UPDATES

ബ്ലോഗ്

വാട്സ്ആപ് ഫോര്‍വേഡുകള്‍ കണ്ണൂരിലെ യുവദമ്പതികളോട് ചെയ്ത ക്രൂരതകള്‍

അനൂപിനും ജൂബിക്കും നഷ്ടമായത് മാനസിക സ്വാസ്ഥ്യമാണെങ്കില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമാനമായ വ്യാജവാര്‍ത്താ പ്രചരണങ്ങളില്‍പ്പെട്ട് ജീവന്‍ പോലും നഷ്ടപ്പെട്ടവരുടെ അസംഖ്യം ഉദാഹരണങ്ങളുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഉറവിടമില്ലാത്ത വ്യാജവാര്‍ത്തകള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നത് വിവിധ ഭരണകൂടങ്ങള്‍ ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അടുത്ത കാലത്തെ പ്രധാന നീക്കമാണ്. കണ്ണൂര്‍ ജില്ലാ ഭരണകൂടമടക്കമുള്ളവര്‍ ഇത്തരം വ്യാജവാര്‍ത്തകളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങള്‍ വഴി ആക്ഷേപകരവും അപമാനകരവുമായ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം ഉണ്ടായിരിക്കുന്നതും കണ്ണൂരില്‍ നിന്നു തന്നെയാണ്. ഫെബ്രുവരി നാലിന് വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ ദമ്പതികളുടെ ചിത്രങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

ലുധിയാനയിലെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന അനൂപ് സെബാസ്റ്റ്യനും ഷാര്‍ജയില്‍ ജോലി നോക്കുന്ന ജൂബി ജോസഫും വിവാഹിതരായതിന്റെ പത്രപ്പരസ്യവും, ഇരുവരുടെയും വിവാഹചിത്രങ്ങളും ചേര്‍ത്താണ് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിച്ചത്. ‘പെണ്ണിന് വയസ്സ് 48, ചെക്കന് വയസ്സ് 25, പെണ്ണിന് ആസ്തി 15 കോടി, സ്ത്രീധനം 101 പവന്‍ 50 ലക്ഷം’ എന്ന കുറിപ്പിനൊപ്പം പ്രചരിച്ച സന്ദേശങ്ങള്‍ സൈബര്‍ ആക്രമണത്തിന്റെ രൂപത്തിലേക്ക് മാറിയപ്പോള്‍, വരനായ അനൂപ് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. തങ്ങള്‍ ഒരുമിച്ച് പഠിച്ചവരും വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരുമാണെന്നും, സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനൂപ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ശ്രീകണ്ഠാപുരം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പതിനൊന്നു പേരെയാണ് ശ്രീകണ്ഠാപുരം സി.ഐ വി.വി ലതീഷിന്റെയും എസ്.ഐ പ്രകാശന്റെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു ഗ്രൂപ്പ് അഡ്മിന്മാരും ചിത്രം ഷെയര്‍ ചെയ്ത ആറു പേരും ഉള്‍പ്പെടും. സന്ദേശങ്ങള്‍ പങ്കുവച്ചിട്ടുള്ള എല്ലാവരേയും കണ്ടെത്തി നടപടിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇനിയും അറസ്റ്റുണ്ടായേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. മാനസിക സംഘര്‍ഷം മൂലം ദേഹാസ്വാസ്ഥ്യമുണ്ടായ ദമ്പതികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചിത്രങ്ങളും സന്ദേശങ്ങളും വളരെപ്പെട്ടന്ന് പ്രചരിച്ചതോടെ പല പ്രതിബന്ധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്.

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഇരുവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവാഹവേദിയില്‍ നിന്നും അങ്ങേയറ്റം സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തിയ അനൂപിനും ജൂബിക്കും പിന്നീടുണ്ടായത് പലയിടത്തു നിന്നുമുള്ള ആക്ഷേപങ്ങളും ചോദ്യം ചെയ്യലുകളുമാണ്. ആക്ഷേപകരമായ സന്ദേശങ്ങള്‍ക്കൊപ്പം അശ്ലീല സന്ദേശങ്ങളും ദമ്പതികള്‍ക്ക് ലഭിച്ചുവെന്ന് അനൂപിന്റെ പിതാവ് ബാബു സെബാസ്റ്റ്യന്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വാട്‌സ് ആപ്പും ഫേസ്ബുക്കുമടക്കം എല്ലായിടത്തും ഇത്തരം കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കണ്ട് സംഘര്‍ഷത്തിലായതോടെ ഇരുവരും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. ചിത്രങ്ങള്‍ പ്രചരിക്കുന്നതു കണ്ട് വിവരമന്വേഷിച്ച് വീട്ടിലെത്തിയവരില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോലുമുണ്ടായിരുന്നതായി ബാബു പറയുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിനൊപ്പം വീട്ടിലേക്കും ആളുകള്‍ സത്യാവസ്ഥ അന്വേഷിച്ചെത്താന്‍ തുടങ്ങിയതോടെ, ബാബുവിനും ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ നിന്നും തന്നെ മാറേണ്ടതായി വരികയായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയോ, സദാചാരബോധത്തിന്റേയും പതിവ് പരിഹാസങ്ങളുടേയും പ്രശ്‌നമോ ആയി ഇത്തരം വ്യാജപ്രചരണങ്ങളെ വിലയിരുത്തിയാലും, ഇവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രചരിപ്പിക്കുന്നയാള്‍ക്ക് യാതൊരു ലാഭവുമുണ്ടാകുന്നില്ലെങ്കില്‍പ്പോലും, ഇത്തരം സന്ദേശങ്ങള്‍ സെക്കന്റുകള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും പറന്നെത്തുന്നത്. അനൂപിനും ജൂബിക്കും നഷ്ടമായത് മാനസിക സ്വാസ്ഥ്യമാണെങ്കില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമാനമായ വ്യാജവാര്‍ത്താ പ്രചരണങ്ങളില്‍പ്പെട്ട് ജീവന്‍ പോലും നഷ്ടപ്പെട്ടവരുടെ അസംഖ്യം ഉദാഹരണങ്ങളുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജവാര്‍ത്തകളെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈലാണ് ഗുവാഹത്തി സ്വദേശികളായ യുവാക്കളെ ശിശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഗുജറാത്തില്‍ വ്യാപകമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നതും ഇതേ മാതൃകയില്‍ ഉറവിടമില്ലാത്ത വാര്‍ത്തകള്‍ കാരണം തന്നെ.

ഉത്തരേന്ത്യന്‍ മോഡലിലേക്ക് ഇനിയുമെത്തിയിട്ടില്ലെങ്കിലും, കണ്ണൂരിലെ വിഷയം കണക്കിലെടുത്താല്‍ അതിനുള്ള മണ്ണാണ് കേരളത്തില്‍ ഒരുങ്ങുന്നത് എന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അത്രയധികം ലാഘവത്തോടെ കാണേണ്ടതല്ല അനൂപിന്റെയും ജൂബിയുടെയും അനുഭവം. ഏറ്റവും സന്തോഷമുള്ളതായിരിക്കേണ്ട വിവാഹശേഷമുള്ള ദിവസങ്ങളില്‍ വലിയ പ്രയാസങ്ങളാണ് ഇരുവരും അനുഭവിക്കേണ്ടി വന്നത്. രണ്ടുവ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുക എന്നും, അതിനൊപ്പം തന്നെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സാധിക്കാവുന്ന രീതിയിലെല്ലാം പ്രചരിപ്പിച്ച് ഗുരുതരമായ ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കുക എന്നുമുള്ള ശീലങ്ങള്‍ ഉപേക്ഷിക്കപ്പെട്ടില്ലെങ്കില്‍ വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നത് വളരെ പെട്ടന്നു തന്നെ വലിയൊരു ഫ്രെയിമിലേക്ക് മാറാവുന്നതേയുള്ളൂ. നിലവില്‍ ഉണ്ടായിരിക്കുന്ന അറസ്റ്റുകളും മറ്റും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളുടെ ഗൗരവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു കാരണമാകുമെന്നുതന്നെ കരുതാം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍