UPDATES

ബ്ലോഗ്

പൂഞ്ഞാര്‍ ‘പുലി’ ഗുണം ചെയ്‌തോ? കെ സുരേന്ദ്രന്റെ വോട്ട് കണക്കുകള്‍ പറയുന്നത്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും പൂഞ്ഞാറിലെ വോട്ട് വിഹിതം പരിശോധിച്ചാല്‍ പി സി ജോര്‍ജ്ജിന്റെ എന്‍ഡിഎയ്ക്കുള്ള സംഭാവന വ്യക്തമാകും

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഏറെ പ്രതീക്ഷകളോടെയാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമലയിലെ ആചാരസംരക്ഷകര്‍ എന്ന നിലയില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാമെന്നതായിരുന്നു സുപ്രധാനമായും അവരുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ ബിജെപിയുടെ സംസ്ഥാന നേതൃത്വം അത് വ്യക്തമാക്കുകയും ചെയ്തു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ചും അവരെടുത്ത നിലപാട്. പറഞ്ഞതുപോലെ തന്നെ ശബരിമലയായിരുന്നു ബിജെപി തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഉയര്‍ത്തി പിടിച്ച വിഷയവും.

അതില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനായിരുന്നു നിര്‍ബന്ധം കൂടുതലും. ശബരിമല സമരത്തിന്റെ മുന്നണി പോരാളിയെന്ന ഇമേജും ഈ വിഷയത്തില്‍ ഒരുമാസത്തോളം ജയില്‍വാസം അനുഷ്ഠിച്ചതുമെല്ലാം സുരേന്ദ്രന്‍ അനുകൂല ഘടകങ്ങളായി കണ്ടിരുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ടയിലുള്ളത്. പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആറന്മുളയിലെ സിറ്റിംഗ് എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ എത്തിയത് തന്നെ ശബരിമല വിഷയത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ്. ശബരിമല വിഷയത്തിന്റെ തോളിലേറി ബിജെപി കേരളത്തില്‍ രണ്ട് സീറ്റെങ്കിലും നേടുമെന്നും ഇരുപത് ശതമാനത്തിലേറെ വോട്ട് നേടുമെന്നും പത്ത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ലീഡ് നേടുമെന്നുമെല്ലാമായിരുന്നു കണക്കുകൂട്ടലുകള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയുടെ ഈ കണക്കുകൂട്ടലുകളെ ഒരു പരിധി വരെ ശരിവച്ചിരുന്നു. ഇന്ത്യാടുഡേയുടെ സര്‍വേയിലാകട്ടെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജയിക്കുമെന്നും വിധിയെഴുതി.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിച്ച കാലഘട്ടത്തിലാണ് ഏറെക്കാലമായി എന്‍ഡിഎയോട് അടുപ്പം പുലര്‍ത്തിയിരുന്ന പി സി ജോര്‍ജ്ജ് തന്റെ ജനപക്ഷം പാര്‍ട്ടിയുമായി മുന്നണിക്കൊപ്പം ചേര്‍ന്നത്. പത്തനംതിട്ടയിലെ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ പി സിയുടെ സാന്നിധ്യം സഹായിക്കുമെന്നായിരുന്നു എന്‍ഡിഎയുടെ പ്രതീക്ഷ. എന്നാല്‍ ഇന്നലെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ സുരേന്ദ്രന്റെയും ബിജെപിയുടെയും കണ്ണില്‍ ഇരുട്ടുകയറുന്ന ഫലമാണ് പുറത്തുവന്നത്. വിജയമുറപ്പിച്ചിരുന്ന മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു സുരേന്ദ്രന്‍. അടൂര്‍ ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു. അടൂരിലാകട്ടെ മൂന്നാം സ്ഥാനത്തെത്തിയ ആന്റോ ആന്റണിയേക്കാള്‍ 1980 വോട്ടുകള്‍ മാത്രം കൂടുതല്‍ നേടി രണ്ടാമതെത്തി.

ശബരിമല ഫാക്ടര്‍ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നതിന് ഏറ്റവും നല്ല തെളിവായാണ് സുരേന്ദ്രന്റെ മൂന്നാം സ്ഥാനത്തെ കാണേണ്ടത്. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നിയില്‍ പോലും 39,560 വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ വീണാ ജോര്‍ജ്ജിനേക്കാള്‍ 3500ലേറെ വോട്ടുകള്‍ കുറവായിരുന്നു ഇത്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനം ചെലുത്തുന്ന റാന്നിയില്‍ ആന്റോ ആന്റണി 50,755 വോട്ടുകള്‍ നേടുകയും ചെയ്തു. സ്വാഭാവികമായും ന്യൂനപക്ഷ വോട്ടുകള്‍ എവിടെപ്പോയെന്ന ചോദ്യമുന ഉയരുന്നത് പി സി ജോര്‍ജ്ജിലേക്ക് തന്നെയാകും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തോല്‍വിയെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്ന ആവശ്യം പി സി ജോര്‍ജ്ജ് ഉന്നയിച്ചിരിക്കുന്നത്. സുരേന്ദ്രനൊപ്പം നടന്നിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്തില്ലെന്ന ഗുരുതരമായ ആരോപണമാണ് പി സിയുടേത്.

റാന്നിയെ കൂടാതെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രങ്ങളാണ്. എന്നാല്‍ ഇവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. ഒരു മുന്നണിയുടെയും സഹായമില്ലാതെ തന്നെ പി സി ജോര്‍ജ്ജ് ഒറ്റയ്ക്ക് ജയിച്ച പൂഞ്ഞാറില്‍ ബിജെപി പുലര്‍ത്തിയിരുന്ന പ്രതീക്ഷ ചെറുതായിരുന്നില്ല. ജോര്‍ജ്ജിന് പൂഞ്ഞാറിലുള്ള വ്യക്തിപ്രഭാവം പൂര്‍ണമായും തങ്ങള്‍ക്ക് വോട്ടായി മാറുമെന്ന് തന്നെയായിരുന്നു ബിജെപിയുടെ പ്രതീക്ഷയും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ്ജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ 63,621 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ്കുട്ടി അഗസ്റ്റി 35,800 വോട്ടുകളും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സി ജോസഫ് പൊന്നാട്ട് 22,270 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ബിഡിജെഎസിന്റെ എം ആര്‍ ഉല്ലാസ് 19,966 വോട്ടുകളാണ് നേടിയത്.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭയിലെ വോട്ട് വിഹിതം പരിശോധിക്കാം. ഒന്നാമതതെത്തിയ ആന്റോ ആന്റണി 61,530 വോട്ടുകള്‍, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി 43,601 വോട്ടുകള്‍, കെ സുരേന്ദ്രന്‍ 30,990 വോട്ടുകള്‍ എന്നതായിരുന്നു ഇത്തവണത്തെ നില. പി സി ജോര്‍ജ്ജ് പിടിച്ച അറുപതിനായിരത്തിലേറെ വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിച്ച ഇരുപതിനായിരത്തോളം വരുന്ന വോട്ടും എവിടെ പോയി എന്നതാണ് ചോദ്യം. ഏകദേശം അമ്പതിനായിരത്തിലേറെ വോട്ടാണ് എന്‍ഡിഎയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ നഷ്ടം വന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ജോര്‍ജ്ജിനെ തങ്ങളുടെ തലതൊട്ടപ്പനാക്കാമെന്ന പ്രതീക്ഷയ്ക്കാണ് ബിജെപിയ്ക്ക് ഇവിടെ തിരിച്ചടി നേരിട്ടത്.

സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും മാറാമാറി ചേക്കേറിയതാണ് പി സി ജോര്‍ജ്ജിന്റെ രാഷ്ട്രീയ ചരിത്രം. എവിടെ പോയാലും മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ എന്ന ചീത്തപ്പേരും സ്വന്തമായിട്ടുണ്ട്. അതിനാല്‍ തന്നെ ഈ രണ്ട് മുന്നണികളും അടുപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ജോര്‍ജ്ജ് എന്‍ഡിഎയിലേക്ക് ചേക്കേറിയത്. ജോര്‍ജ്ജില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന് എന്‍ഡിഎയ്ക്ക് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പില്‍ നിന്നുതന്നെ മനസിലാകേണ്ടതാണ്. അതുകൊണ്ടാണ് ബിജെപിക്കാര്‍ പോലും സുരേന്ദ്രന് വോട്ടുചെയ്തില്ലെന്ന ആരോപണം ജോര്‍ജ്ജ് ഒരു മുന്നേറായി ഇടുന്നത്. അപ്പോഴും പൂഞ്ഞാറിലെ വോട്ടുകള്‍ക്ക് എന്തുപറ്റിയെന്ന് ജോര്‍ജ്ജ് പറയുന്നില്ല. അങ്ങനെയെങ്കില്‍ ഇനിയും ഇത് ചുമക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എന്‍ഡിഎ തന്നെയാണ്.

read more:കടകംപള്ളിയും, സുനിൽ കുമാറും മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പിന്നിലായത് 15 മന്ത്രിമാർ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍