UPDATES

ബ്ലോഗ്

വൈക്കം സത്യാഗ്രഹത്തിലും ദണ്ഡി യാത്രയിലും പങ്കെടുത്ത സ്വദേശാഭിമാനി ബാലുശ്ശേരി എസ്. നാഗപ്പൻ നായരെ എത്ര പേര്‍ക്കറിയാം? അദ്ദേഹം കഴിഞ്ഞ ജൂണ്‍ 29നു അന്തരിച്ചു

ഗാന്ധിയൻ പാത പിന്തുടർന്ന പല ഗാന്ധിയന്മാരും പിൽക്കാലത്ത് അറിയപ്പെടാതെ പോയത് എന്തുകൊണ്ട്?

പതിനഞ്ചാം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ നാഗപ്പൻ നായരെ കേരളത്തിലെ എത്ര പേർക്കറിയാം? വൈക്കം സത്യാഗ്രഹത്തിലും, ദണ്ഡി മാർച്ചിലും പങ്കാളിയാവാൻ അവസരം ലഭിച്ച വ്യക്തിയാണ് സ്വദേശാഭിമാനി ബാലുശ്ശേരി എസ്. നാഗപ്പൻ നായർ. രണ്ടു തവണ പോർട്ട് ബ്ലെയർ ജയിലിൽ തടവുകാരനായിരുന്നു നാഗപ്പൻ നായർ. നീണ്ടകാലം ആൻഡമാനിൽ ജയിൽവാസം അനുഷ്ടിച്ചു. പ്രധാനമായും ഗുജറാത്ത് കേന്ദ്രീകരിച്ചായിരുന്നു നാഗപ്പൻ നായരുടെ പ്രവർത്തനം. ഇന്ത്യാ വിഭജനവും, അതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും, മാനുഷിക ദുരന്തങ്ങളും സത്യാഗ്രഹത്തിലും, അഹിംസയിലും അക്രമരാഹിത്യത്തിലും വിശ്വസിച്ച മറ്റു പലരേയും എന്നപോലെ സ്വദേശാഭിമാനി ബാലുശ്ശേരി എസ്. നാഗപ്പൻ നായരുടെ മനസ്സിലും എന്നുമൊരു ദുഃഖത്തിൻറ്റെ പ്രതീതി ഉളവാക്കി. 2019 ജൂൺ 29-നു ബാലുശ്ശേരി എസ്. നാഗപ്പൻ നായർ നൂറാം വയസ്സിൽ വിടവാങ്ങി.

ഇങ്ങനെയൊക്കെയാണ് പല ഗാന്ധിയൻമാരുടേയും അന്ത്യം. മഹാരാഷ്ട്രയിലെ വാർധാ ജില്ലയിൽ ഹിംഗൻ ഘട്ടിലെ അതി സമ്പന്നമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ടും കുഷ്ഠ രോഗികൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ബാബാ ആംതെ എന്ന മുരളീധർ ദേവീദാസ് ആംതെ, ഭൂദാൻ പ്രസ്ഥാനം രാജ്യമെങ്ങും വ്യാപിപ്പിച്ച ആചാര്യ വിനോബാ ഭാവെ, അടിയന്തിരാവസ്ഥയ്ക്കെക്കെതിരെ പ്രക്ഷോഭം നയിച്ച ജയപ്രകാശ് നാരായൺ – ഇവരൊക്കെ ഗാന്ധിക്ക് ശേഷം ഉണ്ടായ അറിയപ്പെടുന്ന ഗാന്ധിയന്മാരാണ്. 2017 – ലാണെന്നു തോന്നുന്നു മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകൻ നാരായൺ ദേശായ് ഇഹലോകവാസം വെടിഞ്ഞത്. മരണത്തിനു തൊട്ടുമുമ്പ് വരെ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ നാരായൺ ദേശായ് ശ്രമിച്ചിരുന്നു.

കേരളത്തിലും ഏറെ അറിയപ്പെടുന്ന ഗാന്ധിയന്മാർ ഉണ്ടായിരുന്നു. മദ്യ നിരോധനത്തിന് വേണ്ടി നിലകൊണ്ട. എം. പി. മന്മഥൻ, കേശവമേനോൻ, കെ. കേളപ്പൻ, മാധവൻ നായർ, പ്രൊഫെസർ സുകുമാർ അഴീക്കോട്, രാമനാട്ടുകാരക്കപ്പുറമുള്ള പെരിങ്ങാവിൽ ‘ദാനഗ്രാമം’ സ്ഥാപിച്ച കെ. രാധാകൃഷ്ണ മേനോൻ – അങ്ങനെയുള്ള നിരവധി പേർ. അറിയപ്പെടാതെ ഇന്ത്യയുടെ ഗ്രാമങ്ങളിലും, ചെറു പട്ടണങ്ങളിലും സേവനമനുഷ്ഠിച്ച ഗാന്ധിയൻമാരാണ് കൂടുതലും. ഇന്നത്തെ നേതാക്കൻമാരെ പോലെ പണവും, പ്രസിദ്ധിയും, അധികാരവും മോഹിച്ചല്ല അവരൊക്കെ ജനസേവനം നടത്തിയത്. ആരും അവരുടെ സേവനങ്ങളെ കുറിച്ച് അറിഞ്ഞില്ലെങ്കിലും അവർക്ക് കുണ്ഠിതവുമില്ല. ‘ഗുരു സമക്ഷം – ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ’ എഴുതിയ ശ്രി എമ്മിന്റെ (മുംതാസ് അലി ഖാൻ) ആത്മീയ ഗുരുവും, ഉന്നതനായ ഹിമാലയൻ യോഗിയും ആയിരുന്ന മഹേശ്വർനാഥ് ബാബാജി പലപ്പോഴും പറഞ്ഞിരുന്നത് “Greatness is never exhibited” എന്നാണ്. മഹത്ത്വം അല്ലെങ്കിലും അങ്ങനെയാണ്. മഹത്വം പരസ്യപ്പെടുത്തേണ്ട ഒന്നല്ല.

കേരളത്തിൽ ഒരുകാലത്ത് അറിയപ്പെടുകയും ഇപ്പോൾ വിസ്മരിക്കപ്പെട്ടിരിക്കുന്നതും ആയ രണ്ട് പ്രഗൽഭ ഗാന്ധിയൻമാരാണ് കെ. കേളപ്പനും, പ്രൊഫസർ എം. പി. മന്മഥനും. കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ഗാന്ധിയന്‍ സമരമുറകളും ആദര്‍ശങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യത്നിച്ച അദ്ദേഹം ഗാന്ധിജിയെ പോലെ തന്നെ ലാളിത്യവും ഉയര്‍ന്ന ചിന്തയും തന്റെ ജീവിതത്തിലും പാലിച്ചു.

ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് മദ്രാസിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരവേദിയില്‍ എത്തിയ കേളപ്പനാണ് കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. അധഃസ്ഥിത ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാന്‍ വൈക്കം ക്ഷേത്രനടയില്‍ നടന്ന മഹാസത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തു. ജാതിഭേദമില്ലാതെ സകലമാന വിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ ഗുരുവായൂരില്‍ നടന്ന ഐതിഹാസിക സത്യാഗ്രഹ സമരം നയിച്ചതും കെ. കേളപ്പനായിരുന്നു. പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട് അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു വഴിതുറന്നു. ‘ത്യാഗമെന്നതേ നേട്ടം’ എന്ന് കരുതി രാഷ്ട്രീയത്തില്‍ മുഴുകിയ ആളായിരുന്നു കെ. കേളപ്പൻ. 1889 ആഗസ്റ്റ് 24-ന് കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ മുച്ചുകുന്ന് ഗ്രാമത്തില്‍ ജനിച്ച കേളപ്പന്‍ നായരാണ് പിന്നീട് കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി ഒക്കെ വളര്‍ന്നത്. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍ വെച്ച് 1971 ഒക്‌ടോബര്‍ ഏഴാം തീയതി കെ. കേളപ്പൻ അന്തരിച്ചു.

അധികാരത്തിലോ ആദായത്തിലോ കണ്ണുവെയ്ക്കാതെ ഗാന്ധിസത്തിന്റെ വഴിത്താരയിലൂടെ നടന്ന പ്രൊഫസര്‍ എം. പി. മന്മഥനായിരുന്നു കേരളത്തിൽ സമീപകാലത്ത് വരെ അറിയപ്പെട്ടിരുന്ന മറ്റൊരു ഗാന്ധിയൻ. ഒരുപക്ഷെ പിൽക്കാലത്തെ ജനത മന്മഥനെ ഓർക്കുന്നത് സഖാവ് ഇ. കെ. നയനാരുടെ “പന ഉള്ള കാലത്തോളം ആളുകൾ കള്ളു ചെത്തും; ചെത്തുന്ന കാലത്തോളം മനുഷ്യൻ കള്ളു കുടിക്കും” എന്നുള്ള മന്മഥനോടുള്ള തമാശ കലർത്തിയ മറുപടിയിലൂടെയാവാം. തനിക്ക്‌ തെറ്റാണെന്നു തോന്നിയതിനോടൊന്നും ഒരിക്കല്‍ പോലും സന്ധിചെയ്യാന്‍ എം പി മന്മഥൻ ഒരുങ്ങിയിട്ടില്ല. മദ്യവിപത്തിനെതിരെ കേരളത്തിലുടനീളം പ്രസംഗിച്ചു നടന്ന അദ്ദേഹത്തിൻറ്റെ വിജയം മദ്യത്തിനെതിരെ ജനങ്ങളില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌. മദ്യപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരുന്ന ഈ ഒരു കാലഘട്ടത്തിലാണ്‌ എം.പി. മന്മഥനെപോലെയുള്ളവരുടെ പ്രസക്തി നാം തിരിച്ചറിയുന്നത്‌.

1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അന്നുതന്നെ അതില്‍ പ്രതിഷേധിച്ച്‌ പ്രകടനം നയിക്കാന്‍ മന്മഥന്‍ തയ്യാറായി. അടയന്തിരാവസ്ഥയ്ക്കെതിരെ ഒറ്റയ്ക്ക്‌ രാജ്ഭവന്‍ ഗേറ്റില്‍ സത്യാഗ്രഹമിരുന്ന്‌ അറസ്റ്റ്‌ വരിച്ച്‌ ജയിലില്‍ പോയി. 1994 ആഗസ്റ്റ്‌ പതിനഞ്ചാം തീയതിയാണ് സര്‍വ്വോദയ പ്രവര്‍ത്തകരേയും, മദ്യനിരോധന സമിതി അംഗങ്ങളേയും ദുഃഖത്തിലാഴ്ത്തി എം.പി. മന്മഥന്‍ വിടപറഞ്ഞത്. കെ. കേളപ്പനും, എം.പി. മന്മഥനും ഒക്കെ ജാതിപ്പേര് ഉപേക്ഷിച്ചാണ് പൊതു പ്രവർത്തിനിറങ്ങിയത്. ‘കെ. കേളപ്പൻ’ എന്നൊരു പുസ്തകവും, ‘സ്മൃതിദര്‍പ്പണം’ എന്ന ആത്മകഥയും മന്മഥൻ രചിച്ചിട്ടുണ്ട്.

1948 ജാനുവരി 30-നു മഹാത്മാ ഗാന്ധി രക്തസാക്ഷി ആയതിനു ശേഷം ഇന്ത്യയാകെ പടർന്നു പന്തലിച്ചിരുന്ന സർവോദയാ പ്രസ്ഥാനം എന്തുകൊണ്ട് അറിയപ്പെടാതെ പോയി? എന്തുകൊണ്ട് പിൽക്കാല ഗാന്ധിയൻമാർ രാഷ്ട്രീയ മുഖ്യധാരയിൽ നിന്ന് മാറി സഞ്ചരിച്ചു? എന്തുകൊണ്ട് ഭൗതിക വാദികൾ ഇന്നും ഗാന്ധിയെ അംഗീകരിക്കുന്നില്ല? ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരങ്ങൾ ഒട്ടുമേ ലളിതമല്ല. ഗാന്ധിയെ ഭൗതികതയിൽ തളച്ചിടാതെ ഒരന്വേഷണം നടത്തിയാലേ ഈ ചോദ്യങ്ങൾക്കൊക്കെയുള്ള മറുപടി കുറച്ചെങ്കിലും ലഭിക്കുകയുള്ളൂ.

ഗുരു നിത്യ ചൈതന്യ യതി ‘എൻറ്റെ ഹൃദയത്തിലെ ഗാന്ധി’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ഗാന്ധിയുടെ ആശ്രമത്തിൽ സേവകനായി താമസിച്ച നാളുകളെ ‘എന്‍റെ ഹൃദയത്തിലെ ഗാന്ധി’ എന്ന പുസ്തകത്തിൽ ഗുരു അനുസ്മരിക്കുന്നു. മെട്രിക്കുലേഷനു ശേഷം ഇന്ത്യയൊട്ടാകെ അലഞ്ഞു നടന്നപ്പോഴായിരുന്നു ഗുരു നിത്യ ചൈതന്യ യതിയുടെ ഗാന്ധിജിയുമായുള്ള സമാഗമം. വളരെ പ്രസാദവാനായി കാണപ്പെടുന്ന ഗാന്ധി തന്‍റെ ആദർശങ്ങളിൽ നിന്ന് ശിഷ്യരോ, കസ്തൂർബാ ഗാന്ധിയോ മാറുന്നത് കണ്ടാൽ ഉടനടി ശാഠ്യക്കാരനായി മാറും എന്നാണ് ഗുരു ഗാന്ധിജിയെ കുറിച്ച് അനുസ്മരിക്കുന്നത്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ ചൂണ്ടിക്കാട്ടി യതി പറയുന്നത് സാധാരണ മനുഷ്യന് മനസിലാക്കുന്നതിനപ്പുറമായിരുന്നു ഇങ്ങനെയുള്ള ശരീരത്തെ പീഡിപ്പിക്കുന്ന പ്രക്രിയ എന്നാണ്. മനഃശാസ്ത്രം നന്നായി പഠിച്ചിട്ടുള്ള ഗുരു നിത്യ ചൈതന്യ യതി ‘മസോക്കിസം’ അതല്ലെങ്കിൽ സ്വന്തം ശരീരത്തെ പീഡിപ്പിക്കുകയും അതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരുതരം പ്രക്രിയയായിട്ടാണ് ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങളെ വിലയിരുത്തന്നത്. പക്ഷെ അങ്ങനെ വിലയിരുത്തുമ്പോഴും ഗുരു ചോദിക്കുന്നത് ക്രിസ്തുവിലും ഇത്തരം ഒരു ‘മസോക്കിസ്റ്റ്’ സവഭാവം ഇല്ലേ എന്നുള്ള ചോദ്യമാണ്. ക്രിസ്തുവിന്‍റെ കുരിശിലെ മരണവും, പീഡാനുഭവവും ചൂണ്ടിക്കാട്ടിയാണ് ഗുരുവിന്‍റെ ഈ ചോദ്യം. അവസാനം ഗുരുവിന്‍റെ ‘കൺക്ലൂഷൻ’ ക്രിസ്തുവും ഗാന്ധിയുമൊന്നും മനഃശാസ്ത്രജ്ഞന്മാർക്കും, സാധാരണക്കാർക്കും അത്ര എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന വ്യക്തിത്ത്വങ്ങളല്ല എന്നാണ്.

ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ സ്വന്തം ശരീരത്തെ പീഡിപ്പിക്കുക എന്നതിലുപരി ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതയുടെ സന്ദേശമാണ് നൽകിയത്. ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി, അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 – ൽ അയിത്തോച്ചാടനത്തിനായും, 1943 – ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ! ടൈയും കൊട്ടും ധരിക്കാതെ മേൽ മുണ്ട് മാത്രം ധരിച്ചു ലണ്ടനിലെ വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട് എന്നത് തന്നെ ത്യാഗത്തിലും, എളിമയിലും വിശ്വസിക്കുന്നവർക്ക് അഭിമാനിക്കാവുന്നതാണ്. ആകെ രണ്ടു മുണ്ട്. ഒരെണ്ണം ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ഗാന്ധിയെ വിമർശിക്കുന്ന പലരും ഇതൊക്കെ മറന്നു പോകുന്നു.

ഈശ്വര സാക്ഷാത്കാരം തന്നെയായിരുന്നു ഗാന്ധിജി രാഷ്ട്രീയത്തിലൂടെ ലക്‌ഷ്യം വെച്ചത്. “ഹിമാലയത്തിൽ പോകൂ” എന്ന് 1947-ലെ വിഭജനത്തിന് ശേഷം ഒരു അഭയാർത്ഥി ഗാന്ധിജിയോട് പറഞ്ഞപ്പോൾ “എന്‍റെ ഹിമാലയം ഇവിടെ തന്നെയാണ്” എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ദൈവാന്വേഷണത്തിന് സാധന വേണം. ജപം, പ്രാർത്ഥന, ധ്യാനം, ഉപവാസം – ഇത്തരം വ്രതാനുഷ്ഠാനങ്ങൾ വഴി മനഃപരിവർത്തനം വരുത്താൻ ഒരു സന്യാസി ശ്രമിക്കുമ്പോൾ ഗാന്ധിജി കർമ്മ മാർഗമാണ് തിരഞ്ഞെടുത്തത്.

ഇത്തരത്തിലുള്ള സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള സ്നേഹത്തിന്‍റെയും, ആത്മ ത്യാഗത്തിന്‍റെയും മാർഗങ്ങളെ കുറിച്ച് ഭൗതിക വാദികളോട് പറഞ്ഞാൽ അവർ ആവശ്യമില്ലാതെ ശരീരത്തെ പീഡിപ്പിക്കുകയാണ് അല്ലെങ്കിൽ ‘മസോക്കിസമാണെന്ന്’ പറയും.

“വേദന വേദന ലഹരിപിടിക്കും
വേദന ഞാനതിൽ മുഴുകട്ടെ” – എന്ന് ചങ്ങമ്പുഴ പാടിയിട്ടുള്ള ‘മാസോക്കിസം’ പക്ഷെ ആത്മീയവാദിയെ സംബന്ധിച്ച് ഇതൊക്കെ തീവ്രമായ സാധനകളാണ്. ഏതു സാധനയും ആനന്ദഭരിതമായ ഒരു പ്രക്രിയയാണ്. അപ്പോൾ അവിടെ എവിടെയാണ് മാസോക്കിസ്റ്റ് സ്വഭാവം ഉള്ളത്? ചുരുക്കം പറഞ്ഞാൽ ഭൗതിക വാദികൾക്ക് ഗാന്ധിജിയേയും അതുപോലുള്ള വ്യക്തിത്വങ്ങളേയും ഒരിക്കലും മനസിലാകില്ല. ഒരുപക്ഷെ അത് തന്നെയാകാം ഗാന്ധിയൻ പാത പിന്തുടർന്ന പല ഗാന്ധിയന്മാരും പിൽക്കാലത്ത് അറിയപ്പെടാതെ പോയത്.

Read More: നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

വെള്ളാശേരി ജോസഫ്

വെള്ളാശേരി ജോസഫ്

നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടർ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍