ സൗബിന്റെ നിർണായക കഥാപാത്രം, ഓ. ഹെൻറി കഥകൾക്ക് തുല്യമായൊരു ഉപകഥയിലെ കുറ്റബോധം പേറുന്ന ആസിഫ് അലി, സക്കറിയയുടെ വ്യത്യസ്ത ലൈഫ്‌സ്റ്റൈലിലുള്ള ഇൻഡക്സ് കഥാപാത്രം, ദിലീഷ് പോത്തന്റെയടക്കമുള്ള ധാരാളം പേരുടെ ചെറിയ ലിങ്ക് റോളുകൾ… ഒപ്പം അവരുടെ കുടുംബജീവിതങ്ങൾ വലിയ വിശദീകരണങ്ങളില്ലാതെ വേണ്ടപ്പെട്ട സീക്വൻസുകളിലൂടെ തുറന്നു കാണിക്കുന്നു (ആ ഉപകഥകളിലൊക്കെ വലിയ സാധ്യതകളുള്ള സിനിമകൾ തന്നെ കിടപ്പുണ്ട്). ഈ അവസ്ഥയിലെല്ലാം എല്ലാവരും മികച്ച തന്മയത്വമുള്ള പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. ഒപ്പം സർവൈവൽ ത്രില്ലർ എന്ന് പറയുമ്പോഴും പഞ്ചു ലൈനുകൾക്ക് ഒട്ടും സ്‌പേസ് കൊടുക്കാത്ത സ്വാഭാവിക സംഭാഷണങ്ങൾ സിനിമയെയും ഈ കഥാപാത്രങ്ങളെയും ഗ്രൗണ്ടഡ്‌ ആയി തന്നെ നിലനിർത്തുന്നു.

‘വൈറസ്’, നമ്മൾ സ്വാഭാവിക സിനിമാ കാഴ്ചകളിൽ പരിചയിക്കാത്ത ധാരാളം സീക്വൻസുകളെയും, മൊമെന്റുകളെയും തികവിനോട് ചേർത്ത ചിത്രമാണ്. പരീക്ഷണവും, അപ്രകാരം തോന്നിക്കാത്തവിധം ജീവിതയാഥാർഥ്യങ്ങളോടു ചേർന്ന് സഞ്ചരിക്കുന്ന, പൊതുജനത്തിന് ഐഡന്റിഫയബിൾ ആയ, വിനോദവും, വിഞ്ജാനവും, പുതുമയുമുള്ളൊരു പരിസരം എക്‌സ്‌പ്ലോർ ചെയ്യുന്ന സിനിമയാണ്. റിയാലിറ്റിയിലെ തന്നെ വിനോദപരിസരങ്ങളെ ഉപയോഗപ്പെടുത്തി മുന്തിയ രീതിയിലുള്ള അതിന്റെ അവതരണം അഭിനന്ദനമർഹിക്കുന്നു. എഴുത്തിലും നിർവഹണത്തിലും വാണിജ്യസിനിമാമേഖലയിൽ ഇത് പുതിയ പാതകൾ തുറന്നിട്ടുണ്ട്. കാണേണ്ട ചിത്രം തന്നെയാണ്.

(ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കൃഷ്‌ണേന്ദു കലേഷ്‌

കൃഷ്‌ണേന്ദു കലേഷ്‌

ഫിലിം മേക്കര്‍, ക്രിട്ടിക്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍