UPDATES

ബ്ലോഗ്

അര്‍ണാബ് ഗോസ്വാമിയുടെ ക്ലോണുകള്‍ വസ്തുതകളെ കൂട്ട ബലാത്സംഗം ചെയ്യുകയാണ്

ടി ആര്‍ പി മാത്രം നോക്കി അതി വൈകാരികതയെ ആളികത്തിക്കുന്നവര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്

കെ.എ ഷാജി

കെ.എ ഷാജി

തെലുങ്ക്‌ ചാനല്‍ ടി വി ഒന്‍പതിനും പാകിസ്ഥാനിലെ ഉറുദു ചാനല്‍ 92 ന്യൂസിനും ഇടയിലെ ഏകവ്യത്യാസം ഒരു കളിതോക്കിന്‍റെതായിരുന്നു. പാകിസ്ഥാനില്‍ വാര്‍ത്ത‍ വായിക്കാന്‍ ഇരുന്ന യുവാവും യുവതിയും ധരിച്ചിരുന്നത് പട്ടാള വേഷം. വസ്തുതകളും വ്യത്യസ്തമായ അഭിപ്രായങ്ങളും  പൊതുസമൂഹവുമായി പങ്കുവയ്ക്കുക എന്നതിനപ്പുറം വെറുപ്പും വിദ്വേഷവും കൊലവിളിയുമായിരുന്നു വാര്‍ത്ത‍ എന്ന പേരില്‍ അവിടെ അവതരിപ്പിക്കപ്പെട്ടത്.

തെലുങ്ക് ചാനലിലെ വ്യത്യസ്തത വാര്‍ത്ത‍ വായിച്ച യുവാവിന്‍റെ കയ്യില്‍ ഒരു കളിത്തോക്ക് ഉണ്ടായിരുന്നു എന്നതാണ്. ബാക്കി എല്ലാത്തിലും സാമ്യതയുണ്ട്. ശത്രുവിന്‍റെ പേര് മാറി എന്നതൊഴിച്ചാല്‍ ഒരേതരം കൊലവിളി.

ഹിറ്റ്ലറും മുസ്സോളിനിയും മാത്രമേ ചരിത്രത്തില്‍ മരിച്ചിട്ടുള്ളൂ. ജോസഫ്‌ ഗീബല്‍സ് ഇപ്പോഴും ജീവിക്കുകയാണ്. ഇന്ത്യയിലേയും പാകിസ്ഥാനിലെയും കുറെ മാധ്യമ പ്രവര്‍ത്തകരിലൂടെ. മാരക പ്രഹരശേഷിയുള്ള നുണകളുമായി അവര്‍ രണ്ട് ആണവ ശക്തിയുള്ള രാജ്യങ്ങളുടെ പൊതുബോധത്തില്‍ ആഴത്തില്‍ ആണ്ടിറങ്ങുന്നു. അവര്‍ക്കെന്തു സാമൂഹിക ബാധ്യത? അന്താരാഷ്ട്ര നിയമങ്ങളോടും യുദ്ധസമാന സാഹചര്യങ്ങളിലെ മാധ്യമ ധര്‍മങ്ങളോടും അവര്‍ക്ക് എന്ത് ഉത്തരവാദിത്തം? ലോകസമാധാനത്തോടും സമാധാനപരമായ സഹവര്‍ത്തിത്വത്തോടും അവര്‍ക്ക് എന്ത് ഐക്യദാര്‍ഡ്യം. മരണം വിറ്റ് ലാഭം കൊയ്യുന്ന അന്താരാഷ്ട്ര ആയുധ വ്യാപാരികളുടെ ഭാഷ രണ്ട് അയല്‍രാജ്യങ്ങളിലെ മാധ്യമ ധര്‍മ്മമായി വരുമ്പോള്‍ ആണവ ബോംബിനെക്കാള്‍ പേടിക്കേണ്ട പ്രഹരശേഷി അതിനാണ് ഉണ്ടാകുന്നത്.

ഒരു ചതുരത്തെ എങ്ങനെ വൃത്തമാക്കാം എന്ന് ജോസഫ്‌ ഗീബല്‍സ് പറഞ്ഞു തന്നിട്ടുണ്ട്. അതിന് ചതുരം മായിച്ച് വൃത്തം വരയ്ക്കേണ്ട കാര്യമില്ല. ഏതു സമൂഹത്തിനു മുന്നിലാണോ അത് ചതുരം ആണെന്ന് പറഞ്ഞു ഉറപ്പിക്കേണ്ടത് അവരുടെ മനസിലാക്കലുകളുടെ മാനസീക വ്യാപാരങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി. എന്നിട്ട് ചതുരം ചതുരം എന്ന് ആവര്‍ത്തിച്ചാല്‍ മതി. അവ വെറും വാക്കുകള്‍ ആകാം. ആശയങ്ങളുടെ വസ്ത്രങ്ങള്‍ ധരിച്ചു അവ അദൃശ്യരായി നമുക്കിടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വെറും വാക്കുകള്‍ക്ക് അര്‍ഥം ഉണ്ടാകും.

കേരളത്തിലെ ചാനലുകളില്‍ ഇതുവരെ അവതാരകര്‍ പട്ടാള വേഷം കെട്ടിയിട്ടില്ല. കൈത്തോക്കും കയ്യില്‍ പിടിച്ച് പ്രതിരോധ വിശകലനം നടത്തിയിട്ടില്ല. കിണറ്റില്‍ ഇറങ്ങലിന്‍റെതൊക്കെയായ ഒരു സമീപ ഭൂതകാലം വച്ച് നോക്കുമ്പോള്‍ അതിനുള്ള സാധ്യത വിദൂരമല്ല. ഒരര്‍ത്ഥത്തില്‍ തോക്കും പട്ടാള വേഷവും ഇല്ലെന്നു മാത്രമേയുള്ളൂ. ചാനലുകളും കേരളത്തിലെ മുഖ്യധാരാ വര്‍ത്തമാന പത്രങ്ങളും യുദ്ധ സമാനമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ദേശീയ ശരാശരിയില്‍ ഒട്ടും താഴെയല്ല. വാളെടുത്തവര്‍ എല്ലാം പ്രതിരോധ വിദഗ്ദര്‍. തിരിച്ചടികളുടെയും കൊലവിളികളുടെയും വര്‍ണ്ണപൊലിമയും അതിശയോക്തിയും സമാസമം ചേര്‍ത്ത വിശകലന കഷായങ്ങള്‍. മനുഷ്യരുടെ സാമാന്യ ബുദ്ധിയെ അവര്‍ ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു. പ്രേക്ഷകരുടെ (വായനക്കാരുടെയും) ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മാത്രം ഉത്തരമില്ല. വിവരണങ്ങളില്‍ എന്തൊരു സമാനത. പട്ടാള ജനറല്‍മാര്‍ ന്യൂസ്‌ റൂമില്‍ കസേരയിട്ട് ഇരുന്നു എഴുതുന്ന പോലുള്ള പടപ്പാട്ട് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്നാം യുദ്ധകാലത്തും ഇറാക്ക് അധിനിവേശ കാലത്തും അമേരിക്കയിലെ യുവത്വം ഏറ്റവുമധികം പ്രതികരിച്ചത് യുദ്ധക്കൊതിയരും മനുഷ്യ വിരുദ്ധരുമായ സ്വന്തം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ എതിരായിരുന്നു. ചെറിയ തോതിലെങ്കിലും സമാനമായ സാഹചര്യം നമ്മുടെ നാട്ടിലും രൂപപ്പെടുന്നുണ്ട്. പുതിയ തലമുറ യുദ്ധങ്ങളില്‍ അഭിരമിക്കുന്നില്ല. മാധ്യമങ്ങളുടെ സംഘടിത നുണ പ്രചാരണങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നില്ല. ഞങ്ങള്‍ക്ക് നിങ്ങളുടെ യുദ്ധം വേണ്ട എന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവുംവിധം വിളിച്ചു പറയുന്നു. അങ്ങനെ പറയുന്നവരുടെ എണ്ണം ചെറുതല്ല. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള ചെറുപ്പക്കാര്‍. അവരില്‍ നല്ലൊരു പങ്കും വനിതകള്‍. ഒരുപാട് ദളിതര്‍, ആദിവാസികള്‍, പിന്നോക്കക്കാര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍. കലാലയ വിദ്യാര്‍ഥികള്‍.

പാകിസ്ഥാനിലും സ്ഥിതി സമാനം ആണെന്നാണ് കേള്‍ക്കുന്നത്. അവിടെയും ചെറുപ്പക്കാര്‍ യുദ്ധ വിരുദ്ധ റാലികള്‍ നടത്തുന്നു. സമാധാന യോഗങ്ങള്‍ ചേരുന്നു.

ഇവിടെ ചോദ്യം വളരെ ലളിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ചെറുപ്പക്കാരുടെ വികാരങ്ങള്‍ ഇപ്പോള്‍ പ്രതിഫലിപ്പിക്കുന്നുണ്ടോ? അവരുടെ ആശങ്കകളും ചോദ്യങ്ങളും ആകുലതകളും പങ്കുവയ്ക്കുന്നുണ്ടോ? അവര്‍ ഉയര്‍ത്തുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് യുദ്ധക്കൊതിയരില്‍ നിന്ന് ഉത്തരം തേടുന്നുണ്ടോ?

മാധ്യമങ്ങള്‍ അണുബോംബുകള്‍ ആകാന്‍ പരിശ്രമിക്കുകയാണ്. മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ നോക്കൂ… മിലിട്ടറി ജാര്‍ഗണുകളുടെ അയ്യരുകളിയാണ്. ദേശീയതയേയും ദേശഭക്തിയെയും അവര്‍ മസില്‍ പവര്‍ ആയി അവതരിപ്പിക്കുന്നു. വായനക്കാരെയും പ്രേക്ഷകരെയും സങ്കുചിത വീക്ഷണങ്ങളില്‍ കുരുക്കിയിടുന്നു. മറ്റൊരു സ്വതന്ത്ര പരമാധികാര രാജ്യത്തെ തുടച്ചു നീക്കും എന്നും ചുട്ടെരിക്കും എന്നുമൊക്കെ ഭീഷണി മുഴക്കുന്നത് മാധ്യമ ധര്‍മം അല്ല. രാജ്യാന്തര മര്യാദകളുടെ ഭാഗവും അല്ല. സംഘര്‍ഷങ്ങളില്‍ വസ്തുതാപരമായി കാര്യങ്ങളെ കാണുകയും സാമൂഹിക സൌഹാര്‍ദം ഉറപ്പാക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.

ക്രിക്കറ്റ് കളിയിലെ ചിയര്‍ ലീഡര്‍ റോള്‍ അല്ല മാധ്യമ പ്രവര്‍ത്തകരുടെത്. ദൌര്‍ഭാഗ്യവശാല്‍ കാര്‍ഗില്‍ യുദ്ധാനന്തരം ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. മുന്‍പൊരിക്കലും വസ്തുതകള്‍ ഇങ്ങനെ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല. ആണവ യുദ്ധം മാത്രമാണ് പരിഹാരം എന്നൊക്കെ ശീതീകരിച്ച ന്യൂസ്‌ റൂമുകളിലെ സ്വയം പ്രഖ്യാപിത വിദഗ്ദര്‍ ആവര്‍ത്തിച്ച്‌ തള്ളുമ്പോള്‍ അത് കടുത്ത നിരുത്തരവാദിത്വമാണ്. വ്യക്തികള്‍ക്ക് സ്വകാര്യ സദസ്സുകളില്‍ എന്തും പറയാം. അതിവൈകാരികത സ്വകാര്യ സംഭാഷണങ്ങളില്‍ വരുന്നതിനെ തടയാന്‍ ആകില്ല. എന്നാല്‍ അതല്ല മാധ്യമ വിശകലനങ്ങളില്‍ വരേണ്ടത്. വിവേകവും ആധികാരികതയുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരോഗ്യമുള്ള ഏതുസമൂഹവും മാധ്യമങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത്.

വീരാരാധന വസ്തുതകളുടെ മൊത്തത്തില്‍ ഉള്ള നിഷേധമായി മാത്രമാണ് പരിണമിക്കപ്പെടുന്നത്. ടി ആര്‍ പി മാത്രം നോക്കി അതി വൈകാരികതയെ ആളികത്തിക്കുന്നവര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. അവര്‍ക്ക് വസ്തുതകള്‍ പ്രശ്നമല്ല. രഹസ്യന്വേഷണത്തിലെ വലിയ വീഴ്ചകള്‍ സംബന്ധിച്ച ചെറിയ ചോദ്യങ്ങള്‍ പോലും ഉയരുന്നില്ല. സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച ആകുലതകള്‍ യുദ്ധ വെറിയുടെ ആരവങ്ങളില്‍ മുങ്ങിപോകുന്നു.

പാകിസ്ഥാന്‍ ഒരു ക്യാന്‍സര്‍ ആണെന്നും ആ ക്യാന്‍സര്‍ വന്ന ഭാഗത്തെ മുറിച്ചു കളയുമെന്നും ദഹിപ്പിക്കും എന്നുമൊക്കെ വച്ച് കാച്ചുമ്പോള്‍ അതിന്‍റെ ഫലം അന്താരാഷ്ട്ര തലത്തില്‍ വിശാലമായ ഇന്ത്യന്‍ താത്പര്യങ്ങള്‍ തിരിച്ചടി ഏല്‍ക്കുന്നു എന്നതാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇന്‍ഡോ-പാക്‌ സംഘര്‍ഷത്തെ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിനു സമാനമായി ചിത്രീകരിച്ചു തുടങ്ങിയിരിക്കുന്നു. ഗാസയിലെ മിന്നല്‍ ആക്രമണങ്ങളുമായി ആണ് അവിടെ താരതമ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് ഇസ്രയേലില്‍ നിന്നാണ് എന്നും അതുകൊണ്ട് തന്നെ ആയുധ വ്യാപാരി പറയും വിധമാണ് ഇവിടെ അക്രമങ്ങള്‍ നടത്തുന്നത് എന്ന് പോലും പ്രചാരണങ്ങള്‍ വരുന്നു. എക്കാലത്തും ആഗോള മാധ്യമങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര നയതന്ത്രത്തിലും ധാര്‍മികതയില്‍ ഊന്നിയ പാകിസ്ഥാന്‍ സമീപനത്തിലും പ്രശംസകളുമായി കൂടെ നിന്നവരായിരുന്നു. ഇന്ന് അവരെല്ലാം നമ്മളെ സംശയിക്കുന്ന അവസ്ഥ വന്നുപെടുന്നു. അവിടെയും അടിയും തിരിച്ചടിയും പ്രഹരശേഷിയും നമ്മള്‍ മാധ്യമ പ്രവര്‍ത്തനമായി കണ്ടു ജനങ്ങളെ ഭിന്നിപ്പിക്കുന്നു.

മുദ്രാവാക്യങ്ങള്‍ അല്ല മാധ്യമ പ്രവര്‍ത്തനം. പാകിസ്ഥാനും ചൈനയുമായി ഇന്ത്യ യുദ്ധങ്ങള്‍ നടത്തിയപ്പോള്‍ പോലും അത്തരം ഒരു സമീപനം ഇവിടെ ഉണ്ടായിരുന്നില്ല. വിവേകത്തിന്‍റെ ശബ്ദം ഉയര്‍ത്തുന്നവരെ എല്ലാം ഇന്ന് ഭയപ്പെടുത്തി നിശബ്ദര്‍ ആക്കുന്നു. വിദ്യാര്‍ഥികള്‍, ലിബറലുകള്‍, സമാധാന കാംഷികള്‍ എല്ലാം സംഘടിത മാധ്യമ ഭീകരതയുടെ ആക്രമണം നേരിടുന്നു. മാധ്യമങ്ങളുടെ പണി വസ്തുതാന്വേഷണം ആണ്. മതേതരത്വവും ബഹുസ്വരതയും നില നിര്‍ത്തേണ്ടവരാണ് മാധ്യമങ്ങള്‍. സംഘര്‍ഷത്തെ കേവലം പൌരുഷ പ്രകടനമായി ചുരുക്കി സാഹചര്യങ്ങള്‍ മോശമാക്കുകയാണ് അവര്‍. സമാധാനത്തിന്‍റെ ഒടുവിലത്തെ ജാലകവും അവര്‍ അടച്ചു പൂട്ടാന്‍ ശ്രമം നടത്തുന്നു.

അറുപത്തി നാല് വര്‍ഷങ്ങളിലെ വഴക്കുകളുടെ അടിസ്ഥാന വശങ്ങള്‍ സംബന്ധിച്ചു  കേവല ധാരണ പോലുമില്ലാതെ അര്‍ണാബ് ഗോസ്വാമിയുടെ ക്ലോണുകള്‍ മണ്ടത്തരം വിളംബിക്കൊണ്ടേയിരിക്കുന്നു. എല്‍ കെ അദ്വാനി പണ്ട് പറഞ്ഞത് പോലെ മുട്ടില്‍ നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴയാന്‍ തുടങ്ങിയിരിക്കുന്നു.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍